ശക്തമായ പ്രതിഷേധം; ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റി

തിരുവനന്തപുരം: ശക്തമായ പ്രതിഷേധത്തിനൊടുവിൽ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റി. പട്ടികജാതി വികസനവകുപ്പ് ഡയറക്ടർ വി.ആർ.കൃഷ്ണ തേജയെയാണ് ആലപ്പുഴ കളക്ടറായി നിയമിച്ചിട്ടുള്ളത്. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവർത്തിച്ചിരുന്ന ആളാണ് കൃഷ്ണ തേജ് ഐഎഎസ്.

സപ്ലൈകോ ജനറൽ മാനേജറായാണ് ശ്രീറാം വെങ്കിട്ടരാമന് നിയമനം നൽകിയിരിക്കുന്നത്. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ഇനി ശ്രീറാം ഇനി പ്രവർത്തിക്കേണ്ടത്. കേരള മുസ്ലീം ജമാഅത്ത് ശ്രീറാമിന്റെ നിയമനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എപി സുന്നി വിഭാഗവും വിഷയത്തിൽ അതൃപ്തി അറിയിച്ചിരുന്നു. ഇതോടെയാണ് ശ്രീറാമിനെ കളക്ടർ പദവിയിൽ നിന്നും മാറ്റാൻ സർക്കാർ തയ്യാറായതെന്നാണ് റിപ്പോർട്ടുകൾ.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്റ്ററാക്കിയ സർക്കാർ നടപടിക്കെതിരെ നിലമ്പൂർ എംഎൽഎ പി വി അൻവറും രംഗത്തെത്തിയിരുന്നു. വെങ്കിട്ടരാമനെ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പി.വി അൻവർ എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് കത്തയക്കുകയും ചെയ്തിരുന്നു. ശ്രീറാം വെങ്കിട്ടരാമിന്റെ നിയമനത്തെ ചിലർ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെ മുൻ നിർത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ മദ്യലഹരിയിൽ വാഹനമിടിച്ച് കൊലപ്പെടുത്തി കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റും വരെ സമരം നടത്തുമെന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം വന്നു തൊട്ടുപിന്നാലെ തന്നെയാണ് അദ്ദേഹത്തെ സർക്കാർ മാറ്റിയത്.