നിപ്പ; കോഴിക്കോട് ജില്ലയിൽ രണ്ടു ആരോഗ്യ പ്രവർത്തകർക്കും രോഗലക്ഷണം പ്രകടമായി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രണ്ടു ആരോഗ്യ പ്രവർത്തകർക്കും നിപ്പ രോഗലക്ഷണം പ്രകടമായി. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ് രോഗലക്ഷണം പ്രകടിപ്പിച്ചത്. ഇവരുടെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ജില്ലയിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്ക പട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമുണ്ട്.

നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആയഞ്ചേരി പഞ്ചായത്തിൽ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന ഭരണസമിതിയുടെയും ആരോഗ്യപ്രവർത്തകരുടെയും അടിയന്തര യോഗത്തിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ തീരുമാനിച്ചു. ആയഞ്ചേരി പഞ്ചായത്തിലെ 1,2,3,4,5,12,13,14,15 തിരുവള്ളൂർ പഞ്ചായത്തിലെ 1,2,20 എന്നീ വാർഡുകളിൽ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കാനും പൊതുസമ്പർക്കം ഉണ്ടാവാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണമെന്നും അറിയിച്ചു. ഏത് സാഹചര്യവും നേരിടാൻ പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു.

മരിച്ച വ്യക്തിയുമായി നേരിട്ട് സമ്പർക്കമുള്ളവരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കുടുംബാരോഗ്യ കേന്ദ്രം പോലെയുള്ള സമ്പർക്ക സ്ഥലങ്ങളിലെ ലിസ്റ്റ് എടുത്ത് അവർക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ യോഗം ആവശ്യപ്പെടുകയും ചെയ്തു.

രോഗികളെ സന്ദർശിക്കാതിരിക്കാനും ആശുപത്രികളിൽ നിസ്സാരകാരണത്തിന് ചികിത്സയ്ക്ക് പോവാതിരിക്കാനും ശ്രദ്ധിക്കണമെന്നും മുഴുവൻ ജനങ്ങളും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആവശ്യപ്പെട്ടു. ഭയമോ ഭീതിയോ വേണ്ടെന്നും ജാഗ്രത മാത്രം മതിയെന്നും പ്രത്യേകം നിർദ്ദേശം നൽകി.

യോഗത്തിൽ പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.എം. ലതിക, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, ബ്ലോക്ക് മെമ്പർ സി.എച്ച്.മൊയ്തു, പഞ്ചായത്ത് ജനപ്രതിനിധികൾ, മെഡിക്കൽ ഓഫീസർ കെ. ഹൃദ്യ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ. സജീവൻ, എ.എസ്. രാജീവ്, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.