മങ്കിപോക്‌സ് പ്രതിരോധം; മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം

തൃശൂർ: തൃശ്ശൂരിൽ യുവാവ് മരണപ്പെട്ടത് മങ്കിപോക്‌സ് ബാധിച്ചെന്ന് സ്ഥിരീകരിച്ചു. പുണൈ വൈറോളജി ലാബിലെ പരിശോധനാ ഫലം പോസിറ്റീവാണ്. വിദേശത്ത് വച്ച് യുവാവിന് മങ്കിപോക്‌സ് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുണൈ വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവായത്.

മങ്കിപോക്‌സ് ബാധിച്ച യുവാവിന്റെ വീട് പുന്നയൂർ പഞ്ചായത്തിലെ എട്ടാം വാർഡിലാണ്. ജൂലൈ 21 നാണ് യുവാവ് യുഎഇയിൽനിന്ന് നാട്ടിലെത്തിയത്. അതേസമയം, മങ്കിപോക്‌സുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അപകടസാധ്യത ഘടകങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുകയും മങ്കിപോക്‌സ് ബാധിച്ച രോഗികളുമായി സമ്പർക്കം പുലർത്തുന്നത് കുറയ്ക്കാൻ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

രോഗബാധിതനായ ഒരു വ്യക്തിയുമായി ദീർഘനേരം അല്ലെങ്കിൽ ആവർത്തിച്ചുള്ള സമ്പർക്കം ഉണ്ടെങ്കിൽ ആർക്കും മങ്കിപോക്‌സ് പിടിപെടാമെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു. മനുഷ്യരിൽ മങ്കിപോക്‌സ് പടർന്നുപിടിക്കുമ്പോൾ രോഗബാധിതരുമായി അടുത്തിടപഴകുന്നത് മങ്കിപോക്‌സ് വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകമാണെന്നും കേന്ദ്രം പറഞ്ഞു. മങ്കിപോക്‌സ് ബാധിച്ച ഒരു രോഗിയുമായി സമ്പർക്കം പുലർത്തിയ കിടക്കകൾ പോലെയുള്ള ഏതെങ്കിലും വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണം. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയ ശേഷം കൈ ശുചിത്വം പാലിക്കുകയും വേണം.

രോഗബാധിതരുടെ അടുത്ത് പോകുമ്പോൾ, മാസ്‌കുകളും ഡിസ്‌പോസിബിൾ കയ്യുറകളും ധരിക്കണം. പരിസര ശുചീകരണത്തിന് അണുനാശിനികൾ ഉപയോഗിക്കണം. മങ്കിപോക്‌സ് രോഗം ബാധിതർ ഉപയോഗിച്ച കിടക്ക, ടവ്വൽ എന്നിവ ഉപയോഗിക്കരുത്. മങ്കിപോക്‌സിന്റെ ലക്ഷണങ്ങൾ കണ്ടാൽ പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്നും തുടങ്ങിയ നിർദ്ദേശങ്ങളും മാർഗ നിർദ്ദേശത്തിലുണ്ട്.