Politics (Page 238)

ന്യൂഡൽഹി: കോൺഗ്രസിനും കേരളാ സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്നത് കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള സൗഹൃദമത്സരമാണെന്നെന്ന് ധനമന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്ന കേരളത്തിൽ പണപ്പെരുപ്പം ദേശീയ ശരാശരിയെക്കാൾ കൂടുതലാണെന്നും ധനമന്ത്രി വിമർശിച്ചു. രാജ്യസഭയിൽ ഉപധനാഭ്യർഥന ബില്ലിന്റെ ചർച്ചയിൽ മറുപടി പറയവെയായിരുന്നു നിർമ്മലാ സീതാരാമന്റെ പരാമർശം. ഇടത് എംപി ജോൺ ബ്രിട്ടാസിന്റെ ആരോപണങ്ങൾക്ക് മറുപടിയായാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണ വിഷയത്തെ കുറിച്ച് ഉൾപ്പെടെ മന്ത്രി സംസാരിച്ചത്. കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുകയാണ് കേന്ദ്ര സർക്കാരെന്ന ആരോപണത്തെയും ധനമന്ത്രി തള്ളി. വികസനപരിപാടികൾ ചൂണ്ടിക്കാട്ടിയാണ് ഈ ആരോപണങ്ങൾ ധനമന്ത്രി നിഷേധിച്ചത്. കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത് എല്ലാവർക്കും വികസനം, ആർക്കും പ്രീണനമില്ല എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ്.

കേരളത്തിലെ വിഴിഞ്ഞം തുറമുഖത്തിന് കോൺഗ്രസും സിപിഎമ്മും എങ്ങനെയാണ് കോർപ്പറേറ്റിനെ ക്ഷണിച്ചതെന്നും നിർമ്മലാ സീതാരമൻ ചോദിച്ചു. നിങ്ങൾ ടെൻഡർ നടപടികളിലൂടെ കോർപ്പറേറ്റിനെ ക്ഷണിക്കുമ്പോൾ പ്രശ്നമില്ല. എന്നാൽ, കേന്ദ്രം അതേ നടപടി സ്വീകരിച്ചാൽ നിങ്ങൾ അംബാനിക്കും അദാനിക്കും നൽകുന്നു എന്നാരോപിക്കും. രാജസ്ഥാനും മറ്റു സംസ്ഥാനങ്ങളും ഇതുപോലെ തന്നെയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: സംസ്ഥാനത്ത് പാര്‍ട്ടിയും സംഘടനാ സംവിധാനവും ശക്തിപ്പെടുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

എം.വി ഗോവിന്ദന്റെ വാക്കുകള്‍

‘പാര്‍ട്ടിയുടെ നിലപാടുകള്‍ ജനപക്ഷത്ത് നിന്നാകണം. ജനം അംഗീകരിക്കാത്ത ഒരു പ്രവണതയും വച്ചുപൊറുപ്പിക്കില്ല. ജനവിരുദ്ധ പ്രവണതകള്‍ സിപിഎം അംഗീകരിക്കില്ല. വിട്ടുവീഴ്ചയില്ലാത്ത സംഘടനാ നിലപാട് എടുക്കും. ഓരോരുത്തരും തെറ്റ് തിരുത്തി മുന്നോട്ട് പോകാന്‍ തയ്യാറാകണം. വെള്ളം കടക്കാത്ത അറകളുള്ള കമ്പാര്‍ട്ട്മന്റല്ല സിപിഎം. അംഗീകരിക്കാനാകാത്ത കാര്യങ്ങളെ അപ്പപ്പോള്‍ തിരുത്തണം.സംഘടനാ രംഗത്തെ അടിയന്തിര കടമകള്‍ എന്ന രേഖ പാര്‍ട്ടി ചര്‍ച്ച ചെയ്തു. പാര്‍ട്ടി തെറ്റായ ഒരു പ്രവണതയും അംഗീകരിക്കില്ല.അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അടിമുടി ഇടപെടും. മന്ത്രിമാരുടെ പ്രവര്‍ത്തനം തൃപ്തികരം. ഒന്നോ രണ്ടോ കൊല്ലം കൊണ്ട് സര്‍ക്കാരിനെ വിലയിരുത്തരുത്. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക നയങ്ങള്‍ കേരളത്തെ ശ്വാസം മുട്ടിക്കുന്നു. ജിഎസ്ടി കുടിശിക നല്‍കുന്നതില്‍ പോലും വീഴ്ച. ജനുവരി 20 മുതല്‍ 31 വരെ എല്ലാ ലോക്കല്‍ കമ്മിറ്റികളും കേന്ദ്ര വിരുദ്ധ പ്രതിഷേധം സംഘടിപ്പിക്കും. ഇത് തുടക്കം മാത്രം. വലിയ പ്രക്ഷോഭങ്ങള്‍ തുടര്‍ന്നുണ്ടാകും. മാധ്യമരംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ ബദല്‍ മാധ്യമങ്ങളെ ശക്തിപ്പെടുത്തും. ദേശാഭിമാനി മെച്ചപ്പെടുത്തും. പാര്‍ട്ടിയുടെ ജനകീയ സമ്പര്‍ക്കം വിപുലമാക്കും. സര്‍ക്കാരിന്റെ ജനപക്ഷ സമീപനങ്ങള്‍ വീടുകള്‍ തോറും കയറി ബോധവല്‍കരിക്കും. ജനുവരി ഒന്ന് മുതല്‍ 21 വരെ വീടുകയറി പ്രചാരണം നടത്തും. ബഫര്‍ സോണില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തോടെ കാര്യങ്ങള്‍ വ്യക്തമായി. വിഴിഞ്ഞത്തെന്ന പോലെ വീണ് കിട്ടിയ അവസരം മുതലാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. സര്‍ക്കാര്‍ നിലപാട് ശരിയായ ദിശാബോധത്തോടെയാണ്. ജനങ്ങള്‍ക്കെതിരായ ഒരു കാര്യവും സര്‍ക്കാര്‍ ചെയ്യില്ല.ബഫര്‍ സോണ്‍ വീണു കിട്ടിയ വിഷയമായി ഉപയോഗിക്കാന്‍ യുഡിഎഫ് ശ്രമിച്ചു. അതു തിരിഞ്ഞു കൊത്തി. 12 കിലോമീറ്റര്‍ ബഫര്‍ സോണ്‍ വേണമെന്നു ശുപാര്‍ശ ചെയ്ത സമിതിയിലുണ്ടായിരുന്ന ആളാണ് വി ഡി സതീശന്‍.’

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള വി എസ് അച്യുതാനന്ദന്റെ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമെന്ന കേസിലെ കീഴ്‌ക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് തിരുവനന്തപുരം ജില്ലാ കോടതി.

2013 ജൂലായ് ആറിന് നടന്ന ഒരു അഭിമുഖത്തില്‍, സോളാര്‍ കമ്ബനിയുടെ പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്നും, സരിതാ നായരെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടി കോടികള്‍ തട്ടിയെന്നുമായിരുന്നു വി എസിന്റെ പരാമര്‍ശം. എന്നാല്‍, അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെ പത്ത് ലക്ഷത്തി പതിനായിരം രൂപ ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കീഴ്‌ക്കോടതി വിധിച്ചു.

എന്നാല്‍, അസുഖം കാരണം വി.എസിന് കോടതിയില്‍ നേരിട്ട് ഹാജരായി തന്റെ നിലപാട് പറയാന്‍ കഴിഞ്ഞില്ല. അഭിമുഖത്തിന്റെ ശരിപ്പകര്‍പ്പ് കോടതിയില്‍ ഹാജരാക്കാന്‍ ഉമ്മന്‍ചാണ്ടിക്കും സാധിച്ചിരുന്നില്ല. 2014ല്‍ ഉമ്മന്‍ചാണ്ടി നല്‍കിയ കേസില്‍ ചെറുന്നിയൂര്‍ ശശിധരന്‍ നായരാണ് വി എസിന് വേണ്ടി വാദിച്ചത്. വര്‍ഷങ്ങള്‍ നീണ്ട കേസ് നടത്തിപ്പിന് ശേഷമാണ് കോടതി വിധിയുണ്ടായത്.

മലപ്പുറം: സംസ്ഥാനത്തെ ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ചകള്‍ പറ്റിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാര്‍ വരുത്തിയ വീഴ്ചകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘സര്‍ക്കാര്‍ ഇനിയെങ്കിലും സമയബന്ധിതമായി പ്രവര്‍ത്തിക്കണം. അല്‍പം അലംഭാവം ഈ കാര്യത്തില്‍ വന്നു. അന്ന് ഈ ശുഷ്‌കാന്തി കാണിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെ വരില്ലായിരുന്നു. ഫലപ്രദമായ നടപടികളാണ് വേണ്ടത്. നമ്മുടെ ഉത്തരവാദിത്തം സുപ്രീംകോടതിയെ ജനവാസ കേന്ദ്രങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുക എന്നതാണ്’- അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കാൻ സിപിഎം. ഇതിന്റെ ആദ്യപടിയായി സർക്കാരിന്റെ ഭരണനേട്ടങ്ങൾ നേരിൽ ജനങ്ങളിലെത്തിക്കാൻ മന്ത്രിമാരും സിപിഎം പിബി അംഗങ്ങളും ഭവന സന്ദർശനം നടത്തും. പിണറായി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിശദീകരിക്കുന്ന ലഘു രേഖകളുമായിട്ടാവും സന്ദർശനം. ജനുവരി ഒന്ന് മുതൽ 21 വരെയാണ് നേതാക്കളുടെ ഭവന സന്ദർശനമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അതേസമയം, ബഫർ സോൺ വിഷയത്തിൽ യുഡിഎഫിന് ഇരട്ടത്താപ്പന്നാണെന്നും സിപിഎം വ്യക്തമാക്കി, സംസ്ഥാന കമ്മിറ്റി വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുഡിഎഫ് സർക്കാരിന്റെ കാലത്തെ ബഫർ സോൺ നിലപാട് വ്യക്തമാക്കുന്ന രേഖ പുറത്തുവിടാൻ സി പി എം സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. പഴയ നിലപാട് മറച്ചുവെച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ യുഡിഎഫ് ശ്രമിക്കുന്നുവെന്നും സിപിഎം വിലയിരുത്തി. കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിലേക്ക് എത്തിക്കുവെന്ന കാര്യം ചൂണ്ടിക്കാട്ടി പ്രചാരണം ശക്തിപ്പെടുത്താനും യോഗത്തിൽ ധാരണയായി.

ചണ്ഡിഗഡ്: കേന്ദ്ര നിര്‍ദ്ദേശം ഉണ്ടായിട്ടും ഹരിയാനയില്‍ തുടരുന്ന ഭാരത് ജോഡോ യാത്രയില്‍ മാസ്‌ക് ധരിക്കാതെ രാഹുല്‍ ഗാന്ധി. നിരവധി പ്രവര്‍ത്തകരും യാത്രയില്‍ രാഹുലിനൊപ്പമുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ യാത്ര നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്ന് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കൊവിഡ് വ്യാപനം ആശങ്കയുളവാക്കുന്ന സാഹചര്യത്തില്‍ മാസ്‌കും സാനിറ്റൈസറും ഉള്‍പ്പെടെ കൊവിഡ് പ്രതിരോധത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി രാഹുല്‍ ഗാന്ധിക്കും അശോക് ഗഹ്ലോട്ടിനും കത്തയച്ചിരുന്നു. വാക്‌സിന്‍ സ്വീകരിച്ചവരെ മാത്രം യാത്രയില്‍ പങ്കെടുപ്പിക്കണം. പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെങ്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രധാനമന്ത്രി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് ചോദിച്ചാണ് കോണ്‍ഗ്രസ് ഇതിന് മറുപടി നല്‍കിയത്. ആരോഗ്യ മന്ത്രിയുടെ ആശങ്ക സത്യസന്ധമാണെങ്കില്‍ ആദ്യം കത്തയക്കേണ്ടത് പ്രധനാമന്ത്രിക്കാണെന്ന് അശോക് ഗെലോട്ട് പറഞ്ഞു.

മലപ്പുറം: കേന്ദ്രമന്ത്രി വി മുരളീധരനെ പ്രശംസിച്ച് രാജ്യസഭയിൽ നടത്തിയ പരാമർശങ്ങളിൽ പി വി അബ്ദുൾ വഹാബ് എംപിയോട് വിശദീകരണം തേടാൻ മുസ്ലിം ലീഗ്. അബ്ദുൾ വഹാബ് നടത്തിയ പരാമർശത്തോട് പാർട്ടി യോജിക്കുന്നില്ലെന്നാണ് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയത്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാമർശം നടത്തിയത് എന്നതിനെക്കുറിച്ച് അദ്ദേഹത്തോട് വിശദീകരണം തേടുമെന്നും സാദിഖലി ശിഹാബ് തങ്ങൾ ചൂണ്ടിക്കാട്ടി. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വി മുരളീധരൻ ഡൽഹിയിലെ കേരളത്തിന്റെ ബ്രാൻഡ് അംബാസഡറാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരിനെതിരായ മുരളീധരന്റെ പ്രസ്താവനകളിൽ യാഥാർഥ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വി മുരളീധരനെതിരായ ജോൺ ബ്രിട്ടാസ് എംപിയുടെ പരാമർശങ്ങൾ തള്ളിക്കൊണ്ടായിരുന്നു ലീഗ് എംപി ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിന് വേണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മന്ത്രിയാണ് വി മുരളീധരൻ. കേരളത്തിന്റെ അംബാസഡറാണ് അദ്ദേഹം. അദ്ദേഹം കേരളത്തെ നന്നായി നോക്കുന്നുണ്ട്. കേരളത്തിനെതിരെ റോഡുമായി ബന്ധപ്പെട്ട് അദ്ദേഹം ഉന്നയിക്കുന്ന വിമർശനങ്ങളിൽ വാസ്തവമുണ്ടെന്നും അബ്ദുൾ വഹാബ് അഭിപ്രായപ്പെട്ടു.

ന്യൂഡല്‍ഹി: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര മാറ്റിവെക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിനെതിരെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നോ എന്നും നേതാക്കള്‍ ചോദ്യമുന്നയിച്ചു.

വിവിധ നേതാക്കളുടെ പ്രതികരണം ഇങ്ങനെ:

‘യാത്രയെ കേന്ദ്രസര്‍ക്കാരും ബിജെപിയും ഇഷ്ടപ്പെടുന്നില്ല. യാത്രയിലൂടെ രാഹുല്‍ ഗാന്ധി നേടുന്ന ജനപിന്തുണ ബിജെപി സര്‍ക്കാരിനെ ഭയപ്പെടുത്തുന്നു’- കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

‘നിലവിലെ വിഷയങ്ങളില്‍നിന്നു ജനശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി കേന്ദ്ര ആരോഗ്യമന്ത്രിയെ ബിജെപി നിയോഗിച്ചിരിക്കുകയാണെന്നും ചൗധരി കുറ്റപ്പെടുത്തി. കാര്‍ത്തി ചിദംബരവും സമാന നിലപാടുമായി രംഗത്തെത്തി. ”ബിജെപിയെ അസ്വസ്ഥതപ്പെടുത്തുന്നില്ലെങ്കില്‍ എന്തുകൊണ്ട് ഇപ്പോള്‍ ഭാരത് ജോഡോ യാത്രയിലേക്ക് ശ്രദ്ധതിരിയുന്നു? പൊതുസ്ഥലത്തെ കൂടിച്ചേരലുകളെ നിയന്ത്രിക്കുന്ന കോവിഡ് പ്രോട്ടോക്കോളുകള്‍ ഇപ്പോള്‍ നിലവില്‍ ഇല്ലല്ലോ’- കാര്‍ത്തി ചോദിച്ചു.

‘യാത്രയുടെ ജനപിന്തുണയില്‍ ബിജെപി അസ്വസ്ഥരാണ്. അതിനെ തടസ്സപ്പെടുത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. പ്രധാനമന്ത്രി രണ്ടു ദിവസം മുന്‍പ് ത്രിപുരയില്‍ റാലി നടത്തിയപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ല. കേന്ദ്ര മന്ത്രിയുടേത് രാഷ്ട്രീയ ലക്ഷ്യമല്ല, ശരിയായ ആശങ്കയാണെങ്കില്‍ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതണം’- രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്തു.

‘അവര്‍ക്ക് മാര്‍ഗനിര്‍ദേശം പുറത്തിറക്കാമായിരുന്നു. ഇപ്പോള്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുകയാണ്. എന്നാല്‍, മാസ്‌ക് ധരിക്കുന്നതിനെക്കുറിച്ചോ മുന്‍കരുതല്‍ എടുക്കുന്നതിനെക്കുറിച്ചോ സര്‍ക്കുലര്‍ വന്നിട്ടില്ല. ഇതു സംസ്ഥാനങ്ങളുടെ മേല്‍ കുതിര കയറാനുള്ള കേന്ദ്രത്തിന്റെ നീക്കമാണ്. പൊതുജനത്തോടുള്ള അവരുടെ ഉത്തരവാദിത്തം പരാജയപ്പെട്ടു. കൂടുതലൊന്നും അവരില്‍നിന്ന് പ്രതീക്ഷിക്കുന്നില്ല’- തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡോല സെന്‍ പറഞ്ഞു.

ന്യൂഡല്‍ഹി: കെപിസിസി പുന:സംഘടന ഉടന്‍ ഉണ്ടാകില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അറിയിച്ചു.

‘പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. ആ കാര്യത്തില്‍ ഇതുവരെ ആലോചന ഇല്ല. ഭാരത്‌ജോഡോ യാത്രക്ക് ശേഷം കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കും. നേതാക്കള്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണം എന്ന് രാഹുല്‍ ഗാന്ധി തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. അതിനുള്ള പരിപാടികളും ആസൂത്രണം ചെയ്യും’- അദ്ദേഹം വ്യക്തമാക്കി.

ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര മാറ്റിവെക്കേണ്ടി വരുമെന്ന് രാഹുല്‍ഗാന്ധിക്ക് കത്തയച്ച് കേന്ദ്രം. രാജസ്ഥാനില്‍ തുടരുന്ന ജോഡോ യാത്രയില്‍ മാസ്‌കും സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളും കര്‍ശനമായി പാലിക്കണമെന്നും രാഹുല്‍ ഗാന്ധിക്കും അശോക് ഗഹ്ലോട്ടിനുമാണ് അയച്ച കത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടു. പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെങ്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും കത്തില്‍ വ്യക്തമാക്കി.

അതേസമയം, ചൈനയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ചൈനയിലെ ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞു. ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായെത്തിയവരുടെ നീണ്ട നിരയാണ്. എന്നാല്‍, മരിച്ചവരുടെ കണക്ക് പുറത്ത് വിടാന്‍ ബെയ്ജിംഗ് തയ്യാറായിട്ടില്ല.

ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ അടക്കം അത്യാവശ്യ മരുന്നുകളുടെ ക്ഷാമവും രൂക്ഷമാണ്. അടുത്തിടെയാണ് വന്‍ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ചൈന കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. ഇതിന് പിറകെയാണ് കൊവിഡ് കേസുകളിലെ വന്‍ വര്‍ധന.