ഗ്യാൻവാപി പള്ളിയിലെ ആർക്കയോളജിക്കൽ സർവേ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി; പള്ളിയുടെ ഘടനയ്ക്ക് തകരാർ ഉണ്ടാക്കരുതെന്ന് നിർദ്ദേശം

ന്യൂഡൽഹി : വാരണാസിയിലെ ഗ്യാൻവാപി പള്ളിയിലെ ആർക്കയോളജിക്കൽ സർവേ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ മനോജ് മിശ്ര, ജെ ബി പർദ്ദിവാല എന്നിവ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പള്ളിയുടെ ഘടനയ്ക്ക് തകരാർ ഉണ്ടാക്കുകയോ കുഴിക്കുകയോ ചെയ്യാൻ പാടില്ല എന്നാണ് സുപ്രീംകോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

വാരണാസി ജില്ലാ കോടതി പുറപ്പെടുവിച്ച ഉത്തരവിൽ പിഴവ് കാണുന്നില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ഗ്യാൻവാപി മസ്ജിദ് നിലനിൽക്കുന്ന സ്ഥാനത്ത് നേരത്തെ ശിവക്ഷേത്രം ആയിരുന്നുവെന്നും മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ഉത്തരവ് പ്രകാരം ക്ഷേത്രം പൊളിച്ച് പള്ളി പണിതതാണെന്നും ആണ് പരാതി. മസ്ജിദ് സമുച്ചയത്തിലെ വിഗ്രഹങ്ങളിൽ നിത്യാരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 5 ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ഹർജിയാണ് നിലവിലെ കേസിന് ആധാരം.

ജൂലൈ 21നാണ് തർക്ക ഭൂമിയിൽ ശാസ്ത്രീയ പരിശോധന നടത്താൻ വാരണസി ജില്ലാ കോടതി പുരാവസ്തു ഗവേഷണ വകുപ്പിനോട് നിർദ്ദേശിച്ചത്. എന്നാൽ മസ്ജിദ് കമ്മിറ്റി ഹർജി നൽകിയതിനെ തുടർന്ന് അവർക്ക് മേൽക്കോടതിയിൽ ഹർജി സമർപ്പിക്കാൻ സമയം അനുവദിച്ച കോടതി സർവ്വേ താൽക്കാലികമായി തടയുകയും ചെയ്തു. തുടർന്ന് ജൂലൈ 25 ന് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഇരു വിഭാഗങ്ങളുടെയും വാദം കേട്ട ശേഷം മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി ഉത്തരവിറക്കി.