National (Page 164)

മുംബൈ : താൻ മുംബൈയിൽ സ്ഥിരമായി താമസിക്കാത്തതിന്റെ കാരണം അധോലോക സംസ്കാരമാണെന്ന് വ്യക്തമാക്കി റഹ്മാൻ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംഗീത സംവിധായകനായ റഹ്മാൻ ഇക്കാര്യം വെളിപ്പെടുത്തിയത്. എപ്പോഴും സ്ഥിരമായി താമസിക്കാൻ ഇഷ്ടപ്പെടുന്നത് ചെന്നൈ തന്നെയാണെന്നാണ് താരം വെളിപ്പെടുത്തിയത്.

താൻ സിനിമയിൽ വളർന്നു വന്ന കാലം മുംബൈയിൽ സ്ഥിര താമസമാക്കിയാൽ നിരവധി ഓഫർ തരാമെന്ന് നിർമാതാക്കൾ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ മുംബൈയുടെ അന്നത്തെ അധോലോക ബന്ധം തന്നെ ചെന്നൈ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചെന്നുമാണ് റഹ്മാൻ പറഞ്ഞത്. ഇപ്പോൾ റഹ്‌മാൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തമിഴ് ചിത്രങ്ങളിലാണ്. പൊന്നിയിൽ സെൽവനിലായിരുന്നു റഹ്മാൻ അവസാനമായി സംഗീത സംവിധാനം നിർവഹിച്ചത്.

മുംബൈ: മുംബൈ-ഗോവ ദേശീയ പാത (എൻ.എച്ച്-66) വികസനം അന്തിമ ഘട്ടത്തിൽ. സെപ്റ്റംബർ പകുതിയോടെ ദേശീയ പാതയുടെ നിർമാണപ്രവർത്തനം പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. നിർമ്മാണം പൂർത്തിയായതിന് പിന്നാലെ പാത ഗതാഗതത്തിനായി തുറന്നു നൽകുമെന്നാണ് വിവരം. പാത തുറന്നു നൽകുന്നതോടെ മുംബൈയിൽ നിന്ന് ഗോവയിലേക്കുള്ള യാത്രാസമയം പത്ത് മണിക്കൂറിൽനിന്ന് 5-6 ആറ് മണിക്കൂറായി കുറയുന്നതാണ്.

ഗണേശോത്സവത്തിന് മുമ്പ് നാലുവരിപ്പാതയിലെ ഒരു പാതയുടെ നിർമാണം പൂർത്തിയാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും അടിയന്തര പ്രധാന്യത്തോടെ ജോലികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ നേരത്തെ അറിയിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

എൻഎച്ച് 66 .മഹാരാഷ്ട്രയിലെ പനവേലിൽനിന്ന് ആരംഭിച്ച് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ അവസാനിക്കുന്ന ദേശീയ പാതയാണ്. ഇതിൽ മുംബൈയിലെ പനവേൽ മുതൽ ഗോവ വരെയുള്ള പാതയുടെ നിർമാണമാണ് അടുത്തമാസം പൂർത്തിയാകുന്നത്. എൻഎച്ച് 66ന് ആകെ 1611 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഇതിൽ 643 കിലോമീറ്ററും കടന്നുപോകുന്നത് കേരളത്തിലൂടെയാണ്.

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി ഇന്ത്യൻ ടീം. ഫൈനൽ മത്സരത്തിൽ മലേഷ്യയെ 4- 3 ന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. ആദ്യപകുതിയിൽ 1 -3 ന് പിറകിൽ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചു വരവ്. മൂന്നാം ക്വാർട്ടറിൽ ഗുർജൻ സിംഗും ഹർമൻ പ്രീത് സിംഗ് ഓരോ ഗോളുകൾ വീതം സ്വന്തമാക്കിയതോടെയാണ് മത്സരം സമനിലയിലേക്ക് നീങ്ങിയത്.

അവസാന ക്വാർട്ടറിൽ ആകാശ് ദീപിന്റെ ഫീൽഡ് ഗോളോടെ 4 – 3 എന്ന നിലയിൽ ഇന്ത്യ കിരീടം ഉറപ്പിക്കുകയായിരുന്നു. ജുഗ് രാജ് സിംഗ് ആയിരുന്നു ഫൈനലിൽ ആദ്യം ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. ഇതോടെ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ റെക്കോർഡ് ഇന്ത്യ സ്വന്തമാക്കി. നാലു കിരീടമാണ് ഇതുവരെ ഇന്ത്യ നേടിയിരിക്കുന്നത്. മൂന്ന് കിരീടവുമായി പാക്കിസ്ഥാൻ പുറകിലുണ്ട്.

ന്യൂഡൽഹി : ഇന്ത്യയെ പൂർണമായും വളർത്തിയെടുക്കാൻ സ്ത്രീകളുടെ പങ്കാളിത്തം സുപ്രധാനമാണെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. ലോകത്തിലെ തന്നെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റാൻ നമ്മുടെ ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകൾക്കല്ലാതെ ആർക്കും കഴിയില്ലെന്ന് മുർമു അഭിപ്രായപ്പെട്ടു. റൈസിംഗ് വനിതാ വിജയികളെ ആദരിക്കുന്നതിന് ഡൽഹിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കവെയാണ് രാഷ്‌ട്രപതി ഈ അഭിപ്രായം ഉന്നയിച്ചത്.

വനിത വിജയികളെ ആദരിക്കുന്ന ഈ പരിപാടി മഹത്വപരമായതാണ്. രാജ്യത്തിലെ സ്ത്രീകൾക്ക് ആദരവും അവസരങ്ങളും നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്- എന്നിങ്ങനെയായിരുന്നു രാഷ്ടപതി പ്രസംഗിച്ചത്. സ്ത്രീകൾക്ക് സാമൂഹികവും സാമ്പത്തികവുമായ ഉന്നതിയിലേക്ക് ഉയർന്നു വരാൻ ആവശ്യമായ എല്ലാ അവസരങ്ങളും സൃഷ്ടിക്കുമെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.

2014 ൽ പുറത്തിറങ്ങിയ അഞ്ജലി മേനോൻ ചിത്രമായ ബാംഗ്ലൂർ ഡെയ്‌സിന്റെ ഹിന്ദി റീമേക്കായ യാരിയാൻ -2 വിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ മലയാളി താരങ്ങളായ പ്രിയ പി വാര്യരും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിനിമയുടെ മലയാള കഥയിൽ നിന്നും ഒട്ടേറെ മാറ്റം വരുത്തിയാണ് പുതിയ സിനിമ നിർമിച്ചിരിക്കുന്നത്. മനൻ ഭരധ്വാജ്, ഖാലിഫ് , യോ യോ ഹണി സിംഗ് തുടങ്ങിയവരാണ് ചിത്രത്തിൽ സംഗീതം നൽകിയിരിക്കുന്നത്. ഹിന്ദിയിൽ രാധിക റാവു, വിനയ് സപ്റു എന്നിവർ ചേർന്നാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ടി സീരീസ് നിർമിക്കുന്ന ചിത്രം സെപ്റ്റംബറിൽ തീയറ്ററിലെത്തും. ദിവ്യ ഖോസ്‌ല കുമാർ, മീസാൻ ജാഫ്രി, പേൾ വി പുരി, യാഷ് ദാസ് ഗുപ്‌ത, വാരിന ഹുസൈൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 2014 ൽ റിലീസായ ചിത്രം യാരിയാന്റെ സീക്വലായാണ് സിനിമ ഇറങ്ങുന്നതെങ്കിലും ആദ്യ ഭാഗവുമായി പുതിയ സിനിമയ്ക്ക് ഒരു ബന്ധവുമുണ്ടാവില്ലെന്ന് നിർമാതാവ് ദിവ്യ ഖോസ്‌ല കുമാർ അറിയിച്ചു.

ഫ്ലോറിഡ : വെസ്റ്റ് ഇൻഡീസ് – ഇന്ത്യ ട്വന്റി-20 പരമ്പരയിലെ നാലാമത്തെ മത്സരം ഇന്ന് നടക്കും. ഫ്ലോറിഡയിലെ ലോഡർ ഹിൽ സെൻട്രൽ ബ്രൊവാഡ് സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച വിൻഡീസ് പരമ്പരയിൽ 2-1 എന്ന നിലയിലാണ് മുന്നിട്ട് നിൽക്കുന്നത്. പരമ്പര തിരിച്ച് പിടിക്കണമെങ്കിൽ ഇന്ത്യയ്ക്ക് ഇന്നത്തെ ജയം അനിവാര്യമാണ്. ആദ്യത്തെ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ഇന്ത്യ മൂന്നാം ട്വന്റി- 20 യിലാണ് 7 വിക്കറ്റ് ജയവുമായി തിരിച്ചടിച്ചത്.

എന്നാൽ ഈ മത്സരത്തിലെ വിജയത്തിലും ടീമിന് ഓപ്പണർമാരുടെ ഫോം മുതൽ ബോളിങ് കോമ്പിനേഷനിലെ അസ്ഥിരത വരെ പ്രശ്നമായി നിലനിന്നിരുന്നു. കഴിഞ്ഞ മത്സരത്തിൽ രാജ്യാന്തര ട്വന്റി -20 യിൽ അരങ്ങേറ്റം കുറിച്ച യശസ്വി ജയ്സ്വാളിന് ഇന്നും അവസരം ലഭിച്ചേക്കും. ബോളിങ്ങിന് 3 സ്പിന്നർമാരുമായാണ് മൂന്നാം മത്സരത്തിൽ ഇന്ത്യ ഇറങ്ങിയത്. ഈ മത്സരത്തിലും ഇത് തുടർന്നേക്കും. എല്ലാ തടസ്സങ്ങളും നേരിട്ട് മികച്ച പ്രകടനം കാഴ്ച വച്ചാൽ മാത്രമേ ഹാർദിക് പാണ്ഡ്യയ്ക്കും ടീമിനും വിജയം നേടാൻ കഴിയുകയുള്ളൂ.

ന്യൂ ഡൽഹി : ഇനിമുതൽ ഓട്ടോമാറ്റിക് കാറുകൾ ഓടിക്കണമെങ്കിൽ പ്രത്യേക ലൈസൻസ് എടുക്കേണ്ടി വരും. ഇരുചക്ര വാഹനങ്ങൾക്കുള്ളതു പോലെ കാറുകൾക്കും ഓട്ടോമാറ്റിക്, ഗിയർ എന്നിങ്ങനെ രണ്ട് തരം ലൈസൻസ് ഉണ്ടാകും. രണ്ട് ലൈസൻസ് ലഭിക്കുന്നതിനും വ്യത്യസ്ത ഡ്രൈവിംഗ് ടെസ്റ്റ് ഉണ്ടായിരിക്കും. ഗിയർ വാഹനം ഓടിക്കാൻ ലൈസൻസുള്ളവർക്ക് അതെ വിഭാഗത്തിലെ ഓട്ടോമാറ്റിക് വാഹനങ്ങൾ ഓടിക്കാം. പക്ഷേ ഓട്ടോമാറ്റിക് വാഹനം ഓടിക്കുന്നവർക്ക് ഇതിന് അനുമതി ഉണ്ടാകില്ല. സാരഥി എന്ന സംവിധാനത്തിലേക്ക് കേന്ദ്ര ഡ്രൈവിംഗ് ലൈസൻസ് മാറിയപ്പോൾ സംസ്ഥാനങ്ങളിലെ ലൈസൻസ് സംവിധാങ്ങളിൽ കേന്ദ്രം മാറ്റം കൊണ്ട് വന്നിരുന്നു.

ഓട്ടോറിക്ഷ, മീഡിയം, ഹെവി, ഗുഡ്‌സ് വിഭാഗം ലൈസൻസ് ഇതോടെ ഇല്ലാതെയായി. ഇവയ്ക്കുപകരം നടപ്പാക്കിയ എൽ എം വി ലൈസൻസിൽ ഓട്ടോ മുതൽ മിനി വാനുകൾ വരെ ഓടിക്കാനാകും. അടുത്ത കാലത്ത് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിൽ എൽ എം വി ടെസ്റ്റിന് ഗിയർ വാഹനം ആവശ്യമില്ലെന്ന മാറ്റം കൊണ്ട് വന്നിരുന്നു. ഇതോടെ ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനം ഓടിക്കാൻ കഴിഞ്ഞിരുന്നു. ഇവർക്ക് ഗിയർ വാഹനം ഓടിക്കുന്നതിന് തടസ്സം ഇല്ലായിരുന്നു. ഇത് ചൂണ്ടിക്കാട്ടി സംസ്ഥാസർക്കാർ കേന്ദ്ര സർക്കാരിന് കത്തയച്ചതോടെയാണ് പുതിയ തീരുമാനം സ്വീകരിച്ചത്.

ന്യൂഡൽഹി: ചൈനീസ് നാവികസേന കപ്പൽ വീണ്ടും ശ്രീലങ്കൻ തുറമുഖത്തെത്തി. ഇന്ത്യയ്ക്ക് ഇത് ആശങ്ക ഉയർത്തിയിരിക്കുകയാണ്. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് ചൈനീസ് നിരീക്ഷണ കപ്പൽ കൊളംബോയിൽ എത്തിയത്. ഇന്ത്യയുടെ എതിർപ്പ് തള്ളിയാണ് കപ്പലിന് അനുമതി നൽകിയതെന്ന് ലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് മാസം ഉപഗ്രഹങ്ങളെ ഉൾപ്പെടെ നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും ശേഷിയുള്ള ചൈനീസ് ചാരകപ്പൽ തുറമുഖത്ത് നങ്കൂരമിട്ടത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5 ആണ് അന്ന് ലങ്കൻ തീരത്തെത്തിയത്. ഹംമ്പൻതോട്ട തുറമുഖത്തിലായിരുന്നു അന്ന് കപ്പൽ നങ്കൂരമിട്ടത്. ഇന്ത്യയുടെ എതിർപ്പ് മറികടന്നാണ് അന്ന് ചാരകപ്പൽ ശ്രീലങ്കൻ തുറമുഖത്തേക്ക് അടുത്തത്.

ഗുവാഹത്തി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് മറുപടി നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മണിപ്പൂരിൽ ഇന്ത്യൻ സൈന്യമിറങ്ങിയാൽ രണ്ടു ദിവസങ്ങൾക്കുള്ളിൽ സ്ഥിതി ശാന്തമാക്കാനാകുമെന്ന രാഹുലിന്റെ പരാമർശത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. മണിപ്പൂരിൽ നടക്കുന്നത് ഗോത്രങ്ങൾ തമ്മിലുള്ള വംശീയ ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു.

രാഹുൽ ഇത്തരം അബദ്ധം പറയുന്നത് നിർത്തണം. ഇന്ത്യൻ സൈന്യത്തിന് ഒന്നും ചെയ്യാനാകില്ല. 100 ദിവസങ്ങൾക്കു മുകളിലായി നടക്കുന്ന ആക്രമണങ്ങൾക്കു പരിഹാരം ഹൃദയത്തിൽനിന്നാണ് വരേണ്ടതെന്നും വെടിയുണ്ടകൾ കൊണ്ടല്ലെന്നും ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. ഇന്ത്യൻ സൈന്യമിറങ്ങിയാൽ രണ്ടു ദിവസങ്ങൾക്കുള്ളിൽ സ്ഥിതി ശാന്തമാക്കാനാകുമെന്ന് രാഹുൽ പറയുന്നതിന് അർഥം ജനങ്ങൾക്കുമേൽ സൈന്യം വെടിയുതിർക്കണമെന്നാണോയെന്നും അദ്ദേഹം ചോദിക്കുന്നു.

ഇന്ത്യൻ വ്യോമസേന ഐസ്വാളിൽ അതു ചെയ്തു. അവർ ബോംബുകൾ വർഷിച്ചു. ആക്രമണം കുറഞ്ഞു. ഇന്ന് രാഹുൽ പറയുന്നു അക്രമത്തെ തടയാൻ സൈന്യത്തെ അയക്കണമെന്ന്. അതിന്റെ അർഥം എന്താണ്. ജനങ്ങൾക്കുനേരെ നിറയൊഴിക്കണമെന്നാണോ. അതാണ് അദ്ദേഹത്തിന്റെ പരിഹാരം. അദ്ദേഹത്തിന് എങ്ങനെ അങ്ങനെ പറയാനാകും. സൈന്യം ഒന്നും പരിഹരിക്കില്ല. താൽക്കാലിക പരിഹാരം ഉണ്ടാക്കാൻ മാത്രമേ സൈന്യത്തിനു സാധിക്കൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.