ഗൂഗിള്‍ ക്രോം ഉപയോക്താക്കളുടെ ശ്രദ്ധക്ക്!

ന്യൂഡല്‍ഹി: ലോകത്തെ ജനപ്രിയ ബ്രൗസറായ ക്രോമിനെ കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സിബിള്‍ ടീം.

11 സുരക്ഷാ പ്രശ്നങ്ങളാണ് ക്രോം ബ്രൗസറില്‍ പുതുതായി കണ്ടെത്തിയിരിക്കുന്നത്. അപ്ഡേറ്റ് ചെയ്യുന്ന ക്രോം ബ്രൗസറിന്റെ വിശദാംശങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടിട്ടുണ്ട്. 104.0.5112.101 മാക്ക്, ലിനക്‌സ് വേര്‍ഷനും 104.0.5112.102/101 വിന്‍ഡോസ് വേര്‍ഷനുകളുമാണ് നിലവില്‍ എത്തിച്ചിരിക്കുന്നത്. പുതിയ അപ്ഡേറ്റുകളൊക്കെ ഇന്‍സ്റ്റാള്‍ ചെയ്യാനാകും. ഗൂഗിള്‍ കാണിച്ചിരിക്കുന്ന 11 സുരക്ഷാ പ്രശ്‌നത്തില്‍ ഒന്ന് ഗുരുതരമാണ്. ഇതില്‍ ആറെണ്ണം ഉയര്‍ന്ന തീവ്രതയുള്ള പ്രശ്നമാണ്. മൂന്നെണ്ണം ഇടത്തരം തീവ്രതയുള്ള പ്രശ്നമാണെന്നും ഗൂഗിള്‍ വേര്‍തിരിച്ചു പറയുന്നുണ്ട്. ക്രോം നേരിടുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് ഗൂഗിള്‍ ഇതുവരെ വിശദമാക്കിയിട്ടില്ല. ഹാക്കര്‍മാര്‍ക്ക് ദുരുപയോഗം ചെയ്യാന്‍ എളുപ്പത്തില്‍ കഴിയുന്ന പ്രശ്നങ്ങളാണ് ഉള്ളതെന്നാണ് വിവരം.

ബ്രൗസര്‍ ഓപ്പണ്‍ ചെയ്ത് വലത് ഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനു ഓപ്പണ്‍ ചെയ്യണം. അതില്‍ നിന്ന് ഹെല്‍പ്പ് തെരഞ്ഞെടുക്കുക. അതില്‍ നിന്ന് എബൗട്ട് ഗൂഗിള്‍ ക്രോം തെരഞ്ഞെടുക്കണം. ഓപ്പണ്‍ ആയി വരുന്ന പേജില്‍ ഗൂഗിള്‍ ക്രോം ചിഹ്നത്തിന് താഴെയായി അപ്ഡേറ്റിങ് ഗൂഗിള്‍ ക്രോം എന്നൊരു ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ചെയ്യണം. അപ്‌ഡേറ്റ് ചെയ്ത് കഴിഞ്ഞാല്‍ റീലോഞ്ച് ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്ത് കഴിഞ്ഞാല്‍ ഗൂഗിള്‍ ക്രോം അപ്ഡേറ്റാവും.