Kerala (Page 335)

സോളർ കേസിലെ സിബിഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തന്വേഷണം വേണമെന്നു കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി ചേർന്നു തീരുമാനിക്കണമെന്നു ദേശീയ നേതൃത്വം നിർദേശിച്ചെങ്കിലും സമിതി എന്നു ചേരുമെന്ന കാര്യത്തിൽ തീരുമാനമായില്ല. നേതാക്കൾ പുറത്തു വ്യത്യസ്ത നിലപാടുകൾ പറയുന്നതു ക്ഷീണമുണ്ടാക്കുന്ന സാഹചര്യത്തിലാണു രാഷ്ട്രീയകാര്യ സമിതി ചേർന്നു പൊതുനിലപാടെടുക്കാൻ ഹൈദരാബാദിൽ പ്രവർത്തകസമിതി യോഗത്തിനെത്തിയപ്പോൾ നിർദേശം ലഭിച്ചത്.

നിയമ ‌വിദഗ്ധരുമായി ചർച്ച തുടങ്ങിയെന്നു ചില നേതാക്കൾ പറയുന്നുണ്ടെങ്കിലും ഗൗരവമുള്ള ചർച്ചയൊന്നും ഇതുവരെയുണ്ടായിട്ടില്ല.പ്രധാന നേതാക്കളെല്ലാം കേരളത്തിനു പുറത്തായതാണു രാഷ്ട്രീയകാര്യ സമിതി ചേരുന്നതിൽ അനിശ്ചിതത്വമുണ്ടാക്കുന്നത്. ഖത്തറിലുള്ള പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഡൽഹിയിലുള്ള കെപിസിസി പ്രസിഡന്റ് കെ.സുധാകരനും തിങ്കളാഴ്ചയോടെയേ തലസ്ഥാനത്തെത്തുകയുള്ളൂ. യുഎസ് പര്യടനശേഷം രമേശ് ചെന്നിത്തല അടുത്തമാസം ആദ്യമാണെത്തുക.

തിരുവനന്തപുരം: പുതിയ വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ഇ ടി മുഹമ്മദ് ബഷീർ എംഎൽഎയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിനങ്ങളിൽ ഇതിനായി റെയിൽവേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും ഇ ടി മുഹമ്മദ് ബഷീർ നേരിൽ കണ്ടിരുന്നു. ഇനി ആദ്യത്തെ വന്ദേ ഭാരതിന് കൂടി സ്റ്റോപ്പ് അനുവദിക്കണമെന്നും അതിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എംപി വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം വിശദമാക്കിയത്.

ഞായറാഴ്ചയാണ് കേരളത്തിലെ രണ്ടാമത്തെ വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് നടക്കുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, ഷൊർണൂർ, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് തിരൂരിനെ കൂടാതെ രണ്ടാം വന്ദേഭാരതിന് സ്റ്റോപ്പുള്ളത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

വലിയൊരു സന്തോഷ വാർത്ത പങ്കുവെക്കുകയാണ് . പുതിയ വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു .

കഴിഞ്ഞ ദിനങ്ങളിൽ ഇതിനായി റെയിൽവേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും നേരിൽ കണ്ടിരുന്നു .

ഇനി ആദ്യത്തെ വന്ദേ ഭാരതിന് കൂടി സ്റ്റോപ്പ് അനുവദിക്കണം , അതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് .2013 നും 2017 നും സമാനമായി ഈ വര്‍ഷം ഡെങ്കി്പപനി രോഗവ്യാപനം കൂടുതലാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉള്‍പ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമഗ്രമായ രീതിയില്‍ തുടരേണ്ടത് രോഗപ്പകര്‍ച്ച തടയുന്നതിനും രോഗനിയന്ത്രണത്തിനും അനിവാര്യമാണ്. ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിനായി കൂട്ടായ പ്രവര്‍ത്തനം അനുവാര്യമെന്നും മന്ത്രി പറഞ്ഞു.പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടന്നു. ആരോഗ്യ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതാണെന്ന് നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ജില്ലാ കളക്ടര്‍മാരുമായി കൂടിയാലോചിച്ച് വിവിധ വകുപ്പുകളും ജനപ്രതിനിധികളുമായും ചര്‍ച്ച ചെയ്ത് വാര്‍ഡുതലം മുതലുള്ള ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. ജില്ലകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും എല്ലാ ജില്ലാകളിലെയും ഹോട്ട് സ്‌പോര്‍ട്ടുകള്‍ കൈമാറുകയും പ്രസിദ്ധികരിക്കുകയും വേണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ മുസ്ലീംലീഗ് നേതാവ് കെഎം ഷാജി നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധം രേഖപ്പെടുത്തി മന്ത്രി ആർ ബിന്ദു. ഷാജിയുടെ സ്ത്രീവിരുദ്ധ മനോഭാവത്തേയും സംസ്‌കാരശൂന്യതയേയും ശക്തമായി അപലപിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

ഷാജിയും ലീഗും വെറും സാധനങ്ങൾ മാത്രമായാണ് സ്ത്രീകളെ കാണുന്നതെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുന്നു. രണ്ടാം പ്രാവശ്യവും ജയിച്ച് മന്ത്രിയായി മുന്നോട്ടു പോകുന്ന മിടുക്കിയായ വീണയെ, പല തവണ പരാജയപ്പെട്ട ഷാജി കുശുമ്പുകുത്തുന്നത് കാണുമ്പോൾ സ്വബോധമുള്ളവർക്ക് പ്രതികരിക്കാതിരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ആരോഗ്യമന്ത്രി സ വീണാ ജോർജ്ജിനെതിരായി കെ എം ഷാജി നടത്തിയ പരാമർശത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. വിദ്യാസമ്പന്നയും ബുദ്ധിമതിയും കർമ്മകുശലയുമായ സ. വീണ ഇതിനകം തന്റെ പ്രാഗത്ഭ്യവും ഇടപെടൽ ശേഷിയും നേതൃപാടവവും മികച്ച നിലയിൽ തെളിയിച്ച വനിതാരത്‌നമാണ്. അവരെ അന്തവും കുന്തവുമില്ലാത്ത ”സാധനം” എന്നാണ് ഷാജി വിശേഷിപ്പിച്ചത്. ഷാജിയും അദ്ദേഹത്തിന്റെ പാർട്ടിയും വെറും സാധനങ്ങൾ മാത്രമായാണ് സ്ത്രീകളെ തങ്ങൾ കാണുന്നത് എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുന്നു.

മികച്ച ഭൂരിപക്ഷത്തിന് രണ്ടാം പ്രാവശ്യവും സ്വന്തം മണ്ഡലത്തിൽ നിന്ന് ജനസമ്മതി നേടി ജയിച്ചു വന്ന് മന്ത്രിയായി ഏവരുടെയും അഭിനന്ദനങ്ങൾ ഏറ്റു വാങ്ങി മുന്നോട്ടു പോകുന്ന മിടുക്കിയായ വീണയെ, പല തവണ പരാജയപ്പെട്ട ഷാജി കുശുമ്പുകുത്തുന്നത് കാണുമ്പോൾ, ആ വിരോധാഭാസത്തിൽ സ്വബോധമുള്ളവർക്ക് പ്രതികരിക്കാതിരിക്കാനാവില്ല. ഷാജിയുടെ സ്ത്രീവിരുദ്ധ മനോഭാവത്തേയും സംസ്‌കാരശൂന്യതയേയും ശക്തമായി അപലപിക്കുന്നു.

covid

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. പാവപ്പെട്ടവർ ജീവിതകാലമാകെ സമ്പാദിച്ച് നിക്ഷേപിച്ച തുക കൊള്ളയടിച്ചവരെ വെറുതെ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളന്മാർ ഇഡിയെ പേടിച്ച് നടക്കുകയാണ്. അന്വേഷണം കേന്ദ്ര വേട്ടയെന്ന മുഖ്യമന്ത്രിയുടെ ആരോപണം മടക്കി പോക്കറ്റിൽ വച്ചാൽ മതി. സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതു പാവപ്പെട്ടവരാണ്. പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ചിട്ടു മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി സെക്രട്ടറിയും അതിനെ ന്യായീകരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു മന്ത്രി ചോദിക്കുന്നത് 150 കോടി ചെറിയ തുകയല്ലേ എന്നാണ്. സാധാരണക്കാരൻ അവന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്കുവേണ്ടി മാറ്റിവയ്ക്കുന്ന പണമാണ് കൊള്ളയടിച്ചത്. എ സി മൊയ്തീന് ഒന്നും ഒളിക്കാനില്ലെങ്കിൽ എന്തിനാണ് ഒളിച്ചുനടക്കുന്നതെന്ന് വി മുരളീധരൻ ചോദിക്കുന്നു.

മൊയ്തീന് ഒരു ഉത്തരവാദിത്തവും ഇക്കാര്യത്തിൽ ഇല്ലെങ്കിൽ ഇഡിയുടെ മുൻപിൽ ഹാജരായിക്കൂടെയെന്നും ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞുകൂടെയെന്നും അദ്ദേഹം ചോദിച്ചു. സമാനകേസുകളിൽ ഇഡി ആർക്കെതിരെയും കള്ളക്കേസ് എടുത്തിട്ടില്ല. ഈ കള്ളന്മാർ ഇഡിയെ പേടിച്ചു നടക്കുകയാണ്. ഇഡി പിടിച്ചുകഴിഞ്ഞാൽ അകത്താണ്. അറസ്റ്റ് ചെയ്തശേഷം തെളിവ് അന്വേഷിക്കുന്നവരല്ല. തെളിവു കിട്ടയതിനു ശേഷമാണ് ഇഡിയുടെ തുടർനടപടികളെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓണത്തിന് 21.88 കോടിയുടെ ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങൾ വിറ്റഴിച്ചതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ. കഴിഞ്ഞവർഷം ഈ സമയം 17.81 കോടി രൂപയായിരുന്നു വിൽപ്പന. 4.7 കോടിയുടെ അധിക വിൽപ്പനയാണ് ഈ വർഷം ലഭിച്ചത്.

കഴിഞ്ഞ ഓണത്തെക്കാൾ റിബേറ്റ് കാലയളവ് ഈ ഓണത്തിന് വളരെ കുറവായിരുന്നിട്ടും അധിക വില്പന കൈവരിക്കാൻ കഴിഞ്ഞത് വലിയൊരു നേട്ടമായി ബോർഡ് കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആകർഷകമായ സമ്മാനങ്ങൾ പ്രഖ്യാപിച്ചും, പതിവിന് വിപരീതമായി പുതു തലമുറ ഖാദി വസ്ത്രങ്ങൾ വിപണിയിൽ ഇറക്കിയും ഖാദി വസ്ത്രങ്ങളുടെ പ്രചാരണം വർദ്ധിപ്പിച്ചും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചതിന്റെയും ഫലമാണ് ഈ വർദ്ധനവ്. സമ്മാന പദ്ധതിയിൽ ഒന്നാം സമ്മാനമായി ടാറ്റാ ടിയാഗോ ഇലക്ട്രിക്ക് കാറും രണ്ടാം സമ്മാനമായി ഓല ഇലക്ട്രിക് സ്‌കൂട്ടറും മൂന്നാം സമ്മാനമായി ജില്ലകൾ തോറും ഓരോ പവനുമാണ് നൽകുന്നത്. തിരുവനന്തപുരം ലോട്ടറി ഓഫീസിൽ വച്ച് ഒക്ടോബർ 20 ന് നറുക്കെടുക്കും.

സർക്കാർ അർധ സർക്കാർ ജീവനക്കാർ ബുധനാഴ്ച തോറും ഖാദിവസ്ത്രം ധരിക്കണമെന്ന സർക്കാർ നിർദ്ദേശത്തിന്റെ ചുവടുപിടിച്ച് ജീവനക്കാരുടെ സംഘടനകളുമായി ഇടപെടലുകൾ നടത്തുന്നുണ്ട്. ‘കുടുംബത്തിനാകെ ഓണക്കോടിയായി ഖാദി വസ്ത്രം എന്ന സന്ദേശമാണ് ഈ ഓണത്തിന് ഖാദി ബോർഡ് മുന്നോട്ടുവെച്ചത്. അത് ജനങ്ങൾ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ഈ വിൽപ്പനയിൽ കാണുന്നത്. ഓണക്കാലത്ത് നടത്തിയ നിരവധി ഖാദി മേളകളോടൊപ്പം സർക്കാർ സ്ഥാപനങ്ങളും സ്‌കൂളുകളും കേന്ദ്രീകരിച്ചു പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചിരുന്നു.

154 ആം ഗാന്ധിജയന്തി വരാഘോഷത്തോടനുബന്ധിച്ച് നിരവധി പരിപാടികൾ ബോർഡ് സംഘടിപ്പിക്കുന്നുണ്ട്. നാളെ (23) മുതൽ ഒക്ടോബർ 3 വരെയാണ് ആഘോഷം. തിരുവനന്തപുരത്ത് ഈ മാസം 25 മുതൽ ഒക്ടോബർ മൂന്നു വരെ അയ്യങ്കാളി ഹാളിൽ ഖാദി മേള സംഘടിപ്പിക്കും. മേളയോടനുബന്ധിച്ച് വൈകുന്നേരം നാലു മണിക്ക് സാംസ്‌കാരിക സായാഹ്നം എന്ന പേരിൽ വിവിധ കലാപരിപാടികളും നടത്തും.

ഗാന്ധിജയന്തി പ്രമാണിച്ച് ഖാദി വസ്ത്രങ്ങൾക്ക് 30% വരെ സർക്കാർ റിബേറ്റു നൽകും. സർക്കാർ അർധ സർക്കാർ, ബാങ്ക് പൊതുമേഖല ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് വ്യവസ്ഥയിൽ ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങളും വാങ്ങാവുന്നതാണ്. കൂടാതെ ജില്ലകൾ തോറും ഗാന്ധിജയന്തി ക്വിസ് മത്സരം, സ്വാതന്ത്ര്യ സമര സേനാനികളെയും ഖാദി വസ്ത്രം ജീവിതചര്യയാക്കിയവരെയും ആദരിക്കൽ, ഘോഷയാത്രകൾ, സെമിനാറുകൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും. ആഴ്ചയിൽ ഒരു ദിവസം ‘തൂവെള്ളഖാദിവസ്ത്രം’ ധരിക്കുന്നതിന് ചില സാമൂഹിക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. നോളജ് സിറ്റിയുമായുള്ള എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ വിദേശരാജ്യങ്ങളുമായി വ്യാപാരം വർദ്ധിപ്പിക്കുന്ന നടപടിയെടുത്തു വരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഈ സാമ്പത്തിക വർഷം 150 കോടി വിൽപ്പന എന്ന ലക്ഷ്യമാണ് ബോർഡിനുള്ളത്. ഖാദിബോർഡ് നിന്നും വായ്പ എടുത്തു കുടിശികയായവർക്ക് കുടിശ്ശികനിവാരണത്തിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കുകയാണ്. പാറ്റേൺ, കൺസോർഷ്യം ബാങ്ക് ക്രെഡിറ്റ്(CBC) സ്‌കീം എന്നിവയിൽ വായ്പയെടുത്തു കുടിശ്ശികയായവർക്ക് പിഴപ്പലിശ, പലിശ എന്നിവ കുറച്ചോ ഒഴിവാക്കിയോ ഒറ്റത്തവണ തീർപ്പാക്കലിന് നടപടി സ്വീകരിക്കും. അദാലത്ത് ഒക്ടോബർ 9 ന് തിരുവനന്തപുരം വട്ടിയൂർക്കാവ് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ വച്ച് ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിലെ അദാലത്തുകൾക്ക് ശേഷം ഒക്ടോബർ 20 ന് കണ്ണൂർ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ വെച്ച് സമാപന ചടങ്ങ് നടത്തുമെന്നും പി. ജയരാജൻ ചൈത്രം ഹോട്ടലിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.

കൊച്ചി: ഏതൊരു നാടിന്റെയും വികസന മുന്നേറ്റത്തിന് ഊർജ്ജം പകരുന്ന കാര്യമാണ് അവിടത്തെ പൊതുഗതാഗത രംഗത്തിന്റെ വളർച്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോ 2022-23 സാമ്പത്തിക വർഷത്തിൽ വരുമാനത്തിലുണ്ടായ 145% വർദ്ധനവുവഴി പ്രവർത്തന ലാഭം നേടിയിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 2017 ജൂണിൽ സർവ്വീസ് ആരംഭിച്ച കൊച്ചി മെട്രോ കോവിഡ് മഹാമാരി കാലത്തെ പ്രതിസന്ധികളെയും മറികടന്നാണ് പ്രവർത്തന ലാഭം കൈവരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൊച്ചി മെട്രോയുടെ പ്രവർത്തന വരുമാനം 2020-21 വർഷത്തിലെ 54.32 കോടി രൂപയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 134.04 കോടി രൂപയായി ഉയർന്നിരിക്കുന്നു. യാത്രക്കാരുടെ എണ്ണത്തിൽ വന്ന വർദ്ധനവാണ് ഇതിനു കാരണം. കൊച്ചി മെട്രോ ആരംഭിച്ച 2017 ൽ 59,894 ആളുകളാണ് ഇതിലൂടെ യാത്ര ചെയ്തത്. കൊവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡി (കെഎംആർഎൽ)ന്റെ പരിശ്രമങ്ങളുടെ ഫലമായി പിന്നീട് കൂടുതൽ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാൻ സാധിച്ചു. ഇതിന്റെ ഭാഗമായി 2023 ജനുവരിയിൽ ശരാശരി യാത്രക്കാരുടെ എണ്ണം 80,000 കടക്കുകയും ഇത് ഒരു ലക്ഷത്തിലധികം എന്ന സംഖ്യയിലേക്കുമെത്തുകയുണ്ടായെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അത്യാധുനിക പശ്ചാത്തല സൗകര്യങ്ങൾ ഏതൊരു വികസിത സമൂഹത്തിനും അനിവാര്യമായ കാര്യമാണ്. ഒരു വിജ്ഞാന സമൂഹമായി കേരളത്തെ വാർത്തെടുക്കാൻ വിവിധ നടപടികളുമായി മുന്നോട്ടുപോകുകയാണ് എൽഡിഎഫ് സർക്കാർ. കാര്യക്ഷമവും വികസിതവുമായ പൊതുഗതാഗത സംവിധാനങ്ങളൊരുക്കാനും സർക്കാർ പദ്ധതികൾ ആവിഷ്‌കരിച്ചു വരുന്നു. കേരളത്തിന്റെ അഭിമാന സംരംഭമായ കൊച്ചി മെട്രോ പ്രവർത്തന ലാഭം കൈവരിച്ചിരിക്കുന്നുവെന്നത് നമ്മുടെ ഈ വികസനക്കുതിപ്പിന് ശക്തി പകരുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മന്ത്രി ഓഫീസുകളുടെ പ്രവർത്തനം സംബന്ധിച്ച് നിർദ്ദേശവുമായി സിപിഎം. മന്ത്രി ഓഫീസുകളുടെ പ്രവർത്തനം മെച്ചപ്പെടണമെന്ന് സിപിഎം വ്യക്തമാക്കി. മന്ത്രി ഓഫീസുകൾ രാത്രി ഒമ്പത് മണി വരെ പ്രവർത്തിക്കണമെന്ന നിർദ്ദേശം പാലിക്കപ്പെടുന്നില്ലെന്ന വിമർശനവും പാർട്ടി ഉയർത്തി.

കഴിഞ്ഞ ദിലവസം ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് മന്ത്രി ഓഫീസുകളിലെ പ്രവർത്തനത്തിലെ വീഴ്ച ചർച്ച ചെയ്തത്. രാത്രി ഒൻപത് മണി വരെ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് പാർട്ടി നേരത്തെ എടുത്ത നിർദ്ദേശം പാലിക്കപ്പെടുന്നില്ലെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു.

ഇതിൽ അടിയന്തരമായി മാറ്റം വരുത്തണമെന്ന കർശന നിർദ്ദേശമാണ് പാർട്ടി മുന്നോട്ടുവെച്ചത്. സർക്കാരിനെ ചുറ്റിപ്പറ്റി ഇപ്പോഴും അധികാര കേന്ദ്രങ്ങളായി മാറുന്നവർ ചിലരുണ്ടെന്നുളള വിമർശനവും യോഗം ഉയർത്തിക്കാട്ടി. ഇത് മാറണമെന്നും യോഗം ആവശ്യപ്പെട്ടു.

കോട്ടയം: മാത്യൂ കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണ ചുമതല കോട്ടയം റെയ്ഞ്ച് എസ്.പി വിനോദ് കുമാറിന്. ചിന്നക്കനാലിൽ ഭൂമിയും റിസോർട്ടും വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് മാത്യു കുഴൽനാടനെതിരെ അന്വേഷണം നടക്കുന്നത്. പ്രാഥമിക അന്വേഷണമാണ് വിജിലൻസ് ഇപ്പോൾ നടത്തുന്നത്. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17ാം വകുപ്പ് അനുസരിച്ചാണ് അന്വേഷണത്തിന് അനുമതി നൽകിയത്.

അതേസമയം, റിസോർട്ടിന്റെ ലൈസൻസിൽ പ്രവർത്തിച്ചിരുന്ന നിർമിതിക്ക് ഇപ്പോൾ ഹോം സ്റ്റേ ലൈസൻസ് എന്ന നിലയിൽ പഞ്ചായത്ത് പ്രവർത്തന അനുമതി നൽകിയിട്ടുണ്ട്. മാത്യു കുഴൽ നാടൻറെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ കെട്ടിടം ഭൂപതിവ് ചട്ടം ലംഘിച്ചാണ് നിർമിച്ചതെന്നാണ് ഉയരുന്ന ആരോപണം. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനനാണ് ആരോപണം ഉന്നയിച്ചത്. ഭൂമി വാങ്ങിയതിൽ നികുതി വെട്ടിച്ചുവെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ ചോദ്യംചെയ്യലിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ മർദിച്ചെന്ന സി.പി.എം. കൗൺസിലറുടെ പരാതിയിൽ കേസെടുക്കാതെ കൊച്ചി സിറ്റി പോലീസ്. 19-നാണ് തൃശ്ശൂർ വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലറും സി.പി.എം. അംഗവുമായ പി.ആർ. അരവിന്ദാക്ഷൻ ഇ.ഡി.ക്കെതിരേ പരാതിയുമായി രംഗത്തുവന്നത്. അരവിന്ദാക്ഷന്റെ പരാതിയിൽ കേസെടുത്തെന്ന് വെള്ളിയാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. എന്നാൽ, പ്രാഥമികാന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറഞ്ഞത്.12-ന് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ചോദ്യം ചെയ്യുന്നതിനിടെ രണ്ട് ഉദ്യോഗസ്ഥർ മർദിച്ചെന്നാണ് പരാതി. കൂടുതൽ അന്വേഷണത്തിനുശേഷമേ കേസെടുക്കൂവെന്നാണ് അറിയുന്നത്. പരാതി കിട്ടിയ ഉടൻ ഇ.ഡി. ഓഫീസിൽ പോലീസ് പരിശോധന നടത്തിയെങ്കിലും തുടർനടപടി സ്വീകരിച്ചിട്ടില്ല. അരവിന്ദാക്ഷന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. കേസെടുക്കുന്നതിൽ പോലീസിന് ആശയക്കുഴപ്പം തുടരുന്നതായാണ് സൂചന. കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരേ സംസ്ഥാന പോലീസ് കേസെടുക്കുന്നത് അപൂർവമാണ്. അതിനാൽത്തന്നെ ഡി.ജി.പി.യുടെ നിർദേശത്തിനനുസരിച്ചാകും തുടർനടപടികൾ