തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന എം സ്വരാജിന്റെ ഹർജി: തുടർ നടപടി സ്വീകരിക്കാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി

ന്യൂഡൽഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് സമർപ്പിച്ച ഹർജിയിൽ ഇടപെട്ട് സുപ്രീം കോടതി. ഹർജിയിൽ തുടർ നടപടി സ്വീകരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സിപിഎം നേതാവ് സമർപ്പിച്ച ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ ബാബുവാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ കെ ബാബുവിന് അനുകൂലമായി ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി കൂട്ടാക്കിയില്ല. തുടർന്ന് ഹൈക്കോടതിയ്ക്ക് കേസിലെ നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിർദ്ദേശം നൽകി.

മതചിഹ്നം ഉപയോഗിച്ച് കെ ബാബു വോട്ട് തേടി എന്നാണ് എം സ്വരാജ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞിരുന്നത്. ശബരിമല സ്ത്രീപ്രവേശം രാഷ്ട്രീയ വിവാദമായിരുന്ന സമയത്ത് അയ്യപ്പന്റെ പേരിൽ കെ ബാബു വോട്ട് തേടിയെന്നും പരാതിയിൽ പറയുന്നു.

എന്നാൽ അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചല്ല തനിക്ക് വോട്ട് കിട്ടിയതെന്ന് ബാബു വാദിക്കുന്നു. തിരഞ്ഞെടുപ്പ് ഹർജികൾ നൽകുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സ്വരാജ് പാലിച്ചില്ലെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ബാബു ആരോപിക്കുന്നുണ്ട്.