അപകീര്‍ത്തി കേസ്: ഉമ്മന്‍ചാണ്ടിക്ക് വി.എസ് നഷ്ടപരിഹാരം നല്‍കേണ്ട; കീഴ്‌ക്കോടതി ഉത്തരവിന് സ്റ്റേ

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള വി എസ് അച്യുതാനന്ദന്റെ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമെന്ന കേസിലെ കീഴ്‌ക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് തിരുവനന്തപുരം ജില്ലാ കോടതി.

2013 ജൂലായ് ആറിന് നടന്ന ഒരു അഭിമുഖത്തില്‍, സോളാര്‍ കമ്ബനിയുടെ പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്നും, സരിതാ നായരെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടി കോടികള്‍ തട്ടിയെന്നുമായിരുന്നു വി എസിന്റെ പരാമര്‍ശം. എന്നാല്‍, അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെ പത്ത് ലക്ഷത്തി പതിനായിരം രൂപ ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കീഴ്‌ക്കോടതി വിധിച്ചു.

എന്നാല്‍, അസുഖം കാരണം വി.എസിന് കോടതിയില്‍ നേരിട്ട് ഹാജരായി തന്റെ നിലപാട് പറയാന്‍ കഴിഞ്ഞില്ല. അഭിമുഖത്തിന്റെ ശരിപ്പകര്‍പ്പ് കോടതിയില്‍ ഹാജരാക്കാന്‍ ഉമ്മന്‍ചാണ്ടിക്കും സാധിച്ചിരുന്നില്ല. 2014ല്‍ ഉമ്മന്‍ചാണ്ടി നല്‍കിയ കേസില്‍ ചെറുന്നിയൂര്‍ ശശിധരന്‍ നായരാണ് വി എസിന് വേണ്ടി വാദിച്ചത്. വര്‍ഷങ്ങള്‍ നീണ്ട കേസ് നടത്തിപ്പിന് ശേഷമാണ് കോടതി വിധിയുണ്ടായത്.