International (Page 57)

ടോക്കിയോ: ഹിരോഷിമയിൽ ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അർദ്ധകായ പ്രതിമ അനാഛാദനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമ സ്ഥിതി ചെയ്യുന്നത് ഹിരോഷിമയിലെ പീസ് പാർക്കിലാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകം എന്ന നിലയിലാണ് ഇന്ത്യ മഹാത്മാഗാന്ധിയുടെ പ്രതിമ ജപ്പാന് സമ്മാനിച്ചത്.

ടോക്കിയോയിൽ അനാച്ഛാദനം ചെയ്ത വെങ്കല പ്രതിമയ്ക്ക് 42 ഇഞ്ച് നീളമാണുള്ളത്. പ്രതിമ രൂപകൽപ്പന ചെയ്തത് പ്രശസ്ത ശിൽപ്പിയും പത്മഭൂഷൺ ജേതാവുമായ രാം വാഞ്ചി സുതർ ആണ്. ഹിരോഷിമയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാഛാദനം ചെയ്തുവെന്നും സൗഹൃദത്തിന്റെ പ്രതീകമാണിതെന്നും കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിൽ കുറിച്ചു.

മോട്ടോയാസു നദിയോട് ചേർന്നാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഹിരോഷിമയിലെ പ്രശസ്തമായ അണുബോംബ് സ്മാരകത്തിന് അടുത്താണിത്. ആയിരക്കണക്കിന് സഞ്ചാരികൾ ദിവസവും സന്ദർശനം നടത്തുന്ന സ്ഥലമാണിത്. സമാധാനത്തിനും അഹിംസയ്ക്കുമായി ജീവിതം ഉഴിഞ്ഞ് വെച്ചയാളാണ് ഗാന്ധിജി. അഹിംസ, സാഹോദര്യം എന്നിവയെ പ്രതിനിധാനം ചെയ്താണ് ഈ സ്ഥലത്ത് തന്നെ ഗാന്ധി പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഗാന്ധിജിയുടെ തത്വങ്ങൾക്ക് അനുയോജ്യമായ സ്ഥലം കൂടിയാണിതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ലണ്ടന്‍: ബ്രിട്ടനില്‍ ഇനി ഡ്രൈവറില്ലാത്ത ബസുകള്‍. പ്രൈവറ്റ് ബസ് ഓപ്പറേറ്റിംങ് കമ്പനിയായ സ്റ്റേജ് കോച്ചാണ് സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബോറോയ ഫുള്‍സൈസ് ബസുകള്‍ ഡ്രൈവറില്ലാതെ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

എഡിന്‍ബറോയിലെ ഫെറിടോള്‍ പാര്‍ക്കില്‍നിന്നും പാര്‍ക്ക് സ്റ്റേഷന്‍ വരെയാണ് ബസ് സര്‍വീസ്. ഡ്രൈവറില്ലെങ്കിലും സര്‍വീസ് നിയന്ത്രിക്കാന്‍ രണ്ടു ജീവനക്കാര്‍ ബസിനുള്ളിലുണ്ട്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടം നിരീക്ഷിക്കുകയാണ് ഒരാളുടെ ജോലി. ഇയാള്‍ ഡ്രൈവറുടെ സീറ്റിലിരുന്നാണ് ഇതു ചെയ്യുന്നത്. യാത്രക്കാരെ സഹായിക്കാനും ടിക്കറ്റ് നല്‍കാനുമായി ബസ് ക്യാപ്റ്റനുമുണ്ട്.

അതേസമയം, അഞ്ച് ഒറ്റനില ബസുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസിന് ഇറക്കിയിട്ടുള്ളത്. ആഴ്ചതോറും 10,000 പേര്‍ ഈ ബസുകളില്‍ യാത്രചെയ്യുമെന്നാണ് സ്റ്റേജ് കോച്ചിന്റെ പ്രതീക്ഷ. 14 മൈല്‍ ദൂരമുള്ള റൂട്ടിലൂടെ സെന്‍സറുകളുടെ സഹായത്തോടെയാണ് മണിക്കൂറില്‍ 50 മൈല്‍ വരെ സ്പീഡിലുള്ള ഈ ബസുകളുടെ ഓട്ടം. റൗണ്ട് എബൗട്ടുകള്‍, ട്രാഫിക് ലൈറ്റുകള്‍, മോട്ടോര്‍വേകളിലെ ലൈന്‍ മാറ്റം എന്നിവയെല്ലാം ഡ്രൈവറില്ലാതെ സാധ്യമാകുന്ന സാങ്കേതിക വിദ്യയാണ് ബസില്‍ ഉപയോഗിച്ചിരിക്കുന്നത്.

കാന്‍സറിനു കാരണമാകുന്ന ഘടകങ്ങള്‍ ഉല്‍പന്നങ്ങളില്‍ കലര്‍ന്നിരിക്കുന്നു എന്ന കണ്ടെത്തലിന്റെ ഭാഗമായി അമേരിക്കന്‍ സര്‍ക്കാരിലേയ്ക്ക് നാല്‍പ്പതു കോടി ഡോളര്‍ നഷ്ടപരിഹാരത്തുക അടയ്ക്കാനൊരുങ്ങി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍മാര്‍ നടത്തുന്ന കേസുകളിലാണ് കമ്പനി പിഴയൊടുക്കാനൊരുങ്ങുന്നത്. കമ്പനിയുടെ ബേബി പൗഡറിലും മറ്റ് ടാല്‍ക് ഉത്പന്നങ്ങളിലും മാരകമായ കാന്‍സറിനു വഴിവയ്ക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് പരാതി.

എന്നാല്‍, തങ്ങള്‍ വിപണിയിലെത്തിക്കുന്ന ഉത്പന്നങ്ങളെല്ലാം സുരക്ഷിതമാണെന്നും അവ ഉപയോഗം വഴി കാന്‍സര്‍ ബാധിക്കില്ലെന്നുമാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വിശദീകരിക്കുന്നത്. 38,000ല്‍ അധികം കേസുകളാണ് നിലവില്‍ കമ്പനിയ്ക്കെതിരെയുള്ളത്. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ എല്‍ടിഎല്‍ മാനേജ്മെന്റ് സ്വയം പാപ്പരായി പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂജഴ്സിയിലാണ് സ്ഥാപനം പാപ്പരത്വം തെളിയിക്കാനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന കാന്‍സര്‍ രോഗികള്‍ക്ക് കമ്പനി എങ്ങനെയാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഈ അപേക്ഷയുമായി ബന്ധപ്പെട്ട രേഖകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഏകദേശം 890 കോടിയോളം വരുന്ന നഷ്ടപരിഹാരത്തുക 40 കോടിയാക്കി കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പാപ്പരത്വ പ്രഖ്യാപനമെന്നാണ് നിരീക്ഷണം. പാപ്പരത്വ പ്രഖ്യാപനം വഴി ഈ കേസുകളും ഭാവിയില്‍ പുതുതായി ഉണ്ടായേക്കാവുന്ന കേസുകളും പരിഹരിക്കാനാണ് കമ്പനിയുടെ ഇപ്പോഴത്തെ ശ്രമം.

അന്യായമായ കച്ചവട രീതികളെയും ഉപഭോക്തൃ സംരക്ഷണത്തെയും ഉള്‍പ്പെടുത്തുന്ന അമേരിക്കന്‍ നിയമങ്ങള്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ലംഘിച്ചുവെന്നാണ് കേസ്. ടാല്‍ക് ഉത്പന്നങ്ങളുടെ സുരക്ഷയെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതും കേസിന് ആസ്പദമായിട്ടുണ്ട്. ന്യൂ മെക്സിക്കോ, മിസ്സിസ്സിപ്പി, അരിസോണ, മേരിലാന്‍ഡ്, നോര്‍ത്ത് കരോളിന, ടെക്സാസ്, വാഷിംഗ്ടണ്‍ എന്നിങ്ങനെ പലയിടങ്ങളില്‍ നിന്നായിരുന്നു കേസുകള്‍. കടക്കെണിയില്‍ കുരുങ്ങി ബുദ്ധിമുട്ടുന്നവര്‍ക്കുള്ള ആനുകൂല്യമാണ് പാപ്പരത്വ പ്രഖ്യാപനമെന്നും, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പോലെ ലാഭത്തില്‍ പോകുന്ന ഒരു കമ്പനിയ്ക്ക് അത്തരം സൗകര്യങ്ങള്‍ നല്‍കരുതെന്നുമാണ് ഇവരുടെ ആവശ്യം. 45 വയസ്സിനു മുന്നേ മെസോത്തീലിയോമ ബാധിച്ചവര്‍ക്ക് പരമാവധി അഞ്ചു ലക്ഷം ഡോളറും അണ്ഡാശയ കാന്‍സര്‍ ബാധിച്ചവര്‍ക്ക് പരമാവധി 2.6 ലക്ഷം ഡോളറുമാണ് കമ്പനി മുന്നോട്ടു വയ്ക്കുന്ന ഒത്തുതീര്‍പ്പ് കരാര്‍ പ്രകാരം ലഭിക്കുക. ക്യാന്‍സറിന്റെ സ്വഭാവം, രോഗിയുടെ പ്രായം, ടാല്‍ക് ഉപയോഗത്തിന്റെ കണക്ക് എന്നിവയടക്കമുള്ള ഘടകങ്ങള്‍ വിലയിരുത്തിയാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുക.

വാഷിംഗ്ടൺ: ഡിഎൻഎ ടൂളുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി ഗവേഷകർ. ഡിഎൻഎ വിവരങ്ങൾ ദുരുപയോഗം ചെയ്യാനും ഉപയോഗിക്കപ്പെട്ടേക്കുമോ എന്ന ആശങ്ക പങ്കുവെച്ച് ശാസ്ത്രലോകം. വ്യക്തിഗതമായി ആളുകളെയോ അല്ലെങ്കിൽ മുഴുവൻ വംശീയ വിഭാഗങ്ങളെയോ പിന്തുടരാൻ ഡിഎൻഎ ഉപയോഗിക്കാനിടയുണ്ടെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. ധാർമ്മിക പ്രതിസന്ധി എന്നാണ് ശാസ്ത്രലോകം ഇതിനെ വിശേഷിപ്പിച്ചത്. പരിസ്ഥിതി DNA അല്ലെങ്കിൽ eDNA എന്ന് വിളിക്കപ്പെടുന്ന ജനിതക വസ്തുക്കളുടെ ചെറിയ സാമ്പിളുകളിൽ നിന്നുള്ള വിവരങ്ങൾ മനുഷ്യരും മൃഗങ്ങളും വായുവിലടക്കം എല്ലായിടത്തും ഉപേക്ഷിക്കുന്നുണ്ട്.

വൈദ്യശാസ്ത്രപരവും ശാസ്ത്രീയവുമായ പുരോഗതിയിലേക്ക് ഡിഎൻഎ ടൂൾ നമ്മെ നയിച്ചേക്കാമെന്നാണ് നേച്ചർ ഇക്കോളജി & എവല്യൂഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിൽ പറയുന്നത്. അതേസമയം, കുറ്റവാളികളെ കണ്ടെത്താനും ഈ ടൂൾ സഹായിക്കും. എന്നാൽ ഇത് ഒരാളുടെ അനുമതി, സ്വകാര്യത, നിരീക്ഷണം എന്നിവയെ ചുറ്റിപ്പറ്റിയുള്ള നിരവധി ആശങ്കകൾ ഉയർത്തുന്നുണ്ട്.

ഓരോ വ്യക്തിയും പ്രത്യേകമായ ജനിതക വിവരങ്ങളാണ് വഹിക്കുന്നത്. അത് അവരുടെ ഡിഎൻഎയിൽ ഉൾച്ചേർന്നിരിക്കുന്നതാണ്. ഇത് ശരീരം ചൊറിയുമ്പോൾ വീഴുന്ന പൊടിയിൽ നിന്നോ, രോമത്തിൽ നിന്നോ, ചുമയ്ക്കുമ്പോൾ തെറിച്ച് വീഴാനിടയുള്ള സ്രവങ്ങളിൽ നിന്നോ ഉപയോഗിക്കുന്ന തുണികളിൽ നിന്ന് പോലും ശേഖരിക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

അടുത്തകാലത്തായി വംശനാശഭീഷണി നേരിടുന്ന ജീവികളെ സഹായിച്ചേക്കുമെന്ന പ്രതീക്ഷയിൽ ശാസ്ത്രജ്ഞർ വന്യമൃഗങ്ങളുടെ eDNA കൂടുതലായി ശേഖരിക്കുന്നുണ്ട്. ഇത്തരത്തിൽ ഫ്‌ലോറിഡ യൂണിവേഴ്‌സിറ്റിയിലെ മറൈൻ ബയോസയൻസിനായുള്ള വിറ്റ്‌നി ലബോറട്ടറിയിലെ ശാസ്ത്രജ്ഞർക്ക് വംശനാശഭീഷണി നേരിടുന്ന കടലാമകളുടെ eDNA ശേഖരിക്കുന്നതിനിടെ ധാരാളം മനുഷ്യരുടെ ജനിതക ബൈകാച്ചുകളും കിട്ടി. അത്തരത്തിൽ ശേഖരിച്ച ഹ്യൂമൻ ഇഡിഎൻഎയുടെ അളവും ഗുണനിലവാരവും ശാസ്ത്രജ്ഞരെ അത്ഭുതപെടുത്തിയെന്ന് വിറ്റ്‌നി ലബോറട്ടറിയിലെ വന്യജീവി രോഗ ജീനോമിക് പ്രൊഫസർ ഡേവിഡ് ഡഫി ചൂണ്ടിക്കാട്ടി. സമ്മതമില്ലാതെ മനുഷ്യ eDNA ശേഖരിക്കുന്നത് വ്യക്തിഗതമായി ആളുകളെ ട്രാക്കുചെയ്യുന്നതിനോ അല്ലെങ്കിൽ “ദുർബലമായ ജനസംഖ്യയെ അല്ലെങ്കിൽ വംശീയ ന്യൂനപക്ഷങ്ങളെ” ലക്ഷ്യം വയ്ക്കാനോ ഉപയോഗിക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി.

റോം: ഇറ്റലിയിൽ വെള്ളപ്പൊക്കം. വടക്കുകിഴക്കൻ മേഖലയായ എമിലിയ-റൊമാഞ്ഞയിലാണ് കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം ഉണ്ടായത്. 9 പേരാണ് വെള്ളപ്പൊക്കത്തിൽ മരണപ്പെട്ടത്. നിരവധി പേരെ കാണാതാകുകയും ചെയ്തു. മേഖലയിലെ വീടുകളിൽ വെള്ളം കയറി. ഗതാഗതം താറുമാറാകുകയും ചെയ്തു.

വെള്ളപ്പൊക്കത്തെ തുടർന്ന് ആയിരത്തിലധികം പ്രദേശവാസികളെ മേഖലയിൽ നിന്നും മാറ്റിപ്പാർപ്പിച്ചു. സാവിയോ നദി കരകവിഞ്ഞൊഴുകുകയാണ്. വീടുകൾക്ക് പുറമെ സ്ഥാപനങ്ങളിലും വെള്ളം കയറി. റോഡരികിൽ പാർക്കുചെയ്തിരുന്ന കാറുകളിൽ പലതും വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി. 600 അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.

അതേസമയം, മേഖലയിലെ സ്‌കൂളുകൾ അടച്ചിടുകയും ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ മേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ന്യൂയോര്‍ക്ക്: ചൊവ്വയില്‍ നദിയൊഴുകിയിരുന്നെന്ന് നാസയുടെ പെര്‍സിവേറന്‍സ് റോവര്‍. റോവര്‍ പകര്‍ത്തിയ നദി ഒഴുകിയിരുന്നതായി കരുതപ്പെടുന്ന പ്രദേശത്തിന്റെ ചിത്രവും നാസ പങ്കുവെച്ചിട്ടുണ്ട്. രണ്ട് വര്‍ഷമായി ജെസീറോ ഗര്‍ത്തത്തില്‍ പര്യവേക്ഷണം നടത്തുന്ന നാസയുടെ പെര്‍സെവറന്‍സ് റോവര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

ചൊവ്വയുടെ വടക്കായി സ്ഥിതി ചെയ്യുന്ന ജെസീറോ ക്രേറ്ററിലൂടെ 28 മൈല്‍ വീതിയില്‍ നദി ഒഴുകിയിരുന്നെന്നും ചിത്രത്തില്‍ കാണപ്പെടുന്ന ശൃംഖലകള്‍ നദി അഗ്നി പര്‍വതത്തിലേക്കാണ് ഒഴുകിയിരുന്നതെന്നും സൂചന നല്‍കുന്നു.

അതേസമയം, പുരാതന കാലത്ത് ഗ്രഹത്തില്‍ ജീവനുള്ള വസ്തുക്കള്‍ ഉണ്ടായിരുന്നോയെന്നുള്ള പഠനത്തിന് ഈ കണ്ടെത്തല്‍ സഹായകരമാകുമെന്ന് നാസ അറിയിച്ചു. മുന്‍പ് ചൊവ്വ തടാകങ്ങളും സമുദ്രങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ജലലോകമായിരുന്നു എന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.

ലണ്ടൻ: വീണ്ടും ബ്രിട്ടൺ സന്ദർശിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. തിങ്കളാഴ്ച്ച രാവിലെയാണ് അദ്ദേഹം ലണ്ടനിലെത്തിയത്. ബ്രിട്ടൺ പ്രധാനമന്ത്രി ഋഷി സുനകുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. ഇരുവരും ഹസ്തദാനം ചെയ്തും തോളിൽ കൈയിട്ടും നിൽക്കുന്ന ചിത്രങ്ങൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ‘വെൽക്കം ബാക്ക്’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ചടിത്രം പങ്കുവെച്ചിരിക്കുന്നത്.

ഏതാനും ആഴ്ച്ചകൾക്ക് മുൻപും സെലൻസ്‌കി ബ്രിട്ടണിൽ സന്ദർശനം നടത്തിയിരുന്നു. യുദ്ധത്തിനായി കൂടുതൽ സഹായവും ആയുധവും യുദ്ധവിമാനങ്ങളും നൽകണമെന്ന് സെലൻസ്‌കി അഭ്യർഥിച്ചിരുന്നു. ഈ അഭ്യർഥനയിന്മേലള്ള തുടർ ചർച്ചകളാകും സന്ദർശനത്തിന് പിന്നിലെ ലക്ഷ്യമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ബ്രിട്ടൻ യുക്രെയ്ൻ പൈലറ്റുമാർക്ക് പരിശീലനം നൽകുമെന്ന് ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടനുമായുള്ള ‘ജെറ്റ് കൊയെലേഷ’നാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് സെലൻസ്‌കി വ്യക്തമാക്കുന്നത്.

കൊച്ചി: കൊച്ചിയിൽ വൻ ലഹരി വേട്ട. പാകിസ്ഥാനിൽ നിന്നെത്തിച്ച 12000 കോടി രൂപയുടെ ലഹരി മരുന്ന് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു പാക് പൗരൻ അറസ്റ്റിലായി. 2500 കിലോ മെത്താഫെറ്റാമിനാണ് അധികൃതർ പിടിച്ചെടുത്തത്.

നേവിയും നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും മാലിദ്വീപിലേക്കുമായി എത്തിച്ച മയക്കുമരുന്നാണിത്.

അടുത്തിടെ രാജ്യത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. ബോട്ടിലാണ് ലഹരി എത്തിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവ പിടികൂടാൻ കഴിഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

റോം: ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. റഷ്യയുമായുള്ള യുദ്ധത്തിൽ സമാധാന, മധ്യസ്ഥ ശ്രമങ്ങൾ ലക്ഷ്യമിട്ടാണ് കൂടിക്കാഴ്ച്ച. യുക്രെയ്ൻ റഷ്യ പ്രശ്‌നങ്ങളിൽ മധ്യസ്ഥ ശ്രമങ്ങൾക്ക് തയ്യാറാണെന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടുകളെ തുടർന്നായിരുന്നു സന്ദർശനമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

യുക്രെയ്ന്റെ വിജയത്തിനായുള്ള പ്രധാന സന്ദർശനമെന്നാണ് ഇറ്റലിയിൽ എത്തിയതിന് പിന്നാലെ സെലൻസ്‌കി ട്വിറ്ററിൽ കുറിച്ചത്. ഇറ്റാലിയൻ പ്രസിഡന്റിനേയും പ്രധാനമന്ത്രിയേയും അദ്ദേഹം സന്ദർശിക്കുകയും ചെയ്തു. യുദ്ധം അവസാനിപ്പിക്കുന്നതിനായി സമാധാന ശ്രമങ്ങൾക്ക് വത്തിക്കാൻ ശ്രമിക്കുന്നതായി സെലൻസ്‌കി ഏതാനും ദിവസങ്ങൾക്ക് മുൻപ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, എങ്ങനെയാണ് ശ്രമങ്ങളെന്ന കാര്യം പിന്നിട് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വത്തിക്കാൻ സന്ദർശനം.

ദോഹ: ഖത്തറിലെ കോടതികളില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ നടപ്പാക്കിയതിനാല്‍ നടപടികള്‍ ഇനി എളുപ്പത്തിലാകും. വാക്കുകള്‍ വാചകങ്ങളാക്കി മാറ്റുന്നതിനാണ് ആദ്യ ഘട്ടത്തില്‍ എഐ ഉപയോഗിച്ചു തുടങ്ങിയതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

അതേസമയം, അന്വേഷണ സെഷനുകളിലും നിയമ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള മിനിറ്റ്സും മെമ്മോറാണ്ടവും തയാറാക്കുന്നതിനും എഐ ഉപയോഗിക്കും. വിവരങ്ങളുടെ കൃത്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാനും ഇതു സഹായകമാകുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.