തീരദേശ ജനങ്ങളോടുള്ള വെല്ലുവിളി: മന്ത്രിമാരാണ് പ്രകോപനം ഉണ്ടാക്കിയതെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുതലപ്പൊഴിയിൽ സന്ദർശനത്തിനെത്തിയ മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ ഫാ.യൂജിൻ പെരേരക്കെതിരെ കേസെടുത്ത നടപടിയിലാണ് അദ്ദേഹം സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. തീരദേശ ജനങ്ങളോടുള്ള വെല്ലുവിളിയാണിതെന്നും മന്ത്രിമാരാണ് പ്രകോപനം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

മുതലപ്പൊഴി പ്രശ്‌നം പരിഹരിക്കുമെന്ന് നിയമസഭയിൽ സർക്കാർ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ ചെറുവിരൽ അനക്കിയിട്ടില്ല. തീര പ്രദേശക്കാരെ സർക്കാർ ശത്രുക്കളായി കാണുന്നു. യൂജിൻ പെരേരക്കെതിരായ കേസ് അടിയന്തരമായി പിൻവലിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

സർക്കാർ തള്ളിപ്പറയുന്നത് അതിജീവന സമരത്തെയാണ്. തീരദേശത്തുള്ളവർ വൈകാരികമായി പ്രതികരിക്കുന്നവരാണ്. ഇവരോട് മന്ത്രിമാർ പറയേണ്ടിയിരുന്നത് സാന്ത്വനത്തിന്റെ വാക്കായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലത്തീൻ അതിരൂപത വികാരി ജനറൽ യുജിൻ പെരേരക്കും മുതലപ്പൊഴി അപകടത്തിൽ റോഡ് ഉപരോധിച്ച മത്സ്യത്തൊഴിലാളികൾക്കും എതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മന്ത്രിമാരെ തടഞ്ഞതിനും കലാപ ആഹ്വാനം ചെയ്തതിനുമാണ് യൂജിൻ പെരേരക്കെതിരെ കേസെടുത്തത്. അഞ്ചുതെങ്ങ് പൊലീസ് സ്വമേധയയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ചിറയിൻകീഴ് മുതലപ്പൊഴിയിൽ യുജിൻ പെരേര മന്ത്രിമാരെ തടഞ്ഞതാണ് കേസിന് ആസ്പദമായ സംഭവം. റോഡ് ഉപരോധിച്ചതിന് മറ്റൊരു കേസും കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 50 ലധികം പേർക്കതിരെ റോഡ് ഉപരോധത്തിന് കേസെടുത്തിട്ടുണ്ട്.

വികാരി ജനറൽ ഫാദർ യൂജിൻ പെരേരെയാണ് മന്ത്രിമാരെ തടയാൻ ആൾക്കൂട്ടത്തോട് ആവശ്യപ്പെട്ടതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, ഷോ കാണിക്കരുതെന്ന് പറഞ്ഞ് തന്നോടും മത്സ്യത്തൊഴിലാളികളോടും കയർത്തത് മന്ത്രിമാരാണെന്ന് യൂജിൻ പെരേര ആരോപിച്ചു.