Politics (Page 131)

ബെംഗളൂരു : തങ്ങൾക്ക് ക്ഷണം ലഭിച്ചാൽ എൻ ഡി എ യോഗത്തിൽ പങ്കെടുക്കുമെന്ന് ജെ ഡി എസ്. ബി ജെ പിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ സഖ്യമുണ്ടാക്കാനായി 24 പ്രതിപക്ഷ പാർട്ടികളുടെ യോഗം ബംഗളുരുവിൽ നടക്കാനിരിക്കെയാണ് ഇത്തരമൊരു പരാമർശവുമായി ജെ ഡി എസ് രംഗത്ത് വന്നത്. നാളെ നടക്കുന്ന എൻ ഡി എ യോഗത്തിൽ ഇവർ പങ്കെടുക്കുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ. പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ പങ്കെടുക്കുമോ എന്നൊരു ചോദ്യമുയരുന്നില്ലെന്നും എന്നാൽ എൻ ഡി എ യോഗത്തിൽ ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്ന് ക്ഷണം കിട്ടിയാൽ തങ്ങളുടെ നിലപാട് അറിയിക്കാമെന്നും പാർട്ടി അധ്യക്ഷൻ ദേവഗൗഡ പറഞ്ഞു.

പാർട്ടി നേതൃത്വം ജെ ഡി എസ്സിനെ യോഗത്തിൽ ക്ഷണിച്ചെന്നാണ് കർണാടക ബി ജെ പി ജനറൽ സെക്രട്ടറി എൻ രവികുമാർ പറയുന്നത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ ജെ ഡി എസ് – ബി ജെ പി സഖ്യം ഉണ്ടാക്കാനായി മുതിർന്ന നേതാക്കൾ ചർച്ച തുടങ്ങിയെന്നതാണ് മറ്റൊരു സത്യം. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 28 സീറ്റിൽ 25 സീറ്റും ബി ജെ പി നേടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയാണ് ജെ ഡി എസിനെ ബി ജെ പിയുമായി അടുപ്പിക്കുന്നത്.

കോഴിക്കോട് : ഏക സിവിൽ കോഡ് നടപ്പാക്കുന്നതിലൂടെ ബി ജെ പി ലക്ഷ്യമിടുന്നത് വർഗീയ ധ്രുവീകരണമാണെന്ന് സി പിഎം ജനറൽ സെക്രട്ടറി സീത റാം യെച്ചൂരി. ഗവൺമെന്റ്ല്ല മാറ്റങ്ങൾ കൊണ്ട് വരേണ്ടതെന്നും അതാത് വിഭാഗങ്ങൾ തന്നെയാണ് സമത്വത്തിനായുള്ള മാറ്റങ്ങൾ കൊണ്ട് വരേണ്ടതെന്നും അദ്ദേഹം കൂട്ടി ചേർത്തു. യു സി സി യുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ നിലപാടെന്താണെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെ ചോദ്യം ഉന്നയിച്ചു. യെച്ചൂരി ഉദ്ഘാടനം ചെയ്ത സെമിനാറിൽ നിന്ന് കോൺഗ്രസിനെ മാറ്റി നിർത്തിയ സി പി എം നിലപാട് രാഷ്ട്രീയ അജണ്ട നിലനിർത്തുന്നതായിരുന്നു.

കോൺഗ്രസിന് വ്യക്തമായ അഭിപ്രായമില്ലെന്ന് പറഞ്ഞു സെമിനാറിന് വിളിക്കാതിരുന്ന സി പി എമ്മിനോട് നിങ്ങളുടെ ഏക സിവിൽ കോഡ് അഭിപ്രായം എന്താണെന്ന മറുചോദ്യമാണ് കോൺഗ്രസ് ചോദിച്ചത്. ഇ എം എസ്സിന്റെ ശരീ അത്ത് നിലപാടുകളും കോൺഗ്രസ് ഇതുമായി ബന്ധപ്പെട്ട് സംസാരിക്കവെ നിരത്തി. സി പി എം കോൺഗ്രസിന്റെ ഘടക കക്ഷിയായ മുസ്ലിം ലീഗിനെ സെമിനാറിന് ക്ഷണിച്ചെങ്കിലും അവർ സെമിനാറിൽ പങ്കെടുത്തിരുന്നില്ല. ഇത് സിപിഎമ്മിനേറ്റ ആഴത്തിലുള്ള പ്രഹരമായിരുന്നു.

ന്യൂഡൽഹി: പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സമ്മേളത്തിൽ പങ്കെടുക്കുമെന്ന് ആം ആദ്മി പാർട്ടി. ബംഗളൂരുവിൽ തിങ്കളാഴ്ചയാണ് പ്രതിപക്ഷ സമ്മേളനം ആരംഭിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരായുള്ള തന്ത്രം മെനയുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ സമ്മേളനം നടക്കുന്നത്. രണ്ടു ദിവസമാണ് സമ്മേളനം ചേരുക.

ഡൽഹിയിലെ ഭരണത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ വർധിപ്പിക്കുന്ന ഓർഡിനൻസിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗത്തിൽ പങ്കുചേരാൻ ആംആദ്മി പാർട്ടി തീരുമാനിച്ചത്.

തിങ്കളാഴ്ച നടക്കുന്ന യോഗത്തിൽ ഓർഡിനൻസിനെതിരെ കൂടുതൽ കക്ഷികളുടെ പിന്തുണ ലഭിക്കുമെന്നാണ് ആംആദ്മി പ്രതീക്ഷിക്കുന്നത്. അതേസമയം, ഞായറാഴ്ച ചേർന്ന യോഗത്തിൽ പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി ഓർഡിനൻസ് വിശദമായി ചർച്ച ചെയ്തുവെന്ന് ആം ആദ്മി എംപി രാഘവ് ഛദ്ധ അറിയിച്ചു. തൃണമൂൽ കോൺഗ്രസ്, ആർജെഡി, ജെഡിയു, എൻസിപി, സമാജ്‌വാദി പാർട്ടി, ഉദ്ധവ് താക്കറെയുടെ ശിവസേന എന്നീ പാർട്ടികൾ ദേശവിരുദ്ധമായ ഈ ഓർഡിനൻസിനെതിരെ രംഗത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാറിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. സിപിഎം സെമിനാർ ചീറ്റിപ്പോയ വാണമെന്ന് അദ്ദേഹം പരിഹസിച്ചു.

മത-സാമുദായിക നേതാക്കൾക്ക് പകരം പ്രതിനിധികളാണ് സെമിനാറിൽ പങ്കെടുത്തത്. മുസ്ലിം വനിതാ പ്രാതിനിധ്യം പോലും ഉറപ്പാക്കാൻ അവർക്ക് കഴിഞ്ഞില്ല. സെമിനാറിൽ പങ്കെടുക്കാൻ ആളെ വാഹനത്തിൽ കൊണ്ടുവരേണ്ടിവന്നു. എല്ലാവരെയും വിളിച്ച സമ്മേളനത്തിലേക്ക് എങ്ങനെയാണ് കൊടിയുംവച്ച് വരികയെന്നും മുരളീധരൻ ചോദിച്ചു.

തിരുവനന്തപുരം: പൊതുസിവിൽ നിയമത്തിന്റെ പേരിൽ സിപിഎം കോഴിക്കോട് നടത്തിയത് ഏകപക്ഷീയമായ സെമിനാറാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാർട്ടി സമ്മേളനം പോലെ മാറിയ സെമിനാർ ചീറ്റിപ്പോയെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

സംവാദം നടത്തുമെന്ന പറഞ്ഞ സിപിഎം മുസ്ലിം സ്ത്രീകൾക്ക് സംസാരിക്കാൻ അവസരം കൊടുത്തില്ല. പൊതുസിവിൽക്കോഡിനെ അനുകൂലിക്കുന്നവരെ വിളിക്കാതെ വോട്ട്ബാങ്കിന് വേണ്ടിയുള്ള വൃഥാശ്രമമാണ് സിപിഎം നടത്തിയത്. ഗ്രഹണി പിടിച്ച കുഞ്ഞുങ്ങൾ ഭക്ഷണത്തിന് ആർത്തി കാണിക്കും പോലെയാണ് സിപിഎം നാല് വോട്ടിന് വേണ്ടിന് പരക്കംപായുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്ത്രീ സമത്വവും തുല്യതയും പറഞ്ഞിരുന്ന സിപിഎം അത് ഉപേക്ഷിച്ചു. വോട്ടിന് വേണ്ടി നിലപാടിൽ വെള്ളം ചേർത്ത സിപിഎമ്മിന് മുസ്ലിം വോട്ടും കിട്ടില്ല കയ്യിലുള്ള ഹിന്ദു വോട്ടും കിട്ടില്ല. കാപട്യത്തിന്റെ അപ്പോസ്തലനായി യെച്ചൂരി മാറി. മുതലപ്പുഴയിലെ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കണമെന്നാണ് ബിജെപിയുടെ നിലപാട്. കേന്ദ്രമന്ത്രി വി മുരളീധരന്റെ ശക്തമായ ഇടപെടൽ കാരണമാണ് കേന്ദ്ര പ്രതിനിധി സംഘം മുതലപ്പുഴയിലെത്തുന്നത്. സിൽവർ ലൈനിന്റെ കാര്യത്തിൽ മലക്കം മറഞ്ഞത് സംസ്ഥാന സർക്കാരാണ്. 50 കോടി ചിലവഴിച്ച് ഡിപിആർ ഉണ്ടാക്കിയതിന് സിപിഎമ്മും സർക്കാരും ജനങ്ങളോട് മാപ്പ് പറയണം. കേരളത്തിൽ വേഗതയേറിയ ട്രെയിൻ വേണമെന്നതാണ് ബിജെപി നിലപാട്. ഇ ശ്രീധരന്റെ ബദൽ നിർദ്ദേശം പാർട്ടി വിശദമായി ചർച്ച ചെയ്യുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കോഴിക്കോട് സംഘടിപ്പിച്ച സിപിഎം സെമിനാറിൽ താൻ പങ്കെടുക്കാത്തത് സംബന്ധിച്ച് ഉയർന്ന വിവാദങ്ങൾ സെമിനാറിനെ കളങ്കപ്പെടുത്താനുള്ള പ്രചാരണമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ സ്നേഹവീട് പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ജൂലായ് 15, 24 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ഡി.വൈ.എഫ്.ഐ പരിപാടിയിൽ പങ്കെടുക്കുമെന്ന് താൻ ഒരുമാസം മുമ്പ് തന്നെ ഏറ്റിരുന്നതാണ്. കഴിഞ്ഞ ദിവസം വരെ താൻ 14 ദിവസത്തെ ആയുർവേദ ചികിത്സയിലായിരുന്നു. സാധാരണ ഗതിയിൽ ഇന്ന് യാത്ര ചെയ്യാൻ പാടില്ലാത്തതാണ്. എന്നാൽ സഖാക്കൾ ഏൽപ്പിച്ച പരിപാടിയിൽ പങ്കെടുക്കാതിരുന്നാലുള്ള വിഷമം ഓർത്താണ് രാവിലെ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയത്. ഇതാണ് ചിലർ വ്യാഖ്യാനം ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

പരാതി ഉണ്ടായിട്ടല്ല ഞാൻ ഇതൊന്നും പറയുന്നത്. വാർത്ത എഴുതുന്നവരാണ് സെമിനാറിൽ താൻ പങ്കെടുക്കുമെന്ന് തീരുമാനിച്ചത്. എന്നിട്ട് പങ്കെടുക്കുന്നില്ലെന്നും അവർ തന്നെ പറഞ്ഞു. എത്രയോ ദിവസം മുമ്പ് ആ പരിപാടിയുടെ അജണ്ട സംഘാടകർ പ്രഖ്യാപിച്ചതാണ്. താൻ പങ്കെടുക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിച്ചിരുന്നോയെന്നും എന്തിനാണ് ശകുനം മുടക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

കോഴിക്കോട്: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാർ പൊളിക്കാൻ കോൺഗ്രസ് ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും ബിജെപി ഏജന്റുമാരാണെന്നും അദ്ദേഹം വിമർശിച്ചു.

സെമിനാറിൽ വിവിധ നേതാക്കളെ പങ്കെടുപ്പിക്കാതിരിക്കാനും കോൺഗ്രസ് നേതാക്കൾ ശ്രമിച്ചു. ബി ജെ പി ക്ക് സംസ്ഥാനത്തു കളമൊരുക്കാനാണ് ഈ നേതാക്കളുടെ ശ്രമം. ഇത് മതേതരത്വത്തിൽ വിശ്വസിക്കുന്ന യുഡിഫ് അനുഭാവികൾ തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്ലിം സ്ത്രീകളെ സെമിനാറിൽ സംസാരിപ്പിച്ചില്ലെന്ന ഖദീജ മുംതാസിൻറെ പരാമർശം സെമിനാറിന്റെ ശോഭ കെടുത്താൻ ഉദ്ദേശിച്ചാണ്. ആർഎസ്എസ് അനുകൂല നിലപാട് സ്വീകരിച്ചവരാണ് ഇത്തരം ആരോപണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊല്ലം: റാങ്ക് ലിസ്റ്റും അഡ്വൈസ് മെമോയും നിയമന ഉത്തരവും അടക്കം വ്യാജമായുണ്ടാക്കി സർക്കാർ ജോലിക്ക് ശ്രമിച്ച യുവതി പിടിയിൽ. കരുനാഗപ്പള്ളിയിലാണ് സംഭവം. കൊല്ലം വാളത്തുങ്കൽ സ്വദേശിനി രാഖിയാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലാണ് യുവതി വ്യാജരേഖയുമായി ജോലിക്ക് ശ്രമിച്ചത്. റവന്യൂ വകുപ്പിൽ എൽ ഡി ക്ലാർക്കായി നിയമനം ലഭിച്ചെന്ന വ്യാജ ഉത്തരവുമായാണ് രാഖി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ എത്തിയത്. അഡൈ്വസ് മെമോയും നിയമന ഉത്തരവും ഉൾപ്പെടെ ഇവർ ഹാജരാക്കിയിരുന്നു. ഇതിൽ സംശയം തോന്നിയ ഉദ്യോഗസ്ഥരാണ് വിവരം പോലീസിൽ അറിയിച്ചത്.

ജില്ലാ കളക്ടറാണ് റവന്യൂവകുപ്പിൽ ജോലി നേടുന്നവരുടെ നിയമന ഉത്തരവിൽ ഒപ്പിടുന്നത്. എന്നാൽ രാഖിയുടെ ഉത്തരവിലുണ്ടായിരുന്നത് റവന്യൂ ഓഫീസർ എന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥന്റെ ഒപ്പാണ്. അങ്ങനൊരു തസ്തികയേ ഇല്ലാത്തതിനാൽ കരുനാഗപ്പള്ളി തഹസീൽദാർ ജില്ലാ പി.എസ്.സി ഓഫീസിനെ സമീപിക്കാൻ നിർദേശിച്ചു. കരുനാഗപ്പള്ളി പൊലീസിനും കളക്ടർക്കും പരാതി നൽകുകയും ചെയ്തു.

പിന്നീട് യുവതി പിഎസ്‌സി ഓഫീസിലും വ്യാജ രേഖകളുമായി ചെന്നു. എൽഡി ക്ലാർക്ക് പരീക്ഷയിൽ 22-ാം റാങ്ക് ലഭിച്ചെന്ന റാങ്ക് ലിസ്റ്റും കാണിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ റാങ്ക് ലിസ്റ്റിൽ രാഖിയില്ലെന്ന് മനസിലാക്കിയ പിഎസ്‌സി ഉദ്യോഗസ്ഥർ രാഖിയേയും ഒപ്പമുണ്ടായിരുന്ന ഭർത്താവിനേയും തടഞ്ഞുവച്ച് പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് ഭർത്താവ് മാധ്യമങ്ങളെ വിളിച്ചുവരുത്തി ഉദ്യോഗാർത്ഥിയെ പിഎസ്‌സി ഉദ്യോഗസ്ഥർ തടഞ്ഞു വച്ചുവെന്ന് വിളിച്ചറിയിച്ചു. കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് ഒൻപത് മാസങ്ങൾക്ക് മുമ്പ് അഡൈ്വസ് മെമോയും ഈ മാസം മൂന്ന് എന്ന തീയതിയിൽ നിയമന ഉത്തരവും വ്യാജമായി തയ്യാറാക്കി രാഖി സ്വന്തം വിലാസത്തിലേക്ക് അയച്ചുവെന്ന വിവരം പുറത്തുവന്നത്.

എല്ലാ രേഖകളും വ്യാജമായി നിർമിച്ചതാണെന്ന് രാഖി പോലീസിനോട് സമ്മതിച്ചു. അതേസമയം, പോലീസ് കസ്റ്റഡിയിലെടുത്ത രാഖിയുടെ മറ്റ് ബന്ധുക്കൾക്ക് വ്യാജരേഖ ചമച്ചതിൽ പങ്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംഭവത്തിൽ വിശദമായി അന്വേഷണം പുരോഗമിക്കുകയാണ്.

തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി സർക്കാർ ആദ്യ ഘട്ടം ചിലവാക്കിയ 50 കോടിക്ക് സമാധാനം പറഞ്ഞിട്ട് പുതിയ പദ്ധതിയിലേക്ക് ചാടിയാൽ മതിയെന്ന് സുധാകരൻ. മഞ്ഞ കുറ്റിക്ക് ചിലവായ പൈസ,ഉപയോഗിക്കാതെ കിടക്കുന്ന ഏക്കർ കണക്കിന് സ്ഥലം ആയിരക്കണക്കിന് കേസുകൾ തുടങ്ങിയവയെ സംബന്ധിച്ചു മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയണമെന്ന് സുധാകരൻ കൂട്ടി ചേർത്തു.സിൽവർ ലൈൻ പദ്ധതി തയ്യാറാക്കിയ കമ്പനിക്ക് 22 കോടി,ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് 13 കോടി പ്രതിവർഷ ശമ്പളം ഉൾപ്പെടെ ഓഫീസ് പ്രവർത്തിക്കാൻ 20 കോടി, മഞ്ഞ കുറ്റി സ്ഥാപിക്കാൻ 1.48 കോടി രൂപ, പ്രചാരണം,കൈപ്പുസ്തകം എന്നിങ്ങനെ 50 കോടിയാണ് ഇത് വരെയുള്ള ചിലവ്.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ഈ ചിലവ് അധികമാണെന്നും അദ്ദേഹം വിമർശിച്ചു. ഇതിന്റെ പേരിലുള്ള കേസിൽ കോടതി കയറിയിറങ്ങുന്ന ആളുകളുടെ അവസ്ഥ മുഖ്യമന്ത്രി ഓർക്കാത്തതെന്തെന്നും സുധാകരൻ പറഞ്ഞു. പദ്ധതി മരവിച്ചെങ്കിലും ഇതിൽ കുത്തിനിറച്ച സി പി എം നേതാക്കളുടെ ബന്ധുക്കൾ സർക്കാർ ചിലവിൽ തുടരുന്നതായും തങ്ങളുടെ എതിർപ്പ് കൊണ്ടാണ് ഇത് നടപ്പാക്കാദി പോയതെന്നും അദ്ദേഹം വ്യക്തമാക്കി . സിൽവർ ലൈൻ എതിർത്ത് നിന്ന ബി ജെ പി പുതിയ പദ്ധതി പിന്താങ്ങുന്നതിൽ ദുരൂഹത ഉണ്ടെന്നും കെ പി സി സി ജനറൽ സെക്രട്ടറി പറഞ്ഞു

യുക്രൈനിന്റെ നാറ്റോയിലേക്കുള്ള പ്രവേശനനടപടികൾ അനിശ്ചിതത്വത്തിലായി. റഷ്യൻ അധിനിവേശം നടന്ന ഏതാണ്ട് ഒരു വർഷത്തിൽ കൂടുതൽ ആകുമ്പോൾ വലിയ പ്രതീക്ഷയുമായാണ് ലിത്‌വാനയിൽ ചേർന്ന നാറ്റോ ഉച്ചകോടിയിൽ സെലെൻസ്കി എത്തിയത്. എന്നാൽ സഹായ വാഗ്ദാനങ്ങൾ മാത്രാമാണ് ഇപ്പോൾ നാറ്റോ രാജ്യത്തിന് നൽകുന്നത്. അത് കൊണ്ട് തന്നെ അമേരിക്ക നൽകുന്ന ക്ലസ്റ്റർ ബോംബുകളാണ് ഇനി യുക്രൈന് ആശ്വാസമായുള്ളത്. നാറ്റോ അംഗരാജ്യങ്ങൾ അംഗീകാരം നൽകി നടപടിക്രമങ്ങളിലൂടെ മാത്രമേ യുക്രൈനിനെ നാറ്റോയിൽ പ്രവേശിപ്പിക്കാൻ കഴിയുകയുള്ളു എന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഇതോടെ യുക്രൈനിന്റെ നാറ്റോ പ്രവേശനം വഴി മുട്ടിയ നിലയിലാണ്. സത്യത്തിൽ യുക്രൈനിന്റെ നാറ്റോ പ്രവേശനം തന്നെയാണ് ആദ്യം മുതൽ റഷ്യയെ ചൊടിപ്പിച്ചത്. അത് തന്നെയാണ് ഇന്ന് 500 ദിവസം നീണ്ട നിൽക്കുന്ന യുദ്ധം ഉണ്ടാക്കിയത്.

എന്നാൽ ഇപ്പോൾ എല്ലാം തകിടം മറിഞ്ഞിരിക്കുകയാണ് യുദ്ധം അവസാനിച്ചതുമില്ല യുക്രൈനിന് നാറ്റോ അംഗത്വം കിട്ടിയതുമില്ല. സ്വീഡനെ സ്ഥിര അംഗമാക്കാൻ തീരുമാനിച്ചെങ്കിലും യുക്രൈനിനെ നാറ്റോ പരിഗണിക്കാത്തത് ജനങ്ങളിൽ നിരാശ ഉണ്ടാക്കിയിരിക്കുകയാണ്. നാറ്റോക്ക് വേണ്ടിയാണ് ഞങ്ങൾ ഇത്രയും അനുഭവിക്കേണ്ടി വന്നതെന്നാണ് സെലിൻസ്കിയും ജനങ്ങളും പറയുന്നത്. നാറ്റോ അംഗത്വം പ്രതീക്ഷിച്ച യുക്രൈനിന് നാറ്റോയുടെ നടപടിയിൽ നല്ല വണ്ണം അമർഷമുണ്ട്. എന്നാൽ ഉക്രൈനിന് അംഗത്വം നൽകിയാൽ റഷ്യ എല്ലാ നാറ്റോ അംഗത്വമുള്ള രാജ്യങ്ങളോടും യുദ്ധം നടത്തുമെന്ന ഭയമാണുള്ളതെന്ന് നാറ്റോ ചീഫ് സ്റ്റോട്ടെൻബെർഗ് പ്രതികരിച്ചു . പല നാറ്റോ രാജ്യങ്ങൾ അംഗത്വം നല്കിയില്ലെങ്കിലും സഹായവുമായി വന്നത് ആശ്വാസമാണ്. എന്നാൽ ഈ സഹായം എപ്പോൾ വരെ തുടരുമെന്നും യുദ്ധം എപ്പോൾ തീരുമെന്ന ആശങ്കയിലുമാണ് യുക്രൈൻ.