Kerala (Page 333)

തിരുവനന്തപുരം: ധനവകുപ്പ് പണം അനുവദിച്ചാൽ ഉടൻതന്നെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സാമ്പത്തിക പരിമിതി കാരണമാണ് പണം അനുവദിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന് സാമ്പത്തികമായ പരിമിതിയുണ്ട്. ഇക്കാര്യം ധനമന്ത്രി തന്നെ അടുത്തിടെ പറയുകയും ചെയ്തു. ഈ മാസത്തേക്ക് 70 കോടി രൂപ അനുവദിക്കാൻ ധനമന്ത്രി തീരുമാനിച്ചത് ഈ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തന്നെയാണ്. ശമ്പളം കൊടുക്കാൻ വേണ്ടി 40 കോടി രൂപ കൂടി അനുവദിക്കുമെന്ന് ധനമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ആന്റണി രാജു അറിയിച്ചു.

അതേസമയം, യൂണിയൻ നേതൃത്വവും മാനേജ്മെന്റും തമ്മിലുള്ള ചർച്ചയിൽ ഓണം അലവൻസ് നൽകുന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫന്റ്‌ലി ഏബിൾഡ്, തിരുവനന്തപുരം ഓഫീസിലേക്ക് അപ്പർ ഡിവിഷൻ ക്ലർക്ക് – ഗ്രൂപ്പ് സി തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലെവൽ 4 – ൽ 25,500 – 81,1000 രൂപ പേസ്‌കെയിലിൽ കേന്ദ്ര, സംസ്ഥാന ഗവൺമെന്റ് സർവീസിലുള്ളവർക്ക് അപേക്ഷിക്കാം.

നിർദിഷ്ട യോഗ്യത തെളിയിക്കുന്ന രേഖകൾ, അവസാന അഞ്ച് വർഷത്തെ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോമുൾപ്പെടെഅസിസ്റ്റന്റ് ഡയറക്ടർ ഓഫ് എംപ്ലോയ്‌മെന്റ്, നാഷണൽ കരിയർ സെന്റർ ഫോർ ഡിഫറന്റിലി ഏബിൾഡ്, നാലാഞ്ചിറ പി. ഒ. തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് 31.

തിരുവനന്തപുരം: വേളി ഗവ. യൂത്ത് ഹോസ്റ്റലിൽ മാനേജർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്കാണ് നിയമനം. 12,000 രൂപ ഓണറേറിയവും സൗജന്യ താമസ സൗകര്യവും ലഭിക്കും.

പ്രായം 35-നും 62-നും ഇടയിൽ ആയിരിക്കണം. ബിരുദമാണ് യോഗ്യത. മൂന്നു വർഷം ഹോസ്റ്റൽ / ഹോട്ടൽ ഇൻഡസ്ട്രിയിൽ പ്രവർത്തന പരിചയം വേണം. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് മുൻഗണന. വിശദവിവരങ്ങൾക്കും അപേക്ഷ ഫോമിനും: 0471 2501230, 7902501230. അപേക്ഷ ആഗസ്റ്റ് 31നകം നൽകണം.

എറണാകുളം: കൊച്ചിയിൽ വൻ ലഹരിവേട്ട. 40 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. കൊച്ചിയിൽ എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. മട്ടാഞ്ചേരി പുതുക്കാട്ട് പറമ്പ് സ്വദേശി സഫീറാണ് അറസ്റ്റിലായത്. നാലു ലക്ഷം രൂപയും മൊബൈൽ ഫോണും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

ഇടനിലക്കാരെ ഉപയോഗിച്ച് കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ഇയാൾ മയക്കുമരുന്ന് എത്തിച്ച് കൊടുത്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ബെംഗളൂരുവിൽ നിന്നാണ് ഇയാൾ എംഡിഎംഎ വാങ്ങുന്നത്. ആവശ്യക്കാർക്ക് പറയുന്നിടത്ത് ആർക്കും സംശയം തോന്നാത്ത രീതിയിൽ ലഹരി മരുന്ന് എത്തിച്ചു കൊടുക്കുന്നതായിരുന്നു ഇയാളുടെ രീതി.

കോട്ടയം : മാധ്യമങ്ങളുടെ ഔദാര്യം പറ്റി മന്ത്രിയായ വ്യക്തിയല്ല മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകേണ്ട കാര്യവുമില്ല. മാസപ്പടി വിവാദങ്ങൾക്ക് അദ്ദേഹം മറുപടി പറയേണ്ട കാര്യമില്ലെന്നും , പറയേണ്ട സമയത്ത് കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പത്രപുത്രനല്ലെന്നും മന്ത്രി വി. എൻ വാസവൻ. ചില നേതാക്കൾ ദിവസവും ഫോട്ടോയും വാർത്തയും മാധ്യമങ്ങളിൽ വന്നില്ലെങ്കിൽ ഫീൽഡ് ഔട്ട്‌ ആയേക്കാം എന്നാൽ ഇടതുപക്ഷ രാഷ്ട്രീയത്തിൽ അങ്ങനെയൊരു പ്രശ്നമില്ല.

കാലുവാരാനും ചോദ്യം ചെയ്യാനും സ്ഥാനം തട്ടിയെടുക്കാനുമുള്ള പ്രവണതകൾ ഉള്ള സ്വഭാവം ഇടതുപക്ഷത്തിനില്ലെന്നും മുഖ്യമന്ത്രി പറയേണ്ട കാര്യങ്ങൾ കൃത്യ സമയത്ത് പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പത്രപുത്രനായതിലൂടെ നേതാവായ വ്യക്തിയല്ല പിണറായി വിജയൻ, സ്വന്തം നിശ്ചയദാർഢ്യത്തിലൂടെ ഏതു പ്രതിസന്ധികളെയും മറികടന്നു വന്ന നേതാവാണ്, സഹനശക്തിക്ക് ഒരു ഓസ്കാർ അവാർഡ് കൊടുത്താൽ അത് കേരളത്തിലെ മുഖ്യമന്ത്രിക്ക് ലഭിക്കുമെന്നും മന്ത്രി വാസവൻ പറഞ്ഞു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് പിന്തുണയുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ കെ ശൈലജ. വീണയെ വ്യക്തിഹത്യ ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് ശൈലജ പറഞ്ഞു. ഇടതുനേതാക്കൾക്കെതിരായുള്ള വ്യക്തി അധിക്ഷേപം ആദ്യ സംഭവമല്ലെന്നും ശൈലജ അഭിപ്രായപ്പെട്ടു.

ഇത് പുതിയതായിട്ട് തുടങ്ങിയ കാര്യമല്ല. എത്രയോ കാലമായിട്ട് ഇടതുപക്ഷ പാർട്ടികൾക്കും നേതാക്കൾക്കുമെതിരെ ആക്രമണം നടത്തുകയാണ്. അതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും ശൈലജ ചൂണ്ടിക്കാട്ടി.

ഇപ്പോൾ ഒരു ആരോപണം ഉന്നയിക്കുക, പിന്നീട് അതിനെ വിട്ട് മറ്റൊരു ആരോപണം ഉന്നയിക്കുക. മുഖ്യമന്ത്രി ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. അദ്ദേഹത്തിന്റെ കുടുംബത്തെ വ്യക്തിഹത്യ ചെയ്യാൻ പുറപ്പെടുന്നത് സമൂഹം മനസ്സിലാക്കും. അങ്ങനെ ആഗ്രഹിക്കുന്നവർക്ക് അതിന്റെ വിപരീതഫലമാണ് ഉണ്ടാവുകയെന്നും ശൈലജ കൂട്ടിച്ചേർത്തു.

പാലക്കാട്‌ : മാത്യു കുഴൽനാടൻ എംഎൽഎയുടേത് അനാവശ്യ ആരോപണങ്ങളാണെന്നും മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണ് വീണയെ ക്രൂശിക്കുന്നതെന്നും പ്രതികരിച്ച് സിപിഎം നേതാവ് എ കെ ബാലൻ. വീണ ഐ ജി എസ് ടി നൽകിയില്ലെന്ന വാദത്തിൽ മാത്യു കുഴൽ നാടൻ എംഎൽഎ ഉറച്ചു നിൽക്കാൻ തയ്യാറാണോ, എന്നാൽ എല്ലാ മാസവും ഇത് കൊടുത്തതിന്റെ രേഖ പുറത്തുവിട്ടാൽ കുഴൽനാടൻ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാകുമോ, എന്നായിരുന്നു എ കെ ബാലന്റെ എംഎൽക്കെതിരെയുള്ള വിമർശനം.

വാസ്തവമില്ലാത്ത കാര്യങ്ങൾ എന്തിനാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ആരോപണവുമായി ബന്ധപ്പെട്ട് ഇതുവരെ വീണയെ ആദായനികുതി വകുപ്പ് ബന്ധപ്പെട്ടിട്ടില്ലെന്നും മൊഴിയെടുത്തിട്ടില്ലെന്നും ബാലൻ വിശദീകരിച്ചു. വീണയുടെ കമ്പനി 42 ലക്ഷം രൂപ സി എം ആർ എല്ലിൽ നിന്ന് വാങ്ങിയതിന്റെ തെളിവുകൾ ഉണ്ടെന്നായിരുന്നു കഴിഞ്ഞദിവസം മാത്യു കുഴൽ നാടൻ എംഎൽഎ നടത്തിയ ആരോപണം.

ഈ പണം കൂടാതെ കമ്പനി ഉടമയുടെ ഭാര്യയുടെ കൈയ്യിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് എംഎൽഎ വെളിപ്പെടുത്തിയിരുന്നു. തന്റെ വാദങ്ങൾ തെളിയിക്കുന്ന വിവരങ്ങൾ നിരത്തിയായിരുന്നു മാത്യു കുഴൽനാടന്റെ വിശദീകരണം. ധനമന്ത്രി കെ എൻ ബാലഗോപാലിന് അദ്ദേഹം ഇ – മെയിൽ വഴി വിഷയത്തിൽ പരാതിയും നൽകിയിട്ടുണ്ട്.

കൊട്ടാരക്കര : ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവർ നാളെ കൃഷ്ണനും അയ്യപ്പനും ശിവനുമെല്ലാം മിത്താണെന്ന് പറഞ്ഞശേഷം നിങ്ങളും മിത്ത് ആണെന്ന് പറയുമെന്ന് വിമർശിച്ച് നടൻ ഉണ്ണി മുകുന്ദൻ. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങിൽ സംസാരിക്കുകയായിരുന്നു നടൻ. ഹിന്ദു വിശ്വാസികൾക്കൊന്നും നട്ടെല്ലില്ലെന്നും അവർക്കെല്ലാം അഭിപ്രായം പറയാൻ പേടിയാണെന്നും നടൻ പ്രതികരിച്ചു.

മറ്റ് മതങ്ങളിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പറ്റി ആരും ഒന്നും മിണ്ടില്ല. അത്തരത്തിൽ നമ്മളും കാര്യങ്ങളും മുന്നോട്ടു കൊണ്ടുപോകണം. ഗണപതി ഇല്ല എന്നൊരാൾ പറയുമ്പോൾ അദ്ദേഹത്തിന് വേണ്ടി എങ്കിലും നമ്മൾ ശബ്ദം ഉയർത്തണമെന്നും നടൻ വിശദീകരിച്ചു. നമ്മൾ വിശ്വസിക്കുന്ന ദൈവം മിത്താണെന്നു പറയുമ്പോൾ ആർക്കും അതൊരു പ്രശ്നമല്ല. ഞാനടക്കമുള്ള എല്ലാ ഹിന്ദുമത വിശ്വാസികളും അത് കേട്ട് നിൽക്കുന്നത് കൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ഉണ്ടാകുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാവ് പി ജയരാജൻ അടക്കമുള്ള പ്രതികൾ നൽകിയ വിടുതൽ ഹർജിക്കെതിരെ എതിർ സത്യാവാങ്മൂലം സമർപ്പിച്ചു. ഷൂക്കൂറിന്റെ മാതാവാണ് കൊച്ചി സിബിഐ കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളത്. ജയരാജനടക്കമുള്ളവരുടെ വിടുതൽ ഹർജി തള്ളണമെന്ന് എതിർസത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിൽ പി ജയരാജനും ടി വി രാജേഷും ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുള്ളതാണ്. അത്തരം സാഹചര്യത്തിൽ ഇവരെ വിചാരണ കൂടാതെ വെറുതെ വിടരുതെന്നും എതിർസത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു. കൊലപാതക ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികൾ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും, സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും ഉണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് തലസ്ഥാനം ഒരുങ്ങി. ഓഗസ്റ്റ് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ രണ്ടു വരെ തലസ്ഥാനത്ത് നടക്കുന്ന ഓണം വാരാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രിമാരായ വി. ശിവൻകുട്ടിയും പി. എ. മുഹമ്മദ് റിയാസും അറിയിച്ചു.

ഓഗസ്റ്റ് 27ന് വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്നും മന്ത്രിമാർ വ്യക്തമാക്കി. മാസ്‌കറ്റ് ഹോട്ടലിൽ നടന്ന വിവിധ ഓണാഘോഷ സംഘാടക സമിതികളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാർ. ഉദ്ഘാടന ചടങ്ങിൽ നടൻ ഫഹദ് ഫാസിലും നർത്തകി മല്ലിക സാരാഭായിയും മുഖ്യ അതിഥികൾ ആകും.

ഉദ്ഘാടന ചടങ്ങിൽ, സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരായ പട്ടാമ്പി പെരിങ്ങോട് സ്‌കൂളിലെ വിദ്യാർഥികളുടെ പഞ്ചവാദ്യം, കലാമണ്ഡലത്തിലെ നർത്തകർ അവതരിപ്പിക്കുന്ന നൃത്തശില്പം എന്നിവയും ഉണ്ടാകും. ജില്ലയിൽ വിവിധ ഇടങ്ങളിൽ 30 വേദികളിലായി എണ്ണായിരത്തോളം കലാകാരന്മാർ പരിപാടികൾ അവതരിപ്പിക്കുമെന്നും മന്ത്രിമാർ അറിയിച്ചു. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഓണം ഒരുമയുടെ ഈണം’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ആഘോഷ പരിപാടികൾ നടക്കുക.

കനകക്കുന്ന്, സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര, തൈക്കാട്, കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, എന്നിവിടങ്ങളാണ് പ്രധാന വേദികൾ. ലേസർ ഷോ പ്രദർശനം ഇത്തവണത്തെ ആഘോഷത്തിന് മാറ്റു കൂട്ടും. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി സംഘടിപ്പിച്ചു വരുന്ന വെർച്വൽ ഓണപ്പൂക്കളം ഇത്തവണയും ഉണ്ട്. കനകക്കുന്നിൽ വാരാഘോഷ ദിവസങ്ങളിൽ ട്രേഡ് ഫെയറും ഫുഡ് ഫെസ്റ്റും ഉണ്ടാകും.

കലാപരിപാടികൾ

പ്രമുഖ ചലച്ചിത്രപിന്നണി ഗായകരും ചലച്ചിത്ര താരങ്ങളും അണിനിരക്കുന്ന കൈരളി ടീവിയുടെ ചിങ്ങ നിലാവ് ആണ് ഉദ്ഘാടന ദിവസത്തെ കലാപരിപാടി. ഡോ. മല്ലിക സാരാഭായിയുടെ നേതൃത്വത്തിൽ ദർപ്പണ അക്കാദമി ഓഫ് പെർഫോർമിങ് ആർട്സിന്റെ നൃത്ത്യ പരിപാടി, ടിനി ടോം – കലാഭവൻ പ്രജോദ് എന്നിവരുടെ മെഗാ ഷോ, മട്ടന്നൂർ ശങ്കരൻ കുട്ടി – പ്രകാശ് ഉള്ളിയേരി എന്നിവരുടെ ഫ്യൂഷൻ, മനോരമ മെഗാ ഷോ, ഷഹബാസ് അമൻ ഗസൽ സന്ധ്യ, ഹരിശങ്കർ നേതൃത്വം നൽകുന്ന മ്യൂസിക്കൽ നൈറ്റ് എന്നിവ ഒരാഴ്ചക്കാലം നിശാഗന്ധിയെ ആഘോഷത്തിലാക്കും. മറ്റ് പ്രധാന വേദികളായ പൂജപ്പുര, കഴക്കൂട്ടം എന്നിവിടങ്ങളിലും പ്രമുഖ ഗായകരും സംഗീതജ്ഞരും ഓണാഘോഷങ്ങൾക്ക് മാറ്റു കൂട്ടും. പ്രാദേശിക കലാകാരന്മാർക്ക് വലിയ പരിഗണന നൽകിയിട്ടുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

വൈദ്യുത ദീപാലങ്കാരം

കവടിയാറിൽ നിന്നും ശാസ്തമംഗലം വരെയും മണക്കാട് വരെയും വൈദ്യുത ദീപാലങ്കാരം ഒരുക്കും. ഇതുകൂടാതെ കനകക്കുന്നിൽ ആകർഷകമായ പ്രത്യേക ദീപാലങ്കാരവും ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഓഗസ്റ്റ് 26 ന് വൈകിട്ട് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നടക്കും.

സമാപന ഘോഷയാത്ര

വാരാഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന ഘോഷയാത്ര സെപ്റ്റംബർ രണ്ടിന് വൈകിട്ട് അഞ്ചുമണിക്ക് മാനവീയം വീഥിക്ക് സമീപം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്ളാഗ് ഓഫ് ചെയ്യും. പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് ഘോഷയാത്ര നടക്കുക. ഇതിനായി ഒരു ഗ്രീൻ ആർമി രൂപീകരിച്ചിട്ടുണ്ടെന്നും ഇതോടൊപ്പം ടൂറിസം ക്ലബ്ബിന്റെ വോളണ്ടിയർമാരും സേവനത്തിന് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. വിഐപികൾക്കായി മുൻവർഷങ്ങളിൽ യൂണിവേഴ്സിറ്റി കോളേജിനു മുന്നിൽ ഒരുക്കിയിരുന്ന പവലിയൻ ഇത്തവണ പബ്ലിക് ലൈബ്രറിക്ക് മുന്നിലേക്ക് മാറ്റും. ഭിന്നശേഷി കുട്ടികൾക്ക് ഘോഷയാത്ര കാണാനുള്ള പ്രത്യേക സൗകര്യം ഒരുക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ പഴുതടച്ച സുരക്ഷ ഒരുക്കും.

മാധ്യമ പുരസ്‌കാരങ്ങൾ

ഓണം വാരാഘോഷത്തിന്റെ കവറേജ് മികച്ച നിലയിൽ നടത്തുന്ന മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ഇത്തവണ ക്യാഷ് അവാർഡും മെമെന്റോയും നൽകും. മികച്ച അച്ചടി മാധ്യമം, അച്ചടി മാധ്യമ റിപ്പോർട്ടർ, ഫോട്ടോഗ്രാഫർ, മികച്ച ദൃശ്യമാധ്യമം, ദൃശ്യമാധ്യമ റിപ്പോർട്ടർ, വീഡിയോഗ്രാഫർ, മികച്ച എഫ് എം, മികച്ച ഓൺലൈൻ മാധ്യമം എന്നിങ്ങനെയാണ് പുരസ്‌കാരങ്ങൾ നൽകുക.

മാസ്‌കറ്റ് ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, പി.എ മുഹമ്മദ് റിയാസ്, ഐ. ബി സതീഷ് എംഎൽഎ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ മസ്‌കറ്റ് ഹോട്ടലിൽ തന്നെ നടന്ന സംഘാടക സമിതികളുടെ യോഗത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി പി.എ മുഹമ്മദ് റിയാസ്, ജി.ആർ. അനിൽ, എംഎൽഎമാരായ സി.കെ. ഹരീന്ദ്രൻ, ഐ. ബി സതീഷ,് ജി. സ്റ്റീഫൻ, ഡി.കെ മുരളി, വി.കെ. പ്രശാന്ത്, ഒ.എസ് അംബിക, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.