National (Page 163)

ന്യൂഡൽഹി: മോദി പരാമർശത്തിൽ രാഹുൽ ഗാന്ധിയ്ക്ക് അനുകൂലമായി സുപ്രീം കോടതി വിധി വന്നതിൽ പ്രതികരണവുമായി കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സത്യം മാത്രമേ ജയിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ആഹ്ലാദത്തിന്റെ ദിനമാണ്. ജനാധിപത്യവും ഭരണഘടനയും വിജയം നേടിയെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ ഭരണഘടന ഇപ്പോഴും സജീവമാണ്. ഏതൊരാൾക്കും നീതി ലഭിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സുപ്രീം കോടതി വിധി. സാധാരണജനതയുടെ വിജയമാണിത്. ഇത് രാഹുലിന്റെ മാത്രം വിജയമല്ല, രാജ്യത്തെ ജനങ്ങളുടെ വിജയമാണ്, ജനാധിപത്യത്തിന്റേയും ജനാധിപത്യമൂല്യങ്ങളുടേയും വിജയമാണ്. രാഹുൽ ഗാന്ധിക്കെതിരെ വിചാരണക്കോടതിയുടെ ശിക്ഷാവിധി വന്ന് 24 മണിക്കൂറിനുള്ളിൽ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിക്കൊണ്ടുള്ള നടപടി ഉണ്ടായി. ശിക്ഷ തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നസ്ഥിതിയ്ക്ക് എത്ര സമയത്തിനുള്ളിൽ രാഹുലിന്റെ പാർലമെന്റംഗത്വം തിരികെ നൽകുമെന്ന് നോക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

സത്യത്തിനും രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനും യുവജനതയ്ക്കുവേണ്ടിയും പോരാടുന്ന ഒരാൾ, ജനങ്ങളെ ബോധവത്കരിച്ച ഒരു വ്യക്തി, വിവിധ തലങ്ങളിലുള്ള ജനങ്ങളെ നേരിട്ടുകാണാനായി കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള 4,000 കിലോമീറ്ററോളം പദയാത്ര നടത്തി. ആ ജനങ്ങളുടെ പ്രാർഥന തങ്ങൾക്കൊപ്പമുണ്ട്, അതിനാൽ ഇത് ജനങ്ങളുടെ വിജയമാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

ചെന്നൈ : മണിച്ചിത്രത്താഴിന്റെ റീമേക്കായ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു.ചന്ദ്രമുഖി 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രാഘവ ലോറൻസ് നായകനും കങ്കണ നായികയുമാണ്. മലയാളത്തിലെ നാഗവല്ലിയെന്ന പേരിന് പകരം തമിഴിൽ ചന്ദ്രമുഖിയെന്നാണ് പേര് നല്കിയിരിക്കുന്നത്. തമിഴ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ ചന്ദ്രമുഖിയായി വേഷമിട്ടത് ജ്യോതികയായിരുന്നു. മണിച്ചിത്രത്താഴിൽ പറയുന്ന പഴങ്കഥയായ നാഗവല്ലിയുടെയും ശങ്കരൻ തമ്പിയുടെയും ജീവിതമാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്.

ശങ്കരൻ തമ്പിയുടെ കഥാപാത്രത്തെ തമിഴിൽ വേട്ടയ്യനെന്നാണ് അറിയപ്പെടുന്നത്. ആദ്യ ഭാഗത്തിൽ വേട്ടയ്യനായി വേഷമിട്ടത് രജനികാന്തായിരുന്നു. ഒന്നാം ഭാഗമൊരുക്കിയ വാസു തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സംഗീതം നിർവഹിക്കുന്നത് എം എം കീരവാണിയാണ്. വടിവേലു, ലക്ഷ്മി മേനോൻ, സൃഷ്ടി ഡാൻകെ, രാധിക ശരത് കുമാർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷം നിർവഹിക്കുന്നുണ്ട്.

ബെംഗളൂരു : റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഇനി മുതൽ പുതിയ പരിശീലകൻ. ഐ പി എൽ ടീമായ ആർ സിബിയുടെ മുഖ്യ പരിശീലകനായി തിരഞ്ഞെടുത്തിരിക്കുന്നത് ആൻഡി ഫ്ലവറിനെയാണ്. മുൻ സിംബാബ്‌വെ താരവും ഇംഗ്ലീഷ് ക്രിക്കറ്റ് ടീം പരിശീലകനുമായിരുന്നു ആൻഡി. പഞ്ചാബ് കിങ്‌സ്, ലക്നൗ സൂപ്പർ ജയൻറ്സ് തുടങ്ങിയ ടീമുകളുടെ പരിശീലകനായും മുൻപ് പ്രവർത്തിച്ചിട്ടുണ്ട്.

ആർ സി ബിയുടെ മുമ്പത്തെ പരിശീലകനായ മൈക്ക് ഹെസ്സന് പകരമാണ് പുതിയ പരിശീലകനെത്തുന്നത്. വരുന്ന ഐ പി എൽ സീസണിൽ ആൻഡി ഫ്ലവറിന് പകരം ജസ്റ്റിൻ ലാംഗറെയെ സൂപ്പർ ജയന്റ് പരിശീലകനായി നിയമിച്ചിരുന്നു. ഇതോടെയാണ് ഫ്ലവറിന് ആർ സി ബി യിലേക്ക് നറുക്ക് വീഴുന്നത്.

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിനാവശ്യമായ കല്ലും മണലും തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേയ്ക്ക് എത്തിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയ നടപടി സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവിനാണ് മദ്രാസ് ഹൈക്കോടതി സ്‌റ്റേ വിധിച്ചത്. വിഴിഞ്ഞം തുറമുഖ നിർമാണ പുരോഗതിയെ കാര്യമായി ബാധിക്കാവുന്ന ഉത്തരവായിരുന്നു തമിഴ്‌നാട് സർക്കാർ പുറപ്പെടുവിച്ചത്. തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കമ്മിഷണറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ഓഗസ്റ്റ് മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. കല്ലും മണലും കൊണ്ട് വരാനായി പത്ത് ചക്രത്തിന് മുകളിലുള്ള ലോറികൾ ഉപയോഗിക്കരുതെന്നും ലോറിയിൽ പരമാവധി 28,000 കിലോ ഭാരം മാത്രമേ കയറ്റാനാകൂവെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഉത്തരവ് അനുസരിച്ച് പത്ത് ടയറിന് മുകളിലുള്ള ലോറികൾക്ക് കന്യാകുമാരി വഴി കേരളത്തിലേക്ക് ലോഡുമായി വരാനാകില്ല.

നിയന്ത്രണം മൂലം നിർമാണ പ്രവർത്തനങ്ങൾ കാര്യമായി ബാധിക്കപ്പെടുമെന്ന സ്ഥിതിവിശേഷമുണ്ടാകുന്നതിന് മുൻപ് തന്നെ കോടതി വിഷയത്തിൽ ഇടപെടുകയായിരുന്നു. സംസ്ഥാന തുറമുഖ മന്ത്രി തമിഴ്‌നാട് സർക്കാരുമായി വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ ചർച്ച നടത്തിയിരുന്നു.

ന്യൂഡൽഹി: എസ്എൻസി ലാവലിൻ ഇടപാടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി മാറ്റിവയ്ക്കുന്നതിൽ സർക്കാരിന് പങ്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കേസിന്റെ നടപടികൾ ജുഡീഷ്യറിയുടെ അധികാര പരിധിയിൽ വരുന്ന വിഷയമാണെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.

കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ലോക്‌സഭയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ലോക്സഭയിൽ ഹൈബി ഈഡന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ലാവലിൻ കേസ് മുപ്പത് തവണ മാറ്റിവച്ചതിനെ കുറിച്ച് കേന്ദ്രസർക്കാരിന് അറിവുണ്ടോയെന്നായിരുന്നു ഹൈബി ഈഡൻ ചോദിച്ചത്.

എന്നാൽ, ഇക്കാര്യത്തിൽ സർക്കാരിന് ഒരറിവും ഇല്ലെന്നും ഏതെങ്കിലും കേസിന്റെ വിശദാംശങ്ങൾ നിയമ മന്ത്രാലയം സൂക്ഷിക്കാറില്ലെന്നും നിയമമന്ത്രി വിശദീകരിച്ചു.

ന്യൂഡൽഹി : വാരണാസിയിലെ ഗ്യാൻവാപി പള്ളിയിലെ ആർക്കയോളജിക്കൽ സർവേ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ മനോജ് മിശ്ര, ജെ ബി പർദ്ദിവാല എന്നിവ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പള്ളിയുടെ ഘടനയ്ക്ക് തകരാർ ഉണ്ടാക്കുകയോ കുഴിക്കുകയോ ചെയ്യാൻ പാടില്ല എന്നാണ് സുപ്രീംകോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

വാരണാസി ജില്ലാ കോടതി പുറപ്പെടുവിച്ച ഉത്തരവിൽ പിഴവ് കാണുന്നില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ഗ്യാൻവാപി മസ്ജിദ് നിലനിൽക്കുന്ന സ്ഥാനത്ത് നേരത്തെ ശിവക്ഷേത്രം ആയിരുന്നുവെന്നും മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ഉത്തരവ് പ്രകാരം ക്ഷേത്രം പൊളിച്ച് പള്ളി പണിതതാണെന്നും ആണ് പരാതി. മസ്ജിദ് സമുച്ചയത്തിലെ വിഗ്രഹങ്ങളിൽ നിത്യാരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 5 ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ഹർജിയാണ് നിലവിലെ കേസിന് ആധാരം.

ജൂലൈ 21നാണ് തർക്ക ഭൂമിയിൽ ശാസ്ത്രീയ പരിശോധന നടത്താൻ വാരണസി ജില്ലാ കോടതി പുരാവസ്തു ഗവേഷണ വകുപ്പിനോട് നിർദ്ദേശിച്ചത്. എന്നാൽ മസ്ജിദ് കമ്മിറ്റി ഹർജി നൽകിയതിനെ തുടർന്ന് അവർക്ക് മേൽക്കോടതിയിൽ ഹർജി സമർപ്പിക്കാൻ സമയം അനുവദിച്ച കോടതി സർവ്വേ താൽക്കാലികമായി തടയുകയും ചെയ്തു. തുടർന്ന് ജൂലൈ 25 ന് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഇരു വിഭാഗങ്ങളുടെയും വാദം കേട്ട ശേഷം മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി ഉത്തരവിറക്കി.

ന്യൂ ഡൽഹി : ഡൽഹി ഭരണ നിയന്ത്രണ ബില്ലുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച്ച നടന്ന ചർച്ചയിൽ കേന്ദ്ര മന്ത്രി നടത്തിയ പരാമർശം വിവാദമായി. പ്രതിപക്ഷ എം പിയോട് മിണ്ടാതിരിക്കൂ അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ ഇ ഡി റെയിഡിന് വരുമെന്നാണ് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പറഞ്ഞത്. ലോക് സഭയിലെ ബില്ലിന്റെ ചർച്ചയിൽ പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്ത് വന്നതോടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. ‘ഏക് മിനിറ്റ്, ഏക് മിനിറ്റ് ശാന്ത് രഹോ, തുംഹാര ഖർ ന ഇ ഡി ആ ജായെ’ എന്നായിരുന്നു മന്ത്രി ഭീഷണിപ്പെടുത്തിയത്.

മന്ത്രിയുടെ പരാമർശത്തോടെ വൻ വിവാദമാണുണ്ടായിരിക്കുന്നത്. കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണ് മീനാക്ഷി ലേഖിയുടെ ഭീഷണിയിലൂടെ വ്യക്തമാകുന്നതെന്ന് എൻ സി പി വക്താവ് ക്ലൈഡ് ക്രസ്റ്റോ പറഞ്ഞു. ബി ജെ പി നേതാവ് ഉന്നയിച്ചത് ഭീഷണി തന്നെയാണോ അതോ മുന്നറിയിപ്പാണോയെന്ന് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ് ചോദിച്ചു. കേന്ദ്ര മന്ത്രിയുടെ ഈ പരാമർശം കേന്ദ്ര ഭരണകൂടത്തെ തന്നെ വെട്ടിലാക്കിയിരിക്കുകയുമാണ്.

ന്യൂ ഡൽഹി : കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്ചയിൽ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് ചർച്ച ചെയ്തത്. ഡൽഹിയിലെ നിതിൻ ഗഡ്ഗരിയുടെ വസതിയിൽ നടന്ന ചർച്ചയിൽ മുഖ്യമന്ത്രിയോടൊപ്പം ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസും പങ്കെടുത്തു. ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ കേരളത്തിന്റെ വിഹിതമായ 25% ഒഴിവാക്കി നൽകണമെന്ന് മുഖ്യമന്ത്രി മുൻപ് തന്നെ കേന്ദ്ര മന്ത്രിയോട് പറഞ്ഞിരുന്നു.

വിഹിതം നൽകിയാൽ വൻ സാമ്പത്തിക ബാധ്യത സർക്കാരിനുണ്ടാകുമെന്നുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. ഈ സാഹചര്യത്തിൽ സ്ഥലം ഏറ്റെടുക്കാനുള്ള മുഴുവൻ തുകയും കേന്ദ്രം വഹിക്കണമെന്ന് കേരളം വ്യക്തമാക്കിയിരുന്നു. കൂടിക്കാഴ്ചയുടെ വിശദമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും അര മണിക്കൂറിൽ അധികം നടന്ന ചർച്ചയിൽ അനുകൂലമായ തീരുമാനം ലഭിച്ചതായാണ് സൂചന.

മുംബൈ : കരൺ ജോഹർ സംവിധാനം ചെയ്ത് ആലിയ ഭട്ടും രൺവീർ സിങ്ങും പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് റോക്കി ഔർ റാണി കി പ്രേം കഹാനി. ജൂലൈ 28 ന് ഇറങ്ങിയ ചിത്രം റിലീസായി 7 ദിവസം പിന്നിടുമ്പോൾ ബോക്സ് ഓഫീസിൽ നേടിയിരിക്കുന്നത് 60 കോടി രൂപയാണ്. ഫാമിലി എന്റെർറ്റൈനെർ എന്ന രീതിയിൽ പുറത്തിറങ്ങിയ ചിത്രം മിക്ക നഗരങ്ങളിലും ഹൗസ് ഫുള്ളാണ്. ഏ ദിൽ ഹേ മുഷ്കിൽ എന്ന സിനിമയ്ക്ക് ശേഷം 7 വർഷത്തെ ഇടവേള കഴിഞ്ഞാണ് കരൺ ജോഹർ സിനിമ സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

ചിത്രം 100 കോടി കടന്നതായി കരൺ ജോഹർ ഇൻസ്റ്റാഗ്രാമിൽ കഴിഞ്ഞ ദിവസം പങ്ക് വച്ചിരുന്നു. ഹോളിവുഡ് ചിത്രങ്ങളായ ഓപ്പൻഹേയ്‌മറും ബാർബിയും ഇന്ത്യയിൽ വിജയകരമായി പ്രദർശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ റോക്കി ഔർ റാണിക്ക് കിട്ടുന്ന പിന്തുണ എടുത്തു പറയേണ്ടതാണ്. സിനിമയിലെ പാട്ടുകളെല്ലാം ഇതിനോടകം ഹിറ്റായി കഴിഞ്ഞു

ബാർബഡോസ് : രാജ്യാന്തര ടി20 അരങ്ങേറ്റത്തിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച് തിലക് വർമ്മ. ഒബേദ് മക്കോയിയുടെ പന്തിൽ ഇഷാൻ കിഷൻ പുറത്തായപ്പോഴാണ് നാലാം ഓവറിന്റെ സമയത് തിലക് വർമ്മ ക്രീസിലെത്തിയത്. രണ്ടാം പന്തിനും മൂന്നാം പന്തിനുമെല്ലാം സിക്സ്ടിച്ച തിലക് വർമയുടെ തുടക്കം മികച്ചതായിരുന്നു. സഞ്ജു നാലാം നമ്പറിലും തിലക് വർമ്മ ആറാം നമ്പറിലുമെത്തുമെന്ന ആരാധകരുടെ പ്രതീക്ഷകളെ മൊത്തത്തിൽ മാറ്റി നിർത്തിയായിരുന്നു താരത്തിന്റെ പ്രകടനം. രണ്ട് പന്തിലും സിക്സ് അടിച്ച തിലക് വർമ്മ 5 പന്തിലൂടെ 16 റൺസിലെത്തി.

എട്ടാം ഓവറിൽ റൊമാരിയോ ഷെപ്പേർഡിനെതിരെയും തിലക് തന്റെ വിജയം തുടർന്നു. പതിനൊന്നാമത്തെ ഓവറിൽ ഷെപ്പേർഡിനെ ബൗണ്ടറി കടത്തിയെങ്കിലും പ്രകടനം അത്ര കണ്ട് മികച്ച് നിന്നില്ല. വമ്പൻ ഷോട്ട് സ്വന്തമാക്കാൻ പോയ തിലകിനെ ഹെറ്റ് മെയർ ക്യാച്ച് പാസാക്കി പുറത്താക്കി. 22 പന്ത് എടുത്തതിൽ മൂന്ന് സിക്‌സും രണ്ട് ഫോറും നേടി 39 റൺസോടെ തിലക് ഇന്ത്യയുടെ ടോപ് സ്കോററാവുകയും ചെയ്തു. കളി കഴിഞ്ഞതോടെ തിലകിന്റെ ഞെട്ടിച്ച പ്രകടനം കണ്ട ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റർ ഡെവൾസ് ബ്രെവിസിന്റെ കോളെത്തി. മാച്ച് കണ്ട് രോമാഞ്ചം വന്നെന്നാണ് ഡവാൾഡ് പറഞ്ഞത്. എന്നാൽ താരത്തിന്റെ അഭിനന്ദനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് തിലക് വർമ്മ പ്രതികരിച്ചു.