തിരിച്ചടി; ഈശ്വരപ്പ പടിയിറങ്ങുന്നു

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്കും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കും അടുപ്പമുള്ള നേതാക്കളിലൊരാളായ കെ.എസ് ഈശ്വരപ്പയാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ട് പടിയിറങ്ങാനൊരുങ്ങുന്നത്.

ശിവമോഗ മണ്ഡലത്തില്‍ നിന്നാണ് പലതവണ ജയിച്ച് അദ്ദേഹം നിയമസഭയിലെത്തുന്നത്. 2012ല്‍ ജഗദീഷ് ഷെട്ടാര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയും, 2008ല്‍ യെദ്യൂരപ്പ മന്ത്രി സഭയില്‍ മന്ത്രിയുമായി. 2019-ല്‍ ഗ്രാമവികസന മന്ത്രിയുമായി. പ്രതിപക്ഷ നേതാവായും, ബിജെപി സംസ്ഥാന പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു.

ഈശ്വരപ്പയുടെ പ്രസ്താവനകള്‍ പലപ്പോഴും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാറുണ്ട്. കാവിപ്പതാക ദേസീയ പതാകയാകുന്ന കാലം വരുമെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത് പാര്‍ട്ടിക്ക് വലിയ ക്ഷീണമായി മാറിയിരുന്നു. ശിവമോഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ടപ്പോള്‍, മുസ്ലീങ്ങളുടെ ഗുണ്ടായിസമാണെന്ന രീതിയില്‍ പ്രസ്താവന നടത്തിയതിന്റെ പേരില്‍ പോലീസ് കേസെടുത്തിരുന്നു.