International (Page 58)

ന്യൂയോര്‍ക്ക്: യു.എസിലെ വടക്കന്‍ ഡള്ളാസിലെ മാളില്‍ ശനിയാഴ്ചയുണ്ടായ വെടിവയ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരിക്കേറ്റു. വെടിയുതിര്‍ത്തയാളെ ഒരു പോലീസുകാരന്‍ വധിച്ചു. എന്നാല്‍, ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല.

മാളിനകത്ത് വെടിവയ്പ് നടത്തിയ ശേഷം പുറത്തേക്കും ഇയാള്‍ നിറയൊഴിക്കാന്‍ തുടങ്ങിയപ്പോള്‍ മാളിലെത്തിയ ഒരു പോലീസുകാരന്‍ അക്രമിയെ പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. യു.എസ്. സമയം വൈകീട്ട് 3.30-ന് അലന്‍ പ്രീമിയം ഔട്ട്ലെറ്റ്സ് മാളില്‍വെച്ചാണ് വെടിവയ്പുണ്ടായത്.

അകേസമയം, അപകടത്തില്‍പ്പെട്ടവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ ചടങ്ങുകള്‍ പൂര്‍ത്തിയായി. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ നേതൃത്വത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ കിരീടധാരണ ചടങ്ങ് ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് 3.30 നാണ് ആരംഭിച്ചത്. പാരമ്പര്യവും പുതുമയും നിറഞ്ഞ അഞ്ച് ഘട്ടമായിട്ടായി നടന്ന ചടങ്ങുകളാണ് ചാള്‍സിന്റെ സ്ഥാനാരോഹണത്തെ വ്യത്യസ്തമാക്കിയത്. ചടങ്ങില്‍ പങ്കെടുക്കാന്‍ വിവിധ രാഷ്ട്രത്തലവന്‍മാര്‍ എത്തിച്ചേര്‍ന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷട്രപതി ജഗദീപ് ധന്‍കറാണ്ചടങ്ങില്‍ പങ്കെടുത്തത്. 2000 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.

അതേസമയം, എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്നുള്ള ഔദ്യോഗിക ദുഖാചരണം അവസാനിച്ചതിന് പിന്നാലെ തന്നെ മകനായ ചാള്‍സ് മൂന്നാമന്റെ കിരീടധാരണ തീയതിയും ബെക്കിങ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരുന്നു. വെസ്റ്റ് മിന്‍സ്റ്റര്‍ ആബെയില്‍ നടക്കുന്ന നാല്പതാമത്തെ കിരീടധാരണ ചടങ്ങാണ് ചാള്‍സിന്റേത്. കഴിഞ്ഞ 900 വര്‍ഷമായി ബ്രിട്ടീഷ് രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങുകള്‍ നടക്കുന്നത് ഇവിടെത്തന്നെയാണ്.

കിരീടധാരണ ചടങ്ങുകള്‍ക്ക് കാന്റ്ബറി ആര്‍ച്ച് ബിഷപ്പാണ് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത്. ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഓര്‍ബ് എന്നാണ് കിരീട ധാരണചടങ്ങിന്‍ നല്‍കിയിരിക്കുന്ന കോഡ്. 1308 മുതല്‍ കിരീടധാരണ ചടങ്ങിനായി ഉപയോഗിക്കുന്ന സിംഹാസനവും ലണ്ടന്‍ ടവറില്‍ സൂക്ഷിച്ചിരിക്കുന്ന കിരീടങ്ങളും ചടങ്ങിനായി വെസ്റ്റ് മിന്‍സ്റ്റര്‍ ആബെയില്‍ എത്തിക്കും. ബക്കിംങ്ഹാം കൊട്ടാരത്തില്‍ നിന്ന് കിംങ്‌സ് പ്രൊസഷന്‍ എന്ന് വിളിക്കുന്ന ഘോഷയാത്രയിലാണ് ചാള്‍സും ഭാര്യ കാമിലയും വെസ്റ്റ് മിന്‍സ്റ്റര്‍ ആബെയിലേക്ക് എത്തിയത്. സൈനിക വേഷത്തിലാണ് ചാള്‍സ് ആബെയിലേക്ക് എത്തിയത്. 6000 ബ്രിട്ടീഷ് സൈനികരാണ് കിരീട ധാരണ ഘോഷയാത്രയില്‍ പങ്കെടുത്തത്. കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ ലണ്ടനില്‍ നടക്കുന്ന ഏറ്റവും വലിയ സൈനിക വിന്യാസമായി ഇത് മാറി.

ജനീവ: ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായ കോവിഡ് വൈറസ് വ്യാപനം അവസാനിച്ചതായി ലോകാരോഗ്യ സംഘടന. എന്നാൽ, കോവിഡ് ഭീഷണി ലോകമെങ്ങും തുടരുന്നുവെന്നും who ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി. തീവ്രപരിചരണ വിഭാഗങ്ങളിൽ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകൾ ജീവനുവേണ്ടി പോരാടുകയാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

കോവിഡ് പതിസന്ധിയെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര അടിയന്തര സമിതി വ്യാഴാഴ്ച നടന്ന 15-ാമത് യോഗത്തിനു ശേഷമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. അതേസമയം, ആഗോള അടിയന്തരാവസ്ഥയല്ലെന്ന് പ്രഖ്യാപിച്ചെങ്കിലും കോവിഡിനെതിരെയുള്ള ജാഗ്രത തുടരണമെന്ന് ടെഡ്രോസ് അദനോം അഭ്യർത്ഥിച്ചു. അപകടം പൂർണമായും ഒഴിവായി എന്നല്ലെന്നും സാഹചര്യം മാറിയാൽ അടിയന്തരാവസ്ഥ പുനഃസ്ഥാപിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.

കോവിഡ് വൈറസ് വ്യാപനത്ത തുടർന്ന് 2020 ജനുവരിയിലാണ് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ബ്രിട്ടീഷ് രാജവംശത്തിന്റെ പുതിയ രാജാവായി എഴുപത്തിനാലുകാരനായ ചാള്‍സ് സ്ഥാനാഭിഷിക്തനാകുന്ന ചടങ്ങിനു പ്രത്യേകതകളേറെയാണ്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ മകന്‍ ഹാരിയുടെ ഭാര്യ മേഗന്‍ ഇല്ലാതെ, ഉറ്റബന്ധുക്കളും സുഹൃത്തുക്കളും ലോക രാഷ്ട്രങ്ങളിലെ നേതാക്കളും ഉള്‍പ്പെടെ 2,800 അതിഥികളുടെ സാന്നിധ്യത്തിലാണ് ചാള്‍സിന്റെ കിരീടധാരണം. എലിസബത്ത് രാജ്ഞി അന്തരിച്ചതിനു പിന്നാലെ തന്നെ ചാള്‍സ് മൂന്നാമന്‍ രാജാവായി ചുമതലയേറ്റിരുന്നു.

ബക്കിങ്ങാം കൊട്ടാരത്തില്‍ നിന്നുള്ള ഘോഷയാത്രയോടെയാണ് കിരീടധാരണ ചടങ്ങുകള്‍ക്കു തുടക്കമാകുക. ഘോഷയാത്ര വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെത്തുന്നതോടെ ഔദ്യോഗികമായി ചടങ്ങ് ആരംഭിക്കും. നിയമത്തെയും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനെയും ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞ ചാള്‍സ് ചൊല്ലും. പിന്നാലെ എഡ്വേര്‍ഡ് രാജാവിന്റെ കസേരയെന്ന് അറിയപ്പെടുന്ന സ്റ്റോണ്‍ ഓഫ് ഡെസ്റ്റിനിയെന്ന സ്റ്റോണ്‍ ഓഫ് സ്‌കോണ്‍ വച്ച, ചരിത്ര സിംഹാസനത്തില്‍ അദ്ദേഹം ഇരിക്കും. സിംഹാസനത്തില്‍ ഇരിക്കുന്ന ചാള്‍സിനെ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജറുസലേമില്‍ നിന്നുള്ള വിശുദ്ധ തൈലം കൊണ്ട് അഭിഷേകം ചെയ്യും. ഇതാണ് ചടങ്ങിലെ പ്രധാനമുഹൂര്‍ത്തം. ചാള്‍സിന്റെ പത്‌നി കാമിലയെ രാജ്ഞിയായി വാഴിക്കുന്ന ചടങ്ങും ഒപ്പം നടത്തും. ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതോടെ ഘോഷയാത്രയായി ആണ് ബക്കിങ്ങാം കൊട്ടാരത്തിലേക്കുള്ള മടക്കയാത്ര. കൊട്ടാരത്തിലെത്തിയതിനു പിന്നാലെ വ്യോമസേനാ വിമാനങ്ങളുടെ ഫ്‌ലൈ പാസ്റ്റ് ഉണ്ടാകും. കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് രാജാവും രാജ്ഞിയും രാജകുടുംബവും ഇതു വീക്ഷിക്കും. ഞായര്‍ വൈകിട്ട് വിന്‍സര്‍ കാസിലില്‍ പ്രമുഖ സംഗീതജ്ഞരും മറ്റും പങ്കെടുക്കുന്ന സംഗീതപരിപാടി ഉണ്ടാകും. അനുബന്ധ ചടങ്ങുകള്‍ ഞായറാഴ്ചയും തിങ്കളാഴ്ചയുമുണ്ടാകും.

2005ലായിരുന്നു ഇരുവരുടെയും വിവാഹം. ചാള്‍സിനെ അഭിഷേകം ചെയ്തതു പോലെ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് കാമിലയെയും തൈലംകൊണ്ട് അഭിഷേകം ചെയ്യും. 1911ല്‍ ജോര്‍ജ് അഞ്ചാമന്റെ കിരീടധാരണവേളയില്‍ രാജപത്‌നി മേരി രാജ്ഞി അണിഞ്ഞ കിരീടം പുതുക്കിയെടുത്തതാണു കാമില ധരിക്കുക. കിരീടധാരണ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറാണ് പങ്കെടുക്കുക.
ബ്രിട്ടീഷ് ഭരണകൂടമാണ് കിരീടധാരണച്ചടങ്ങിന്റെ ചെലവു വഹിക്കുന്നത്. 1022 കോടി ഇന്ത്യന്‍ രൂപയാണ് ഏകദേശ ചെലവ് (125 ദശലക്ഷം യുഎസ് ഡോളര്‍). ബ്രിട്ടനിലെ ജീവിതച്ചെലവ് ഉയര്‍ന്ന സാഹചര്യത്തില്‍ നികുതിദായകരെപ്പിഴിഞ്ഞ് ഇത്രയും തുക ചെലവിട്ട് കിരീടധാരണം നടത്തുന്നതില്‍ ശക്തമായ എതിര്‍പ്പ് ജനങ്ങളില്‍ പകുതിപ്പേര്‍ക്കുമുണ്ടെന്നാണ് അഭിപ്രായസര്‍വേകള്‍ പറയുന്നത്.

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ വധിക്കാൻ ലക്ഷ്യമിട്ട ക്രെംലിനിലേക്ക് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആരോപണങ്ങളുമായി റഷ്യ. ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്നാണ് റഷ്യ ആരോപിക്കുന്നത്. അമേരിക്കയുടെ ഉത്തരവ് അനുസരിച്ചാണ് യുക്രൈൻ സൈന്യം ആക്രമണം നടത്തിയതെന്ന് റഷ്യ ആരോപണം ഉന്നയിക്കുന്നു. പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവാണ് ഇക്കാര്യം ആരോപിച്ചത്.

കീവിൽ അല്ല വാഷിംഗ്ടണിലാണ് ഇത്തരം ഭീകരാക്രമണങ്ങളുടെ ആലോചന നടക്കുന്നത്. ആക്രമണത്തിൽ തിരിച്ചടിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. പുടിനെ വധിക്കുക എന്ന ലക്ഷ്യം മുൻനിർത്തി യുക്രെയിൻ ബുധനാഴ്ച രാത്രി ക്രെലിനിലേക്ക് രണ്ട് ഡ്രോണുകളയച്ചുവെന്നായിരുന്നു റഷ്യയുടെ ആരോപണം.

ഈ രണ്ട് ഡ്രോണുകളും റഷ്യ വെടിവച്ച് വീഴ്ത്തിയിരുന്നു. എന്നാൽ, ഡ്രോൺ ആക്രമണത്തിൽ പ്രസിഡന്റ് വ്‌ലാദിമിർ പുതിനെ വധിക്കാൻ ശ്രമിച്ചെന്ന റഷ്യയുടെ ആരോപണം നിഷേധിച്ചാണ് യുക്രൈൻ രംഗത്തെത്തിയത്. പുതിനെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയിട്ടില്ലെന്നും റഷ്യ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നുമാണ് യുക്രൈന്റെ പ്രതികരണം. യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയുടെ വക്താവ് മിഹായ്ലോ പൊദോല്യാക് ആണ് ഇക്കാര്യം അറിയിച്ചത്.

യുക്രൈനേതിരേ വലിയ ആക്രമണം നടത്താൻ റഷ്യ തന്നെ നടത്തിയ പദ്ധതിയാണിതെന്നും അദ്ദേഹം പ്രതികരിച്ചു. യുക്രൈൻ നടത്തുന്നത് പ്രതിരോധത്തിലൂന്നിയ യുദ്ധമാണ്. ഒരിക്കലും യുക്രൈൻ റഷ്യക്കുള്ളിലെ പ്രദേശങ്ങൾ ആക്രമിക്കില്ല. അങ്ങനെ ചെയ്തതുകൊണ്ട് തങ്ങൾക്ക് സൈനിക ലക്ഷ്യങ്ങളൊന്നും നേടാനാവില്ലെന്നും അദ്ദേഹം വിശദമാക്കി.

വാഷിംഗ്ടൺ: അമേരിക്കയിൽ വൻ നിക്ഷേപം നടത്തി 163 ഇന്ത്യൻ കമ്പനികൾ. 40 ബില്യൺ ഡോളറിലധികം (3.2 ലക്ഷം കോടിയിലധികം രൂപ) നിക്ഷേപമാണ് ഈ കമ്പനികൾ നടത്തിയിട്ടുള്ളത്. ഏകദേശം 425,000 തൊഴിലവസരങ്ങൾ ഈ നിക്ഷേപം സൃഷ്ടിച്ചുവെന്നാണ് വിവരം. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) ‘ഇന്ത്യൻ വേരുകൾ, അമേരിക്കൻ മണ്ണ്’ എന്ന പഠന റിപ്പോർട്ട് പ്രകാരം യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു, ഇന്ത്യയിലെ നിയുക്ത യുഎസ് അംബാസഡർ എറിക് ഗാർസെറ്റിയുടെ സാന്നിധ്യത്തിൽ നടത്തിയ സർവേ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച പരാമർശമുള്ളത്.

ഏകദേശം 185 മില്യൺ യുഎസ് ഡോളർ യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയായി ഇന്ത്യൻ കമ്പനികൾ ചെലവഴിച്ചു. ഏകദേശം 1 ബില്യൺ യുഎസ് ഡോളറാണ് യുഎസ് ആസ്ഥാനമായുള്ള റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (ആർ ആൻഡ് ഡി) പ്രോജക്റ്റുകൾക്ക് ഇന്ത്യൻ കമ്പനികളുടെ ധനസഹായം. യുഎസിലെ ഇന്ത്യൻ കമ്പനികൾ യു എസിനു കൂടുതൽ മത്സരശേഷി നൽകുന്നുണ്ടെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനോടൊപ്പം പ്രാദേശിക കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്നുണ്ടെന്നും ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു അറിയിച്ചു.

ഇന്ത്യൻ കമ്പനികൾ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്ന യുഎസിലെ ആദ്യ പത്ത് സംസ്ഥാനങ്ങളും തൊഴിലവസരങ്ങളും അറിയാം:

ടെക്‌സസ് – 20,906 തൊഴിലവസരങ്ങൾ
ന്യൂയോർക്ക് – 19,162 തൊഴിലവസരങ്ങൾ
ഫ്‌ലോറിഡ – 14,418 തൊഴിലവസരങ്ങൾ
കാലിഫോർണിയ – 14,334 തൊഴിലവസരങ്ങൾ
ന്യൂജേഴ്‌സി – 17,713 തൊഴിലവസരങ്ങൾ
വാഷിംഗ്ടൺ – 14,525 തൊഴിലവസരങ്ങൾ
ജോർജിയ – 13,945 തൊഴിലവസരങ്ങൾ
ഒഹായോ – 12,188 തൊഴിലവസരങ്ങൾ
മൊണ്ടാന – 9,603 തൊഴിലവസരങ്ങൾ
ഇല്ലിനോയിസ് – 8,454 തൊഴിലവസരങ്ങൾ

കീവ്: റഷ്യയുടെ ആരോപണങ്ങൾ തള്ളി യുക്രൈൻ. ഡ്രോൺ ആക്രമണത്തിൽ പ്രസിഡന്റ് വ്ലാദിമിർ പുതിനെ വധിക്കാൻ ശ്രമിച്ചെന്ന റഷ്യയുടെ ആരോപണം നിഷേധിച്ചാണ് യുക്രൈൻ രംഗത്തെത്തിയത്. പുതിനെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയിട്ടില്ലെന്നും റഷ്യ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നുമാണ് യുക്രൈന്റെ പ്രതികരണം. യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയുടെ വക്താവ് മിഹായ്‌ലോ പൊദോല്യാക് ആണ് ഇക്കാര്യം അറിയിച്ചത്.

യുക്രൈനേതിരേ വലിയ ആക്രമണം നടത്താൻ റഷ്യ തന്നെ നടത്തിയ പദ്ധതിയാണിതെന്നും അദ്ദേഹം പ്രതികരിച്ചു. യുക്രൈൻ നടത്തുന്നത് പ്രതിരോധത്തിലൂന്നിയ യുദ്ധമാണ്. ഒരിക്കലും യുക്രൈൻ റഷ്യക്കുള്ളിലെ പ്രദേശങ്ങൾ ആക്രമിക്കില്ല. അങ്ങനെ ചെയ്തതുകൊണ്ട് തങ്ങൾക്ക് സൈനിക ലക്ഷ്യങ്ങളൊന്നും നേടാനാവില്ലെന്നും അദ്ദേഹം വിശദമാക്കി.

പുതിനെ വധിക്കാൻ ലക്ഷ്യമിട്ട് ബുധനാഴ്ച രാത്രി യുക്രൈൻ ക്രെംലിനിലേക്ക് രണ്ട് ഡ്രോണുകളയച്ചെന്നായിരുന്നു റഷ്യ ആരോപിച്ചിരുന്നത്. രണ്ട് ഡ്രോളുകളും വെടിവെച്ച് വീഴ്ത്തിയെന്നും ആളപായമില്ലെന്നും തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്നും ക്രെംലിൻ പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യുക്രൈൻ വിഷയത്തിൽ പ്രതികരണം നടത്തിയത്.

വാഷിംഗ്ടൺ: ലോക ബാങ്കിന്റെ അടുത്ത പ്രസിഡന്റായി ഇന്ത്യൻ വംശജനും മുൻ മാസ്റ്റർ കാർഡ് സിഇഒയുമായ അജയ് ബാംഗയെ തെരഞ്ഞെടുത്തു. അടുത്ത മാസം രണ്ടിന് അജയ് ബാംഗ ലോകബാങ്ക് പ്രസിഡന്റായി ചുമതലയേൽക്കും. അമേരിക്കയുടെ നോമിനിയായാണ് ബാംഗ സ്ഥാനത്തെത്തുന്നതെന്ന് ലോകബാങ്ക് അധികൃതർ അറിയിച്ചു. അടുത്ത അഞ്ച് വർഷത്തേക്കാണ് നിയമനം. അജയ് ബാംഗയോടൊപ്പം പ്രവർത്തിച്ച് മുന്നോട്ടുപോകുമെന്ന് ലോക ബാങ്ക് വ്യക്തമാക്കി.

25 അംഗ എക്‌സിക്യുട്ടീവ് ബോർഡ് വോട്ടെടുപ്പിലൂടെയാണ് അജയ് ബാംഗയെ തെരഞ്ഞെടുത്തത്. നേരത്തെ മാസ്റ്റർ കാർജ് സിഇഒയായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബാംഗയെ നാമനിർദേശം ചെയ്തത്. ബാംഗ മാത്രമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ഫെബ്രുവരി മാസമാണ് അദ്ദേഹത്തെ ബൈഡൻ നാമനിർദ്ദേശം ചെയ്തത്.

ഏത് തരം പനികള്‍ക്കും, ഫ്‌ളൂവിനുമൊക്കെ കാരണമാകുന്ന ഏത് തരം വൈറസുകള്‍ക്കും എതിരെ മനുഷ്യന് പ്രതിരോധശേഷി നല്‍കുന്ന ഒരു യൂണിവേഴ്‌സല്‍ വാക്‌സിന്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. യു കെയില്‍ മാത്രം പ്രതിവര്‍ഷം 10,000 മുതല്‍ 30,000 പേര്‍ വരെയാണ് ഫ്‌ളൂ ബാധിച്ച് മരണമടയുന്നുണ്ട്. പുതിയ വാക്‌സിന്‍ എത്തിയാല്‍ ഏത് തരം ഫ്‌ളൂവിനും എതിരെ പ്രതിരോധം വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എ ബി സി എന്നിങ്ങനെ മൂന്ന് തരം വൈറസുകളാണ് പ്രധാനമായും മനുഷ്യരില്‍ ഫ്‌ളൂവിന് കാരണമാകുന്നത്. ഇതില്‍ ഓരോ വിഭാഗത്തിനും അനേകം ഉപ വിഭാഗങ്ങളും ഉണ്ട്. ഫ്‌ളൂ ബാധിച്ചവരുടെ സ്രവങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് വിശദമായ പഠനം നടത്തിയതിനു ശേഷമാണ് ഏതൊക്കെ വകഭേദങ്ങള്‍ക്കെതിരെ പ്രതിരോധം ആവശ്യമാണെന്ന് തീരുമാനിച്ചത്. നിലവില്‍ എ വിഭാഗത്തിലെ രണ്ട് ഉപ വകഭേദങ്ങള്‍ക്കും ബി വിഭാഗത്തിലെ രണ്ട് ഉപവകഭേദങ്ങള്‍ക്കുമ്മ് എതിരെ മാത്രമാണ് പ്രതിരോധശേഷി ഉള്ളത്. സി വിഭാഗത്തിലെ ഒരു ഉപ വകഭേദത്തിനും നിലവില്‍ പ്രതിരോധ കുത്തിവയ്പില്ല.

അതേസമയം, എല്ലാ ഫ്‌ളൂ വൈറസുകളെയും പരിഗണിച്ചുകൊണ്ടാണ് യു എസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് പുതിയ യൂണിവേഴ്‌സല്‍ വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എല്ലാ തരം വകഭേദങ്ങളിലും കാണപ്പെടുന്ന ഒരു പ്രത്യേക പ്രോട്ടീനെ ലക്ഷ്യം വച്ചായിരിക്കും ഈ വാക്‌സിന്‍ പ്രവര്‍ത്തിക്കുക. എന്നാല്‍, വരു ഉല്‍പരിവര്‍ത്തനങ്ങളില്‍ വൈറസിന്റെ ഘടനക്ക് വീണ്ടും വ്യത്യാസങ്ങള്‍ വന്നേക്കാം എന്നതിനാല്‍, എല്ലാ വര്‍ഷവും ഈ വാക്‌സിന്‍ അപ്‌ഡേറ്റ് ചെയ്യേണ്ടി വന്നേക്കാം.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 100-ാം എപ്പിസോഡ് ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. യുഎന്നിന്റെ ട്രസ്റ്റിഷിപ്പ് കൗൺസിൽ ചേംബറിലാണ് മൻ കി ബാത്ത് സംപ്രേക്ഷണം ചെയ്യുന്നത്. ഇന്ത്യൻ സമയം രാവിലെ 11 മണിക്കാണ് മൻ കി ബാത്ത് പ്രക്ഷേപണം ആരംഭിച്ചത്.

അതേസമയം, രാജ്യത്ത് നാലു ലക്ഷം കേന്ദ്രങ്ങളിലാണ് ഇന്ത്യയിൽ മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നത്. ഡൽഹിയിൽ മാത്രം 6530 സ്ഥലങ്ങളിലാണ് പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. ഇന്നത്തെ എപ്പിസോഡ് കാണുന്നതിന്റെ ചിത്രങ്ങൾ ജനങ്ങൾക്ക് നമോ ആപ്പിൽ അപ്ലോഡ് ചെയ്യാവുന്നതാണ്. പേരും മൊബൈൽ നമ്പരും സംസ്ഥാനവും മണ്ഡലവും രേഖപ്പെടുത്തണം. മൻ കി ബാത്ത് @100 ഹിന്ദിയ്ക്കും ഇംഗ്ലീഷിനും പുറമേ വിവിധ പ്രദേശിക ഭാഷകളിലും പ്രക്ഷേപണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.