ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞില്ല; അംഗത്വ വിതരണത്തിനുള്ള സമയപരിധി നീട്ടി ചോദിക്കാനൊരുങ്ങി കോൺഗ്രസ്

തിരുവനന്തപുരം: അംഗത്വ വിതരണത്തിനുള്ള സമയപരിധി നീട്ടി ചോദിക്കാനൊരുങ്ങി കോൺഗ്രസ് സംസ്ഥാന നേതൃത്വം. വെള്ളിയാഴ്ച്ച അംഗത്വ വിതരണത്തിനുള്ള സമയം അവസാനിക്കാനിരിക്കെയാണ് കോൺഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതീക്ഷിച്ച അംഗത്വ സംഖ്യ തികയ്ക്കുന്നതിനായി രണ്ടാഴ്ച കൂടി കാലാവധി നീട്ടിചോദിക്കാനാണ് നേതൃത്വം പദ്ധതിയിടുന്നത്.

50 ലക്ഷം അംഗത്വ സംഖ്യയായിരുന്നു നേതൃത്വം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ വ്യാഴാഴ്ച വൈകുന്നേരം വരെ 10.4 ലക്ഷം പേരെ മാത്രമാണ് ഡിജിറ്റലായി ചേർക്കാൻ കഴിഞ്ഞത്. പേപ്പർ രൂപത്തിൽ അംഗത്വം ചേർക്കാൻ നൽകിയിരുന്നെങ്കിലും ഇതിന്റെ പൂർണ കണക്കുകൾ ലഭ്യമായിട്ടില്ല. രണ്ടാഴ്ച കൂടി സമയം ലഭിക്കുകയാണെങ്കിൽ 26,400 ബൂത്ത് കമ്മറ്റികളിൽ നിന്നായി ലക്ഷ്യമിട്ട അംഗത്വത്തിലേക്ക് എത്താൻ കഴിയുമെന്ന് കെപിസിസി നേതൃത്വം പ്രതീക്ഷിക്കപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മാർച്ച് 25 ന് ശേഷമാണ് അംഗത്വ വിതരണം ആരംഭിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ ഡിസംബർ മാസം തന്നെ അംഗത്വ വിതരണം ആരംഭിച്ചിരുന്നു.

അവസാന ഘട്ടത്തിൽ പുനഃസംഘടന വേണ്ടെന്ന് വെച്ചതോടെയാണ് സംസ്ഥാനത്ത് അംഗത്വ വിതരണത്തിലേക്ക് കടക്കാൻ പാർട്ടി തീരുമാനിച്ചത്.