അമേരിക്കന്‍ സര്‍ക്കാരിലേക്ക് 40 കോടി ഡോളര്‍ നഷ്ടപരിഹാരത്തുക നല്‍കാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

കാന്‍സറിനു കാരണമാകുന്ന ഘടകങ്ങള്‍ ഉല്‍പന്നങ്ങളില്‍ കലര്‍ന്നിരിക്കുന്നു എന്ന കണ്ടെത്തലിന്റെ ഭാഗമായി അമേരിക്കന്‍ സര്‍ക്കാരിലേയ്ക്ക് നാല്‍പ്പതു കോടി ഡോളര്‍ നഷ്ടപരിഹാരത്തുക അടയ്ക്കാനൊരുങ്ങി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍മാര്‍ നടത്തുന്ന കേസുകളിലാണ് കമ്പനി പിഴയൊടുക്കാനൊരുങ്ങുന്നത്. കമ്പനിയുടെ ബേബി പൗഡറിലും മറ്റ് ടാല്‍ക് ഉത്പന്നങ്ങളിലും മാരകമായ കാന്‍സറിനു വഴിവയ്ക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് പരാതി.

എന്നാല്‍, തങ്ങള്‍ വിപണിയിലെത്തിക്കുന്ന ഉത്പന്നങ്ങളെല്ലാം സുരക്ഷിതമാണെന്നും അവ ഉപയോഗം വഴി കാന്‍സര്‍ ബാധിക്കില്ലെന്നുമാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വിശദീകരിക്കുന്നത്. 38,000ല്‍ അധികം കേസുകളാണ് നിലവില്‍ കമ്പനിയ്ക്കെതിരെയുള്ളത്. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ എല്‍ടിഎല്‍ മാനേജ്മെന്റ് സ്വയം പാപ്പരായി പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂജഴ്സിയിലാണ് സ്ഥാപനം പാപ്പരത്വം തെളിയിക്കാനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന കാന്‍സര്‍ രോഗികള്‍ക്ക് കമ്പനി എങ്ങനെയാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഈ അപേക്ഷയുമായി ബന്ധപ്പെട്ട രേഖകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഏകദേശം 890 കോടിയോളം വരുന്ന നഷ്ടപരിഹാരത്തുക 40 കോടിയാക്കി കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പാപ്പരത്വ പ്രഖ്യാപനമെന്നാണ് നിരീക്ഷണം. പാപ്പരത്വ പ്രഖ്യാപനം വഴി ഈ കേസുകളും ഭാവിയില്‍ പുതുതായി ഉണ്ടായേക്കാവുന്ന കേസുകളും പരിഹരിക്കാനാണ് കമ്പനിയുടെ ഇപ്പോഴത്തെ ശ്രമം.

അന്യായമായ കച്ചവട രീതികളെയും ഉപഭോക്തൃ സംരക്ഷണത്തെയും ഉള്‍പ്പെടുത്തുന്ന അമേരിക്കന്‍ നിയമങ്ങള്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ലംഘിച്ചുവെന്നാണ് കേസ്. ടാല്‍ക് ഉത്പന്നങ്ങളുടെ സുരക്ഷയെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതും കേസിന് ആസ്പദമായിട്ടുണ്ട്. ന്യൂ മെക്സിക്കോ, മിസ്സിസ്സിപ്പി, അരിസോണ, മേരിലാന്‍ഡ്, നോര്‍ത്ത് കരോളിന, ടെക്സാസ്, വാഷിംഗ്ടണ്‍ എന്നിങ്ങനെ പലയിടങ്ങളില്‍ നിന്നായിരുന്നു കേസുകള്‍. കടക്കെണിയില്‍ കുരുങ്ങി ബുദ്ധിമുട്ടുന്നവര്‍ക്കുള്ള ആനുകൂല്യമാണ് പാപ്പരത്വ പ്രഖ്യാപനമെന്നും, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പോലെ ലാഭത്തില്‍ പോകുന്ന ഒരു കമ്പനിയ്ക്ക് അത്തരം സൗകര്യങ്ങള്‍ നല്‍കരുതെന്നുമാണ് ഇവരുടെ ആവശ്യം. 45 വയസ്സിനു മുന്നേ മെസോത്തീലിയോമ ബാധിച്ചവര്‍ക്ക് പരമാവധി അഞ്ചു ലക്ഷം ഡോളറും അണ്ഡാശയ കാന്‍സര്‍ ബാധിച്ചവര്‍ക്ക് പരമാവധി 2.6 ലക്ഷം ഡോളറുമാണ് കമ്പനി മുന്നോട്ടു വയ്ക്കുന്ന ഒത്തുതീര്‍പ്പ് കരാര്‍ പ്രകാരം ലഭിക്കുക. ക്യാന്‍സറിന്റെ സ്വഭാവം, രോഗിയുടെ പ്രായം, ടാല്‍ക് ഉപയോഗത്തിന്റെ കണക്ക് എന്നിവയടക്കമുള്ള ഘടകങ്ങള്‍ വിലയിരുത്തിയാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുക.