143 ഉല്‍പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ചേക്കും

കൊച്ചി: രാജ്യത്ത് 143 ഉല്‍പന്നങ്ങളുടെ നികുതി കൂട്ടാന്‍ ജി എസ്.ടി കൗണ്‍സില്‍ ഒരുങ്ങുന്നു. വരുമാനം വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള സ്ലാബ് പരിഷ്‌കരണത്തിന്റെ ഭാഗമായാണിത്. ഇതിനായി സംസ്ഥാനങ്ങളുടെ നിലപാട് കൗണ്‍സില്‍ തേടിയിട്ടുണ്ട്.

നിത്യോപയോഗ സാധനങ്ങളായ പപ്പടം, ശര്‍ക്കര, പവര്‍ബാങ്ക്, വാച്ച്, കളര്‍ടിവി, വീട് നിര്‍മ്മാണവസ്തുക്കള്‍ തുടങ്ങിയവയുടെ നികുതിയാണ് കൂട്ടാന്‍ സാധ്യത. 92 ഉല്‍പന്നങ്ങളെ നിലവിലെ 18 ശതമാനത്തില്‍ നിന്ന് 28 ശതമാനത്തിലേക്ക് മാറ്റാനാണ് ശുപാര്‍ശ. 2017 നവംബര്‍, 2018 ഡിസംബര്‍ മാസങ്ങളില്‍ ഒട്ടേറെ ഉത്പന്നങ്ങളുടെ ജിഎസ്ടി കുറച്ചിട്ടുണ്ട്. ഇതുവീണ്ടും കൂട്ടാനുള്ള ശ്രമമാണ് ഇപ്പോഴുള്ളത്.

അതേസമയം, ലെതര്‍ അപ്പാരല്‍, ആക്‌സസറികള്‍, വാച്ച്, ഷേവിംഗ് ഉല്‍പന്നങ്ങള്‍, പെര്‍ഫ്യൂം, ചോക്ലേറ്റ്, കൊക്കോ പൗഡര്‍, ആല്‍ക്കഹോളില്ലാത്ത ശീതള പാനീയം, കോഫി എക്‌സ്ട്രാക്റ്റ്‌സ്, സെറാമിക് സിങ്ക്, വാഷ് ബേസിന്‍, പ്ലൈവുഡ്, വാതില്‍, സ്വിച്ച്, സോക്കറ്റ്, സ്യൂട്ട്‌കേസ്, ഹാന്‍ഡ്ബാഗ്, 32 ഇഞ്ചുവരെയുള്ള കളര്‍ ടിവി, ച്യൂയിംഗം, കണ്ണട ഫ്രെയിം എന്നിവയുടെ നികുതി 18ല്‍ നിന്ന് 28 ശതമാനത്തിലേക്ക് മാറ്റിയേക്കും. വാല്‍നട്ടിന് 5ല്‍ നിന്ന് 18 ശതമാനത്തിലേക്കും, ടേബിള്‍, അടുക്കള ഉല്‍പന്നങ്ങള്‍ക്ക് 12ല്‍ നിന്ന് 18 ശതമാനത്തിലേക്കും നികുതി ഉയര്‍ത്തിയേക്കും.