വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ ഉപയോഗിക്കപ്പെട്ടേക്കും; ഡിഎൻഎ ടൂളുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി ശാസ്ത്രലോകം

വാഷിംഗ്ടൺ: ഡിഎൻഎ ടൂളുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി ഗവേഷകർ. ഡിഎൻഎ വിവരങ്ങൾ ദുരുപയോഗം ചെയ്യാനും ഉപയോഗിക്കപ്പെട്ടേക്കുമോ എന്ന ആശങ്ക പങ്കുവെച്ച് ശാസ്ത്രലോകം. വ്യക്തിഗതമായി ആളുകളെയോ അല്ലെങ്കിൽ മുഴുവൻ വംശീയ വിഭാഗങ്ങളെയോ പിന്തുടരാൻ ഡിഎൻഎ ഉപയോഗിക്കാനിടയുണ്ടെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. ധാർമ്മിക പ്രതിസന്ധി എന്നാണ് ശാസ്ത്രലോകം ഇതിനെ വിശേഷിപ്പിച്ചത്. പരിസ്ഥിതി DNA അല്ലെങ്കിൽ eDNA എന്ന് വിളിക്കപ്പെടുന്ന ജനിതക വസ്തുക്കളുടെ ചെറിയ സാമ്പിളുകളിൽ നിന്നുള്ള വിവരങ്ങൾ മനുഷ്യരും മൃഗങ്ങളും വായുവിലടക്കം എല്ലായിടത്തും ഉപേക്ഷിക്കുന്നുണ്ട്.

വൈദ്യശാസ്ത്രപരവും ശാസ്ത്രീയവുമായ പുരോഗതിയിലേക്ക് ഡിഎൻഎ ടൂൾ നമ്മെ നയിച്ചേക്കാമെന്നാണ് നേച്ചർ ഇക്കോളജി & എവല്യൂഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിൽ പറയുന്നത്. അതേസമയം, കുറ്റവാളികളെ കണ്ടെത്താനും ഈ ടൂൾ സഹായിക്കും. എന്നാൽ ഇത് ഒരാളുടെ അനുമതി, സ്വകാര്യത, നിരീക്ഷണം എന്നിവയെ ചുറ്റിപ്പറ്റിയുള്ള നിരവധി ആശങ്കകൾ ഉയർത്തുന്നുണ്ട്.

ഓരോ വ്യക്തിയും പ്രത്യേകമായ ജനിതക വിവരങ്ങളാണ് വഹിക്കുന്നത്. അത് അവരുടെ ഡിഎൻഎയിൽ ഉൾച്ചേർന്നിരിക്കുന്നതാണ്. ഇത് ശരീരം ചൊറിയുമ്പോൾ വീഴുന്ന പൊടിയിൽ നിന്നോ, രോമത്തിൽ നിന്നോ, ചുമയ്ക്കുമ്പോൾ തെറിച്ച് വീഴാനിടയുള്ള സ്രവങ്ങളിൽ നിന്നോ ഉപയോഗിക്കുന്ന തുണികളിൽ നിന്ന് പോലും ശേഖരിക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

അടുത്തകാലത്തായി വംശനാശഭീഷണി നേരിടുന്ന ജീവികളെ സഹായിച്ചേക്കുമെന്ന പ്രതീക്ഷയിൽ ശാസ്ത്രജ്ഞർ വന്യമൃഗങ്ങളുടെ eDNA കൂടുതലായി ശേഖരിക്കുന്നുണ്ട്. ഇത്തരത്തിൽ ഫ്‌ലോറിഡ യൂണിവേഴ്‌സിറ്റിയിലെ മറൈൻ ബയോസയൻസിനായുള്ള വിറ്റ്‌നി ലബോറട്ടറിയിലെ ശാസ്ത്രജ്ഞർക്ക് വംശനാശഭീഷണി നേരിടുന്ന കടലാമകളുടെ eDNA ശേഖരിക്കുന്നതിനിടെ ധാരാളം മനുഷ്യരുടെ ജനിതക ബൈകാച്ചുകളും കിട്ടി. അത്തരത്തിൽ ശേഖരിച്ച ഹ്യൂമൻ ഇഡിഎൻഎയുടെ അളവും ഗുണനിലവാരവും ശാസ്ത്രജ്ഞരെ അത്ഭുതപെടുത്തിയെന്ന് വിറ്റ്‌നി ലബോറട്ടറിയിലെ വന്യജീവി രോഗ ജീനോമിക് പ്രൊഫസർ ഡേവിഡ് ഡഫി ചൂണ്ടിക്കാട്ടി. സമ്മതമില്ലാതെ മനുഷ്യ eDNA ശേഖരിക്കുന്നത് വ്യക്തിഗതമായി ആളുകളെ ട്രാക്കുചെയ്യുന്നതിനോ അല്ലെങ്കിൽ “ദുർബലമായ ജനസംഖ്യയെ അല്ലെങ്കിൽ വംശീയ ന്യൂനപക്ഷങ്ങളെ” ലക്ഷ്യം വയ്ക്കാനോ ഉപയോഗിക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി.