ഏകീകൃത സിവിൽ കോഡ് ഇന്ത്യയെ ഭിന്നിപ്പിക്കാനുള്ളത് ; കെ ചന്ദ്രശേഖർ റാവു

ഹൈദരാബാദ് : കേന്ദ്ര സർക്കാരിനെ വിമർശിച്ച് തെലങ്കാന മുഖ്യമന്ത്രി രംഗത്ത് വന്നു. ഏകീകൃത സിവിൽ കോഡ് വിഷയത്തിലാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ബി ജെ പി ക്കെതിരെ പ്രതികരിച്ചത് .പ്രഗതി ഭവനിലുള്ള ഓഫീസിൽ വച്ച് കഴിഞ്ഞ ദിവസം എ ഐ എം ഐ എം നേതാവ് അസദുദീൻ ഒവൈസിയും നേതാക്കളും ഓൾ ഇന്ത്യ മുസ്ലിം പേർസണൽ ലോ ബോർഡ് അംഗങ്ങളും മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. സിവിൽ കോഡിനെതിരെ നില കൊള്ളണമെന്ന് അദ്ദേഹത്തോട് മുസ്ലിം വ്യക്തി നിയമ ബോർഡ് അംഗങ്ങൾ ചർച്ചയിൽ പറഞ്ഞതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. സിവിൽ കോഡ് വിഷയവും അതിന്റെ ചർച്ചകളും ജനങ്ങളെ വലയ്ക്കുന്നതാണെന്നും ഇത്‍ ജനങ്ങളെ ഭിന്നിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗോത്ര വിഭാഗങ്ങളിൽ പെട്ടവർ,വിവിധ സംസ്‌കാരങ്ങൾ തുടരുന്നവർ, ഹിന്ദുക്കൾ ,ഇസ്‍ലാം മതവിശ്വാസികൾ എന്നിവരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പാർലമെന്റ് അംഗങ്ങളായ കെ കേശവറാവുവിനോടും നാമ നാഗേശ്വറിനും അദ്ദേഹം കേന്ദ്ര തീരുമാനത്തിനെതിരെ കർമ പദ്ധതികൾ നടപ്പാക്കാൻ നിർദ്ദേശം നൽകി.