Politics (Page 132)

ഇ ഡി ഡയറക്ടറുടെ കാലാവധി നീട്ടിയതിൽ കേന്ദ്രത്തിനെതിരെ സുപ്രീം കോടതി. ഇ.ഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടിയ നടപടിയിലാണ് സുപ്രീം കോടതി വിമർശനം. കാലാവധി രണ്ടാമതും നീട്ടിനല്‍കിയത് നിയമവിരുദ്ധമാണെന്ന് വിധിച്ചെങ്കിലും ഈ മാസം 31 വരെ അദ്ദേഹത്തിന് സര്‍വീസില്‍ തുടരാമെന്നാണ് കോടതി ഉത്തരവ്.

ഇ.ഡി. പോലുള്ള ഏജന്‍സികള്‍ക്ക് പ്രത്യേക വൈദഗ്ധ്യം ആവശ്യമായതിനാലാണ് ഇ.ഡി.യെ നയിക്കുന്നവര്‍ക്ക് രണ്ടുമുതല്‍ അഞ്ചുവര്‍ഷംവരെ കാലാവധി ആവശ്യമാണെന്ന് കേന്ദ്രം പറഞ്ഞിരുന്നു. ഇതിന്ടെ തുടർന്നായിരുന്നു 2022 നവംബര്‍ 17-ന് മിശ്രയ്ക്ക് വീണ്ടും ഒരു വര്‍ഷംകൂടി നീട്ടി നൽകിയത്.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുതലപ്പൊഴിയിൽ സന്ദർശനത്തിനെത്തിയ മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ ഫാ.യൂജിൻ പെരേരക്കെതിരെ കേസെടുത്ത നടപടിയിലാണ് അദ്ദേഹം സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. തീരദേശ ജനങ്ങളോടുള്ള വെല്ലുവിളിയാണിതെന്നും മന്ത്രിമാരാണ് പ്രകോപനം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

മുതലപ്പൊഴി പ്രശ്‌നം പരിഹരിക്കുമെന്ന് നിയമസഭയിൽ സർക്കാർ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ ചെറുവിരൽ അനക്കിയിട്ടില്ല. തീര പ്രദേശക്കാരെ സർക്കാർ ശത്രുക്കളായി കാണുന്നു. യൂജിൻ പെരേരക്കെതിരായ കേസ് അടിയന്തരമായി പിൻവലിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

സർക്കാർ തള്ളിപ്പറയുന്നത് അതിജീവന സമരത്തെയാണ്. തീരദേശത്തുള്ളവർ വൈകാരികമായി പ്രതികരിക്കുന്നവരാണ്. ഇവരോട് മന്ത്രിമാർ പറയേണ്ടിയിരുന്നത് സാന്ത്വനത്തിന്റെ വാക്കായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലത്തീൻ അതിരൂപത വികാരി ജനറൽ യുജിൻ പെരേരക്കും മുതലപ്പൊഴി അപകടത്തിൽ റോഡ് ഉപരോധിച്ച മത്സ്യത്തൊഴിലാളികൾക്കും എതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മന്ത്രിമാരെ തടഞ്ഞതിനും കലാപ ആഹ്വാനം ചെയ്തതിനുമാണ് യൂജിൻ പെരേരക്കെതിരെ കേസെടുത്തത്. അഞ്ചുതെങ്ങ് പൊലീസ് സ്വമേധയയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ചിറയിൻകീഴ് മുതലപ്പൊഴിയിൽ യുജിൻ പെരേര മന്ത്രിമാരെ തടഞ്ഞതാണ് കേസിന് ആസ്പദമായ സംഭവം. റോഡ് ഉപരോധിച്ചതിന് മറ്റൊരു കേസും കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 50 ലധികം പേർക്കതിരെ റോഡ് ഉപരോധത്തിന് കേസെടുത്തിട്ടുണ്ട്.

വികാരി ജനറൽ ഫാദർ യൂജിൻ പെരേരെയാണ് മന്ത്രിമാരെ തടയാൻ ആൾക്കൂട്ടത്തോട് ആവശ്യപ്പെട്ടതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, ഷോ കാണിക്കരുതെന്ന് പറഞ്ഞ് തന്നോടും മത്സ്യത്തൊഴിലാളികളോടും കയർത്തത് മന്ത്രിമാരാണെന്ന് യൂജിൻ പെരേര ആരോപിച്ചു.

മലപ്പുറം ജില്ലയിലെ പ്ലസ് വൺ പ്രവേശന സീറ്റ് പ്രതിസന്ധിയിൽ പരിഹാരം കാണാൻ കഴിയാത്തവർ രാജി വെച്ച് വീട്ടിൽ പോകണമെന്ന് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കാൻ മലപ്പുറത്ത്‌ സംഘടിപ്പിച്ച പരിപാടിയിൽ എത്തിയപ്പോഴായിരുന്നു കട്ജുവിന്റെ വിമർശനം.

സ്പീക്കർ എഎൻ ഷംസീറും പരിപാടിയിൽ പങ്കെടുത്തിരുന്നു. വിദ്യാർത്ഥികളുടെ ജീവിതം വെച്ചാണ് സർക്കാർ കളിക്കുന്നതെന്നും, ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ പ്രചാരണത്തിന് ഇറങ്ങുമെന്നും കട്ജു സ്പീക്കറിന് മുന്നറിയിപ്പ് നൽകി. മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ അധിക സീറ്റ് അനുവദിക്കുമെന്നാണ് സർക്കാർ അറിയിച്ചത്.

തിരുവനന്തപുരം: പി വി അൻവറിനെ ഗുണ്ടയെന്ന് വിളിച്ച് മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ. നിരന്തരം കൊലവിളി നടത്തുന്ന പി.വി. അൻവറിനെ ക്രിമിനലായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുപ്രസിദ്ധനായ അൻവറിനെ അകത്താക്കാൻ സർക്കാരിന് മുന്നിൽ എന്താണ് തടസമെന്നും അദ്ദേഹം ചോദിക്കുന്നു.

പത്രപ്രവർത്തകർക്കെതിരായ എൽഡിഎഫ് സർക്കാരിന്റെ നയം ശരിയല്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. മാദ്ധ്യമ പ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് നടത്തിയ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേരളത്തിലെ പോലീസിനെ കുറിച്ച് താൻ തൽക്കാലം ഒന്നും പറയുന്നില്ല. കുപ്രസിദ്ധനായ അൻവറിനെ അകത്താക്കാൻ സർക്കാരിന് മുന്നിലെ തടസം എന്താണ്.അൻവറിനെ ഒരു ക്രിമിനലായി പ്രഖ്യാപിക്കാൻ എന്താണ് തടസമെന്നും അദ്ദേഹം ചോദിച്ചു. സത്യം വിളിച്ചുപറയുന്നവനെ കൊല്ലുക എന്നത് ഫാസിസ്റ്റ് സമീപനമാണ്. പല പത്രപ്രവർത്തകരെയും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എൽഡിഎഫ് സർക്കാരിന്റെ ന്യൂനതകൾ ചൂണ്ടിക്കാണിക്കാൻ അവകാശമുള്ളവരാണ് മാദ്ധ്യമ പ്രവർത്തകർ. ഇവിടെ പല അവകാശപോരാട്ടങ്ങളും നടത്തുന്നവർ അവസാനം തിരഞ്ഞെടുക്കുന്ന മേഖലയാണ് മാദ്ധ്യമ പ്രവർത്തനം. അല്ലാതെ മാദ്ധ്യമ പ്രവർത്തകർ എവിടെ നിന്നെങ്കിലും പൊട്ടി വീണവരല്ല. ഇപ്പോൾ ഉയരുന്ന ഭീഷണി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇവിടുത്തെ പത്രപ്രവർത്തകർക്ക് അറിയാമെന്നും സി ദിവാകരൻ കൂട്ടിച്ചേർത്തു.

ഗുസ്തി താരങ്ങളെ ലൈംഗികമായി അതിക്രമിച്ചെന്ന കേസിൽ റെസ്ലിങ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് വിചാരണ നേരിടണമെന്ന് ഡല്‍ഹി പൊലീസ്.

കേസില്‍ 108 സാക്ഷികളോട് അന്വേഷണ സംഘം സംസാരിച്ചതായും, ഒരു താരം തുടര്‍ച്ചയായി അതിക്രമം നേരിടേണ്ടി വന്നുവെന്ന ആരോപണങ്ങളും ഡൽഹി പോലീസിന്റെ ചാർജ് ഷീറ്റിൽ പറയുന്നു. ലൈംഗികാതിക്രമ ആരോപണവുമായി ബന്ധപ്പെട്ട് ബ്രിജ് ഭൂഷണിനോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇംഫാൽ: സിപിഐ നേതാവ് ആനിരാജക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്. മണിപ്പൂർ കലാപം സർക്കാർ സ്പോൺസേർഡ് എന്ന് വിശേഷിപ്പിച്ചതിനാണ് ആനി രാജ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇംഫാൽ പൊലീസിന്റേതാണ് നടപടി. നേരത്തെ ആനി രാജയും സംഘവും മണിപ്പൂരിൽ സന്ദർശനം നടത്തിയിരുന്നു. നിഷ സിദ്ധു, ദിക്ഷ ദ്വിവേദി തുടങ്ങിയവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൺസ് എന്ന സംഘടനയിലെ അംഗങ്ങളാണ് ഇവർ. മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് ഇവർ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ലിബൻസിംഗ് എന്നയാളാണ് ഇവർക്കെതിരെ പരാതി നൽകിയത്. അതേസമയം, കേസിനെതിരെ ദിക്ഷ ദ്വിവേദി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

ദിക്ഷയുടെ അറസ്റ്റ് ജൂലൈ 14 വരെ സുപ്രീം കോടതി തടഞ്ഞു. വിഷയത്തിൽ പ്രതികരണവുമായി ആനി രാജ രംഗത്തെത്തി. പ്രസ്താവനകളിൽ നിന്ന് പിന്നോട്ടില്ലെന്നും നേരിട്ട് കണ്ട വസ്തുതകളാണ് പറഞ്ഞതെന്നും ആനി രാജ വ്യക്തമാക്കി. രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും ആനി രാജ കൂട്ടിച്ചേർത്തു.

ഹൈദരാബാദ് : കേന്ദ്ര സർക്കാരിനെ വിമർശിച്ച് തെലങ്കാന മുഖ്യമന്ത്രി രംഗത്ത് വന്നു. ഏകീകൃത സിവിൽ കോഡ് വിഷയത്തിലാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ബി ജെ പി ക്കെതിരെ പ്രതികരിച്ചത് .പ്രഗതി ഭവനിലുള്ള ഓഫീസിൽ വച്ച് കഴിഞ്ഞ ദിവസം എ ഐ എം ഐ എം നേതാവ് അസദുദീൻ ഒവൈസിയും നേതാക്കളും ഓൾ ഇന്ത്യ മുസ്ലിം പേർസണൽ ലോ ബോർഡ് അംഗങ്ങളും മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. സിവിൽ കോഡിനെതിരെ നില കൊള്ളണമെന്ന് അദ്ദേഹത്തോട് മുസ്ലിം വ്യക്തി നിയമ ബോർഡ് അംഗങ്ങൾ ചർച്ചയിൽ പറഞ്ഞതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. സിവിൽ കോഡ് വിഷയവും അതിന്റെ ചർച്ചകളും ജനങ്ങളെ വലയ്ക്കുന്നതാണെന്നും ഇത്‍ ജനങ്ങളെ ഭിന്നിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗോത്ര വിഭാഗങ്ങളിൽ പെട്ടവർ,വിവിധ സംസ്‌കാരങ്ങൾ തുടരുന്നവർ, ഹിന്ദുക്കൾ ,ഇസ്‍ലാം മതവിശ്വാസികൾ എന്നിവരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പാർലമെന്റ് അംഗങ്ങളായ കെ കേശവറാവുവിനോടും നാമ നാഗേശ്വറിനും അദ്ദേഹം കേന്ദ്ര തീരുമാനത്തിനെതിരെ കർമ പദ്ധതികൾ നടപ്പാക്കാൻ നിർദ്ദേശം നൽകി.

ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിനെതിരെ സിപിഐ. കോഴിക്കോട് വെച്ച് സിപിഎം സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിലേക്ക് ലീഗിനെ ക്ഷണിക്കേണ്ട സാഹചര്യമെന്തെന്നാണ് സിപിഐയോട് സിപിഎം ചോദിച്ചിരിക്കുന്നത്.

നിയമ കമ്മീഷൻ റിപ്പോർട്ട് വരും മുൻപ് ഇത്ര ചർച്ച എന്തിനാണെന്നും സിപിഐ ചോദിക്കുന്നു. ഏക സിവിൽ കോഡിൽ സിപിഐ ഇതുവരേയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ ആഴ്ച്ച ചേരുന്ന ദേശീയ നേതൃ യോഗത്തിലാകും സിപിഐ തീരുമാനമെടുക്കുക.

ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസ്സഹകരണം പിൻവലിച്ച് ബിജെപി. നീണ്ട രണ്ടു വർഷത്തിന് ശേഷമാണു ബിജെപി ഇത്തരത്തിൽ ഏഷ്യാനെറ്റുമായുള്ള നിസ്സഹകരണം പിൻവലിച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കുവെച്ച വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കെ സുരേന്ദ്രന്റെ വാർത്താക്കുറിപ്പ്

രണ്ട് വർഷമായി തുടരുന്ന ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസഹകരണം അവസാനിപ്പിക്കാൻ ബി ജെ പി കേരളഘടകം തീരുമാനിച്ചു. സമകാലീന കേരളത്തിൽ ഇടതുപക്ഷ സർക്കാർ നടത്തുന്ന മാധ്യമവേട്ടയുടെ പശ്ചാത്തലത്തിൽ ഭരണകൂട ഭീകരതയ്ക്ക് ഇരയാവുന്ന മാധ്യമങ്ങൾക്കൊപ്പം നിൽക്കാൻ ബി ജെ പി ബാധ്യസ്ഥമാണ്. ഏഷ്യാനെറ്റ് ന്യൂസിനെതിരെയും അതിലെ മാധ്യമപ്രവർത്തകർക്കെതിരെയും സി പി എം സ്വീകരിക്കുന്ന ഫാസിസ്റ്റ് സമീപനം ജനാധിപത്യ കേരളത്തിന് അംഗീകരിച്ചു തരാൻ സാധിക്കില്ല. അടിയന്തരാവസ്ഥയ്ക്ക് സമാനമായ രീതിയിൽ സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യാനാണ് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നത്. ജനാധിപത്യത്തിന്‍റെ നാലാംതൂണായ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിന്‍റെ നീക്കങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധത്തിന് ബി ജെ പി നേതൃത്വം നൽകും.

വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വീണ്ടും ഗുജറാത്തിൽ നിന്നും രാജ്യസഭാ സ്ഥാനാർഥിയായി നാമനിർദേശപത്രിക സമർപ്പിച്ചു. നാലുവർഷം മുൻപാണ് എസ്. ജയശങ്കർ ഗുജറാത്തിൽ നിന്ന് ആദ്യമായി രാജ്യസഭയിലേക്ക് എത്തിയത്.

ബിജെപിയുടെ എട്ട് സീറ്റുകളിൽ എസ്. ജയശങ്കർ, ജുഗൽജി താക്കൂർ, ദിനേഷ് അവവാദിയ എന്നിവരുടെ കാലാവധി ഓഗസ്റ്റ് 18ന് അവസാനിക്കും. ഈ മൂന്നു സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. നിയമസഭയിൽ മതിയായ എംഎൽഎമാരില്ലാത്തതിനാൽ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തില്ലെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു.