ആരാധനാലയങ്ങളിലെ നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള എല്ലാ ഉച്ചഭാഷിണികളും നീക്കം ചെയ്യണം; ഉത്തരവ് പുറപ്പെടുവിച്ച് ഉത്തർപ്രദേശ്

ലക്‌നൗ: സംസ്ഥാനത്തുടനീളമുള്ള ആരാധനാലയങ്ങളിലെ നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള എല്ലാ ഉച്ചഭാഷിണികളും നീക്കം ചെയ്യാൻ ഉത്തർപ്രദേശ് സർക്കാർ. ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനൊപ്പം അനുവദിച്ചിട്ടുള്ള ശബ്ദപരിധി ലംഘിക്കുന്ന ഉച്ചഭാഷിണികളും നീക്കം ചെയ്യാനാണ് തീരുമാനം.

ഇത്തരത്തിലുള്ള എല്ലാ ഉച്ചഭാഷിണികൾ സ്ഥാപിച്ചിരിക്കുന്ന ആരാധനാലയങ്ങളുടെയും കണക്ക് ഈ മാസം 30 നകം തന്നെ ആഭ്യന്തര വകുപ്പിനെ അറിയിക്കണമെന്നാണ് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഓരോ ജില്ലകളിലെയും ഡിവിഷണൽ കമ്മീഷണർമാരാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടതെന്നാണ് നിർദ്ദേശം.

മതനേതാക്കളുമായി ചർച്ച നടത്തിയ ശേഷമാകും ഉച്ചഭാഷിണികൾ നീക്കം ചെയ്യുന്നത്. സർക്കാർ അനുവാദത്തോടെ മാത്രമേ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടുള്ളുവെന്നാണ് ഉത്തരവ്. ഈ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. ഉച്ചഭാഷിണികൾക്കായി പുതിയ പെർമിറ്റ് അനുവദിക്കില്ലെന്നും യോഗി ആദിത്യനാഥ് നേരത്തെ അറിയിച്ചിരുന്നു.