മിണ്ടാതിരുന്നില്ലെങ്കിൽ ഇ ഡി നിങ്ങളുടെ വീട്ടിലെത്തിയേക്കാമെന്ന് കേന്ദ്ര മന്ത്രി ; വിവാദമായി പരാമർശം

ന്യൂ ഡൽഹി : ഡൽഹി ഭരണ നിയന്ത്രണ ബില്ലുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച്ച നടന്ന ചർച്ചയിൽ കേന്ദ്ര മന്ത്രി നടത്തിയ പരാമർശം വിവാദമായി. പ്രതിപക്ഷ എം പിയോട് മിണ്ടാതിരിക്കൂ അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ ഇ ഡി റെയിഡിന് വരുമെന്നാണ് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പറഞ്ഞത്. ലോക് സഭയിലെ ബില്ലിന്റെ ചർച്ചയിൽ പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്ത് വന്നതോടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. ‘ഏക് മിനിറ്റ്, ഏക് മിനിറ്റ് ശാന്ത് രഹോ, തുംഹാര ഖർ ന ഇ ഡി ആ ജായെ’ എന്നായിരുന്നു മന്ത്രി ഭീഷണിപ്പെടുത്തിയത്.

മന്ത്രിയുടെ പരാമർശത്തോടെ വൻ വിവാദമാണുണ്ടായിരിക്കുന്നത്. കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണ് മീനാക്ഷി ലേഖിയുടെ ഭീഷണിയിലൂടെ വ്യക്തമാകുന്നതെന്ന് എൻ സി പി വക്താവ് ക്ലൈഡ് ക്രസ്റ്റോ പറഞ്ഞു. ബി ജെ പി നേതാവ് ഉന്നയിച്ചത് ഭീഷണി തന്നെയാണോ അതോ മുന്നറിയിപ്പാണോയെന്ന് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ് ചോദിച്ചു. കേന്ദ്ര മന്ത്രിയുടെ ഈ പരാമർശം കേന്ദ്ര ഭരണകൂടത്തെ തന്നെ വെട്ടിലാക്കിയിരിക്കുകയുമാണ്.