കേരള സർക്കാർ കാണിച്ച അലംഭാവമാണ് ശബരി റെയിൽപ്പാത പദ്ധതി വൈകാൻ കാരണം; കേന്ദ്രറെയിൽവേ മന്ത്രി

ന്യൂഡൽഹി: കേരള സർക്കാരിനെതിരെ വിമർശനവുമായി കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഭൂമി ഏറ്റെടുക്കുന്നതിലും വാഗ്ദാനം ചെയ്ത അമ്പത് ശതമാനം ഓഹരി പങ്കാളിത്തം ഉറപ്പു വരുത്തുന്നതിലും കേരള സർക്കാർ കാണിച്ച അലംഭാവമാണ് ശബരി റെയിൽപ്പാത പദ്ധതി വൈകാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

1997-98 സാമ്പത്തിക വർഷത്തിലാണ് 116 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്ക് റെയിൽവേ അനുമതി നൽകിയത്. 2002-ൽ അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കിലോമീറ്ററിന്റെ സർവ്വേ പൂർത്തിയാക്കി. ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് കോട്ടയം ജില്ലയിലെ സർവ്വേ 2007-ൽ നിർത്തിവച്ചു. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച തർക്കവും, കോടതിക്കേസുകളും, സംസ്ഥാന സർക്കാരിന്റെ ഉദാസീനതയുമാണ് പദ്ധതി ഇത്രയും നീണ്ടുപോകാൻ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിയിൽ അമ്പത് ശതമാനം ഓഹരി പങ്കാളിത്തം സംസ്ഥാന സർക്കാർ സമ്മതിച്ച് ധാരണാപത്രം ഒപ്പിട്ടുവെങ്കിലും പിന്നീട് സംസ്ഥാന സർക്കാർ അതിൽ നിന്ന് പിന്മാറി. വാഗ്ദാനം ചെയ്ത തുകയും നൽകിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

2021 ജനുവരി 7-ന് അമ്പത് ശതമാനം പങ്കാളിത്തത്തിന് സംസ്ഥാന സർക്കാർ സന്നദ്ധത അറിയിക്കുകയും പണം കിഫ്ബിയിൽ വകയിരുത്തുകയും ചെയ്തു. കേരള റെയിൽ വികസന കോർപ്പറേഷൻ തയ്യാറാക്കി 2022 ജൂൺ 23-ന് സമർപ്പിച്ച വിശദമായ പദ്ധതിരേഖയും എസ്റ്റിമേറ്റും റെയിൽവേ പരിശോധിച്ചുവരികയാണെന്നും 3448 കോടി രൂപയാണ് പുതിയ എസ്റ്റിമേറ്റ് പ്രകാരം പദ്ധതിയുടെ അടങ്കൽ തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.