കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജോഡോ യാത്ര മാറ്റി വെക്കേണ്ടി വരും’- രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര മാറ്റിവെക്കേണ്ടി വരുമെന്ന് രാഹുല്‍ഗാന്ധിക്ക് കത്തയച്ച് കേന്ദ്രം. രാജസ്ഥാനില്‍ തുടരുന്ന ജോഡോ യാത്രയില്‍ മാസ്‌കും സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളും കര്‍ശനമായി പാലിക്കണമെന്നും രാഹുല്‍ ഗാന്ധിക്കും അശോക് ഗഹ്ലോട്ടിനുമാണ് അയച്ച കത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടു. പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെങ്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും കത്തില്‍ വ്യക്തമാക്കി.

അതേസമയം, ചൈനയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ചൈനയിലെ ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞു. ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായെത്തിയവരുടെ നീണ്ട നിരയാണ്. എന്നാല്‍, മരിച്ചവരുടെ കണക്ക് പുറത്ത് വിടാന്‍ ബെയ്ജിംഗ് തയ്യാറായിട്ടില്ല.

ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ അടക്കം അത്യാവശ്യ മരുന്നുകളുടെ ക്ഷാമവും രൂക്ഷമാണ്. അടുത്തിടെയാണ് വന്‍ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ചൈന കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. ഇതിന് പിറകെയാണ് കൊവിഡ് കേസുകളിലെ വന്‍ വര്‍ധന.