മണിപ്പൂർ കലാപം സർക്കാർ സ്‌പോൺസേർഡ് എന്ന പരാമർശം: ആനിരാജക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്

ഇംഫാൽ: സിപിഐ നേതാവ് ആനിരാജക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്. മണിപ്പൂർ കലാപം സർക്കാർ സ്പോൺസേർഡ് എന്ന് വിശേഷിപ്പിച്ചതിനാണ് ആനി രാജ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇംഫാൽ പൊലീസിന്റേതാണ് നടപടി. നേരത്തെ ആനി രാജയും സംഘവും മണിപ്പൂരിൽ സന്ദർശനം നടത്തിയിരുന്നു. നിഷ സിദ്ധു, ദിക്ഷ ദ്വിവേദി തുടങ്ങിയവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൺസ് എന്ന സംഘടനയിലെ അംഗങ്ങളാണ് ഇവർ. മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് ഇവർ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ലിബൻസിംഗ് എന്നയാളാണ് ഇവർക്കെതിരെ പരാതി നൽകിയത്. അതേസമയം, കേസിനെതിരെ ദിക്ഷ ദ്വിവേദി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

ദിക്ഷയുടെ അറസ്റ്റ് ജൂലൈ 14 വരെ സുപ്രീം കോടതി തടഞ്ഞു. വിഷയത്തിൽ പ്രതികരണവുമായി ആനി രാജ രംഗത്തെത്തി. പ്രസ്താവനകളിൽ നിന്ന് പിന്നോട്ടില്ലെന്നും നേരിട്ട് കണ്ട വസ്തുതകളാണ് പറഞ്ഞതെന്നും ആനി രാജ വ്യക്തമാക്കി. രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും ആനി രാജ കൂട്ടിച്ചേർത്തു.