കോണ്‍ഗ്രസിലേക്കില്ല; വിനയപൂര്‍വം നിരസിക്കുന്നുവെന്ന് പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാനുള്ള ഓഫര്‍ പ്രശാന്ത് കിഷോര്‍ നിരസിച്ചതായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. ‘കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കേണ്ടതുമായി ബന്ധപ്പെട്ടുള്ള ഒരു വിഷയാവതരണത്തിനും ചര്‍ച്ചകള്‍ക്കും ശേഷം, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ഒരു ഉന്നതാധികാരസമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാന്‍ ക്ഷണിച്ചു. കൃത്യമായ ചുമതലകളോടെ പാര്‍ട്ടിയില്‍ ചേരണമെന്നായിരുന്നു ക്ഷണം. എന്നാല്‍, ഈ ക്ഷണം അദ്ദേഹം നിരസിച്ചു. അദ്ദേഹത്തിന്റെ സഹകരണത്തിനും ശ്രമങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി’- രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കി.

അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശം താന്‍ വിനയപൂര്‍വം നിരസിക്കുന്നുവെന്ന് പ്രശാന്ത് കിഷോറും വ്യക്തമാക്കി. ‘എന്റെ എളിയ അഭിപ്രായത്തില്‍, എന്നേക്കാള്‍ പാര്‍ട്ടിക്ക് ഇന്ന് ആവശ്യം കൂട്ടായ നേതൃത്വവും ഒരുമയുമാണ്. പാര്‍ട്ടിയില്‍ ആഴത്തില്‍ വേരോടിയ പ്രശ്‌നങ്ങള്‍ വിപ്ലവകരമായ മാറ്റങ്ങളിലൂടെ തിരുത്തേണ്ടതുണ്ട്’- അദ്ദേഹം ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് ശക്തിപ്പെടുത്താന്‍ പ്രശാന്ത് കിഷോര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നാലംഗ സമിതി പരിശോധിച്ചിരുന്നു. അദ്ദേഹം കോണ്‍ഗ്രസിലേക്ക് വരുന്ന കാര്യത്തിലും അടുത്തയാഴ്ച തീരുമാനമുണ്ടാകും. എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യത്തിലുള്ള അതൃപ്തി വ്യക്തമാക്കുന്നതാണ് ദ്വിഗ് വിജയ് സിംഗിന്റെ വാക്കുകള്‍. ‘പ്രശാന്ത് കിഷോര്‍ വരുന്നതിനോട് പലര്‍ക്കും യോജിപ്പില്ല. പ്രശാന്ത് കിഷോര്‍ ഒരു പാര്‍ട്ടി വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്ക് ചാഞ്ചാടിക്കൊണ്ടിരുന്ന നേതാവാണ്. പ്രത്യയശാസ്ത്ര നിലപാടും ഇല്ല. ഈ സാഹചര്യത്തില്‍ എതിര്‍പ്പുണ്ടാകും. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പ്രശാന്ത് കിഷോര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ പുതുമയില്ല. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് കിഷേര്‍ പറയുന്നത്’- ദ്വിഗ് വിജയ് സിംഗ് വ്യക്തമാക്കി.