Kerala (Page 1,078)

തൃശൂർ: തൃശ്ശൂരിൽ യുവാവ് മരണപ്പെട്ടത് മങ്കിപോക്‌സ് ബാധിച്ചെന്ന് സ്ഥിരീകരിച്ചു. പുണൈ വൈറോളജി ലാബിലെ പരിശോധനാ ഫലം പോസിറ്റീവാണ്. വിദേശത്ത് വച്ച് യുവാവിന് മങ്കിപോക്‌സ് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുണൈ വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവായത്.

മങ്കിപോക്‌സ് ബാധിച്ച യുവാവിന്റെ വീട് പുന്നയൂർ പഞ്ചായത്തിലെ എട്ടാം വാർഡിലാണ്. ജൂലൈ 21 നാണ് യുവാവ് യുഎഇയിൽനിന്ന് നാട്ടിലെത്തിയത്. അതേസമയം, മങ്കിപോക്‌സുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അപകടസാധ്യത ഘടകങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുകയും മങ്കിപോക്‌സ് ബാധിച്ച രോഗികളുമായി സമ്പർക്കം പുലർത്തുന്നത് കുറയ്ക്കാൻ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

രോഗബാധിതനായ ഒരു വ്യക്തിയുമായി ദീർഘനേരം അല്ലെങ്കിൽ ആവർത്തിച്ചുള്ള സമ്പർക്കം ഉണ്ടെങ്കിൽ ആർക്കും മങ്കിപോക്‌സ് പിടിപെടാമെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു. മനുഷ്യരിൽ മങ്കിപോക്‌സ് പടർന്നുപിടിക്കുമ്പോൾ രോഗബാധിതരുമായി അടുത്തിടപഴകുന്നത് മങ്കിപോക്‌സ് വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകമാണെന്നും കേന്ദ്രം പറഞ്ഞു. മങ്കിപോക്‌സ് ബാധിച്ച ഒരു രോഗിയുമായി സമ്പർക്കം പുലർത്തിയ കിടക്കകൾ പോലെയുള്ള ഏതെങ്കിലും വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണം. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയ ശേഷം കൈ ശുചിത്വം പാലിക്കുകയും വേണം.

രോഗബാധിതരുടെ അടുത്ത് പോകുമ്പോൾ, മാസ്‌കുകളും ഡിസ്‌പോസിബിൾ കയ്യുറകളും ധരിക്കണം. പരിസര ശുചീകരണത്തിന് അണുനാശിനികൾ ഉപയോഗിക്കണം. മങ്കിപോക്‌സ് രോഗം ബാധിതർ ഉപയോഗിച്ച കിടക്ക, ടവ്വൽ എന്നിവ ഉപയോഗിക്കരുത്. മങ്കിപോക്‌സിന്റെ ലക്ഷണങ്ങൾ കണ്ടാൽ പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്നും തുടങ്ങിയ നിർദ്ദേശങ്ങളും മാർഗ നിർദ്ദേശത്തിലുണ്ട്.

തിരുവനന്തപുരം: ശക്തമായ പ്രതിഷേധത്തിനൊടുവിൽ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റി. പട്ടികജാതി വികസനവകുപ്പ് ഡയറക്ടർ വി.ആർ.കൃഷ്ണ തേജയെയാണ് ആലപ്പുഴ കളക്ടറായി നിയമിച്ചിട്ടുള്ളത്. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവർത്തിച്ചിരുന്ന ആളാണ് കൃഷ്ണ തേജ് ഐഎഎസ്.

സപ്ലൈകോ ജനറൽ മാനേജറായാണ് ശ്രീറാം വെങ്കിട്ടരാമന് നിയമനം നൽകിയിരിക്കുന്നത്. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ഇനി ശ്രീറാം ഇനി പ്രവർത്തിക്കേണ്ടത്. കേരള മുസ്ലീം ജമാഅത്ത് ശ്രീറാമിന്റെ നിയമനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എപി സുന്നി വിഭാഗവും വിഷയത്തിൽ അതൃപ്തി അറിയിച്ചിരുന്നു. ഇതോടെയാണ് ശ്രീറാമിനെ കളക്ടർ പദവിയിൽ നിന്നും മാറ്റാൻ സർക്കാർ തയ്യാറായതെന്നാണ് റിപ്പോർട്ടുകൾ.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്റ്ററാക്കിയ സർക്കാർ നടപടിക്കെതിരെ നിലമ്പൂർ എംഎൽഎ പി വി അൻവറും രംഗത്തെത്തിയിരുന്നു. വെങ്കിട്ടരാമനെ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പി.വി അൻവർ എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് കത്തയക്കുകയും ചെയ്തിരുന്നു. ശ്രീറാം വെങ്കിട്ടരാമിന്റെ നിയമനത്തെ ചിലർ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെ മുൻ നിർത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ മദ്യലഹരിയിൽ വാഹനമിടിച്ച് കൊലപ്പെടുത്തി കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റും വരെ സമരം നടത്തുമെന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം വന്നു തൊട്ടുപിന്നാലെ തന്നെയാണ് അദ്ദേഹത്തെ സർക്കാർ മാറ്റിയത്.

തിരുവനന്തപുരം: നിലമ്പൂർ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ലൈബ്രേറിയൻ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. ലൈബ്രറി സയൻസിൽ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറിയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് ലൈബ്രേറിയൻ തസ്തികയിലേക്കുള്ള യോഗ്യത.

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സിയും അതത് ട്രേഡിലെ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ അതത് ഗവ. എഞ്ചിനീയറിങ് സർട്ടിഫിക്കറ്റ്/ വൊക്കേഷനൽ സർട്ടിഫിക്കറ്റ്, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.

താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഓഗസ്റ്റ് നാലിന് രാവിലെ 11ന് നടത്തുന്ന ഇന്റർവ്യൂവിന് എത്തണം. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ രാവിലെ 10 ന് ആരംഭിക്കും. ഫോൺ: 9496127963, 9947299075.

അതേസമയം, ദേശീയ ആരോഗ്യ ദൗത്യം മലപ്പുറത്തിന് കീഴിൽ വിവിധ തസ്തികളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഓഡിയോളജിസ്റ്റ് (അനുയാത്ര), സ്പെഷ്യൽ എഡ്യുക്കേറ്റർ(അനുയാത്ര), ഇൻസ്ട്രക്ടർ ഫോർ യങ് ഹിയറിങ് ഇംപയേർഡ്, ഓഡിയോളജിസ്റ്റ്, ജെപിഎച്ച്എൻ, എൽഎച്ച്.വി, സ്റ്റാഫ് നേഴ്സ്, പിആർഒ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കൗൺസിലർ തുടങ്ങിയ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവർ https://arogyakeralam.gov.in/2020/04/07/malappuram-2/ എന്ന ലിങ്കിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0483 273013 എന്ന ഫോൺ നമ്പറിലും ആരോഗ്യ കേരളത്തിന്റെ www.arogyakeralam.gov.in ൽ ബന്ധപ്പെടാം.

സംസ്ഥാനത്ത് ഓഗസ്റ്റ് 17 മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ കേരള സവാരി ആരംഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് പദ്ധതി നടപ്പാക്കുക.

തിരുവനന്തപുരം നഗരത്തിലായിരിക്കും ആദ്യഘട്ടത്തില്‍ കേരള സവാരി ആരംഭിക്കുക. അംഗീകൃത നിരക്കില്‍ സുരക്ഷിത യാത്ര ഉറപ്പാക്കുകയാണ് കേരള സവാരിയുടെ ലക്ഷ്യം.

അതേസമയം, ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം തുടങ്ങുന്നത്.

തിരുവനന്തപുരം: ലിംഗ സമത്വം സംബന്ധിച്ച എം കെ മുനീറിന്റെ പരമാര്‍ശത്തിനെതിരെ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ‘കാലം മാറിയത് മുനീറിപ്പോഴും അറിഞ്ഞിട്ടില്ല. സി. എച്ചിന്റെ മകനില്‍ നിന്നും ഇത്തരം നിരുത്തരവാദപരവും സമൂഹ വിരുദ്ധവുമായ പ്രസ്താവന പ്രതീക്ഷിച്ചില്ല. സി.എച്ച് ജീവിച്ചിരുന്നേല്‍ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനെ. ലീഗ് നേതൃത്വം മുനീറിന്റെ നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു’- അദ്ദേഹം പറഞ്ഞു.

അതേസമയം, മുനീറിന്റെ പ്രസ്താവന സാക്ഷര കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി. നവോത്ഥാന പരിഷ്‌കരണങ്ങള്‍ ലീഗ് അംഗീകരിക്കുന്നില്ലെന്നും പ്രസ്താവന പിന്‍വലിച്ച് മുനീര്‍ മാപ്പ് പറയണമെന്നും സംഘടന ആവശ്യപ്പെട്ടു.

എന്നാല്‍, ലിംഗസമത്വം തീരുമാനിക്കുന്നത് പുരുഷാധിപത്യമാണെന്നാണ് പറഞ്ഞത്. സ്ത്രീകളെ നിരാകരിക്കുന്നതാണ് സി പി എമ്മിന്റെ ഘടന. ആണ്‍വേഷം പെണ്ണിടുന്നത് ലിംഗസമത്വം ആകുന്നത് എങ്ങനെ? മുഖ്യമന്ത്രി സാരിയും ബ്ലൗസും ധരിച്ച് നടക്കുമോ എന്ന് ചോദിച്ചത് ആ അര്‍ഥത്തില്‍ ആണ്. മുഖ്യമന്ത്രിയെ അധിക്ഷേപിക്കുക എന്ന ഉദേശ്യത്തില്‍ അല്ല പറഞ്ഞത്. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നും മുനീര്‍ വിശദീകരിച്ചു.

തിരുവനന്തപുരം: മങ്കിപോക്‌സുമായി ബന്ധപ്പെട്ട് വലിയ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആരും മറച്ച് വയ്ക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യം ലഭ്യമാണ്. ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മങ്കിപോക്‌സ് പരിശോധന സംസ്ഥാനത്ത് തന്നെ ആരംഭിച്ചിട്ടുണ്ട്. എല്ലാ എയർപോർട്ടുകളിലും ഹെൽപ് ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് എസ്.ഒ.പി. രൂപീകരിച്ച് നേരത്തെതന്നെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം തൃശൂരിൽ മരിച്ച യുവാവിന് മങ്കിപോക്‌സാണെന്ന് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് വിശദമായി പരിശോധന നടത്തും. സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എൻഐവി പൂനയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ വെസ്റ്റ് ആഫ്രിക്കൻ വകഭേദമാണെന്നാണ് കണ്ടെത്തിയത്. ജനിതക പരിശോധന നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.

യുഎഇയിൽ നിന്നും ഇദ്ദേഹം 22ന് പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിലെത്തി. അതിന് ശേഷം വീട്ടിലാണ് ഉണ്ടായിരുന്നത്. ജൂലൈ 27ന് പുലർച്ചെയാണ് ഇദ്ദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായത്. പെട്ടെന്ന് നില ഗുരുതരമാകുകയായിരുന്നു. മങ്കിപോക്‌സ് പോസിറ്റീവാണെന്ന് 19 ന് ദുബായിൽ നടത്തിയ പരിശോധന ഫലം 30 നാണ് ബന്ധുക്കൾ ആശുപത്രിയെ അറിയിച്ചത്. തുടർന്ന് ആരോഗ്യ വകുപ്പിന്റെ സംഘം ആശുപത്രിയിലെത്തിയിരുന്നു. ആ സമയം ഗുരുതരാവസ്ഥയിലായിരുന്നു. 20 പേരാണ് ഹൈറിസ്‌ക് പ്രാഥമിക സമ്പർക്കപട്ടികയിലുള്ളത്. വീട്ടുകാർ, സഹായി, നാല് സുഹൃത്തുക്കൾ, ഫുട്‌ബോൾ കളിച്ച 9 പേർ എന്നിവരാണ് ഈ സമ്പർക്കപ്പട്ടികയിലുള്ളത്. വിമാനത്തിൽ 165 പേരാണുണ്ടായിരുന്നത്. അതിലുള്ളവരാരും അടുത്ത സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നില്ല. ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും സംസ്ഥാന ആരോഗ്യ വകുപ്പിൻറെയും എസ്.ഒ.പി.യുടേയും അടിസ്ഥാനത്തിൽ രോഗ ലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുകയാണ് പ്രധാനം. 21 ദിവസമാണ് ഇൻക്യുബേഷൻ പീരീഡ്. ഇതനുസരിച്ച് ഈ 165 പേരും സ്വയം നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഓണക്കാലത്ത് മറ്റ് സംസ്ഥാനത്തുള്ളവര്‍ യാത്രക്കായി കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്നത് കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി.സി. കെ-സ്വിഫ്റ്റ് അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് ഫ്‌ളെക്‌സി ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ഉത്തരവ്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഫ്‌ളെക്‌സി നിരക്കുകള്‍ നടപ്പിലാക്കുകയെന്നാണ് സര്‍ക്കുലറില്‍ പറയുന്നു. ഓണം, മുഹറം തുടങ്ങിയ ആഘോഷങ്ങള്‍ കണക്കിലെടുത്ത് കൃത്യമായ ദിവസങ്ങള്‍ തീരുമാനിച്ചായിരിക്കും മാറിയ നിരക്കുകള്‍ ഈടാക്കുകയെന്നാണ് സൂചന.

അതേസമയം, കെ.എസ്.ആര്‍.ടി.സിയുടെയും സ്വിഫ്റ്റ് സര്‍വീസുകളുടെയും എ.സി. ബസുകള്‍ക്ക് നിലവില്‍ ഈടാക്കുന്ന ചാര്‍ജിനെക്കാള്‍ 20 ശതമാനം അധികതുക ഈടാക്കാനാണ് തീരുമാനം. ഇത് നേരിട്ടുള്ള ബുക്കിങ്ങുകള്‍ക്കായിരിക്കും ഈടാക്കുക. ഓണ്‍ലൈന്‍ ബുക്കിങ്ങുകള്‍ക്ക് നിലവില്‍ ലഭിക്കുന്ന 30 ശതമാനം ഇളവ് മാറ്റുകയും 10 ശതമാനം അധിക ഫ്‌ളെക്‌സി നിരക്ക് ഈടാക്കുകയും ചെയ്യും.

എന്നാല്‍, എ.സി. ബസുകള്‍ക്ക് പുറമെ, എക്‌സ്പ്രസ്, ഡീലക്‌സ് സര്‍വീസുകള്‍ക്കും നിരക്ക് വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഓണം സീസണ്‍ പ്രമാണിച്ച് സെപ്റ്റംബര്‍ രണ്ട് മുതല്‍ 19-ാം തീയതി വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങിലേക്ക് 25 അധിക ഷെഡ്യൂളുകള്‍ നടത്താനും കെ.എസ്.ആര്‍.ടി.സി. കേരളത്തിലെ വിവിധ ഡിപ്പോകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂഡൽഹി: കേരള സർക്കാരിനെതിരെ വിമർശനവുമായി കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഭൂമി ഏറ്റെടുക്കുന്നതിലും വാഗ്ദാനം ചെയ്ത അമ്പത് ശതമാനം ഓഹരി പങ്കാളിത്തം ഉറപ്പു വരുത്തുന്നതിലും കേരള സർക്കാർ കാണിച്ച അലംഭാവമാണ് ശബരി റെയിൽപ്പാത പദ്ധതി വൈകാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

1997-98 സാമ്പത്തിക വർഷത്തിലാണ് 116 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്ക് റെയിൽവേ അനുമതി നൽകിയത്. 2002-ൽ അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കിലോമീറ്ററിന്റെ സർവ്വേ പൂർത്തിയാക്കി. ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് കോട്ടയം ജില്ലയിലെ സർവ്വേ 2007-ൽ നിർത്തിവച്ചു. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച തർക്കവും, കോടതിക്കേസുകളും, സംസ്ഥാന സർക്കാരിന്റെ ഉദാസീനതയുമാണ് പദ്ധതി ഇത്രയും നീണ്ടുപോകാൻ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിയിൽ അമ്പത് ശതമാനം ഓഹരി പങ്കാളിത്തം സംസ്ഥാന സർക്കാർ സമ്മതിച്ച് ധാരണാപത്രം ഒപ്പിട്ടുവെങ്കിലും പിന്നീട് സംസ്ഥാന സർക്കാർ അതിൽ നിന്ന് പിന്മാറി. വാഗ്ദാനം ചെയ്ത തുകയും നൽകിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

2021 ജനുവരി 7-ന് അമ്പത് ശതമാനം പങ്കാളിത്തത്തിന് സംസ്ഥാന സർക്കാർ സന്നദ്ധത അറിയിക്കുകയും പണം കിഫ്ബിയിൽ വകയിരുത്തുകയും ചെയ്തു. കേരള റെയിൽ വികസന കോർപ്പറേഷൻ തയ്യാറാക്കി 2022 ജൂൺ 23-ന് സമർപ്പിച്ച വിശദമായ പദ്ധതിരേഖയും എസ്റ്റിമേറ്റും റെയിൽവേ പരിശോധിച്ചുവരികയാണെന്നും 3448 കോടി രൂപയാണ് പുതിയ എസ്റ്റിമേറ്റ് പ്രകാരം പദ്ധതിയുടെ അടങ്കൽ തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ സ്‌കൂളുകളിൽ അധിക പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്ന് ഉത്തരവിടില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. അധിക ബാച്ചുകൾക്കുള്ള സാമ്പത്തിക ബാധ്യത വഹിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

വിദ്യാഭ്യാസ ആവശ്യകത പരിഗണിച്ച് കൂടുതൽ എയ്ഡഡ്, അൺ എയ്ഡഡ് പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച് സമയ ബന്ധിതമായി തീരുമാനമെടുക്കണമെന്ന് സർക്കാരിന് കോടതി നിർദ്ദേശം നൽകി. ജില്ലയിലെ വിദ്യാർത്ഥികളുടെ ആവശ്യം കൂടി കണക്കിലെടുത്ത് അധിക ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കണമെന്നാണ് കോടതി പറഞ്ഞത്. മൂന്നാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കാനും കോടതി ആവശ്യപ്പെട്ടു.

എയ്ഡഡ് ബാച്ചുകൾ അനുവദിക്കാനാകില്ലെങ്കിൽ അൺ എയ്ഡഡ് ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ചും സംസ്ഥാന സർക്കാർ ഉടൻ തീരുമാനം എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ എതിർപ്പുണ്ടെങ്കിൽ സ്‌കൂൾ മാനേജ്‌മെന്റിന് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. സർക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാകുന്ന നിർദേശം നൽകാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി: ലോക്സഭയില്‍ കേരളത്തില്‍ നിന്നുളള എംപിമാരായ ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്കാം ടാഗോര്‍, ജോതിമാണി എന്നിവരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. പ്ലക്കാര്‍ഡുകള്‍ സഭയില്‍ കൊണ്ടു വന്നതിനും സഭയ്ക്കുള്ളില്‍ പ്രതിഷേധം നടത്തിയതിനും കഴിഞ്ഞ മാസം 25 നാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്.

‘പ്രതിഷേധിക്കാനായി സഭയില്‍ പ്ലക്കാര്‍ഡുകളുമായി അംഗങ്ങള്‍ എത്തുമ്‌ബോള്‍ നടപടി സ്വീകരിക്കാന്‍ താന്‍ നിര്‍ബന്ധിതനാകും. സഭാ നടപടികളില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നാണ് താല്‍പര്യമെന്നും സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. പ്ലക്കാര്‍ഡുകള്‍ കൊണ്ടുവന്നാല്‍ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ നോക്കാതെ നടപടി സ്വീകരിക്കും. ഇത് അവസാന അവസരമെന്ന് പറഞ്ഞാണ് സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതായി സ്പീക്കര്‍ വ്യക്തമാക്കിയത്.

അതേസമയം, സസ്പെന്‍ഷന്‍ പിന്‍വലിച്ചതിന് പിന്നാലെ രമ്യ ഹരിദാസ്, മാണിക്കാം ടാഗോര്‍, ജോതിമാണി എന്നിവര്‍ സഭയിലെത്തി. വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും സഭ അംഗീകരിച്ചു. നാളെയാകും ചര്‍ച്ച.