കൊച്ചി വാട്ടര്‍ മെട്രോ: ജി20 ഉദ്യോഗസ്ഥ പ്രതിനിധികളുടെ വാക്കുകൾ പങ്കുവെച്ച് മന്ത്രി പി രാജീവ്

തിരുവനന്തപുരം: ജി20 ഉദ്യോഗസ്ഥ പ്രതിനിധികളും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും അതിമനോഹരവും സുരക്ഷിതവുമായ യാത്രയെന്ന് വിശേഷിപ്പിച്ച വാട്ടർമെട്രോ രാജ്യത്തിനാകെ മാതൃകയും അഭിമാനവുമാണെന്ന് മന്ത്രി പി രാജീവ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പരാമർശം.

കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച പത്താമത് വാട്ടർ മെട്രോ ബോട്ട് ഇന്ന് കൈമാറിയെന്നും അദ്ദേഹം അറിയിച്ചു. പ്രശസ്തമായ ഗസ്സീസ് ഇലക്ട്രിക് ബോട്ട് അവാർഡ് നേടിയ അത്യാധുനിക സംവിധാനങ്ങളുള്ള ബോട്ടുകൾ പൂർണമായും കേരളത്തിൽ തന്നെയാണ് നിർമ്മിക്കുന്നത്. പദ്ധതി ആരംഭിച്ച് അഞ്ച് മാസങ്ങൾക്കുള്ളിൽ 8.5 ലക്ഷം ആളുകൾ വാട്ടർ മെട്രോ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഈ മാസം തന്നെ കൂടുതൽ ബോട്ടുകളുടെ നിർമ്മാണം പൂർത്തിയാക്കി കൈമാറാൻ സാധിക്കുമെന്ന് ഷിപ് യാർഡ് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. പദ്ധതി മുഴുവനായും പൂർത്തീകരിക്കുന്നതോടെ കൊച്ചിയിലെ ഗതാഗതക്കുരുക്കിന് വലിയ രീതിയിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.