കെ. വി തോമസിനെതിരെ അച്ചടക്ക ലംഘന ആരോപണവുമായി കോണ്‍ഗ്രസ് നേതൃത്വം

കൊച്ചി: കെ. വി തോമസിനെതിരെ അച്ചടക്ക ലംഘന ആരോപണവുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം രംഗത്ത്. ഹൈക്കമാന്‍ഡിന്റെ വിലക്ക് ലംഘിച്ച് സിപിഎം വേദിയിലെത്തി എന്നതാണ് നിലവില്‍ കെ വി തോമസിനെതിരെയുള്ള ആരോപണം. ഇക്കാര്യമാണ് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ നല്‍കിയ പരാതിയിലും ചൂണ്ടിക്കാണിച്ചിട്ടുള്ളത്. എന്നാല്‍, സെമിനാറില്‍ പങ്കെടുത്ത കെ.വി തോമസിന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ പരാതിയിലില്ലാത്തതിനാല്‍ കെ-റെയില്‍ അനുകൂല പരാമര്‍ശം അടക്കം ചൂണ്ടിക്കാട്ടി രണ്ടാമതൊരു പരാതി കൂടി നല്‍കാനാണ് നേതൃത്വത്തിന്റെ നീക്കം.

എഐസിസി രാഷ്ട്രീയകാര്യ സമിതി അംഗമാണെങ്കിലും കെ വി തോമസിനെ തിങ്കളാഴ്ച ചേരുന്ന സമിതി യോഗത്തിലേയ്ക്ക് ക്ഷണിക്കില്ലെന്നും രാഷ്ട്രീയകാര്യ സമതിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെടുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കെ വി തോമസിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തെ പുറത്താക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.

എന്നാല്‍, എഐസിസി സമിതിയിലെ അംഗങ്ങളെ നീക്കാനുള്ള അധികാരം കെപിസിസി നേതൃത്വത്തിനില്ലെന്നാണ് സൂചന. കെ വി തോമസ് കോണ്‍ഗ്രസ് വിട്ടാല്‍ സിപിഎമ്മിന് രാഷ്ട്രീയ മേല്‍ക്കൈ നേടാന്‍ ഇത് ഇടയാക്കുമെന്നും കോണ്‍ഗ്രസിന് ആശങ്കയുണ്ട്. അതേസമയം, അടുത്ത ചൊവ്വാഴ്ചയ്ക്കുള്ളില്‍ അച്ചടക്ക സമിതിയുടെ നോട്ടീസിനു മറുപടി നല്‍കാമെന്നാണ് കെ വി തോമസ് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ അറിയിച്ചിട്ടുള്ളത്.