ലോക്സഭയില്‍ ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ് ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: ലോക്സഭയില്‍ കേരളത്തില്‍ നിന്നുളള എംപിമാരായ ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്കാം ടാഗോര്‍, ജോതിമാണി എന്നിവരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. പ്ലക്കാര്‍ഡുകള്‍ സഭയില്‍ കൊണ്ടു വന്നതിനും സഭയ്ക്കുള്ളില്‍ പ്രതിഷേധം നടത്തിയതിനും കഴിഞ്ഞ മാസം 25 നാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്.

‘പ്രതിഷേധിക്കാനായി സഭയില്‍ പ്ലക്കാര്‍ഡുകളുമായി അംഗങ്ങള്‍ എത്തുമ്‌ബോള്‍ നടപടി സ്വീകരിക്കാന്‍ താന്‍ നിര്‍ബന്ധിതനാകും. സഭാ നടപടികളില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നാണ് താല്‍പര്യമെന്നും സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. പ്ലക്കാര്‍ഡുകള്‍ കൊണ്ടുവന്നാല്‍ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ നോക്കാതെ നടപടി സ്വീകരിക്കും. ഇത് അവസാന അവസരമെന്ന് പറഞ്ഞാണ് സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതായി സ്പീക്കര്‍ വ്യക്തമാക്കിയത്.

അതേസമയം, സസ്പെന്‍ഷന്‍ പിന്‍വലിച്ചതിന് പിന്നാലെ രമ്യ ഹരിദാസ്, മാണിക്കാം ടാഗോര്‍, ജോതിമാണി എന്നിവര്‍ സഭയിലെത്തി. വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും സഭ അംഗീകരിച്ചു. നാളെയാകും ചര്‍ച്ച.