പ്രതിഫലത്തിന്റെ നികുതി അടച്ചില്ല; ഇളയരാജക്ക് കാരണം കാണിക്കല്‍ നോട്ടീസ്‌

ചെന്നൈ: സംഗീതം നല്‍കിയതിന് ലഭിച്ച പ്രതിഫലത്തിന് നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ച് സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്.

2013-2015 വര്‍ഷങ്ങളില്‍ സിനിമകളില്‍ സംഗീതമൊരുക്കിയതിന്റെ പേരില്‍ നിര്‍മാതാക്കളില്‍ നിന്നു കൈപ്പറ്റിയ പ്രതിഫലത്തിന്റെ നികുതിയായ 1.87 കോടി രൂപയാണ് ഇളയരാജ സേവന നികുതിയായി അടക്കാനുള്ളത്. മൂന്നുതവണ നോട്ടീസ് നല്‍കിയിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് ഇത്തവണ ജിഎസ്ടി ചെന്നൈ സോണ്‍ ഇളയരാജയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്.