ഏഷ്യാകപ്പ്: പാകിസ്താനെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ

ദുബൈ: ഏഷ്യാകപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ. പാകിസ്താന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അഞ്ച് വിക്കറ്റും രണ്ട് ബോളും ബാക്കിയാക്കി ജയിച്ചു. ഇന്ത്യയ്ക്കായി വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയും 35 റണ്‍സെടുത്തു. ആദ്യ ഓവറിലെ രണ്ടാ പന്തില്‍ കെ.എല്‍ രാഹുലിനെ പവലിയനിലേക്ക് മടക്കി പാകിസ്താന്‍ ഇന്ത്യയെ ഞെട്ടിച്ചെങ്കിലും പിന്നീടെത്തിയ കോഹ്ലിയും ക്യാപ്റ്റ്ന്‍ രോഹിത് ശര്‍മയും ചേര്‍ന്ന് സ്‌കോര്‍ 50 ല്‍ എത്തിച്ചു. എന്നാല്‍, തുടരെ വിക്കറ്റ് വീണത് ഇന്ത്യയുടെ സ്‌കോറിങ്ങിനെ നന്നായി ബാധിച്ചു. പിന്നീടെത്തിയ രവീന്ദ്ര ജഡേജയും ഹര്‍ദിക് പാണ്ഡ്യയും ശ്രദ്ധയോടെ ബാറ്റേന്തി ഇന്ത്യയെ വിജയതീരത്തെത്തിച്ചു. പാകിസ്താനായി നസീം ഷാ രണ്ടും മുഹമ്മദ് നവാസ് മൂന്ന് വിക്കറ്റും നേടി.

ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 19.5 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ ബൗളിങ് നിരയുടെ മിന്നും പ്രകടനമാണ് പാകിസ്താനെ തകര്‍ത്തത്. ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു. ആവേശ് ഖാന്‍ രണ്ടും അര്‍ഷദീപും ഓരോ വിക്കറ്റ് വീതം നേടി. പാക് നിരയില്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ മാത്രമാണ് തിളങ്ങിയത്. 42 പന്ത് നേരിട്ട റിസ്വാന്‍ 43 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ബാബര്‍ അസമിന് പത്ത് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പാകിസ്താനെ ബാറ്റിങിനയക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ പാകിസ്താന്‍ പ്രതിസന്ധിയിലായെന്ന് കരുതിയെങ്കിലും വിക്കറ്റ് വിധിച്ച അമ്ബയറുടെ തീരുമാനം തെറ്റായിരുന്നെന്ന് ഡിആര്‍എസിലൂടെ തെളിയുകയായിരുന്നു.

എന്നാല്‍, സ്‌കോര്‍ 15 ല്‍ എത്തി നില്‍ക്കെ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ വിക്കറ്റ് പാകിസ്താന് നഷ്ടമായി. പിന്നീട് ഫക്കര്‍ സമാനും റിസ്വാനും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സ്‌കോര്‍ 42 ല്‍ എത്തി നില്‍ക്കെ ഫക്കര്‍ പുറത്തായി. പിന്നീട് സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെ ഇടവേളകളില്‍ വിക്കറ്റ് വീണത് പാകിസ്താന് തിരിച്ചടിയാകുകയായിരുന്നു