ലൗ ജിഹാദ് വിവാദം: സിപിഎമ്മിന് ബാഹ്യസമ്മര്‍ദ്ദമെന്ന് കെ. സുരേന്ദ്രന്‍

കോഴിക്കോട് കോടഞ്ചേരിയില്‍ മിശ്രവിവാഹം ചെയ്ത ജോയ്സ്നയുടെ വീട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. ‘ബാഹ്യസമ്മര്‍ദം മൂലമാണ് ലൗ ജിഹാദ് പരാമര്‍ശത്തില്‍ സിപിഐഎം മലക്കം മറിഞ്ഞത്. മകളോട് സംസാരിക്കാന്‍ രക്ഷിതാക്കള്‍ക്ക് അവസരമൊരുക്കാന്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി എന്തുകൊണ്ട് ശ്രമിച്ചില്ല’. ലൗ ജിഹാദ് ഉണ്ടെന്ന് പരസ്യമായി സമ്മതിച്ച ജോര്‍ജ് എം. തോമസിനെ ഭീഷണിപ്പെടുത്തി മാറ്റിപ്പറയിപ്പിച്ച സിപിഐഎം തീവ്രവാദികള്‍ക്ക് മുമ്പില്‍ മുട്ടിലിഴയുകയാണ്. നിലപാട് മാറ്റിയില്ലെങ്കില്‍ പാര്‍ട്ടിക്കു പുറത്തുപോവേണ്ടിവരും എന്ന സന്ദേശമാണ് സത്യം തുറന്ന് പറഞ്ഞ ജോര്‍ജ് എം. തോമസിന് പാര്‍ട്ടി നല്‍കിയത്. കേരളത്തിലെ ക്രൈസ്ത ന്യൂനപക്ഷങ്ങളുടെ ആശങ്ക പുറംകാല്‍ കൊണ്ട് തട്ടിക്കളയുകയാണ് സി.പി.ഐ.എമ്മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മിശ്രവിവാഹ വിവാദം അവസാനിച്ചതായി സി.പി.ഐ.എം പറയുമ്പോഴും മകളെ നേരിട്ട് കാണണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് മാതാപിതാക്കള്‍. പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം പാര്‍ട്ടി ഉണ്ടാകുമെന്ന് ഇന്നലെ കോടഞ്ചേരിയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയെയും കൂട്ടി സ്ഥലം വിടുന്നതിന് മുന്‍പ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഷെജിന് കഴിഞ്ഞില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

എന്നാല്‍, ഡി.വൈ.എഫ്.ഐ നേതാവു കൂടിയായ ഷെജിനെതിരെ നടപടി ഉണ്ടാകില്ലെന്നും മോഹനന്‍ വ്യക്തമാക്കി. മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോര്‍ജ് എം. തോമസിന്റെ ലൗ ജിഹാദ് പരാമര്‍ശം നാക്കു പിഴയാണെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.