ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് നിതിൻ ഗഡ്‌ഗരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

ന്യൂ ഡൽഹി : കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്ചയിൽ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് ചർച്ച ചെയ്തത്. ഡൽഹിയിലെ നിതിൻ ഗഡ്ഗരിയുടെ വസതിയിൽ നടന്ന ചർച്ചയിൽ മുഖ്യമന്ത്രിയോടൊപ്പം ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസും പങ്കെടുത്തു. ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ കേരളത്തിന്റെ വിഹിതമായ 25% ഒഴിവാക്കി നൽകണമെന്ന് മുഖ്യമന്ത്രി മുൻപ് തന്നെ കേന്ദ്ര മന്ത്രിയോട് പറഞ്ഞിരുന്നു.

വിഹിതം നൽകിയാൽ വൻ സാമ്പത്തിക ബാധ്യത സർക്കാരിനുണ്ടാകുമെന്നുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. ഈ സാഹചര്യത്തിൽ സ്ഥലം ഏറ്റെടുക്കാനുള്ള മുഴുവൻ തുകയും കേന്ദ്രം വഹിക്കണമെന്ന് കേരളം വ്യക്തമാക്കിയിരുന്നു. കൂടിക്കാഴ്ചയുടെ വിശദമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും അര മണിക്കൂറിൽ അധികം നടന്ന ചർച്ചയിൽ അനുകൂലമായ തീരുമാനം ലഭിച്ചതായാണ് സൂചന.