National (Page 503)

തിരുവനന്തപുരം: ഗുജറാത്തിലെ പദ്ധതികളുടെ നടത്തിപ്പ് പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഉച്ചയോടെ അഹമ്മദാബാദിലേക്ക് തിരിക്കും. ചീഫ് സെക്രട്ടറി വി.പി. ജോയിയും സംഘവും നാളെ ഗുജറാത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ഇ-ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാനാണ് യാത്ര.

2013-ല്‍ യുഡിഎഫ് ഭരണകാലത്ത് തൊഴില്‍ മന്ത്രിയായിരുന്ന ഷിബു ബേബി ജോണ്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതും വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്തതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അകേസമയം, ഗുജറാത്തില്‍നിന്ന് കേരളത്തിന് ഒന്നും മാതൃകയാക്കേണ്ടതില്ല എന്നായിരുന്നു പ്രതിപക്ഷത്തായിരുന്ന എല്‍ഡിഎഫ് അന്ന് പറഞ്ഞിരുന്നത്.

ന്യൂഡൽഹി: റഷ്യൻ വൻകിട കമ്പനികൾ ഇന്ത്യയിലേക്ക്. യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതോടെ റഷ്യൻ കമ്പനികൾ ഇന്ത്യയിലേക്ക് എത്തുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഓസോൺ, യാന്റക്‌സ് മാർകറ്റ്, ദന്തോൽപ്പന വിതരണക്കാരായ സിംകോഡെന്റ്, റീടെയ്ൽ കമ്പനി എക്‌സ്5 റീടെയ്ൽ ഗ്രൂപ്പ്, യൂണികോൺഫ്, ഫാംസ്റ്റാന്റേർഡ് തുടങ്ങി നിരവധി കമ്പനികൾ ഇന്ത്യയിലേക്കെത്താൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

യുക്രൈൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ ഈ റഷ്യൻ കമ്പനികളുടെ അമേരിക്കയിലെയും യൂറോപ്പിലെയും ബിസിനസ് പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയാണ്. ഇതോടെയാണ് ഇന്തയിലേക്ക് ബിസിനസ് എത്തിക്കാൻ റഷ്യൻ കമ്പനികൾ തീരുമാനിച്ചത്.

അതേസമയം, ഇന്ത്യയിലേക്ക് വരുമ്പോൾ ഇവർക്കുണ്ടാകുന്ന വലിയ പ്രശ്‌നം വില തന്നെയാണ്. യൂറോയിലും ഡോളറിലും വിറ്റിരുന്ന ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ എത്ര രൂപയ്ക്ക് വിൽക്കാൻ പറ്റുമെന്നതാണ് പ്രതിസന്ധി. അതേസമയം ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്കും ഈ മാറ്റം വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചെന്നൈ: സംഗീതം നല്‍കിയതിന് ലഭിച്ച പ്രതിഫലത്തിന് നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ച് സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്.

2013-2015 വര്‍ഷങ്ങളില്‍ സിനിമകളില്‍ സംഗീതമൊരുക്കിയതിന്റെ പേരില്‍ നിര്‍മാതാക്കളില്‍ നിന്നു കൈപ്പറ്റിയ പ്രതിഫലത്തിന്റെ നികുതിയായ 1.87 കോടി രൂപയാണ് ഇളയരാജ സേവന നികുതിയായി അടക്കാനുള്ളത്. മൂന്നുതവണ നോട്ടീസ് നല്‍കിയിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് ഇത്തവണ ജിഎസ്ടി ചെന്നൈ സോണ്‍ ഇളയരാജയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്.

ലക്‌നൗ: സംസ്ഥാനത്തുടനീളമുള്ള ആരാധനാലയങ്ങളിലെ നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള എല്ലാ ഉച്ചഭാഷിണികളും നീക്കം ചെയ്യാൻ ഉത്തർപ്രദേശ് സർക്കാർ. ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനൊപ്പം അനുവദിച്ചിട്ടുള്ള ശബ്ദപരിധി ലംഘിക്കുന്ന ഉച്ചഭാഷിണികളും നീക്കം ചെയ്യാനാണ് തീരുമാനം.

ഇത്തരത്തിലുള്ള എല്ലാ ഉച്ചഭാഷിണികൾ സ്ഥാപിച്ചിരിക്കുന്ന ആരാധനാലയങ്ങളുടെയും കണക്ക് ഈ മാസം 30 നകം തന്നെ ആഭ്യന്തര വകുപ്പിനെ അറിയിക്കണമെന്നാണ് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഓരോ ജില്ലകളിലെയും ഡിവിഷണൽ കമ്മീഷണർമാരാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടതെന്നാണ് നിർദ്ദേശം.

മതനേതാക്കളുമായി ചർച്ച നടത്തിയ ശേഷമാകും ഉച്ചഭാഷിണികൾ നീക്കം ചെയ്യുന്നത്. സർക്കാർ അനുവാദത്തോടെ മാത്രമേ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടുള്ളുവെന്നാണ് ഉത്തരവ്. ഈ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. ഉച്ചഭാഷിണികൾക്കായി പുതിയ പെർമിറ്റ് അനുവദിക്കില്ലെന്നും യോഗി ആദിത്യനാഥ് നേരത്തെ അറിയിച്ചിരുന്നു.

സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ സെമിയില്‍ ഗ്രൂപ്പ് എ ചാമ്പ്യന്മാരായ കേരളം രണ്ടാം സ്ഥാനക്കാരായ കര്‍ണാടകയെ നേരിടും. ഗുജറാത്തിനെതിരായ നിര്‍ണായക മത്സരത്തില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് ജയിച്ചാണ് കര്‍ണാടക സെമിയിലെത്തിയത്. 28ന് രാത്രി 8 മണിക്കാണ് കേരളം കര്‍ണാടക പോരാട്ടം.

ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെയാണ് കേരളം സെമിക്ക് യോഗ്യത നേടിയത്. മൂന്ന് ജയവും ഒരു സമനിലയുമാണ് ടീമിന്റെ സമ്ബാദ്യം. രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി ഏഴ് പോയിന്റ് സ്വന്തമാക്കിയ കര്‍ണാടക ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലാണ് സെമിക്ക് യോഗ്യത നേടിയത്.

ഏപ്രില്‍ 29 ന് രാത്രി 8.00 മണിക്ക് പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ മണിപ്പൂരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റ് ബംഗാളും തമ്മില്‍ ഏറ്റുമുട്ടും.

കൊച്ചി: രാജ്യത്ത് 143 ഉല്‍പന്നങ്ങളുടെ നികുതി കൂട്ടാന്‍ ജി എസ്.ടി കൗണ്‍സില്‍ ഒരുങ്ങുന്നു. വരുമാനം വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള സ്ലാബ് പരിഷ്‌കരണത്തിന്റെ ഭാഗമായാണിത്. ഇതിനായി സംസ്ഥാനങ്ങളുടെ നിലപാട് കൗണ്‍സില്‍ തേടിയിട്ടുണ്ട്.

നിത്യോപയോഗ സാധനങ്ങളായ പപ്പടം, ശര്‍ക്കര, പവര്‍ബാങ്ക്, വാച്ച്, കളര്‍ടിവി, വീട് നിര്‍മ്മാണവസ്തുക്കള്‍ തുടങ്ങിയവയുടെ നികുതിയാണ് കൂട്ടാന്‍ സാധ്യത. 92 ഉല്‍പന്നങ്ങളെ നിലവിലെ 18 ശതമാനത്തില്‍ നിന്ന് 28 ശതമാനത്തിലേക്ക് മാറ്റാനാണ് ശുപാര്‍ശ. 2017 നവംബര്‍, 2018 ഡിസംബര്‍ മാസങ്ങളില്‍ ഒട്ടേറെ ഉത്പന്നങ്ങളുടെ ജിഎസ്ടി കുറച്ചിട്ടുണ്ട്. ഇതുവീണ്ടും കൂട്ടാനുള്ള ശ്രമമാണ് ഇപ്പോഴുള്ളത്.

അതേസമയം, ലെതര്‍ അപ്പാരല്‍, ആക്‌സസറികള്‍, വാച്ച്, ഷേവിംഗ് ഉല്‍പന്നങ്ങള്‍, പെര്‍ഫ്യൂം, ചോക്ലേറ്റ്, കൊക്കോ പൗഡര്‍, ആല്‍ക്കഹോളില്ലാത്ത ശീതള പാനീയം, കോഫി എക്‌സ്ട്രാക്റ്റ്‌സ്, സെറാമിക് സിങ്ക്, വാഷ് ബേസിന്‍, പ്ലൈവുഡ്, വാതില്‍, സ്വിച്ച്, സോക്കറ്റ്, സ്യൂട്ട്‌കേസ്, ഹാന്‍ഡ്ബാഗ്, 32 ഇഞ്ചുവരെയുള്ള കളര്‍ ടിവി, ച്യൂയിംഗം, കണ്ണട ഫ്രെയിം എന്നിവയുടെ നികുതി 18ല്‍ നിന്ന് 28 ശതമാനത്തിലേക്ക് മാറ്റിയേക്കും. വാല്‍നട്ടിന് 5ല്‍ നിന്ന് 18 ശതമാനത്തിലേക്കും, ടേബിള്‍, അടുക്കള ഉല്‍പന്നങ്ങള്‍ക്ക് 12ല്‍ നിന്ന് 18 ശതമാനത്തിലേക്കും നികുതി ഉയര്‍ത്തിയേക്കും.

ന്യൂഡൽഹി: രാജ്യത്തെ ആറ് മുതൽ പന്ത്രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ അനുമതി നൽകി ഡി.സി.ജി.ഐ. രാജ്യത്ത് കോവിഡ് പ്രതിദിന കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് വാക്സിൻ നിയന്ത്രണങ്ങളോടെ ഉപയോഗിക്കാൻ ദി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്.

അതേസമയം, കുട്ടികളിലെ വാക്സിന്റെ ഉപയോഗം സംബന്ധിച്ച് സുരക്ഷാ വിവരങ്ങൾ പതിനഞ്ച് ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ ഭാരത് ബയോടെക്കിനോട് ഡി.സി.ജി.ഐ ആവശ്യപ്പെട്ടു. ആദ്യ രണ്ട് മാസത്തേക്ക് 15 ദിവസം കൂടുമ്പോഴുള്ള സമ്പൂർണ റിപ്പോർട്ട് ഉൾപ്പെടെ സമർപ്പിക്കണമെന്നാണ് നിർദ്ദേശം. രണ്ട് മാസത്തിന് ശേഷം ഒരു മാസം കൂടുമ്പോഴുള്ള റിപ്പോർട്ട് ആണ് സമർപ്പിക്കേണ്ടെന്നും ഡി സി ജി ഐ അറിയിച്ചു.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാനുള്ള ഓഫര്‍ പ്രശാന്ത് കിഷോര്‍ നിരസിച്ചതായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. ‘കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കേണ്ടതുമായി ബന്ധപ്പെട്ടുള്ള ഒരു വിഷയാവതരണത്തിനും ചര്‍ച്ചകള്‍ക്കും ശേഷം, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ഒരു ഉന്നതാധികാരസമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാന്‍ ക്ഷണിച്ചു. കൃത്യമായ ചുമതലകളോടെ പാര്‍ട്ടിയില്‍ ചേരണമെന്നായിരുന്നു ക്ഷണം. എന്നാല്‍, ഈ ക്ഷണം അദ്ദേഹം നിരസിച്ചു. അദ്ദേഹത്തിന്റെ സഹകരണത്തിനും ശ്രമങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി’- രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കി.

അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശം താന്‍ വിനയപൂര്‍വം നിരസിക്കുന്നുവെന്ന് പ്രശാന്ത് കിഷോറും വ്യക്തമാക്കി. ‘എന്റെ എളിയ അഭിപ്രായത്തില്‍, എന്നേക്കാള്‍ പാര്‍ട്ടിക്ക് ഇന്ന് ആവശ്യം കൂട്ടായ നേതൃത്വവും ഒരുമയുമാണ്. പാര്‍ട്ടിയില്‍ ആഴത്തില്‍ വേരോടിയ പ്രശ്‌നങ്ങള്‍ വിപ്ലവകരമായ മാറ്റങ്ങളിലൂടെ തിരുത്തേണ്ടതുണ്ട്’- അദ്ദേഹം ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് ശക്തിപ്പെടുത്താന്‍ പ്രശാന്ത് കിഷോര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നാലംഗ സമിതി പരിശോധിച്ചിരുന്നു. അദ്ദേഹം കോണ്‍ഗ്രസിലേക്ക് വരുന്ന കാര്യത്തിലും അടുത്തയാഴ്ച തീരുമാനമുണ്ടാകും. എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യത്തിലുള്ള അതൃപ്തി വ്യക്തമാക്കുന്നതാണ് ദ്വിഗ് വിജയ് സിംഗിന്റെ വാക്കുകള്‍. ‘പ്രശാന്ത് കിഷോര്‍ വരുന്നതിനോട് പലര്‍ക്കും യോജിപ്പില്ല. പ്രശാന്ത് കിഷോര്‍ ഒരു പാര്‍ട്ടി വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്ക് ചാഞ്ചാടിക്കൊണ്ടിരുന്ന നേതാവാണ്. പ്രത്യയശാസ്ത്ര നിലപാടും ഇല്ല. ഈ സാഹചര്യത്തില്‍ എതിര്‍പ്പുണ്ടാകും. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പ്രശാന്ത് കിഷോര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ പുതുമയില്ല. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് കിഷേര്‍ പറയുന്നത്’- ദ്വിഗ് വിജയ് സിംഗ് വ്യക്തമാക്കി.

തിരുവനന്തപുരം: ശിവഗിരി തീർത്ഥാടന നവതി ആഘോഷങ്ങളുടെ ആഗോളതല ഉദ്ഘാടന വേദിയിൽ മലയാളത്തിൽ പ്രസംഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിന്റെ ആദ്ധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുദേവനെന്ന് നരേന്ദ്ര മോദി ചടങ്ങിൽ പറഞ്ഞു. ഗുരുദേവൻ ജനിച്ച കേരളം പുണ്യഭൂമിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശിവഗിരിയാണ് കേരളത്തിന്റെ പുരോഗതിക്ക് നേതൃത്വം നൽകുന്നത്. മതത്തെ കാലോചിതമായി പരിഷ്‌കരിച്ച വ്യക്തിയാണ് ശ്രീനാരായണ ഗുരുദേവൻ. വർക്കല ശിവഗിരി ശ്രേഷ്ഠ ഭാരതത്തിന്റെ പ്രതിഷ്ഠാ സ്ഥാനമാണെന്നും മത ഐക്യത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശിവഗിരി തീർത്ഥാടനത്തിന്റെ നവതിയുടെയും ബ്രഹ്മവിദ്യാലയത്തിന്റെ സുവർണ ജൂബിലിയുടെയും സംയുക്ത ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവഗിരി തീർത്ഥാടന നവതി ആഘോഷങ്ങളുടെ ഭാഗമായി ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലി ആഘോഷങ്ങൾക്കും തുടക്കം കുറിച്ചു. ദേശീയ അന്തർദേശീയ തലത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് പ്രധാനമന്ത്രി മോദി തുടക്കമിട്ടത്.

ലോക് കല്യാൺ മാർഗിൽ നടക്കുന്ന ചടങ്ങിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സംയുക്ത ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും പ്രധാനമന്ത്രി നിർവഹിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറിയും തീർത്ഥാടന നവതി ആഘോഷക്കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ഗുരുപ്രസാദ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ന്യൂഡൽഹി: പാവപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ചേരി നിവാസികളെ ഒഴിപ്പിക്കുമ്പോൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി. ഒഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാൻ പദ്ധതിയില്ലെന്ന് സർക്കാരിന് പറയാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഡൽഹി സരോജിനി നഗറിലെ ചേരികളിൽ നിന്ന് ഒഴിപ്പിക്കുന്നവരെ പുനഃരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നതെന്ന കാര്യം കണക്കിലെടുക്കണം. പാവപ്പെട്ടവരെയും പാർശ്വവത്ക്കരിക്കപ്പെട്ടവരെയും നിസ്സാരമായി ഇറക്കിവിടാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ചേരികളിൽ നിന്ന് ഒഴിപ്പിക്കപ്പെടുന്നവർക്ക് പുനരധിവാസം അവകാശപ്പെടാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ വാദിച്ചു. എന്നാൽ സർക്കാരിന് പുനരധിവാസത്തിന് നയമില്ലെന്ന് പറയാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനോട് വിശദമായ സത്യവാങ്മൂലം ഫയൽ ചെയ്യാനും ആവശ്യപ്പെട്ടു.