National (Page 502)

തിരുവനന്തപുരം: അസാനി തീവ്ര ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശിലെ കാക്കിനഡ കരയ്ക്ക് സമീപം തീരം തൊടുമെന്നും ശേഷം ദിശ മാറി വിശാഖപട്ടണം തീരത്തേക്ക് പോകുമെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആന്ധ്രാ തീരത്ത് രാവിലെ മുതല്‍ ശക്തമായ മഴ തുടരുകയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടയത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ ഇന്നലെ രാത്രി കനത്ത മഴ പെയ്തിരുന്നു. പലയിടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു.

ആന്ധ്രയിലെ തീരദേശ ജില്ലകളിലും, തെലങ്കാനയിലും ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒഡീഷയിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത 48മണിക്കൂര്‍ ഹൈദരാബാദ് നഗരത്തില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കുത്തബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭം എന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഹിന്ദു സംഘടനകളുടെ പ്രതിഷേധം. കനത്ത പോലീസ് സുരക്ഷയ്ക്കിടയിലും കുത്തബ് മിനാറില്‍ മഹാകാല്‍ മാനവ് സേവയിലെയും മറ്റ് തീവ്രവലതുപക്ഷ സംഘടനകളിലെയും പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകള്‍ പിടിച്ച് മുദ്രാവാക്യവുമായെത്തി. സ്ഥലത്ത് ക്യാമ്പ് ചെയ്തിരിക്കുന്ന പ്രതിഷേധക്കാര്‍ ഹനുമാന്‍ ചാലിസയും ചൊല്ലി.

അതേസമയം, അക്ബര്‍ റോഡ്, ഹുമയൂണ്‍ റോഡ്, ഔറംഗസേബ് ലെയ്ന്‍, തുഗ്ലക് ലെയ്ന്‍ തുടങ്ങിയ രാജ്യതലസ്ഥാനത്തെ റോഡുകളുടെ പേരുകള്‍ മഹാറാണാ പ്രതാപ്, ഗുരു ഗോവിന്ദ് സിംഗ്, മഹര്‍ഷി വാല്‍മീകി, ജനറല്‍ വിപിന്‍ റാവത്ത് എന്നിവരുടെ പേരുകളാക്കി മാറ്റണമെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേശ് ഗുപ്ത നോര്‍ത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുള്ള കത്തില്‍ നിര്‍ദ്ദേശിച്ചു.

ന്യൂഡൽഹി: പാലം തകരാൻ കാരണം കാറ്റാണെന്ന ഉദ്യോഗസ്ഥന്റെ പരാമർശത്തിൽ പ്രതികരണവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഉദ്യോഗസ്ഥന്റെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ബിഹാർ സുൽത്താൻഗഞ്ചിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്നിരുന്നു. പാലം തകരാനുള്ള കാരണം ചോദിച്ചപ്പോൾ ശക്തമായ കാറ്റ് കാരണമാണ് പാലം തകർന്നതെന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഒരു ഐഎഎസ് ഉദ്യോഗസ്ഥന് എങ്ങനെയാണ് ഇത്തരമൊരു വിശദീകരണം വിശ്വസിക്കാൻ കഴിയുക. ശക്തമായ കാറ്റിൽ ഒരു പാലം എങ്ങനെ തകരുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്തെങ്കിലും പിശക് കാരണമായിരിക്കാം പാലം തകർന്നതെന്ന് താൻ കരുതുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ പാലങ്ങളുടെ നിർമാണച്ചെലവ് കുറക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ചൂണ്ടിക്കാട്ടി. പാലം തകർന്ന സംഭവം അന്വേഷിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ഉത്തരവിട്ടതായി സുൽത്താൻഗഞ്ച് എംഎൽഎ ലളിത് നാരായൺ മണ്ഡൽ പറഞ്ഞു. 1710 കോടി രൂപ ചെലവിലാണ് പാലം നിർമ്മിക്കുന്നത്. നിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചതിനാലാണ് പാലം തകർന്നതെന്നും ആരോപണം ഉയരുന്നുണ്ട്. ബിഹാറിലെ സുൽത്താൻഗഞ്ചിനെയും അഗ്വാനി ഘട്ടിനെയും ബന്ധിപ്പിക്കുന്ന പാലം 2014 ലാണ് നിർമാണം തുടങ്ങിയത്. 2019 ൽ നിർമാണം പൂർത്തിയാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴും പൂർത്തിയായിട്ടില്ല.

ഏപ്രിൽ 29 നാണ് ഗംഗാ നദിക്ക് കുറുകെ നിർമാണത്തിലിരിക്കുന്ന പാലം തകർന്നത്. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തമായ ഇടിമിന്നൽ കാരണമാണ് പാലം തകർന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിശദീകരണം.

മുംബൈ: മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്ക് കരുത്ത് പകർന്ന് രാജ്യം. ഇന്ത്യ സ്വന്തമായി നിർമ്മിച്ച ഇലക്ട്രിക് ബസ് പുറത്തിറക്കി. ഇകെഎ ഇ 9 എന്ന ബസാണ് പുറത്തിറക്കിയത്. ആത്മനിർഭർ ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതികൾക്ക് ബസ് ഊർജ്ജം പകരും. പൂനെയിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വാഹനം പരിശോധിച്ചു.

പൂർണ്ണമായും ഇന്ത്യയിലാണ് ബസ് നിർമ്മിച്ചത്. ഇകെഎ ആൻഡ് പിനക്കിൾ ഇൻഡസ്ട്രീസാണ് ബസിന്റെ നിർമ്മാതാക്കൾ. സ്റ്റെയിൻലസ് സ്റ്റീലിലാണ് ബസ് നിർമ്മിച്ചിരിക്കുന്നത്. നിലവിലുള്ള ബസുകളേക്കാൾ ചെലവും കുറവാണെന്ന് കമ്പനിയുടെ അവകാശവാദം. 9 മീറ്റർ നീളമുള്ള ഇലകട്രിക് ബസിന് 200 കിലോ വാട്ടിന്റെ ഇലക്ട്രിക് മോട്ടോറാണ് പ്രധാനഭാഗം.

ലോ ഫ്‌ളോർ ബസാണ് നിർമ്മിച്ചിട്ടുള്ളത്. താഴെ നിന്ന് 650 മില്ലിമീറ്ററാണ് ഉയരം. പ്രായമുള്ളവർക്കും പ്രയാസമില്ലാതെ കയറാം. മുപ്പത്തിയൊന്നു പേർക്ക് ഇരിക്കാനുള്ള സംവിധാനമുണ്ട്. അംഗപരിമിതരുടെ ചക്രക്കേസര ഉരുട്ടിക്കയറ്റാനുള്ള റാമ്പും ബസിലുണ്ട്.

ജയ്പൂർ: കോവിഡ് വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയെ ലോകരാജ്യങ്ങൾ മാതൃകയാക്കുന്നുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. 100 രാജ്യങ്ങളിലായി 18.5 കോടി ഡോസ് കൊവിഡ് വാക്സിൻ ഇന്ത്യ വിതരണം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ ദ്വിദിന സന്ദർശനത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നേരത്തെ, കൊവിഡിനെതിരെ പോരാടാൻ ഇന്ത്യ മറ്റ് രാജ്യങ്ങളുടെ സഹായം തേടിയിരുന്നുവെങ്കിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയാണ് ലോകരാജ്യങ്ങളെ സഹായിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുൻകാലങ്ങളിൽ ജാതിയും മതവും നോക്കിയാണ് പ്രതിപക്ഷം വോട്ടു ചോദിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വന്നതോടെ രാജ്യത്തിന്റെ സംസ്‌കാരം തന്നെ മാറി. മോദി കാരണം പ്രതിപക്ഷവും വികസനത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് തേടാൻ നിർബന്ധിതരായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. ബിജെപി സാധാരണക്കാരുടെ താത്പര്യത്തിനായി പ്രവർത്തിക്കുമ്പോൾ രാജസ്ഥാനിലെ കോൺഗ്രസ് സ്വന്തം താത്പര്യത്തിനായാണ് പ്രവർത്തിക്കുന്നത്. ശക്തമായ പാർട്ടിയായി തന്നെ തെരഞ്ഞെടുപ്പിനെ നേരിടാൻ ഞങ്ങൾ തയ്യാറായി നിൽക്കുകയാണ്. അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ തങ്ങൾ അട്ടിമറിക്കുമെന്നും ജെ പി നദ്ദ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ ചെയ്തത് തന്നെയാണ് പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്ര മോദി രാജ്യത്ത് ചെയ്യുന്നതെന്ന രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്ത്.

‘സമ്പന്നര്‍, സാധാരണക്കാര്‍ എന്ന വേര്‍തിരിവ് സൃഷ്ടിച്ചാണ് മുന്നോട്ട് പോകുന്നത്. എല്ലാം ധനികര്‍ക്ക് എടുത്ത് നല്‍കുകയാണ്. 2014ല്‍ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. അതിനുമുമ്പ് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ഗുജറാത്തില്‍ തുടങ്ങിയ ജോലിയാണ് അദ്ദേഹം രാജ്യത്ത് ചെയ്യുന്നത്. അതിനെ ഗുജറാത്ത് മോഡല്‍ എന്നാണ് വിളിക്കുന്നത്. സമ്പന്നരുടെ ഇന്ത്യ എന്നും സാധാരണക്കാരന്റെ ഇന്ത്യ എന്നും രണ്ട് രാജ്യമാണ് ഇന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട കുറച്ച് ആളുകള്‍, അധികാരവും പണവുമുള്ള ശതകോടീശ്വരന്‍മാരും ഉദ്യോഗസ്ഥരുമാണ് അതിലുള്ളത്. ഇതൊന്നുമില്ലാത്ത രണ്ടാം ഇന്ത്യയാണ് സാധാരണക്കാരുടേത്. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആദിവാസികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കി. ആദിവാസികള്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കണം’- ഗുജറാത്തില്‍ നടന്ന ആദിവാസി സത്യാഗ്രഹ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ഹാര്‍ദിക് പട്ടേല്‍ അടക്കമുള്ള സംസ്ഥാനത്തെ നേതാക്കളുമായി രാഹുല്‍ ആശയവിനിമയം നടത്താനും സാധ്യതയുണ്ട്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നോടിയായിട്ടാണ് രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനം.

ന്യൂഡൽഹി: എണ്ണക്കമ്പനികൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കെഎസ്ആർടിസി. വിപണി വിലയേക്കാളും കൂടുതൽ തുക ഡീസലിന് ഈടാക്കുന്ന എണ്ണക്കമ്പനികളുടെ നടപടിക്കെതിരെയാണ് കെഎസ്ആർടിസി സുപ്രീം കോടതിയെ സമീപിച്ചത്. ഈ നില തുടർന്നാൽ കെഎസ്ആർടിസി അടച്ചുപൂട്ടേണ്ടി വരുമെന്ന് കേരളം കോടതിയെ അറിയിച്ചു. കൂടിയ നിരക്ക് ശരിവെച്ച ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും കെഎസ്ആർടിസി ആവശ്യപ്പെട്ടു.

കേരളത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഉടമകൾക്ക് വിപണി വിലയ്ക്കാണ് ഡീസൽ ലഭിക്കുന്നത്. എന്നാൽ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസി ലിറ്ററിന് ഇരുപതിലധികം രൂപ അധികമായി നൽകിയാണ് ഡീസൽ വാങ്ങുന്നത്. ഇതിലൂടെ പ്രതിദിനം ഇരുപത് ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് കെഎസ്ആർടിസി ചൂണ്ടിക്കാട്ടുന്നു. ഈ നില തുടർന്നാൽ കെഎസ്ആർടിസി അടച്ചുപൂട്ടേണ്ടി വരുമെന്നും സുപ്രീം കോടതിയിൽ ഫയർ ചെയത ഹർജിയിൽ വിശദമാക്കുന്നു.

അഭിഭാഷകൻ ദീപക് പ്രകാശാണ് കെഎസ്ആർടിസിയ്ക്കായി ഹർജി സമർപ്പിച്ചത്. ലാഭകരമല്ലാത്ത റൂട്ടിൽ പോലും പൊതുജനങ്ങൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി സേവനം നടത്തുന്ന കെഎസ്ആർടിസിക്ക് സ്വകാര്യ വാഹനങ്ങൾക്ക് നൽകുന്നതിനേക്കാൾ കൂടുതൽ തുകയ്ക്ക് ഡീസൽ നൽകുന്നത് നീതികേടാണെന്നും ഭരണഘടനയുടെ പതിനാലാം അനുച്ഛേദനത്തിന്റെ ലംഘനം കൂടിയാണ് എണ്ണക്കമ്പനികളുടെ നടപടിയെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അക്ബര്‍ റോഡ്, ഹുമയൂണ്‍ റോഡ്, തുഗ്ലക് റോഡ്, ഔറംഗസേബ് ലെയിന്‍, ഷാജഹാന്‍ റോഡ് എന്നീ റോഡുകളുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ അദേശ് ഗുപ്ത. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. തുഗ്ലക് റോഡിന്റെ പേര് ഗുരു ഗോബിന്ദ് സിങ് മാര്‍ഗ് എന്നും അക്ബര്‍ റോഡിന്റെ പേര് മഹാറാണ പ്രതാപ് റോഡ് എന്നും ഔറംഗസേബ് ലെയിന്റെ പേര് അബ്ദുല്‍ കലാം റോഡ് എന്നും ഹുമയൂണ്‍ റോഡിന്റെ പേര് മഹര്‍ഷി വാക്മീകി റോഡ് എന്നും ഷാജഹാന്‍ റോഡിന്റെ പേര് അന്തരിച്ച മുന്‍ സംയുക്ത സേനാ മേധാവി ബിബിന്‍ റാവത്തിന്റെ പേരിലേക്കും മാറ്റണമെന്നാണ് ആവശ്യം.

അതേസമയം, ബാബര്‍ ലെയ്ന്‍ റോഡിന്റെ പേര് സ്വാതന്ത്ര്യസമര സേനാനിയായ ഖുദിറാം ബോസിന്റെ പേരിലാണ് അറിയപ്പെടേണ്ടതെന്നും അദേശ് ഗുപ്ത ചൂണ്ടിക്കാട്ടി. 2014-ല്‍ രാജ്യത്ത് ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം ഇത്തരം പേര് മാറ്റങ്ങള്‍ നടക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിരവധി ജില്ലകളുടേയും റെയില്‍വേ സ്റ്റേഷനുകളുടേയും പ്രധാന റോഡുകളുടേയും പേരുകള്‍ മാറ്റിയിരുന്നു.

കോണ്‍ഗ്രസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന അക്ബര്‍ റോഡ് ഉള്‍പ്പെടെയുള്ളവയുടെ പേര് മാറ്റണം എന്ന ആവശ്യം പരിഗണിക്കുന്നത് എന്‍.ഡി.എം.സിയിലെ 13 അംഗ പാനലാണ്.

ന്യൂദല്‍ഹി: രാജ്യത്ത്‌ ന്യൂനപക്ഷ പദവി നല്‍കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നും, സംസ്ഥാന സര്‍ക്കാരുകളുമായും ബന്ധപ്പെട്ട വകുപ്പുകളുമായും വിപുലമായ കൂടിയാലോചനകള്‍ക്ക്’ ശേഷം മാത്രമേ ഇക്കാര്യത്തില്‍ ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയൂവെന്നും വ്യക്തമാക്കി കേന്ദ്രം. ജനസംഖ്യപരമായി എണ്ണത്തില്‍ കുറവുള്ള സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ന്യൂനപക്ഷ പദവി നല്‍കുന്നതിന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടണമെന്ന മുന്‍ സത്യവാങ്മൂലത്തെ മറികടന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. മന്ത്രിതല ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് മുന്‍ സത്യവാങ്മൂലത്തെ അസാധുവാക്കി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തീരുമാനിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അത്സമയം, ഹിന്ദുമതം, ബഹായിസം, ജൂതമതം എന്നിവയ്ക്ക് മിസോറാം, കശ്മീര്‍, നാഗാലാന്‍ഡ്, മേഘാലയ, അരുണാചല്‍ പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ലഡാക്ക്, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ന്യൂനപക്ഷ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് എതിര്‍ സത്യവാങ്മൂലം. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് 1992, നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോറിറ്റി എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആക്ട് 2004 എന്നിവ നടപ്പാക്കാനുള്ള പാര്‍ലമെന്റിന്റെ യോഗ്യതയെയും ന്യൂനപക്ഷങ്ങളെ അറിയിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അധികാരത്തിനെതിരെയും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ചോദ്യം ഉയര്‍ന്നിരുന്നു.

ന്യൂനപക്ഷമായ സംസ്ഥാനങ്ങളിലെ ഹിന്ദുക്കളെ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന് ആര്‍ട്ടിക്കിള്‍ 29 & 30 ന്റെ ആവശ്യങ്ങള്‍ക്കായി ന്യൂനപക്ഷങ്ങളായി അറിയിക്കാമെന്ന് മാര്‍ച്ച് 28 ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷങ്ങളെ അറിയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുള്ളതിനാല്‍, നിര്‍ദ്ദിഷ്ട സംസ്ഥാനങ്ങളിലെ ‘യഥാര്‍ത്ഥ ന്യൂനപക്ഷങ്ങള്‍ക്ക്’ ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണം നിഷേധിക്കപ്പെടുന്നു എന്ന ഹര്‍ജിക്കാരന്റെ വാദം അംഗീകരിക്കാനാവില്ലെന്ന് മുന്‍ സത്യവാങ്മൂലത്തില്‍ കേന്ദ്രം നേരത്തെ വാദിച്ചിരുന്നു.

തിരുപ്പൂർ: തിരുപ്പൂരിൽ രാസവസ്തുക്കൾ ഉപയോഗിച്ചു പഴുപ്പിച്ചെടുത്ത 2 ടൺ മാമ്പഴം പിടിച്ചെടുത്തു. ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരാണ് മാമ്പഴം പിടിച്ചെടുത്ത് നശിപ്പിച്ചത്.

മായം കലർത്തിയ ഭക്ഷ്യവസ്തുക്കളുടെ വ്യാപകമായ വിൽപന നടന്നുവരുന്നതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് പരിശോധന കർശനമാക്കാൻ കളക്ടർ എസ് വിനീത് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പു മേധാവി വിജയ ലളിതാംബികയുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. വിജയ ലളിതാംബികയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ രവി, ബാലമുരുകൻ, കേശവരാജ്, രഘുനാഥൻ , വിജയരാജ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് എഥിലീൻ ഉപയോഗിച്ചു പഴുപ്പിച്ചെടുത്ത മാമ്പഴം പിടിച്ചെടുത്തത്.

ഇത്തരത്തിൽ രാസവസ്തുക്കൾ ഉപയോഗിച്ചു പഴുപ്പിച്ചെടുത്ത പഴങ്ങൾ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കു കാരണമാകുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. കോർപറേഷൻ പ്രദേശത്തെ 18 മാമ്പഴ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിൽ 6 ഗോഡൗണുകളിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയിരുന്നു. 2250 കിലോ മാമ്പഴമാണ് ഇവിടെ നിന്ന് പിടിച്ചെടുത്ത് നശിപ്പിച്ചത്.

ക്രമക്കേട് കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകി പിഴ ഈടാക്കുകയും ചെയ്തു. വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. ഭക്ഷ്യ വസ്തുക്കളിൽ മായം കലർത്തുന്നതു ശ്രദ്ധയിൽപെട്ടാൽ 94440 42322 എന്ന നമ്പറിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ പരാതികൾ അറിയിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.