തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രധാനമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നോ?; പ്രതികരണവുമായി കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര മാറ്റിവെക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിനെതിരെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നോ എന്നും നേതാക്കള്‍ ചോദ്യമുന്നയിച്ചു.

വിവിധ നേതാക്കളുടെ പ്രതികരണം ഇങ്ങനെ:

‘യാത്രയെ കേന്ദ്രസര്‍ക്കാരും ബിജെപിയും ഇഷ്ടപ്പെടുന്നില്ല. യാത്രയിലൂടെ രാഹുല്‍ ഗാന്ധി നേടുന്ന ജനപിന്തുണ ബിജെപി സര്‍ക്കാരിനെ ഭയപ്പെടുത്തുന്നു’- കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

‘നിലവിലെ വിഷയങ്ങളില്‍നിന്നു ജനശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി കേന്ദ്ര ആരോഗ്യമന്ത്രിയെ ബിജെപി നിയോഗിച്ചിരിക്കുകയാണെന്നും ചൗധരി കുറ്റപ്പെടുത്തി. കാര്‍ത്തി ചിദംബരവും സമാന നിലപാടുമായി രംഗത്തെത്തി. ”ബിജെപിയെ അസ്വസ്ഥതപ്പെടുത്തുന്നില്ലെങ്കില്‍ എന്തുകൊണ്ട് ഇപ്പോള്‍ ഭാരത് ജോഡോ യാത്രയിലേക്ക് ശ്രദ്ധതിരിയുന്നു? പൊതുസ്ഥലത്തെ കൂടിച്ചേരലുകളെ നിയന്ത്രിക്കുന്ന കോവിഡ് പ്രോട്ടോക്കോളുകള്‍ ഇപ്പോള്‍ നിലവില്‍ ഇല്ലല്ലോ’- കാര്‍ത്തി ചോദിച്ചു.

‘യാത്രയുടെ ജനപിന്തുണയില്‍ ബിജെപി അസ്വസ്ഥരാണ്. അതിനെ തടസ്സപ്പെടുത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. പ്രധാനമന്ത്രി രണ്ടു ദിവസം മുന്‍പ് ത്രിപുരയില്‍ റാലി നടത്തിയപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ല. കേന്ദ്ര മന്ത്രിയുടേത് രാഷ്ട്രീയ ലക്ഷ്യമല്ല, ശരിയായ ആശങ്കയാണെങ്കില്‍ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതണം’- രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്തു.

‘അവര്‍ക്ക് മാര്‍ഗനിര്‍ദേശം പുറത്തിറക്കാമായിരുന്നു. ഇപ്പോള്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുകയാണ്. എന്നാല്‍, മാസ്‌ക് ധരിക്കുന്നതിനെക്കുറിച്ചോ മുന്‍കരുതല്‍ എടുക്കുന്നതിനെക്കുറിച്ചോ സര്‍ക്കുലര്‍ വന്നിട്ടില്ല. ഇതു സംസ്ഥാനങ്ങളുടെ മേല്‍ കുതിര കയറാനുള്ള കേന്ദ്രത്തിന്റെ നീക്കമാണ്. പൊതുജനത്തോടുള്ള അവരുടെ ഉത്തരവാദിത്തം പരാജയപ്പെട്ടു. കൂടുതലൊന്നും അവരില്‍നിന്ന് പ്രതീക്ഷിക്കുന്നില്ല’- തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡോല സെന്‍ പറഞ്ഞു.