Recent Posts (Page 1,635)

മലപ്പുറം: മുസ്ലിം ലീഗിന്റെ പ്രവർത്തനം ഇന്ത്യൻ ജനതയുടെ മുന്നിൽ തുറന്ന പുസ്തകം ആണെന്ന് മുതിർന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മതേതര പാരമ്പര്യം ഉയർത്തിപ്പിടിച്ച് അഭിമാനത്തോടെ പാർട്ടിക്കെതിരായ കേസിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ് അയച്ച സംഭവത്തെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

കേസ് മുസ്ലിം ലീഗിനെതിരെയല്ല. പൊതുവായി വന്ന ഒരു കേസാണ്. ഏഴു പതിറ്റാണ്ടിലേറെ കാലം അന്തസ്സോടെ രാജ്യത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തിയതിന്റെ അഭിമാനത്തോടെ തന്നെ ഈ വെല്ലുവിളിയെ നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പാർട്ടി ഈ വിഷയം ഭീഷണിയായി കാണുന്നില്ല. മുഴുവൻ വിവരങ്ങളും ശേഖരിച്ച ശേഷം ഭരണഘടനാപരമായും നിയമപരമായും നേരിടും. രാജ്യത്ത് സൗഹൃദവും മതേതരത്വവും നിലനിർത്താൻ വേണ്ടി പ്രയത്നിച്ച പാർട്ടിയാണ് മുസ്ലിം ലീഗ്. ഇത് ഇന്ത്യൻ ജനത അനുഭവിച്ച യാഥാർത്ഥ്യമാണ്. മുസ്ലിം ലീഗിന്റെ മതേതര നിലപാടുകൾ തെളിയിക്കാനുള്ള അവസരമായിട്ടാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പേരിലോ ചിഹ്നത്തിലോ സമുദായച്ചുവയുള്ള രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന റിട്ട് ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. കേന്ദ്ര സർക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് കോടതി നോട്ടീസ് അയച്ചത്. ഒക്ടോബർ 18നകം മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാനാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാൻ മതസൂചനകളുള്ള ചിത്രങ്ങളും പേരുകളും ഉപയോഗിക്കുന്ന മുസ്ലിം ലീഗിനും അസസുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം (ഓൾ ഇന്ത്യ മജ് ലിസ് ഇ ഇത്തെഹദുൾ മുസ്ലിമീൻ) എന്നീ പാർട്ടികൾക്കാണ് സുപ്രീം കോടതി നോട്ടീസയച്ചത്.

ന്യൂഡൽഹി: യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈനിൽ നിന്നും മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ആശ്വാസ വാർത്ത. ഇന്ത്യ- യുക്രൈൻ യുദ്ധം കാരണം ഇന്ത്യയിൽ തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനം തുടരാനുള്ള യുക്രൈൻ സർവ്വകലാശാലകളുടെ ബദൽ നിർദ്ദേശത്തിന് ദേശീയ മെഡിക്കൽ കമ്മീഷൻ അംഗീകാരം നൽകി. ഇത് പ്രകാരം യുക്രൈനിന് പുറത്ത് മറ്റ് രാജ്യങ്ങളിൽ വിദ്യാർഥികൾക്ക് പഠനം തുടരാം.

യുക്രൈനിലെ സർവ്വകലാശാലകളിൽ വിദ്യാർത്ഥികളായി തുടർന്ന് മറ്റ് രാജ്യത്ത് പഠനം പൂർത്തിയാക്കാം എന്ന സാധ്യതയാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലഭിക്കുക. നിലവിൽ പഠിക്കുന്ന സർവ്വകലാശാലയായിരിക്കും ഇതിനുള്ള സൗകര്യമൊരുക്കുക. ഇതിന് ഇന്ത്യൻ വിദ്യാർഥികൾക്ക് ദേശീയ മെഡിക്കൽ കമ്മീഷന്റെ അനുമതി ആവശ്യമായിരുന്നു. ഇതുകൂടി ലഭിച്ചതോടെ പുതിയ സെമസ്റ്ററിൽ വിദ്യാർത്ഥികൾക്ക് നേരിട്ട് ക്ലാസുകളിലെത്തി പഠനം തുടരാനുള്ള അവസരം ലഭിക്കും.

നേരത്തേ മെഡിക്കൽ കമ്മീഷൻ യുക്രൈൻ മുന്നോട്ട് വെച്ച അക്കാദമിക് മൊബിലിറ്റി പദ്ധതിയ്ക്ക് അനുമതി നൽകേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഇതോടെ, യുദ്ധം കാരണം ഇന്ത്യയിൽ മടങ്ങിയെത്തിയ ഇരുപതിനായിരത്തോളം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനം അനിശ്ചിതത്വത്തിലായിരുന്നു. പഠന കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കലും രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയിലും വിദ്യാർത്ഥികൾ ഹർജി സമർപ്പിച്ചിരുന്നു.

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം. കെഎസ്ആർടിസിയിൽ ശമ്പളവിതരണം പൂർത്തിയായി. കോർപറേഷനിലെ 25,268 ജീവനക്കാർക്ക് ജൂലൈ മാസത്തിൽ നൽകാനുണ്ടായിരുന്ന 25 ശതമാനം ശമ്പള കുടിശികയും ഒപ്പം ഓഗസ്റ്റ് മാസത്തിലെ പൂർണ്ണ ശമ്പളവുമാണ് വിതരണം ചെയ്തത്.

കെഎസ്ആർടിസിയിലെ ശമ്പള വിതരണത്തിനായി നൂറ് കോടി രൂപ കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. കെഎസ്ആർടിസി ജീവനക്കാർക്ക് കുടിശികയും, ഓഗസ്റ്റ് മാസത്തെ ശമ്പളവും നൽകാനാണ് സർക്കാർ തുക അനുവദിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ശമ്പള കുടിശ്ശിക തീർത്ത് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയെന്ന് തൊഴിലാളി യൂണിയനുകൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രണ്ട് മാസത്തെ ശമ്പളം ചൊവ്വാഴ്ച്ച തന്നെ നൽകുമെന്ന് ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പുനൽകിയതായും യൂണിയനുകൾ പറഞ്ഞിരുന്നു. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.

അതേസമയം, സർക്കാർ നൽകുന്ന പണത്തോടൊപ്പം കെഎസ്ആർടിസിയുടെ കൈവശമുളള പണവും ശമ്പളവിതരണത്തിന് നൽകി.

തിരുവനന്തപുരം: കേരളത്തിലെ 14 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മീഷൻ. തിരുവനന്തപുരത്ത് കരമനയാറിൽ തീവ്രപ്രളയ സാഹചര്യമാണെന്ന് ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ വലിയ ഡാമുകളിലും ഇടത്തരം ഡാമുകളിലും ജല നിരപ്പ് ഉയർന്നിട്ടുണ്ടെന്നും ജല കമ്മീഷൻ അറിയിച്ചു.

ഡാമുകൾ എസ്ഒപി അനുസരിച്ചു ജലം തുറന്ന് വിടണമെന്ന് ജലകമ്മീഷൻ പറഞ്ഞു. ഇടുക്കി ഇടമലയർ ഡാമുകളിലേക്ക് ഒഴുക്ക് വർദ്ധിക്കും. അതേസമയം, ഇടമലയാർ ഡാം തുറക്കാൻ അനുമതി ലഭിച്ചു.

ഡാമിന്റെ രണ്ട് ഷട്ടറുകൾ 50 മുതൽ 125 സെന്റിമീറ്റർ വരെ തുറക്കാനാണ് അനുമതി ലഭിച്ചത്. 75 മുതൽ 175 ക്യൂമെക്സ് വരെ ജലമാണ് ഇതു വഴി പുറത്തേക്കൊഴുക്കുന്നത്. നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

എപ്പോഴും എസി ഉപയോഗിക്കുന്നവരാണോ നിങ്ങൾ. 24 മണിക്കൂറും എസിയിൽ ഇരിക്കുന്നത് അപകടകരമാണെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. എസിയുടെ മുന്നിൽ കൂടുതൽ സമയം ചിലവഴിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാനിടയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

സൈനസ് പ്രശ്നം

നാലോ അതിലധികമോ മണിക്കൂർ എസിയിൽ നിൽക്കുന്ന ആളുകൾക്ക് സൈനസ് അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ദീർഘനേരം തണുപ്പിൽ കിടക്കുന്നതിനാൽ പേശികൾ കഠിനമാകും.

അലർജികൾ

ഇടയ്ക്കിടെ എസി വൃത്തിയാക്കിയില്ലെങ്കിൽ എസിയിലെ തണുത്ത വായുവിനൊപ്പം പൊടിപടലങ്ങളും അന്തരീക്ഷത്തിൽ കലരും. ശ്വസന സമയത്ത് ഈ പൊടിപടലങ്ങൾ ശരീരത്തിൽ പ്രവേശിക്കുകയും ഇത് രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുകയും ചെയ്യുന്നു.

വരണ്ട കണ്ണുകൾ

മണിക്കൂറുകളോളം എസിയിൽ ചിലവഴിക്കുന്നവർ നേരിടുന്ന പ്രശനമാണിത്. എസിയിൽ ഇരിക്കുന്നതിന്റെ ദോഷങ്ങൾ ചർമ്മത്തിനെയും ബാധിക്കും.

വൈറൽ അണുബാധ

ഏറെ നേരം എസിയിൽ ഇരിക്കുന്നതു മൂലം ശുദ്ധവായു ശ്വസിക്കുന്നത് കുറയുന്നു. അത്തരമൊരു സാഹചര്യത്തിൽ പനി, ജലദോഷം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്.

മുംബൈ: ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തിന് വേണ്ടി ഇന്ത്യന്‍ സിനിമയുടെ ബിഗ്ബി അമിതാഭ് ബച്ചന്‍ സംഗീതസംവിധായക വേഷവും അണിഞ്ഞതായി റിപ്പോര്‍ട്ടുകള്‍.

ദുല്‍ഖര്‍ സല്‍മാനേയും സണ്ണി ഡിയോളിനേയും മുഖ്യകഥാപാത്രങ്ങളാക്കി ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചുപ് എന്ന ചിത്രത്തിന് വേണ്ടിയാണ് ബച്ചന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്.

അമിത്ജിയോട് ചുപ് കാണാമെന്ന് പറഞ്ഞത് അനുസരിച്ച് സിനിമ കണ്ടു. ശേഷം അദ്ദേഹം സ്വന്തം പിയാനോയില്‍ ഒരു ഈണം വായിച്ചു കേള്‍പ്പിച്ചുതന്നുവെന്ന് സംവിധായകന്‍ ആര്‍ ബാല്‍കി പറയുന്നു. സിനിമയും അതിലെ കഥാപാത്രങ്ങളും അദ്ദേഹത്തെ അത്രയധികം സ്വാധീനിച്ചെന്നും ബിഗ്ബി പറഞ്ഞു. ഈ ഈണം സിനിമയ്ക്കായി ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ അമിത്ജി അത് സന്തോഷത്തോടെ സമ്മതിച്ചുവെന്ന് സംവിധായകന്‍ വ്യക്തമാക്കി.

മുംബൈ: സുരേഷ് റെയ്ന ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് 2020 ആഗസ്ത് 15ന് വിരമിക്കല്‍ പ്രഖ്യാപിച്ച റെയ്ന, ആഭ്യന്തര, ഐപിഎല്‍ ടൂര്‍ണമെന്റുകളിലും ഇനി കളിക്കില്ല. ഇന്നലെയാണ് കളത്തില്‍ നിന്ന് സമ്ബൂര്‍ണമായി വിട്ടുനില്‍ക്കാനുള്ള തീരുമാനം മുപ്പത്തിയഞ്ചുകാരനായ താരം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്.

ഇതോടെ, താരത്തിന് ഇനി റോഡ് സേഫ്റ്റി ടൂര്‍ണമെന്റുകളും മറ്റ് രാജ്യങ്ങളിലെ ട്വന്റി20 ലീഗുകളിലും കളിക്കാം. മൂന്നു വര്‍ഷം കൂടി കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് റെയ്ന ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. തീരുമാനം ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനെയും ബിസിസിഐ സെക്രട്ടറി ജയ് ഷാ, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല എന്നിവരെയും അറിയിച്ചു. റോഡ് സേഫ്റ്റി, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുഎഇ ലീഗുകളില്‍ കളിക്കാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ചിട്ടുണ്ടെന്നും ഇതുവരെ തീരുമാനമെടുത്തില്ലെന്നും റെയ്ന കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടീമിനായും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായും മികച്ച പ്രകടനം പുറത്തെടുത്തു. 2011 ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും നാലു തവണ ഐപിഎല്‍ കിരീടം നേടിയ ചെന്നൈ സൂപ്പര്‍കിങ്സിലും അംഗമായിരുന്നു. ദേശീയ ടീമിനായി 18 ടെസ്റ്റില്‍ നിന്ന് 768 റണ്‍സ് നേടി. ഒരു സെഞ്ചുറി. 226 ഏകദിനങ്ങളില്‍ നിന്ന് 5615 റണ്‍സ്, അഞ്ച് സെഞ്ചുറി. 78 ട്വന്റി20യില്‍ നിന്ന് 1605 റണ്‍സ്, ഒരു സെഞ്ചുറി. മൂന്നു ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററാണ് റെയ്ന. 109 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 6871 റണ്‍സ് നേടി, 14 സെഞ്ചുറികള്‍. 302 ലിസ്റ്റ് എ മത്സരങ്ങളില്‍ 8078 റണ്‍സ്, ഏഴ് സെഞ്ചുറി. 336 ട്വന്റി20യില്‍ 8654 റണ്‍സ്, നാല് സെഞ്ചുറി.

ന്യൂഡൽഹി: എൻഎസ്എസിന് തിരിച്ചടി. എയ്ഡഡ് ഹോമിയോ മെഡിക്കൽ കോളേജിലെ മാനേജ്മെന്റ് ക്വാട്ട പ്രവേശനത്തിൽ സമ്പൂർണ്ണ അധികാരത്തിനായി എൻഎസ്എസ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കൊഹ്ലി തുടങ്ങിയവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി തള്ളിയത്.

എയ്ഡഡ് ഹോമിയോ മെഡിക്കൽ കോളേജിലെ പതിനഞ്ച് ശതമാനം മാനേജ്മെന്റ് ക്വാട്ട സീറ്റിലേക്ക് നടക്കുന്ന പ്രവേശനത്തിലെ സർക്കാർ ഇടപെടലിന് വഴി ഒരുക്കുന്ന നിയമ ഭേദഗതിക്കെതിരെയാണ് എൻഎസ്എസ് ഹർജി സമർപ്പിച്ചത്. 2017ൽ പാസാക്കിയ കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമഭേദഗതിയും ഹർജിയിൽ എൻഎസ്എസ് ചോദ്യം ചെയ്തിരുന്നു.

മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ എയ്ഡഡ് കോളേജുകളേയും, അൺ എയ്ഡഡ് കോളേജുകളേയും ഒരു പോലെ കാണാൻ കഴിയില്ലെന്ന എൻഎസ്എസിന്റെ വാദം കോടതി അംഗീകരിച്ചില്ല. എൻഎസ്എസ്. ജനറൽ സെക്രട്ടറിയും, സചിവോത്തപുരം എൻഎസ്എസ്. ഹോമിയോ കോളേജിന്റെ ചെയർമാനുമായ ജി. സുകുമാരൻ നായർ, കോളേജ് പ്രിൻസിപ്പൽ ഡോ. സി. ബിന്ദുകുമാരി എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്.

ഭേദഗതി പ്രകാരം പതിനഞ്ച് ശതമാനം മാനേജ്മെന്റ് സീറ്റുകളിലേക്ക് നടക്കുന്ന പ്രവേശത്തിന് സംസ്ഥാന ഫീസ് നിർണയ സമിതിയുടെ അനുമതി ആവശ്യമാണ്. പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ രേഖകളും മറ്റും പരിശോധിക്കാൻ സമിതിക്ക് അധികാരം ഉണ്ടായിരിക്കും. എന്നാൽ എയ്ഡഡ് കോളേജുകളിലെ പതിനഞ്ച് ശതമാനം സീറ്റുകളിലേക്ക് നടക്കുന്ന പ്രവേശനത്തിൽ തങ്ങൾക്ക് സമ്പൂർണ്ണ അധികാരം ഉണ്ടെന്നാണ് എൻഎസ്എസ് വാദിക്കുന്നത്.

ശതാവരി ചെടിയെ കുറിച്ച് നമ്മളിൽ പലരും കേട്ടിട്ടുണ്ട്. എന്നാൽ, ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ഔഷധസസ്യങ്ങളുടെ രാജ്ഞി എന്നാണ് ശതാവരി അറിയപ്പെടുന്നത്. 50 ഓർഗാനിക് മൂലകങ്ങൾ ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട്. സ്റ്റീരിയേയിഡൽ സാപോണിൻസ്, ഗ്ലൈക്കോസൈഡ്, ആൽക്കലോയിഡുകൾ പോളിസാക്കറൈഡുകൾ തുടങ്ങിയവയുടെ സാന്നിധ്യം ശതാവരിയിൽ ധാരാളമായുണ്ട്.

പ്രത്യുൽപ്പാദനാവയവങ്ങളുടെയും പ്രത്യുൽപാദന വ്യവസ്ഥയുടെയും ആരോഗ്യ സംരക്ഷണത്തിന് ശതാവരിയോളം മികച്ച മറ്റൊരു പ്രകൃതിദത്ത മാർഗ്ഗമില്ല. ആർത്തവ വിരാമവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾക്കും ഇത് മികച്ച പ്രതിവിധിയാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. ശതാവരി ഉപയോഗിച്ചാൽ മുലപ്പാൽ വർദ്ധിക്കും. ഹോർമോൺ സന്തുലിതമാക്കാനും പുരുഷ പ്രത്യുൽപ്പാദന വ്യവസ്ഥയും മികവുറ്റതാക്കാനും ശതാവരി പ്രയോജനപ്രദമാണ്.

ശതാവരി ദഹനേന്ദ്രിയവും അന്നനാളവും ആരോഗ്യമുള്ളതാക്കുന്നു. ശ്വാസകോശങ്ങൾക്കും നാളങ്ങൾക്കും ആശ്വാസം പകരുന്നു. ആന്റി ഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

യാത്ര പോകാന്‍ ഉദ്ദേശിക്കുന്ന വിവരങ്ങള്‍, അന്നന്നത്തെ പ്ലാനുകള്‍ തുടങ്ങിയവ സമൂഹമാദ്ധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നതും മൊബൈല്‍ സ്റ്റാറ്റസില്‍ പരസ്യപ്പെടുത്തുന്നതും തട്ടിപ്പ് നടത്താനുള്ള താക്കോലാകുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്.

ഫേസ്ബുക്കിലും മറ്റും നിരവധി പ്രൊഫൈലുകള്‍ വ്യാജമാണ്. ഓണ്‍ലൈനില്‍ എന്ത് പോസ്റ്റ് ചെയ്താലും അതെല്ലാം തട്ടിപ്പുകാര്‍ നിരീക്ഷിക്കും. ഭാവി പദ്ധതികള്‍, സ്ഥലവും സ്ഥാനവും വെളിപ്പെടുത്തുന്ന വിവരം, ഫോണ്‍, വിലാസം, എന്നിവയും തട്ടിപ്പിനിരയാക്കാന്‍ വഴിയൊരുക്കും. ഓണ്‍ലൈനില്‍ പങ്കിടുന്ന ഫോട്ടോകളില്‍, ജി.പി.എസ് ലൊക്കേഷനുകള്‍, ലാന്‍ഡ്മാര്‍ക്ക് തുടങ്ങിയവ ഒഴിവാക്കണം. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നതും, മറ്റൊരാളുടെ പേരില്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നതും അധിക്ഷേപിക്കുന്നതും തട്ടിപ്പുനടത്തുന്നതുമായി നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ഫെയ്സ്ബുക്കില്‍ പ്രൊഫൈലും പോസ്റ്റുകളും മറ്റും ആരൊക്കെ കാണണം എന്നത് സ്വയം നിയന്ത്രിക്കാവുന്ന തരത്തില്‍ പ്രൈവസി സെറ്റിംഗ്സ് ക്രമീകരിച്ചാല്‍ അപരിചിതരെയും ശല്യക്കാരെയും ഒഴിവാക്കാന്‍ സഹായകമാകും. പരിചയമുള്ളവരുടെ ഫ്രണ്ട് റിക്വസ്റ്റ് മാത്രം സ്വീകരിക്കണം. അപരിചിതരുമായി ചാറ്റിംഗ് ഒഴിവാക്കണം. പാസ്വേഡുകള്‍ ഇടയ്ക്കിടെ മാറ്റണം. വീടിന്റെ താക്കോല്‍ പോലെയാണ് പാസ്വേഡുകളെന്ന് മറക്കരുതെന്നും പൊലീസ് ആവര്‍ത്തിച്ച് പറയുന്നു. മൊബൈലും സാമൂഹ്യമാദ്ധ്യമങ്ങളുമെല്ലാം വളരെ ശ്രദ്ധയോടെയും കരുതലോടെയും ഉപയോഗിച്ചില്ലെങ്കില്‍ യാതൊരു തെറ്റും ചെയ്യാതെ തന്നെ നമ്മള്‍ പ്രതികളും ഇരകളുമെല്ലാമായി പോകുന്നുവെന്നതാണ് ഏറെ സുപ്രധാനമായ കാര്യം. ചില മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ നമുക്ക് കുറേയൊക്കെ സുരക്ഷിതരാകാം.

ബാങ്ക് അക്കൗണ്ട് പോലുള്ള വിവരങ്ങളുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ട്സ് പബ്ലിക് വൈഫൈയില്‍ ഉപയോഗിക്കരുത് എന്നതാണ് അതില്‍ പ്രധാനപ്പെട്ട കാര്യം. ഫേസ്ബുക്കിലൂടെയോ മെയിലിലൂടെയോ അപരിചിതര്‍ അയച്ചുതരുന്ന ഒരു ലിങ്കുകളും തുറക്കരുത്. മറ്റു വെബ്സൈറ്റുകള്‍ വഴിയോ അപരിചിതര്‍ അയയ്ക്കുന്ന മെയില്‍ വഴിയുള്ള ലിങ്കിലൂടെയോ ലോഗ് ഇന്‍ ചെയ്യാതിരിക്കുക. പേര്, ജനനത്തീയതി, അടുത്ത സുഹൃത്തിന്റെ പേര് തുടങ്ങിയവ പാസ്വേര്‍ഡുകള്‍ ആയി ഉപയോഗിക്കാതിരിക്കാനും ശ്രമിക്കണം.