Kerala (Page 334)

തിരുവന്തപുരം: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാം ഘട്ടം സെപ്റ്റംബർ 11 തിങ്കളാഴ്ച മുതൽ ആരംഭിച്ചു. സെപ്റ്റംബർ 16 വരെ രണ്ടാംഘട്ടം തുടരും. സാധാരണ വാക്‌സിനേഷൻ നൽകുന്ന ദിവസങ്ങൾ ഉൾപ്പെടെ ആറ് ദിവസങ്ങളിൽ വാക്‌സിനേഷൻ സ്വീകരിക്കാം. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വാക്‌സിനേഷൻ. ദേശീയ വാക്‌സിനേഷൻ പട്ടിക പ്രകാരം വാക്‌സിനെടുക്കാത്ത ഗർഭിണികളും 5 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികളും വാക്‌സിൻ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

മൂന്ന് ഘട്ടങ്ങളിലായാണ് മിഷൻ ഇന്ദ്രധനുഷ് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 7 മുതൽ നടന്ന ഒന്നാംഘട്ടം 75 ശതമാനത്തിലധികം കുട്ടികൾക്കും 98 ശതമാനത്തിലധികം ഗർഭിണികൾക്കും വാക്‌സിൻ നൽകി വിജയമായി. സംസ്ഥാനത്ത് 18,744 ഗർഭിണികളെയും 5 വയസ് വരെയുളള 1,16,589 കുട്ടികളെയുമാണ് പൂർണമായോ ഭാഗികമായോ വാക്‌സിൻ എടുക്കാത്തതായി കണ്ടെത്തിയത്. അതിൽ 18,389 ഗർഭിണികൾക്കും 87,359 അഞ്ച് വയസ് വരെയുളള കുട്ടികൾക്കും വാക്‌സിൻ നൽകി. ഒക്ടോബർ 9 മുതൽ 14 വരെയാണ് മൂന്നാം ഘട്ടം.

ദേശീയ വാക്‌സിനേഷൻ പട്ടിക പ്രകാരം വാക്‌സിൻ എടുക്കാൻ വിട്ടുപോയിട്ടുളള 2 മുതൽ 5 വയസ് വരെയുള്ള എല്ലാ കുട്ടികൾക്കും പൂർണമായോ ഭാഗികമായോ ദേശീയ വാക്‌സിനേഷൻ പട്ടിക പ്രകാരം വാക്‌സിൻ എടുത്തിട്ടില്ലാത്ത ഗർഭിണികൾക്കുമാണ് ഈ പരിപാടിയിലൂടെ വാക്‌സിൻ നൽകുന്നത്.

സർക്കാർ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഗുണഭോക്താക്കൾക്ക് എത്തിച്ചേരാൻ സൗകര്യപ്രദമായ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലുമാണ് വാക്‌സിനേഷൻ നൽകുക. കൂടാതെ എത്തിച്ചേരാൻ ബുദ്ധിമുട്ടുളള സ്ഥലങ്ങളിൽ മൊബൈൽ ടീമിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

ന്യൂഡൽഹി: മുതിർന്ന ആർഎസ്എസ് പ്രവർത്തകൻ പി പി മുകുന്ദന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്താൻ കഠിനാധ്വാനം ചെയ്ത വ്യക്തിയാണ് പി പി മുകുന്ദനെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലാളിത്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പേരിൽ മുകുന്ദൻ ജി ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാന തുറകളിലുമുള്ള ആളുകൾ ബുദ്ധിശക്തിയുടെയും താഴെത്തട്ടിലുള്ള ബന്ധത്തിന്റെയും പേരിൽ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. ഓം ശാന്തി – പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. അതേസമയം, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും പി പി മുകുന്ദന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചത്.

മുകുന്ദേട്ടൻ ഒരുകാലത്ത് കേരളത്തിലെ ബിജെപിയുടെ കരുത്തുറ്റ മുഖമായിരുന്നുവെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.

സംരംഭകനെ തടസ്സപ്പെടുത്തുന്ന നടപടി ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നുവെന്ന് കെ.ബി ഗണേഷ്‌കുമാര്‍ നിയമസഭയില്‍. സര്‍ക്കാരിന്റെ വ്യവസായ നയം ഈ ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണെന്നും ഇത്തരം ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാന്‍ നിയമം കൊണ്ടുവരണമെന്നും ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടു.
ഗണേഷ് കുമാറിന്റെ ആക്ഷേപം ശരിവച്ച തദ്ദേശമന്ത്രി എം.ബി രാജേഷും വ്യവസായ മന്ത്രി പി.രാജീവും സാങ്കേതികത്വത്തിന്റെ പേരില്‍ സംരംഭകര്‍ക്ക് തടസ്സമുണ്ടാക്കുന്നത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോവാദി പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ റോഡില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കുന്നമംഗലം ഫസ്റ്റം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. ഒന്നരമാസമായി ജയിലില്‍ ആയിരുന്നു ഗ്രോ വാസു.വീഡിയോ കോണ്‍ഫറന്‍സ് വഴിയാണു കോടതി വിധി പറഞ്ഞത്. ഐപിസി 283, 143, 147 വകുപ്പുകള്‍ പ്രകാരം കേസ് നിലനില്‍ക്കില്ലെന്നു കോടതി വ്യക്തമാക്കി. സര്‍ക്കാരിന് നല്‍കിയ ഇരുട്ടടിയാണ് കോടതിവിധിയെന്ന് ഗ്രോ വാസുവിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. 20 പ്രതികളുള്ള കേസില്‍ 17 പ്രതികളെ കോടതി വെറുതെ വിട്ടു.കേസിലെ കൂട്ടുപ്രതികളെല്ലാം 200 രൂപ പിഴയടച്ച് കോടതി നടപടികൾ അവസാനിപ്പിച്ചപ്പോൾ ഗ്രോ വാസു അതിന് തയ്യാറായില്ല. കോടതിയിൽ കേസ് പരിഗണിച്ചപ്പോഴൊന്നും ഹാജരായതുമില്ല. തുടർന്ന് കോടതി വാറണ്ടായാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.ഗ്രോ വാസു ജാമ്യമെടുക്കാനോ പിഴയടയ്ക്കാനോ തയാറായില്ല. തുടര്‍ന്ന് റിമാന്‍ഡ് ചെയ്തു കോഴിക്കോട് സബ് ജയിലിലേക്ക് മാറ്റുകയായിരന്നു. ജൂലൈ 29നാണ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്. കേസ് പരിഗണിച്ചപ്പോഴൊന്നും താന്‍ തെറ്റ് ചെയ്തില്ലെന്ന വാദത്തില്‍ നിന്ന് വാസു പിന്നോട്ട് പോയില്ല.കോഴിക്കോട് മെഡിക്കൽ കോളേജിൽ വഴി തടസപ്പെടുത്തിയതിൽ ആരാണ് പരാതിക്കാരെന്ന് ചോദിച്ച ഗ്രോ വാസു മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചതാണെന്നും കുറ്റപ്പെടുത്തിയിരുന്നു.

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രണ്ടു ആരോഗ്യ പ്രവർത്തകർക്കും നിപ്പ രോഗലക്ഷണം പ്രകടമായി. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ് രോഗലക്ഷണം പ്രകടിപ്പിച്ചത്. ഇവരുടെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ജില്ലയിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്ക പട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമുണ്ട്.

നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആയഞ്ചേരി പഞ്ചായത്തിൽ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന ഭരണസമിതിയുടെയും ആരോഗ്യപ്രവർത്തകരുടെയും അടിയന്തര യോഗത്തിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ തീരുമാനിച്ചു. ആയഞ്ചേരി പഞ്ചായത്തിലെ 1,2,3,4,5,12,13,14,15 തിരുവള്ളൂർ പഞ്ചായത്തിലെ 1,2,20 എന്നീ വാർഡുകളിൽ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കാനും പൊതുസമ്പർക്കം ഉണ്ടാവാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണമെന്നും അറിയിച്ചു. ഏത് സാഹചര്യവും നേരിടാൻ പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു.

മരിച്ച വ്യക്തിയുമായി നേരിട്ട് സമ്പർക്കമുള്ളവരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കുടുംബാരോഗ്യ കേന്ദ്രം പോലെയുള്ള സമ്പർക്ക സ്ഥലങ്ങളിലെ ലിസ്റ്റ് എടുത്ത് അവർക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ യോഗം ആവശ്യപ്പെടുകയും ചെയ്തു.

രോഗികളെ സന്ദർശിക്കാതിരിക്കാനും ആശുപത്രികളിൽ നിസ്സാരകാരണത്തിന് ചികിത്സയ്ക്ക് പോവാതിരിക്കാനും ശ്രദ്ധിക്കണമെന്നും മുഴുവൻ ജനങ്ങളും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആവശ്യപ്പെട്ടു. ഭയമോ ഭീതിയോ വേണ്ടെന്നും ജാഗ്രത മാത്രം മതിയെന്നും പ്രത്യേകം നിർദ്ദേശം നൽകി.

യോഗത്തിൽ പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.എം. ലതിക, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, ബ്ലോക്ക് മെമ്പർ സി.എച്ച്.മൊയ്തു, പഞ്ചായത്ത് ജനപ്രതിനിധികൾ, മെഡിക്കൽ ഓഫീസർ കെ. ഹൃദ്യ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ. സജീവൻ, എ.എസ്. രാജീവ്, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.

ന്യൂഡൽഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് സമർപ്പിച്ച ഹർജിയിൽ ഇടപെട്ട് സുപ്രീം കോടതി. ഹർജിയിൽ തുടർ നടപടി സ്വീകരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സിപിഎം നേതാവ് സമർപ്പിച്ച ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ ബാബുവാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ കെ ബാബുവിന് അനുകൂലമായി ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി കൂട്ടാക്കിയില്ല. തുടർന്ന് ഹൈക്കോടതിയ്ക്ക് കേസിലെ നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിർദ്ദേശം നൽകി.

മതചിഹ്നം ഉപയോഗിച്ച് കെ ബാബു വോട്ട് തേടി എന്നാണ് എം സ്വരാജ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞിരുന്നത്. ശബരിമല സ്ത്രീപ്രവേശം രാഷ്ട്രീയ വിവാദമായിരുന്ന സമയത്ത് അയ്യപ്പന്റെ പേരിൽ കെ ബാബു വോട്ട് തേടിയെന്നും പരാതിയിൽ പറയുന്നു.

എന്നാൽ അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചല്ല തനിക്ക് വോട്ട് കിട്ടിയതെന്ന് ബാബു വാദിക്കുന്നു. തിരഞ്ഞെടുപ്പ് ഹർജികൾ നൽകുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സ്വരാജ് പാലിച്ചില്ലെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ബാബു ആരോപിക്കുന്നുണ്ട്.

തിരുവനന്തപുരം: ജി20 ഉദ്യോഗസ്ഥ പ്രതിനിധികളും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും അതിമനോഹരവും സുരക്ഷിതവുമായ യാത്രയെന്ന് വിശേഷിപ്പിച്ച വാട്ടർമെട്രോ രാജ്യത്തിനാകെ മാതൃകയും അഭിമാനവുമാണെന്ന് മന്ത്രി പി രാജീവ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പരാമർശം.

കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച പത്താമത് വാട്ടർ മെട്രോ ബോട്ട് ഇന്ന് കൈമാറിയെന്നും അദ്ദേഹം അറിയിച്ചു. പ്രശസ്തമായ ഗസ്സീസ് ഇലക്ട്രിക് ബോട്ട് അവാർഡ് നേടിയ അത്യാധുനിക സംവിധാനങ്ങളുള്ള ബോട്ടുകൾ പൂർണമായും കേരളത്തിൽ തന്നെയാണ് നിർമ്മിക്കുന്നത്. പദ്ധതി ആരംഭിച്ച് അഞ്ച് മാസങ്ങൾക്കുള്ളിൽ 8.5 ലക്ഷം ആളുകൾ വാട്ടർ മെട്രോ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഈ മാസം തന്നെ കൂടുതൽ ബോട്ടുകളുടെ നിർമ്മാണം പൂർത്തിയാക്കി കൈമാറാൻ സാധിക്കുമെന്ന് ഷിപ് യാർഡ് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. പദ്ധതി മുഴുവനായും പൂർത്തീകരിക്കുന്നതോടെ കൊച്ചിയിലെ ഗതാഗതക്കുരുക്കിന് വലിയ രീതിയിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: നിപ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രിയും എംഎൽഎയുമായ കെ കെ ശൈലജ. നിപ പുതിയ വൈറസ് എന്ന നിലയിൽ നിപ 2018 ലെ സാഹചര്യം ഇന്നില്ലെന്ന് ശൈലജ വ്യക്തമാക്കി.

താരതമ്യേന റിസ്‌ക് കുറവാണെന്നും ഇപ്പോൾ പ്രോട്ടോകോളുണ്ടെന്നും ശൈലജ വിശദമാക്കി. കേന്ദ്ര അംഗീകാരം കിട്ടിയാൽ മാത്രമേ നിപ ഫല പ്രഖ്യാപനം കേരളത്തിൽ നിന്ന് നടത്താനാകൂ. നിലവിൽ പ്രഖ്യാപനം വരേണ്ടത് പൂനെയിൽ നിന്നാണെന്നും കെകെ ശൈലജ കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനത്ത് നിപ സംശയിച്ചപ്പോൾ തന്നെ കോഴിക്കോട്ട് നിപ കൺട്രോൾ സെൽ ആരംഭിച്ചു. കോണ്ടാക്ട് ട്രെയ്സിംഗും സർവയലൻസ് പ്രവർത്തനങ്ങളും ഇന്നലെ തന്നെ ആരംഭിച്ചു. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. കോണ്ടാക്ട് ട്രെയ്സിംഗ്, ചികിത്സ, മരുന്ന്, സുരക്ഷാ ഉപകരണങ്ങൾ, വിവിധ ആശുപത്രികളുടെ ഏകോപനം, ഡേറ്റ മാനേജ്മെന്റ്, കൗൺസിലിംഗ്, മീഡിയ എന്നിവയുടെ ഏകോപനം കൺട്രോൾ സെല്ലിൽ സജ്ജമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് സംശയദൂരീകരണത്തിനായി 0495 2383100 , 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പരുകളിൽ നമ്പറുകളിൽ ബന്ധപ്പെടാം. രോഗലക്ഷണങ്ങൾ ഉള്ളവർ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ പാലിക്കണം.

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടോർ വാഹന വിജ്ഞാപനം ദുർവ്യാഖ്യാനം ചെയ്ത് സംസ്ഥാനത്ത് കോൺട്രാക്ട് കാര്യേജ് ബസുകൾ സ്റ്റേജ് കാര്യേജ് വാഹനങ്ങളായി ഓടിക്കുന്നത് കർശനമായി തടയാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.

വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കിയുള്ള ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസ് പെർമിറ്റ് നൽകുന്നതിന്റെ ഭാഗമായുള്ള പുതിയ വിജ്ഞാപനത്തിന്റെ പേരിൽ കോൺട്രാക്ട് കാര്യേജ് ബസുകൾ സ്റ്റേജ് കാര്യേജ് ബസുകളായി ഉപയോഗിക്കാൻ കഴിയില്ല. മോട്ടോർ വാഹന നിയമമനുസരിച്ച് കോൺട്രാക്ട് കാര്യേജ്, സ്റ്റേജ് കാര്യേജ് എന്നിങ്ങനെ രണ്ട് വിധം സർവീസ് ബസുകൾ മാത്രമാണുള്ളത്. ഇവയുടെ നിർവചനത്തിൽ തന്നെ ഉപയോഗവും രണ്ട് രീതിയിലാണ്. അതിനാൽ നിയമം ദുർവ്യാഖ്യാനം ചെയ്ത് സർവ്വീസ് നടത്തുന്ന വാഹനങ്ങളുടെ ഉടമകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും. നിയമ ലംഘനം നടത്തി ഓടുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം വാഹന ഉടമയ്ക്കായിരിക്കുമെന്ന് ഗതാഗത കമ്മിഷണർ അറിയിച്ചു.

വിജ്ഞാപനത്തിന്റെ പേരിൽ നടത്തുന്ന നിയമ ലംഘനം സ്വകാര്യ സ്റ്റേജ് കാര്യേജ് ബസുകളുടെയും കെ.എസ്.ആർ.ടി.സി ബസുകളുടെയും പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. സംസ്ഥാനത്തിനകത്ത് പൊതു സ്വകാര്യ മേഖലകളിലെ സ്റ്റേജ് കാര്യേജുകളിൽ ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്നു. അവരുടെ തൊഴിലിനെ ബാധിക്കുന്ന വിധം നിയമത്തെ ദുർവ്യാഖ്യാനം ചെയ്തു നടത്തുന്ന നിയമലംഘനങ്ങൾ അനുവദിക്കില്ല. നിയമ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആർടിഒമാരുടെയും ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർമാരുടെയും നേതൃത്വത്തിൽ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്താൻ യോഗം തീരുമാനിച്ചു. തിരുവനന്തപുരത്ത് മോട്ടോർ വാഹന വകുപ്പ് ആസ്ഥാനത്ത് നടന്ന ഉന്നതതല യോഗത്തിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ, നിയമ വിദഗ്ധർ, ഗതാഗത വകുപ്പിലെയും മോട്ടോർ വാഹന വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

നിപ പശ്ചാത്തലത്തില്‍ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് അറ്റന്‍ഡ് ചെയ്യാവുന്ന തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസിന് നിര്‍ദേശം നല്‍കി.സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവരുടെ പരീക്ഷകള്‍ പിന്നീട് നടത്തുന്നതാണ്. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു.നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഏഴു ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14,15 വാര്‍ഡുകള്‍, മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14 വാര്‍ഡുകള്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് – 1,2,20 വാര്‍ഡുകള്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് – 3,4,5,6,7,8,9,10 വാര്‍ഡുകള്‍, കായക്കൊടി ഗ്രാമപഞ്ചായത്ത് – 5,6,7,8,9 വാര്‍ഡുകള്‍, വില്യപ്പളളി ഗ്രാമപഞ്ചായത്ത് – 6,7 വാര്‍ഡുകള്‍, കാവിലും പാറ ഗ്രാമപഞ്ചായത്ത് – 2,10,11,12,13,14,15,16 വാര്‍ഡുകള്‍. കണ്ടെയിന്‍മെന്റ് സോണായ ഈ പ്രദേശങ്ങളില്‍ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ലെന്നും കളക്ടർ അറിയിച്ചുവെന്നും മന്ത്രി തന്റെ ഫേസ്‌ബുക്കിലൂടെ കുറിച്ചു