‘പാര്‍ട്ടിയുടെ നിലപാടുകള്‍ ജനപക്ഷത്ത് നിന്നാകണം’: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പാര്‍ട്ടിയും സംഘടനാ സംവിധാനവും ശക്തിപ്പെടുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

എം.വി ഗോവിന്ദന്റെ വാക്കുകള്‍

‘പാര്‍ട്ടിയുടെ നിലപാടുകള്‍ ജനപക്ഷത്ത് നിന്നാകണം. ജനം അംഗീകരിക്കാത്ത ഒരു പ്രവണതയും വച്ചുപൊറുപ്പിക്കില്ല. ജനവിരുദ്ധ പ്രവണതകള്‍ സിപിഎം അംഗീകരിക്കില്ല. വിട്ടുവീഴ്ചയില്ലാത്ത സംഘടനാ നിലപാട് എടുക്കും. ഓരോരുത്തരും തെറ്റ് തിരുത്തി മുന്നോട്ട് പോകാന്‍ തയ്യാറാകണം. വെള്ളം കടക്കാത്ത അറകളുള്ള കമ്പാര്‍ട്ട്മന്റല്ല സിപിഎം. അംഗീകരിക്കാനാകാത്ത കാര്യങ്ങളെ അപ്പപ്പോള്‍ തിരുത്തണം.സംഘടനാ രംഗത്തെ അടിയന്തിര കടമകള്‍ എന്ന രേഖ പാര്‍ട്ടി ചര്‍ച്ച ചെയ്തു. പാര്‍ട്ടി തെറ്റായ ഒരു പ്രവണതയും അംഗീകരിക്കില്ല.അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അടിമുടി ഇടപെടും. മന്ത്രിമാരുടെ പ്രവര്‍ത്തനം തൃപ്തികരം. ഒന്നോ രണ്ടോ കൊല്ലം കൊണ്ട് സര്‍ക്കാരിനെ വിലയിരുത്തരുത്. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക നയങ്ങള്‍ കേരളത്തെ ശ്വാസം മുട്ടിക്കുന്നു. ജിഎസ്ടി കുടിശിക നല്‍കുന്നതില്‍ പോലും വീഴ്ച. ജനുവരി 20 മുതല്‍ 31 വരെ എല്ലാ ലോക്കല്‍ കമ്മിറ്റികളും കേന്ദ്ര വിരുദ്ധ പ്രതിഷേധം സംഘടിപ്പിക്കും. ഇത് തുടക്കം മാത്രം. വലിയ പ്രക്ഷോഭങ്ങള്‍ തുടര്‍ന്നുണ്ടാകും. മാധ്യമരംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ ബദല്‍ മാധ്യമങ്ങളെ ശക്തിപ്പെടുത്തും. ദേശാഭിമാനി മെച്ചപ്പെടുത്തും. പാര്‍ട്ടിയുടെ ജനകീയ സമ്പര്‍ക്കം വിപുലമാക്കും. സര്‍ക്കാരിന്റെ ജനപക്ഷ സമീപനങ്ങള്‍ വീടുകള്‍ തോറും കയറി ബോധവല്‍കരിക്കും. ജനുവരി ഒന്ന് മുതല്‍ 21 വരെ വീടുകയറി പ്രചാരണം നടത്തും. ബഫര്‍ സോണില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തോടെ കാര്യങ്ങള്‍ വ്യക്തമായി. വിഴിഞ്ഞത്തെന്ന പോലെ വീണ് കിട്ടിയ അവസരം മുതലാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. സര്‍ക്കാര്‍ നിലപാട് ശരിയായ ദിശാബോധത്തോടെയാണ്. ജനങ്ങള്‍ക്കെതിരായ ഒരു കാര്യവും സര്‍ക്കാര്‍ ചെയ്യില്ല.ബഫര്‍ സോണ്‍ വീണു കിട്ടിയ വിഷയമായി ഉപയോഗിക്കാന്‍ യുഡിഎഫ് ശ്രമിച്ചു. അതു തിരിഞ്ഞു കൊത്തി. 12 കിലോമീറ്റര്‍ ബഫര്‍ സോണ്‍ വേണമെന്നു ശുപാര്‍ശ ചെയ്ത സമിതിയിലുണ്ടായിരുന്ന ആളാണ് വി ഡി സതീശന്‍.’