‘സിഐടിയു ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നില്ല; പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്ന വകുപ്പുകള്‍ ഘടക കക്ഷികളുടെ കൈയിലായെന്നേയുള്ളൂ’: റോഷി അഗസ്റ്റിന്‍

ഘടക കക്ഷികള്‍ ഭരിക്കുന്ന വകുപ്പുകളില്‍ സിഐടിയു ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

‘എനിക്ക് അങ്ങനെ തോന്നിയില്ല. പ്രശ്നങ്ങള്‍ രൂപപ്പെടാനുള്ള വകുപ്പുകള്‍ ഘടക കക്ഷികളുടെ കൈയ്യില്‍ ആയി പോയെന്നേയുള്ളു. ജലവിഭവ-ഇറിഗേഷന്‍ വകുപ്പുകളില്‍ അത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ല. അത്തരമൊരു സംഭവമേ ഇല്ല. ജലവിഭവ വകുപ്പ് പുനസംഘടിപ്പിക്കുന്നതിന് തൊഴിലാളി സംഘടനകള്‍ വിലങ്ങ് തടിയാകുന്ന പ്രതിസന്ധി ഉണ്ടായിട്ടില്ല. പുനസംഘടനയെ പറ്റി വ്യക്തമായ പ്രാരംഭ ചര്‍ച്ചയിലേക്ക് പോലും കടന്നിട്ടില്ല. ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനുള്ള മാറ്റങ്ങളാണ് ഉദ്ദേശിക്കുന്നത്. ജീവനക്കാരേയും തൊഴിലാളി സംഘടനകളെയും മുഖവിലയ്ക്ക് എടുക്കാതെ ഒന്നും ചെയ്യില്ല. അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കും. തൊഴിലാളി സംഘടനകളുമായി വിശാലമായ ചര്‍ച്ച നടത്തും. തൊഴിലാളി സംഘടനകളുമായി ചര്‍ച്ചയോ ആലോചനയോ നടന്നിട്ടില്ല. ജീവനക്കാരെ വിശ്വാസത്തിലെടുത്തേ മുന്നോട്ട് പോകു. അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒന്നും ചെയ്യില്ല’- മന്ത്രി പറഞ്ഞു.