വിഴിഞ്ഞം തുറമുഖ നിർമാണത്തിന് തിരിച്ചടിയാകും വിധത്തിലുള്ള നിയന്ത്രണം; തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിനാവശ്യമായ കല്ലും മണലും തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേയ്ക്ക് എത്തിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയ നടപടി സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവിനാണ് മദ്രാസ് ഹൈക്കോടതി സ്‌റ്റേ വിധിച്ചത്. വിഴിഞ്ഞം തുറമുഖ നിർമാണ പുരോഗതിയെ കാര്യമായി ബാധിക്കാവുന്ന ഉത്തരവായിരുന്നു തമിഴ്‌നാട് സർക്കാർ പുറപ്പെടുവിച്ചത്. തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കമ്മിഷണറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ഓഗസ്റ്റ് മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. കല്ലും മണലും കൊണ്ട് വരാനായി പത്ത് ചക്രത്തിന് മുകളിലുള്ള ലോറികൾ ഉപയോഗിക്കരുതെന്നും ലോറിയിൽ പരമാവധി 28,000 കിലോ ഭാരം മാത്രമേ കയറ്റാനാകൂവെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഉത്തരവ് അനുസരിച്ച് പത്ത് ടയറിന് മുകളിലുള്ള ലോറികൾക്ക് കന്യാകുമാരി വഴി കേരളത്തിലേക്ക് ലോഡുമായി വരാനാകില്ല.

നിയന്ത്രണം മൂലം നിർമാണ പ്രവർത്തനങ്ങൾ കാര്യമായി ബാധിക്കപ്പെടുമെന്ന സ്ഥിതിവിശേഷമുണ്ടാകുന്നതിന് മുൻപ് തന്നെ കോടതി വിഷയത്തിൽ ഇടപെടുകയായിരുന്നു. സംസ്ഥാന തുറമുഖ മന്ത്രി തമിഴ്‌നാട് സർക്കാരുമായി വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ ചർച്ച നടത്തിയിരുന്നു.