ചേരി നിവാസികളെ ഒഴിപ്പിക്കുമ്പോൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം; സുപ്രീം കോടതി

ന്യൂഡൽഹി: പാവപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ചേരി നിവാസികളെ ഒഴിപ്പിക്കുമ്പോൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി. ഒഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാൻ പദ്ധതിയില്ലെന്ന് സർക്കാരിന് പറയാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഡൽഹി സരോജിനി നഗറിലെ ചേരികളിൽ നിന്ന് ഒഴിപ്പിക്കുന്നവരെ പുനഃരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നതെന്ന കാര്യം കണക്കിലെടുക്കണം. പാവപ്പെട്ടവരെയും പാർശ്വവത്ക്കരിക്കപ്പെട്ടവരെയും നിസ്സാരമായി ഇറക്കിവിടാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ചേരികളിൽ നിന്ന് ഒഴിപ്പിക്കപ്പെടുന്നവർക്ക് പുനരധിവാസം അവകാശപ്പെടാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ വാദിച്ചു. എന്നാൽ സർക്കാരിന് പുനരധിവാസത്തിന് നയമില്ലെന്ന് പറയാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനോട് വിശദമായ സത്യവാങ്മൂലം ഫയൽ ചെയ്യാനും ആവശ്യപ്പെട്ടു.