ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി യുക്രെയ്ൻ പ്രസിഡന്റ്; യുക്രെയ്ന്റെ വിജയത്തിനായുള്ള പ്രധാന സന്ദർശനമെന്ന് പ്രതികരണം

റോം: ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. റഷ്യയുമായുള്ള യുദ്ധത്തിൽ സമാധാന, മധ്യസ്ഥ ശ്രമങ്ങൾ ലക്ഷ്യമിട്ടാണ് കൂടിക്കാഴ്ച്ച. യുക്രെയ്ൻ റഷ്യ പ്രശ്‌നങ്ങളിൽ മധ്യസ്ഥ ശ്രമങ്ങൾക്ക് തയ്യാറാണെന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടുകളെ തുടർന്നായിരുന്നു സന്ദർശനമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

യുക്രെയ്ന്റെ വിജയത്തിനായുള്ള പ്രധാന സന്ദർശനമെന്നാണ് ഇറ്റലിയിൽ എത്തിയതിന് പിന്നാലെ സെലൻസ്‌കി ട്വിറ്ററിൽ കുറിച്ചത്. ഇറ്റാലിയൻ പ്രസിഡന്റിനേയും പ്രധാനമന്ത്രിയേയും അദ്ദേഹം സന്ദർശിക്കുകയും ചെയ്തു. യുദ്ധം അവസാനിപ്പിക്കുന്നതിനായി സമാധാന ശ്രമങ്ങൾക്ക് വത്തിക്കാൻ ശ്രമിക്കുന്നതായി സെലൻസ്‌കി ഏതാനും ദിവസങ്ങൾക്ക് മുൻപ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, എങ്ങനെയാണ് ശ്രമങ്ങളെന്ന കാര്യം പിന്നിട് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വത്തിക്കാൻ സന്ദർശനം.