Politics (Page 371)

ആലപ്പുഴ: പാലക്കാട് ഇരട്ട കൊലപാതകത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രണ്ടു വർഗ്ഗീയ സംഘടനകൾ പരസ്പരം ഏറ്റുമുട്ടുകയും പരസ്പരം കൊലപ്പെടുത്തുകയും ചെയ്യുന്നതിൽ സർക്കാരിന് എന്താണ് കാര്യമെന്ന് കാനം രാജേന്ദ്രൻ ചോദിക്കുന്നു.

സർക്കാരിനെയോ പോലീസിനെയോ അറിയിച്ചില്ല കൊലപാതകങ്ങളും അക്രമങ്ങളം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ നടക്കുന്ന എഐഎസ്എഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് നേതാക്കളുടെ കൊലപാതകത്തിൽ അന്വേഷണം മുന്നോട്ട് പോകുന്നുണ്ട്. വർഗീയ സംഘടനകളെ പൊതുസമൂഹത്തിന് മുന്നിൽ തുറന്നു കാട്ടേണ്ട ഉത്തരവാദിത്തം മാദ്ധ്യമങ്ങൾക്കാണെന്നും കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

കൊച്ചി: അച്ചടക്ക സമിതിക്ക് മറുപടി നൽകി മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്. എ.ഐ.സി.സി വിലക്ക് ലംഘിച്ച് സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത വിഷയത്തിലാണ് അദ്ദേഹം അച്ചടക്ക സമിതിയ്ക്ക് മറുപടി നൽകിയത്.

സി.പി.എം സമ്മേളന വേദിയിൽ പങ്കെടുക്കുന്ന ആദ്യ കോൺഗ്രസുകാരൻ താനല്ലെന്നും രമേശ് ചെന്നിത്തലയടക്കമുള്ളവർ നേരത്തേ സമ്മേളനത്തിന് പോയിട്ടുണ്ടെന്നും കെ വി തോമസ് വ്യക്തമാക്കി. അച്ചടക്ക സമിതി ചെയർമാനായ എ.കെ ആന്റണിടയടക്കമുള്ളവർ സിപിഎം നേതാക്കളെ പ്രകീർത്തിച്ച് പ്രസംഗിച്ചതടക്കമുള്ള കാര്യങ്ങളും മറുപടിയിൽ വിശദമാക്കുന്നുണ്ട്. ഇ മെയിലിലൂടെയാണ് അദ്ദേഹം അച്ചടക്ക സമിതിയ്ക്ക് മറുപടി നൽകിയത്. അച്ചടക്ക സമിതിക്ക് മുമ്പാകെ നേരിട്ട് ഹാജരാവാൻ അനുവദിക്കണമെന്നും ഇ മെയിലിൽ കെ വി തോമസ് ആവശ്യപ്പെടുന്നുണ്ട്.

തിരുവനന്തപുരത്ത് ബ്രഹ്മോസ് ഉദ്ഘാടന വേളയിലാണ് അന്ന് പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി കേരള മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനെയും വ്യവസായമന്ത്രിയായിരുന്ന എളമരം കരീമിനെയും പുകഴ്ത്തി സംസാരിച്ചത്. വികസനകാര്യത്തിൽ എൽ.ഡി.എഫ്. സർക്കാർ പ്രകടിപ്പിക്കുന്ന താത്പര്യത്തെയാണ് എ കെ ആന്റണി പ്രശംസിച്ചത്. ബ്രഹ്മോസ് കേരളത്തിന് അനുവദിച്ചപ്പോൾ അന്നത്തെ വ്യവസായമന്ത്രി എളമരം കരീമിന്റെ പൂർണസഹകരണം തനിക്ക് ലഭിച്ചെന്നും മുഖ്യമന്ത്രി വി.എസും പിന്തുണ നൽകിയെന്നും എ കെ ആന്റണി പറഞ്ഞിരുന്നു.

രാഷ്ട്രീയമായി രണ്ട് കോണുകളിലായിട്ടും 2006 മുതൽ 2011 വരെ പ്രതിരോധ വകുപ്പിന്റെ ഒട്ടേറെ പദ്ധതികൾ കേരളത്തിൽ തുടങ്ങാൻ കഴിഞ്ഞു. എളമരം കരീമിന്റെ സഹകരണത്തെക്കുറിച്ച് വിശേഷിപ്പിക്കാൻ തന്റെ നിഘണ്ടുവിൽ വാക്കുകളില്ലെന്നും ആന്റണി അഭിപ്രായപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെയും സാക്ഷിയാക്കിയായിരുന്നു ആന്റണി.ുടെ പരാമർശം. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചാണ് കെ വി തോമസ് മറുപടി തയ്യാറാക്കിയിട്ടുള്ളത്.

പാലക്കാട്: പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച്ച നടക്കാനിരിക്കുന്ന സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ തീരുമാനിച്ച് ബിജെപി. രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് പാലക്കാട്ട് ജില്ലയിൽ സർവ്വകക്ഷി യോഗം വിളിച്ച് ചേർത്തത്.

യോഗത്തിൽ പങ്കെടുക്കില്ലെന്നായിരുന്നു നേരത്തെ ബിജെപി തീരുമാനിച്ചിരുന്നത്. പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. പാലക്കാട് കളക്ടറേറ്റിൽ ഉച്ചകഴിഞ്ഞ് 3.30 ന് ചേരുന്ന സർവ്വകക്ഷി യോഗത്തിൽ മന്ത്രി കെ കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിക്കും.

സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്നും പോലീസിന്റെ വീഴ്ചകളെ കുറിച്ച് യോഗത്തിൽ തുറന്ന് കാട്ടുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ അറിയിച്ചു. പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി ഏരിയാ സെക്രട്ടറി കുപ്പിയാട് എ.സുബൈർ(43), മേലാമുറി എസ്.കെ.എസ് ഓട്ടോസ് ഉടമയും ആർ.എസ്.എസ്. മുൻ ശാരീരിക് ശിക്ഷൺ പ്രമുഖുമായ മേലാമുറി പള്ളിപ്പുറം ശ്രീനിവാസൻ(45) തുടങ്ങിയവരാണ് കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിൽ കൊല്ലപ്പെട്ടത്. രാഷ്ട്രീയ കൊലപാതകത്തിന്റെ സാഹചര്യത്തിൽ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

തിരുവനന്തപുരം: ഇനിയും കടിച്ചു തൂങ്ങിക്കിടക്കാതെ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കാൻ പിണറായി വിജയൻ തയ്യാറാകണമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. പാലക്കാട് രാഷ്ട്രീയ കൊലപാതകങ്ങളുടെ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പെറ്റിയടിക്കാനും കുറ്റിയടിക്കാനും മാത്രമായി കേരള പോലീസിനെ ഭരണകൂടം അധ:പതിപ്പിച്ചിരിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം പിണറായി വിജയനെ വിമർശിച്ചത്.

ഒരു വകുപ്പ് പോലും നേരേ ചൊവ്വേ ഭരിക്കാനറിയാത്ത മനുഷ്യനെയാണ് കോടികൾ മുടക്കി പരസ്യം ചെയ്ത് കഴിവുള്ളവനാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. എഴുതിക്കൊടുക്കുന്ന ചോദ്യങ്ങളുമായി ചെന്ന് പഞ്ചപുച്ഛമടക്കി പിണറായി വിജയന്റെ നാടകത്തിന് കൂട്ടുനിന്ന മാധ്യമങ്ങൾക്കും കേരളത്തിന്റെ ദുരവസ്ഥയിൽ പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എസ്ഡിപിഐ-യെയും ആർഎസ്എസ്-നെയും നിയന്ത്രിക്കാൻ പിണറായി വിജയന് കഴിവില്ല എന്ന് കോടിയേരി ബാലകൃഷ്ണൻ പരോക്ഷമായി വ്യക്തമാക്കിയിരിക്കുന്നു. മൂന്ന് വർഷത്തിനിടെ 1065 കൊലപാതകങ്ങൾ നടന്നുവെന്ന് മാധ്യമങ്ങൾ പറയുന്നു. ഇപ്പോൾ പോലും മുഖ്യമന്ത്രിയോട് ശക്തമായ ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. ശരിയായ പത്ര സമ്മേളനങ്ങളെ അഭിമുഖീകരിക്കാൻ കഴിവില്ലാത്ത ആളാണ് പിണറായി വിജയൻ എന്ന സത്യം ജനം തിരിച്ചറിയരുതെന്ന് മാധ്യമങ്ങളിലെ സിപിഎം താരാട്ടുപാട്ടുകാർക്ക് നിർബന്ധമുണ്ടെന്നും കെ സുധാകരൻ അറിയിച്ചു.

ഒന്നോർക്കുക, ജാതി-മത- വർഗീയ ശക്തികളെ തരാതരം പോലെ പ്രീണിപ്പിച്ച് അധികാരം നിലനിർത്താൻ പിണറായി വിജയന് കഴിഞ്ഞിട്ടുണ്ടാകാം. പക്ഷേ ജനങ്ങളെ വർഗ്ഗീയമായി തമ്മിലടിപ്പിച്ച് ഭരണകൂടത്തിന്റെ കഴിവുകേടുകളിൽ നിന്ന് ശ്രദ്ധ തിരിക്കാമെന്ന് പിണറായി വ്യാമോഹിക്കേണ്ട. നാണവും മാനവും രാഷ്ട്രീയ ധാർമികതയും ഉണ്ടെങ്കിൽ അതിന് മടി കാണിച്ചാൽ ആഭ്യന്തര മന്ത്രിയെ മാറ്റാൻ ഉള്ള ധൈര്യം സിപിഎം സംസ്ഥാന കമ്മിറ്റി കാണിക്കണം. കാരണം പിണറായി വിജയന്റെ അധികാര മോഹത്തേക്കാൾ വലുതാണ് കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും സമാധാനവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

എസ്ഡിപിഐ-യെയും ആർഎസ്എസ്-നെയും നിയന്ത്രിക്കാൻ പിണറായി വിജയന് കഴിവില്ല എന്ന് കോടിയേരി ബാലകൃഷ്ണൻ പരോക്ഷമായി വ്യക്തമാക്കിയിരിക്കുന്നു. മൂന്ന് വർഷത്തിനിടെ 1065 കൊലപാതകങ്ങൾ നടന്നുവെന്ന് മാധ്യമങ്ങൾ പറയുന്നു.
പെറ്റിയടിക്കാനും കുറ്റിയടിക്കാനും മാത്രമായി കേരള പോലീസിനെ ഭരണകൂടം അധ:പതിപ്പിച്ചിരിക്കുന്നു. ഒരു വകുപ്പ് പോലും നേരേ ചൊവ്വേ ഭരിക്കാനറിയാത്ത മനുഷ്യനെയാണ് കോടികൾ മുടക്കി പരസ്യം ചെയ്ത് കഴിവുള്ളവനാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. എഴുതിക്കൊടുക്കുന്ന ചോദ്യങ്ങളുമായി ചെന്ന് പഞ്ചപുച്ഛമടക്കി പിണറായി വിജയൻ്റെ നാടകത്തിന് കൂട്ടുനിന്ന മാധ്യമങ്ങൾക്കും കേരളത്തിൻ്റെ ദുരവസ്ഥയിൽ പ്രധാന പങ്ക് ഉണ്ട്.

ഇപ്പോൾ പോലും മുഖ്യമന്ത്രിയോട് ശക്തമായ ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. ശരിയായ പത്ര സമ്മേളനങ്ങളെ അഭിമുഖീകരിക്കാൻ കഴിവില്ലാത്ത ആളാണ് പിണറായി വിജയൻ എന്ന സത്യം ജനം തിരിച്ചറിയരുതെന്ന് മാധ്യമങ്ങളിലെ സിപിഎം താരാട്ടുപാട്ടുകാർക്ക് നിർബന്ധമുണ്ട്.

ഒന്നോർക്കുക, ജാതി-മത- വർഗീയ ശക്തികളെ തരാതരം പോലെ പ്രീണിപ്പിച്ച് അധികാരം നിലനിർത്താൻ പിണറായി വിജയന് കഴിഞ്ഞിട്ടുണ്ടാകാം.പക്ഷേ ജനങ്ങളെ വർഗ്ഗീയമായി തമ്മിലടിപ്പിച്ച് ഭരണകൂടത്തിൻ്റെ കഴിവുകേടുകളിൽ നിന്ന് ശ്രദ്ധ തിരിക്കാമെന്ന് പിണറായി വ്യാമോഹിക്കേണ്ട.

നാണവും മാനവും രാഷ്ട്രീയ ധാർമികതയും ഉണ്ടെങ്കിൽ ഇനിയും കടിച്ചു തൂങ്ങിക്കിടക്കാതെ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കാൻ പിണറായി വിജയൻ തയ്യാറാകണം. അതിന് മടി കാണിച്ചാൽ ആഭ്യന്തര മന്ത്രിയെ മാറ്റാൻ ഉള്ള ധൈര്യം സിപിഎം സംസ്ഥാന കമ്മിറ്റി കാണിക്കണം.കാരണം പിണറായി വിജയൻ്റെ അധികാര മോഹത്തേക്കാൾ വലുതാണ് കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും സമാധാനവും.

പാലക്കാട് ജില്ലയിലെ ഇരട്ട കൊലപാതകങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു.

‘മുഖ്യമന്ത്രി സോഷ്യല്‍ എന്‍ജിനീയറിംഗ് എന്ന ഓമനപ്പേരിട്ട് നടത്തുന്ന വര്‍ഗീയ പ്രീണന നയങ്ങളാണ് ഇത്തരം സംഭവങ്ങളിലേക്ക് കാര്യങ്ങളെ എത്തിക്കുന്നത്. സമ്മേളനങ്ങള്‍ നടത്തി കൊല്ലുമെന്ന് പ്രഖ്യാപിക്കുകയാണ് വര്‍ഗീയ സംഘടനകള്‍. എന്നിട്ട് പോലും പോലീസ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് ആര്‍.എസ്.എസുമായും എസ്.ഡി.പി.ഐയുമായും സി.പി.ഐ.എമ്മിന് കൊടുക്കല്‍ വാങ്ങലുകളുണ്ടായിരുന്നു. അതുകൊണ്ടാണ് സര്‍ക്കാരിന് ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാവാത്തത്’-അദ്ദേഹം കുറ്റപ്പെടുത്തി.

പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്താനുപയോഗിച്ച ബൈക്ക് ഉടമയെ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്യുന്നു. ഒരു സ്ത്രീയുടെ പേരിലാണ് നിലവില്‍ ബൈക്കുള്ളത്. എന്നാല്‍, ആര്‍സി മാത്രമാണ് തന്റെ പേരില്‍ ഉള്ളതെന്നും ആരാണ് വാഹനം ഉപയോഗിക്കുന്നത് എന്ന് അറിയില്ലെന്നുമാണ് സ്ത്രീ മൊഴി നല്‍കിയിരിക്കുന്നത്.

അതേസമയം, കൊല്ലപ്പെട്ട ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തിലുള്ള പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയില്‍ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിലെ ഇന്‍ക്വസ്റ്റ് പരിശോധനകള്‍ പൂര്‍ത്തിയായി. ഇരട്ടക്കൊലപാതക പശ്ചാത്തലത്തില്‍ പാലക്കാട് ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ജില്ലയില്‍ ബുധനാഴ്ച വരെ നിരോധനാജ്ഞ തുടരും.

എന്നാല്‍, സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പുണ്ടായിട്ടും സുരക്ഷ ഉറപ്പാക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്ന വിമര്‍ശനം ശക്തമാവുകയാണ്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് 24 മണിക്കൂറിനുള്ളില്‍ തിരിച്ചടിയുണ്ടാകുമെന്ന കൃത്യമായ വിവരം ഉണ്ടായിട്ടും പോലീസിന് സുരക്ഷ ഉറപ്പാക്കാനായില്ലെന്നതിന് തെളിവാണ് പാലക്കാട് നഗര മധ്യത്തിലെ മേലാമുറിയില്‍ നടന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകം.

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനൊരുങ്ങി രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. പഴയ പ്രതാപമില്ലാത്ത കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളുമായി നല്ല ബന്ധം ഉണ്ടാക്കണമെന്ന് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ ഉന്നതതല നേതൃത്വത്തിന് മുന്‍പില്‍ പ്രശാന്ത് കിഷോര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചതായാണ് വിവരം.

അതേസമയം, കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രശാന്ത് കിഷോര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടിയില്‍ ചേരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മേഘാലയില്‍ പ്രശാന്ത് കിഷോറിന്റെ ചരടുവലിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസുമായി കൂടുതല്‍ അകന്നിരുന്നു. എന്നാല്‍, താന്‍ പാര്‍ട്ടിയിലേക്ക് എത്തണമെങ്കില്‍ പ്രശാന്ത് കിഷോറിനെ തിരഞ്ഞെടുപ്പ് ചുമതലകള്‍ക്ക് നിയോഗിക്കണമെന്ന് നരേഷ് പട്ടേല്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഇതോടെയാണ് പ്രശാന്ത് കിഷോറിനെ ഒപ്പം നിര്‍ത്താനുള്ള ആലോചനകളും വീണ്ടും തുടങ്ങിയത്.

എന്നാല്‍, കോണ്‍ഗ്രസില്‍ ചേരണോ എന്ന് പ്രശാന്ത് കിഷോറാണ് തീരുമാനമെടുക്കേണ്ടതെന്നാണ് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ പ്രതികരിച്ചു.

പാലക്കാട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ഗുരുതര ആരോപണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു. പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് സുരേഷ് ബാബു കെ സുരേന്ദ്രനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. കെ സുരേന്ദ്രന്റെ സന്ദർശനത്തിന് ശേഷമാണ് പാലക്കാട്ട് ആദ്യ കൊലപാതകമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാട്ട് ആദ്യം കൊല്ലപ്പെട്ടത് പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറാണ്. ഈ കൊലപാതകം നടക്കുന്നതിന് രണ്ടു ദിവസം മുൻപ് ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ പാലക്കാട് വന്നിരുന്നു. ഇത് ബിജെപി നേതൃത്വത്തിന്റെ പങ്കിലേക്ക് വിരൾ ചൂണ്ടുന്നതാണ്. ബിജെപി നേതൃത്വമറിയാതെ അക്രമ സംഭവം ഉണ്ടാകില്ലെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി അധ്യക്ഷന്റെ സന്ദശനത്തിലും കൊലപാതകത്തിലെ നേതൃത്വത്തിന്റെ പങ്കിലും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊലയാളി സംഘം മുൻകൂട്ടി പ്ലാൻ ചെയ്ത് ചില കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്നു. ആർഎസ്എസ്- എസ് ഡിപിഐ നേതൃത്വങ്ങളുടെ അറിവോടെയാണ് കൊലപാതകമുണ്ടായതെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ. രാജ്യത്ത് വർഗീയ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വിഷയത്തിൽ പ്രധാനമന്ത്രി മോദി മൗനം തുടരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തിയത്. രാജ്യത്ത് സമാധാനവും സഹവർത്തിത്വവും പാലിക്കണമെന്നും വർഗീയ സംഘർഷങ്ങളിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തുള്ള 13 രാഷ്ട്രീയ പാർട്ടികളാണ് കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിട്ടുള്ളത്.

വാക്കിലൂടെയും പ്രവൃത്തിയിലൂടെയും മതാന്ധത പ്രചരിപ്പിക്കുന്നവർക്കെതിരേ ഒരു വാക്കെങ്കിലും ഉച്ചരിക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രിയുടെ മൗനത്തിൽ നടുക്കം രേഖപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ പ്രസ്താവനയിലൂടെ അറിയിച്ചു. സായുധരായ ജനക്കൂട്ടം ഔദ്യോഗിക രക്ഷാകർത്വത്തിന് കീഴിലാണ് എന്നതിന്റെ തെളിവാണ് പ്രധാനമന്ത്രിയുടെ മൗനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തിടെയുണ്ടായ വർഗീയ കലാപങ്ങളെ പ്രതിപക്ഷ പാർട്ടികൾ അപലപിക്കുകയും ചെയ്തു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻസിപി, സിപിഐഎം, ഡിഎംകെ, ആർജെഡി അടക്കമുള്ളവരാണ് പ്രധാനമന്ത്രിക്കെതിരെ സംയുക്ത പ്രസ്താവന ഇറക്കിയത്. ഇന്ത്യയിൽ അടുത്തിടെയുണ്ടാകുന്ന വിദ്വേഷ പ്രസംഗങ്ങളിലുള്ള അശങ്കയും പ്രതിപക്ഷ പാർട്ടികൾ പങ്കുവെച്ചിട്ടുണ്ട്.

ഭക്ഷണം, വസ്ത്രം, വിശ്വാസം, ആഘോഷങ്ങൾ, ഭാഷ തുടങ്ങിയവയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ചില സംഭവങ്ങൾ സാമൂഹ്യദ്രുവീകരണത്തിന് ഭരണവർഗം ഉപയോഗിക്കുന്നതിൽ അതിയായ വേദനയുണ്ട്. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യങ്ങളെ പൂർണമായും ബഹുമാനിക്കുകയും ഉൾക്കൊള്ളുകയും ചെയ്താൽ മാത്രമേ രാജ്യം അഭിവൃദ്ധി പ്രാപിക്കൂ എന്ന ബോധ്യം ആവർത്തിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എൻ.സി.പി നേതാവ് ശരദ് പവാർ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഝാർഖണ്ട് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആർ.എസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സിപിഐ (എം.എൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയവർ കേന്ദ്ര സർക്കാരിനെതിരായ സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു. അതേസമയം, ശിവസേന, ബിഎസ്പി, ആംആദ്മി പാർട്ടി തുടങ്ങിയ പാർട്ടികൾ സംയുക്ത പ്രസ്താവനയുടെ ഭാഗമായില്ല. മമത ബാനർജിയും അഖിലേഷ് യാദവും പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടില്ല.

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ. പി.ജെ.കുര്യന്‍. ‘രാഹുല്‍ ഗാന്ധിക്ക് നിലപാടുകളില്‍ യാതൊരു വിധ സ്റ്റെബിലിറ്റിയുമില്ല. മുങ്ങാന്‍ പോകുമ്പോള്‍ കപ്പല്‍ ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുന്ന കപ്പിത്താനെപ്പോലെയാണ് രാഹുല്‍ ഗാന്ധി. സംഘടനയ്ക്കു ബുദ്ധിമുട്ടും പ്രയാസവുമുണ്ടാകുമ്പോള്‍ എല്ലാവരോടും ചര്‍ച്ച ചെയ്ത് പരിഹാരം തേടുന്നതിന് പകരം കപ്പലും ഉപേക്ഷിച്ച് പുറത്ത് ചാടി ഓടി രക്ഷപ്പെടുകയല്ല വേണ്ടത്. രാഹുലിനെ ചുറ്റിപ്പറ്റി ഒരു കോക്കസുണ്ട്. യാതൊരു അനുഭവ പരിജ്ഞാനമോ, പാരമ്പര്യമോ ഉള്ളവരല്ല. തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാത്ത ഇവരുടെ വാക്കു കേട്ടാണ് രാഹുല്‍ പ്രവര്‍ത്തിക്കുന്നത്’- അദ്ദേഹം കുറ്റപ്പെടുത്തി.

പി.ജെ കുര്യന്റെ വാക്കുകള്‍

‘പാര്‍ട്ടിക്ക് തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് തോല്‍വി ഉണ്ടാകുമ്പോഴും സംഘടനയെ നയിക്കാന്‍ ഒരു പ്രസിഡന്റില്ല. ആരോഗ്യപരമായ കാരണങ്ങളാല്‍ സോണിയാഗാന്ധിക്ക് സംസ്ഥാനങ്ങളില്‍ പോയി ക്യാമ്ബയിന്‍ നടത്താനാവുന്നില്ല. ഈ ഘട്ടത്തില്‍ ശക്തനായ ഒരു പ്രസിഡന്റ് കൂടിയേ കഴിയൂ. പാര്‍ട്ടിയുടെ പ്രസിഡന്റ് ആരായാലും അത് വലിയൊരു സ്ഥാനമാണ്. ആ സ്ഥാനം രണ്ട് മൂന്ന് വര്‍ഷങ്ങായി ഒഴിഞ്ഞു കിടക്കയാണ്. കോണ്‍ഗ്രസിപ്പോ നാഥനില്ലാ കളരി പോലെയാണ്. 2019ലെ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടി പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. പ്രസിഡന്റ് പദവി ഉപേക്ഷിച്ച അദ്ദേഹം പക്ഷേ പാര്‍ട്ടിയുടെ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നു. ഇത് ശരിയായ നടപടി അല്ല. അംഗീകരിക്കാനും ആവില്ല. ഒരിക്കല്‍ തനിക്ക് സ്ഥാനം വേണ്ടാ എന്ന് പറഞ്ഞ് ഇട്ടെറിഞ്ഞു പോയ സാഹചര്യത്തില്‍ സംഘടനയ്ക്കു പുതിയ പ്രസിഡന്റുണ്ടാവണമെന്നാണ് ജി 23 ആവശ്യപ്പെടുന്നത്. അദ്ദേഹം മത്സരിച്ച് വീണ്ടും പ്രസിഡന്റാവുന്നതില്‍ എതിര്‍പ്പില്ല. തനിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വേണ്ട എന്ന് പറഞ്ഞ് കളം വിട്ട രാഹുല്‍ തന്നെ തീരുമാനങ്ങള്‍ എടുക്കുകയും, മറ്റൊരാളെ ആ സ്ഥാന ത്തേക്ക് നിയമിക്കുന്നതിന് തടസം നില്‍ക്കുകയും ചെയ്യുന്നത് അംഗീകരി ക്കാനാവില്ല. തനിക്ക് ചുറ്റുമുള്ള ഉപജാപക സംഘത്തിന്റെ ഇംഗിത മനുസരിച്ച് പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ എടുക്കുന്നത് അംഗീകരിക്കാനാവില്ല. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം ആരും തോന്നുന്നില്ല. അഭിപ്രായങ്ങള്‍ പറയാനുള്ള വേദികളുമില്ല. മൊത്തത്തില്‍ അനിശ്ചിതാവസ്ഥയാണ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നത്. പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷത്തെ സൈഡ് ലൈന്‍ ചെയ്തു കൊണ്ടുള്ള ഈ പോക്ക് നല്ലതിനല്ല. അങ്ങനെ പോയിട്ട് വല്ല ഗുണമുണ്ടായോ, തിരഞ്ഞെടുപ്പുകളില്‍ തോറ്റു തുന്നം പാടി. ജനങ്ങള്‍ അംഗീകരിക്കുന്നില്ല. ഈ യാഥാര്‍ത്ഥ്യങ്ങള്‍ രാഹുല്‍ ഗാന്ധി തിരിച്ചറിയുന്നില്ല. ഇത്തരമൊരു ഘട്ടത്തിലാണ് മുതിര്‍ന്ന നേതാക്കളുടെ ഒരു സംഘം ഹൈക്കമാണ്ടിന് കത്ത് തയ്യാറാക്കി അയച്ചത്. അന്ന് ഒപ്പിട്ടത് 23 പേരായിരുന്നു, അതുകൊണ്ട് ജി – 23 എന്നറിയപ്പെടുന്നു. പാര്‍ട്ടി പ്രസിഡന്റാവാന്‍ നെഹ്റു കുടുംബത്തില്‍ നിന്ന് തന്നെ ആളുവേണമെന്ന് ശഠിക്കാനാവില്ല. പാര്‍ട്ടിക്കുവേണ്ടി ആ കുടുംബം നല്‍കിയ സംഭാവനകളെ വിസ്മരിക്കാനാവില്ല. അത്ര വലിയ ത്യാഗവും മികവുറ്റ സംഭാവനകളും നല്‍കിയ പാരമ്ബര്യമാണവരുടേത്. ഇതൊക്കെ അംഗീകരിക്കുമ്‌ബോഴും ആ കൂടുംബത്തിന് പുറത്തു നിന്നൊരാള്‍ പ്രസിഡന്റാവുന്നതില്‍ ഒരു തെറ്റുമില്ല. എല്ലാ കാലവും നെഹ്റു കുടുംബത്തില്‍ നിന്നു തന്നെ ഉള്ളവര്‍ പാര്‍ട്ടി പ്രസിഡന്റാവണം എന്ന് വാദിക്കുന്നത് ന്യായീകരിക്കാനാവില്ല. ആ കുടുംബത്തില്‍ യോഗ്യത ഉള്ളവരുണ്ടെങ്കില്‍ വരട്ടെ. ഇല്ലെങ്കില്‍ മാറിക്കൊടുക്കണം. അവര്‍ മാത്രമേ അധ്യക്ഷന്‍ ആകാവു എന്ന വാദം അംഗീകരിക്കാനാവില്ല’.