Kerala (Page 1,077)

തൃശൂർ: പൊതുവിപണിയിലെ പച്ചക്കറി ഇനങ്ങളിൽ കുമിൾ-കീടനാശിനി സാന്നിദ്ധ്യം ഇരട്ടിയായെന്ന് കാർഷിക സർവകലാശാല സാമ്പിൾ പരിശോധനാ ഫലം. 2021 ഏപ്രിൽ-സെപ്റ്റംബറിൽ 25.74 ശതമാനം സാമ്പിളുകളിൽ കണ്ടെത്തിയ കീടനാശിനി സാന്നിദ്ധ്യം ഒക്ടോബർ-മാർച്ചിൽ 47.62 ശതമാനം ഇനങ്ങളിലുമെത്തിയെന്നാണ് പരിശോധനാ ഫലത്തിൽ വ്യക്തമായിട്ടുള്ളത്. വെണ്ടയ്ക്ക, മുരിങ്ങയ്ക്ക, ഉള്ളി, കാരറ്റ്, തക്കാളി, കറിവേപ്പില, മല്ലിയില, പച്ചമുളക് എന്നിവയിലെ 40-70ശതമാനം സാമ്പിളിലും അനുവദനീയ പരിധിയിൽ കൂടുതൽ കുമിൾ-കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയുണ്ട്.

പച്ചമുളകിൽ എത്തയോൺ, തക്കാളിയിൽ മെറ്റാലാക്സിൽ, മുരിങ്ങക്കയിൽ അസറ്റാമിപ്രിഡ്, കാരറ്റിൽ ക്ളോർപൈറിഫോസ് തുടങ്ങിയ ഉഗ്രവിഷങ്ങളാണ് കണ്ടെത്തിയത്. ഇതിന് പുറമെ, ഏലക്കയിലും ചതച്ച മുളക്, ജീരകം, കസൂരിമേത്തി, കാശ്മീരി മുളക് എന്നിവയിലുമൊക്കെ 44.93 ശതമാനത്തോളം കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി. ജൈവമെന്ന പേരിലുള്ള സ്ഥാപനങ്ങളിലെ ബീൻസ്, ഉലുവയില, പാഴ്സലി, സാമ്പാർ മുളക്, കാരറ്റ്, സലാഡ് വെള്ളരി, പാവയ്ക്ക എന്നിവയിൽ 30-50 ശതമാനത്തിലും വിഷാംശമുണ്ട്. പഴങ്ങളിൽ ഏറ്റവും അധികം കീടനാശിനി സാന്നിദ്ധ്യമുള്ളത് ആപ്പിളിലും മുന്തിരിയിലുമാണ്.

അതേസമയം കായ, നേന്ത്രപ്പഴം, സവാള, മത്തൻ, കുമ്പളം, കാബേജ്, ചേമ്പ്, ചേന, ഇഞ്ചി, വെളുത്തുള്ളി, നെല്ലിക്ക, പച്ചമാങ്ങ, മുസംബി, പപ്പായ, കൈതച്ചക്ക, മാതളം, തണ്ണിമത്തൻ (മഞ്ഞ), തക്കോലം, അയമോദകം, കുരുമുളക്, കറുവപ്പട്ട എന്നിവയിൽ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല.

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹർജി തളളി ഹൈക്കോടതി. ജസ്റ്റീസ് കൗസർ എടപ്പഗമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രഹസ്യമൊഴി പൊതുരേഖയല്ലെന്ന ചൂണ്ടിക്കാട്ടിയാണ് കോടതി സരിതയുടെ ഹർജി തള്ളിയത്.

മുഖ്യമന്ത്രിയ്ക്കും കുടുംബാഗങ്ങൾക്കുമെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്നാവശ്യപ്പെട്ട് സരിത കോടതിയെ സമീപിച്ചത്. തനിക്കെതിരെ ഇതിൽ പരാമർശമുണ്ടെന്നായിരുന്നു സരിത പറഞ്ഞിരുന്നത്. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ എന്തവകാശമുണ്ടെന്ന് സരിത എസ് നായരോട് ഹൈക്കോടതി ചോദിച്ചു. കേസുമായി ബന്ധമില്ലാത്ത ആൾക്കെങ്ങനെ രഹസ്യമൊഴിപ്പകർപ്പ് ആവശ്യപ്പെടാനാകുമെന്നും കോടതി ചോദിക്കുന്നു.

അതേസമയം, കോടതി അനുവദിച്ചാൽ മുദ്രവച്ച കവറിൽ രഹസ്യമൊഴി സുപ്രീംകോടതിക്ക് നൽകാമെന്ന് ഇഡി രേഖാമൂലം കോടതിയെ അറിയിച്ചിട്ടുണ്ട്.. സ്വർണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഹർജിയിലാണ് ഇഡി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ എൻഫോഴ്‌സ്‌മെന്റ് ട്രാൻസ്ഫർ ഹർജി നൽകിയത്.

തിരുവനന്തപുരം: ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാതെ അസാധുവായ ഓർഡിനൻസുകൾക്ക് പകരം ബിൽ പാസ്സാക്കാൻ നിയമസഭാ സമ്മേളനം ചേരും. ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 2 വരെ സഭാ സമ്മേളനം വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ സർക്കാർ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഗവർണർ ഒപ്പിടാതിരുന്നതോടെ അസാധുവായ ഓർഡിനൻസുകൾക്ക് പകരം സഭ ചേർന്ന് ബില്ല് പാസാക്കാനാണ് സർക്കാർ നീക്കം.

അതേസമയം, ഓർഡിനൻസുകളുമായി ഇനി മുന്നോട്ടില്ലെന്ന് നിയമമന്ത്രി പി രാജീവ് അറിയിച്ചു. ഗവർണറെ അനുനയിപ്പിക്കാനല്ല നിയമസഭാ സമ്മേളനം വിളിച്ചതെന്നും ഒക്ടോബറിൽ നിശ്ചയിച്ചിരുന്ന സമ്മേളനം സവിശേഷ സാഹചര്യത്തിൽ നേരത്തെ ആക്കിയതാണെന്നുമാണ് മന്ത്രി വിശദമാക്കിയത്.

ഉടൻ സഭ ചേരേണ്ട അസാധാരണ സാഹചര്യമുണ്ടെന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓർഡിനൻസുകളാണ് ഗവർണ്ണർ ഒപ്പിടാതെ അസാധുവായത്. ഇതോടെയാണ് നിയമസഭാ സമ്മേളനം ചേരുന്നത്. നേരത്തെ ഒക്ടോബറിൽ സഭാ സമ്മേളനം ചേരാനായിരുന്നു തീരുമാനിച്ചിരുന്നു.

കണ്ണൂർ: കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയുടെ കീഴിലുള്ള കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഫാഷൻ ഡിസൈനിംഗ് / ഗാർമെന്റ് ടെക്നോളജി/ ഡിസൈനിങ്ങ് മേഖലയിൽ ബിരുദാനന്തര ബിരുദം, യൂജിസി നെറ്റ്, അധ്യാപന പരിചയം (അഭികാമ്യം) യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

യോഗ്യതയുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ഓഗസ്റ്റ് 30 ന് വൈകിട്ട് അഞ്ചിന് മുമ്പായി എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി-കണ്ണൂർ, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂർ-7 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കണം. ഇ-മെയിൽ മുഖേനയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് 0497-2835390 എന്ന നമ്പറിൽ ബന്ധപ്പെടാം.

അതേസമയം, സൈനിക ക്ഷേമവകുപ്പിന്റെ കീഴിലുള്ള കെക്സ്‌കോണിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ രണ്ട് ക്ലാർക്കുമാരുടെ താൽക്കാലിക ഒഴിവുണ്ട്. കെക്സ്‌കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 50 വയസിൽ കഴിയാത്തവരും (01 ഓഗസ്റ്റ് 2022ന്) ക്ലറിക്കൽ/ കമ്പ്യൂട്ടർ/ അക്കൗണ്ടിംഗ് പരിജ്ഞാനമുള്ള വിമുക്തഭടന്മാർ അവരുടെ ആശ്രിതർ എന്നിവർക്ക് അപേക്ഷിക്കാം.

അപേക്ഷകൾ, അഡ്രസ്, ഫോൺ നമ്പർ, ഇ-മെയിൽ, യോഗ്യത തെളിയിക്കന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സൈനിക് വെൽഫെയർ ആൻഡ് എം. ഡി കെക്സ്‌കോൺ, കേരള സ്റ്റേറ്റ് എക്സ്- സെർവീസ്മെൻ കോർപ്പറേഷൻ, ടി.സി-25/838, ഓപ്പോസിറ്റ് അമൃത ഹോട്ടൽ, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിന് മുമ്പായി പോസ്റ്റൽ ആയോ kex_con@yahoo.co.in ലോ ലഭിക്കണം. ഫോൺ: 0471-2320772, 2320771.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ മെഡിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിന് ദേശീയ അംഗീകാരം. ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഓഫ് സ്റ്റഡി ഓഫ് ലിവർ (INASL 2022) ഓഗസ്റ്റ് നാലു മുതൽ ഏഴുവരെ ഡൽഹിയിൽ സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിൽ യങ് ഇൻവെസ്റ്റിഗേറ്റർ (ക്ലിനിക്കൽ) അവതരണത്തിൽ അഞ്ചിൽ മൂന്ന് പ്രബന്ധങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ടീം നേടി.

മികച്ച നേട്ടം കൈവരിച്ച മെഡിക്കൽ കോളേജിലെ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ടീം അംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ആദ്യമായാണ് സംസ്ഥാനത്തെ ഒരു മെഡിക്കൽ കോളേജ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും കോർപ്പറേറ്റ് ആശുപത്രികളിൽ നിന്നും അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ചിൽ മൂന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുമായിരുന്നു.

ഡോ. വിജയ് നാരായണൻ ഒന്നാം സ്ഥാനം നേടി. ഡോ. റുഷിൽ സോളങ്കി, ഡോ. ആന്റണി ജോർജ് എന്നിവരാണ് അവാർഡ് സെക്ഷനിലേക്കു പരിഗണിക്കപ്പെട്ട മറ്റ് രണ്ടുപേർ. മെഡിക്കൽ കോളേജ് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് ഈ പഠനങ്ങൾ നടന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി) വിവിധ വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ആർക്കിടെക്ചർ വിഭാഗത്തിൽ കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ച ബി.ആർക്ക് അടിസ്ഥാന യോഗ്യതയും, എം.ആർക്ക്/എം.പ്ലാനിങ്/എം.എൽ.എ(ലാൻ സെക്ച് ആർക്കിടെക്ചർ) എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവുമാണ് യോഗ്യത.

ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗങ്ങളിൽ ബി.ഇ/ബി.ടെക് ഉം എം.ഇ/എം.ടെക് (ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം) യോഗ്യത നേടിയിരിക്കണം.

കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ്/ഐ.ടി. യിൽ ബി.ഇ/ബി.ടെക് ഉം എം.ഇ/എം.ടെക് (ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം.സി.എ ബിരുദവും രണ്ടുവർഷം സർവകലാശാലാതലത്തിൽ അധ്യാപനപരിചയവും ഉണ്ടായിരിക്കണം.

മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ബി.ഇ/ബി.ടെക് ഉം എം.ഇ/എം.ടെക് (ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം). എഴുത്തുപരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ളവർ ഓഗസ്റ്റ് 17 ന് രാവിലെ 9.30ന് ബന്ധപ്പെട്ട വിഭാഗത്തിൽ ബയോഡാറ്റാ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പ് എന്നിവ സഹിതമെത്തണം. വിശദാംശങ്ങൾ www.cet.ac.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2515561.

ന്യൂഡൽഹി: ഓർഡിനൻസ് വിവാദത്തിൽ നിലപാടിൽ അയവു വരുത്താതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിശദമായി പഠിച്ചശേഷം മാത്രമേ ഓർഡിനൻസിൽ ഒപ്പിടുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഗവർണർ ഇക്കാര്യം അറിയിച്ചത്.

തനിക്കെതിരെ വിമർശനമാകാം. എന്നാൽ സ്വയം ബോദ്ധ്യപ്പെട്ടതിന് ശേഷമേ കാര്യങ്ങൾ ചെയ്യുകയുള്ളൂ. താൻ ആരുടെയും നിയന്ത്രണത്തിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭ ചേരാത്ത സാഹചര്യത്തിലാണ് ഓർഡിനൻസ് ഇറക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ തവണ നിയമസഭ കൂടിയപ്പോൾ എന്തുകൊണ്ട് ഓർഡിനൻസുകൾ അവതരിപ്പിച്ചില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ ചോദിക്കുന്നു.. ഇക്കാര്യങ്ങൾ കൂടി പഠിച്ചതിന് ശേഷമേ ഒപ്പിടുന്ന കാര്യം തീരുമാനിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകായുക്ത ഓർഡിനൻസ് ഉൾപ്പെടെയുള്ള 11 സുപ്രധാന ഓർഡിനൻസുകളാണ് ഗവർണർ ഒപ്പുവയ്ക്കാത്തതിനെത്തുടർന്ന് അസാധുവായത്. വിഷയത്തിൽ ഗവർണറെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തുമെന്നാണ് വിവരം.

തിരുവനന്തപുരം: ജവാൻ റമ്മിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് നിവേദനം. സ്വകാര്യ വ്യക്തിയാണ് സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന ജവാൻ റമ്മിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയത്. നികുതി വകുപ്പിനു നൽകിയ നിവേദനം പതിവു നടപടിക്രമങ്ങൾ അനുസരിച്ച് എക്‌സൈസ് കമ്മിഷണർക്ക് കൈമാറിയിട്ടുണ്ട്. സെക്രട്ടേറിയറ്റിൽ ലഭിക്കുന്ന ഏതു തരത്തിലുള്ള പരാതിയും ബന്ധപ്പെട്ട വകുപ്പുകൾക്ക് നടപടി സ്വീകരിക്കുന്നതിനായി കൈമാറുന്നതാണ് രീതി.

ജവാനെന്ന പേര് മദ്യത്തിന് ഉപയോഗിക്കുന്നത് സൈനികർക്ക് നാണക്കേടാണെന്നാണ് നിവേദനത്തിൽ വ്യക്തമാക്കുന്നത്. സർക്കാർ സ്ഥാപനമായതിനാൽ പേര് മാറ്റാൻ നടപടിയുണ്ടാകണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് തിരുവല്ലയിലാണ് സ്ഥിതി ചെയ്യുന്നത്. നിലവിൽ 4 ലൈനുകളിലായി 7500 കെയ്‌സ് ജവാൻ മദ്യമാണ് ഒരു ദിവസം ഉൽപാദിപ്പിക്കുന്നത്. 6 ഉത്പാദന ലൈനുകൾ കൂടി അനുവദിക്കണമെന്ന സ്ഥാപനത്തിന്റെ ആവശ്യം പരിഗണനയിലാണ്. 6 ലൈൻ കൂടി വന്നാൽ പ്രതിദിനം 10,000 കെയ്‌സ് അധികം ഉൽപാദിപ്പിക്കാൻ കഴിയും. ഒരു ലൈൻ സ്ഥാപിക്കാൻ 30 ലക്ഷം രൂപ ചെലവാകുമെന്നാണ് കമ്പനിയുടെ കണക്ക്. ജവാന്റെ 1.50 ലക്ഷം കെയ്‌സ് മദ്യമാണ് ഒരു മാസം വിൽപ്പന നടക്കുന്നത്.

തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പ്-വനിതാ പ്രൊട്ടക്ഷൻ ഓഫീസിന്റെ സഖി വൺ സ്റ്റോപ്പ് സെന്ററിലേക്ക് സെന്റർ അഡ്മിനിസ്ട്രേറ്റർ, കേസ് വർക്കർ, കൗൺസിലർ, ഐടി. സ്റ്റാഫ്, മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികകളിൽ കരാർ നിയമനം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ബയോഡാറ്റ, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഓഗസ്റ്റ് 17 ന് വനിതാ പ്രൊട്ടക്ഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ, പാലക്കാട് വിലാസത്തിലോ plkdwpo@gmail.com ലോ അപേക്ഷ നൽകണമെന്ന് വനിതാ പ്രൊട്ടക്ഷൻ ഓഫീസർ അറിയിച്ചു. ഫോൺ: 8281999061

അഡ്മിനിസ്ട്രേറ്റർ യോഗ്യത: എൽ.എൽ.ബി, എം.എസ്.ഡബ്ല്യൂ. കുറഞ്ഞത് അഞ്ച് വർഷം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ-സർക്കാരിതര സന്നദ്ധ സംഘടനകളിൽ അഡ്മിനിസ്ട്രേറ്റീവ് ലെവലിൽ പ്രവർത്തിപരിചയം. അപേക്ഷകർ സ്ത്രീയായിരിക്കണം. ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. പ്രായപരിധി 25-45. ഒരു വർഷത്തെ കൗൺസലിംഗ് പരിചയം ഉണ്ടാകണം.

കേസ് വർക്കർ യോഗ്യത: എൽ.എൽ.ബി, എം.എസ്.ഡബ്ല്യൂ. കുറഞ്ഞത് മൂന്ന് വർഷം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ-സർക്കാരിതര സന്നദ്ധ സംഘടനകളിൽ പ്രവർത്തി പരിചയം. അപേക്ഷകർ സ്ത്രീയായിരിക്കണം. പ്രായപരിധി 25-45. ഒരു വർഷത്തെ കൗൺസലിംഗ് പരിചയം ഉണ്ടാകണം.

കൗൺസിലർ യോഗ്യത: എം.എസ്.ഡബ്ല്യൂ, ക്ലിനിക്കൽ സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദം, കുറഞ്ഞത് മൂന്ന് വർഷം കൗൺസിലറായോ സൈക്കോ തെറാപ്പിസ്റ്റായോ പ്രമുഖ മെന്റൽ ഹെൽത്ത് സ്ഥാപനങ്ങളിൽ പ്രവർത്തി പരിചയം, അപേക്ഷകർ സ്ത്രീയായിരിക്കണം.പ്രായപരിധി 25-45 മദ്ധ്യേ.

ഐ.ടി സ്റ്റാഫ് യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്ലോമ ഉണ്ടായിരിക്കണം. കുറഞ്ഞത് മൂന്ന് വർഷം ഡാറ്റ മാനേജ്മെന്റ്, പ്രസ്സ് ഡോക്യൂമെന്റെഷൻ, വെബ് റിപ്പോർട്ടിംഗ്, വീഡിയോ കോൺഫ്രൻസിംഗ് എന്നിവയിൽ പ്രവർത്തി പരിചയം. പ്രായപരിധി 25-45 മദ്ധ്യേ.

മൾട്ടി പർപ്പസ് ഹെൽപ്പർ: എഴുതാനും വായിക്കാനും അറിയണം. സ്ത്രീകളായിരിക്കണം. മൂന്ന് വർഷം സമാന തസ്തികയിൽ പ്രവർത്തി പരിചയം. പ്രായപരിധി 25-55.

കൊച്ചി: റോഡുകളിൽ കുഴി ഉണ്ടാകുന്നതിൽ അധികൃതർക്കെതിരെ വിമർശനവുമായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. റോഡിൽ കുഴി ഉണ്ടാകുന്നത് യാത്രക്കാരുടെ കുഴപ്പം കൊണ്ടല്ലെന്ന് അദ്ദേഹം പറഞ്ഞു. അധികൃതരെ ചോദ്യം ചെയ്യാൻ യാത്രക്കാർക്ക് കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപകടരഹിത കൊച്ചി എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നിങ്ങൾ സുരക്ഷിതരായിരിക്കണം, ഹെൽമെറ്റ് വെക്കണം, സീറ്റ് ബെൽറ്റ് ഇടണം എന്ന് ജനങ്ങളോട് പറയുന്നതിനൊപ്പം തന്നെ റോഡ് പരിപാലിക്കുന്നവർ തങ്ങൾ ചെയ്യുന്നത് കൃത്യമാണെന്ന് ജനങ്ങൾക്ക് ഒരു ഉറപ്പ് കൊടുക്കണം. നമ്മൾ റോഡിൽ കാണുന്ന എല്ലാ നിയമലംഘനങ്ങളും ജനങ്ങൾ ഉണ്ടാക്കുന്നതല്ല. അധികൃതർ കണ്ണടയ്ക്കുന്നതോ, അധികൃതർ ഉണ്ടാക്കുന്നതോ ആണ്. കുഴി ജനങ്ങളുണ്ടാക്കുന്നതല്ല. തങ്ങളാരും പിക്കാസ് കൊണ്ടുപോയി കുഴി ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗട്ടറിൽ നിന്ന് ഒഴിഞ്ഞുമാറി ഡ്രൈവ് ചെയ്യുന്നതല്ല റോഡ് സേഫ്റ്റി. റോഡ് നന്നാക്കാൻ പറയേണ്ടത് കോടതിയാണോയെന്നും അദ്ദേഹം ചോദിക്കുന്നു. ഉദ്യോഗസ്ഥർ വേണ്ടത് ചെയ്യുന്നുണ്ടോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.