International (Page 164)

ആദ്യത്തെ അഞ്ച് മിനിറ്റിലാണ് കൊറോണ വൈറസ് ഏറ്റവും അപകടകാരിയായിരിക്കുന്നതെന്ന് യുകെയിലെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഈ സമയത്തിനുള്ളില്‍ വൈറസ് മറ്റൊരാളിലേക്ക് എത്തിപ്പെട്ടാല്‍ അയാള്‍ കൊവിഡ് രോഗിയായേക്കാം.

എന്നാല്‍, കൊവിഡ് രോഗിയുടെ നിശ്വാസവായുവിലൂടെ അന്തരീക്ഷത്തിലെത്തുന്ന വൈറസിന് 20 മിനിറ്റു കഴിഞ്ഞാല്‍ രോഗം പടര്‍ത്താനുള്ള ശേഷി 10% മാത്രമായിരിക്കുമെന്നും, വായുസഞ്ചാരമുള്ള മുറി, തുറസ്സായ സ്ഥലങ്ങള്‍ എന്നിവ കൊവിഡ് ബാധ കുറക്കാന്‍ സഹായകമാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് വ്യാപനത്തിന്റെ പ്രധാനമായും നടക്കുന്നത് രോഗിയുമായി അടുത്ത് ഇടപഴകുമ്പോള്‍ തന്നെയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രഫ. ജോനാഥ് റീഡ് പറയുന്നു.

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മകനായ ആൻഡ്രൂ രാജകുമാരന്റെ രാജകീയ പദവികൾ നീക്കം ചെയ്തു. ബക്കിംങ്ഹാം കൊട്ടാരമാണ് ലൈംഗിക പീഡന ആരോപണം നേരിടുന്ന ആൻഡ്രൂവിന്റെ രാജകീയ പദവികളും സൈനിക പദവികളും നീക്കം ചെയ്തത്. എലിസബത്ത് രാജ്ഞിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ലൈംഗിക പീഡനക്കേസിൽ ആൻഡ്രൂ വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ബ്രിട്ടീഷ് രാജകുടുംബം ആൻ്രൂവിന്റെ രാജകീയ പദവികൾ നീക്കം ചെയ്തത്. കൊട്ടാരത്തിന്റെ പേരിലുള്ള ഒരു പദവിയും ആൻഡ്രൂവിന് ഉണ്ടായിരിക്കില്ലെന്നും ഒരു സാധാരണ വ്യക്തിയെപ്പോലെ അദ്ദേഹം വിചാരണ നടപടികൾ നേരിടണമെന്നും രാജകുടുംബം അറിയിച്ച. എലിസബത്ത് രാജ്ഞിയുടെ സമ്മതത്തോടെയും അറിവോടെയുമാണ് ആൻഡ്രൂവിൽ നിന്ന് രാജകീയ – സൈനിക പദവികൾ തിരിച്ചുവാങ്ങിയതെന്ന് ബക്കിംങ്ഹാം കൊട്ടാരം വ്യക്തമാക്കി.

അതേസമയം ലൈംഗിക പീഡന ആരോപണം നിയമവിധേയമായി തന്നെ നേരിടുമെന്ന് ആൻഡ്രൂവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വെർജീയ എന്ന വനിത നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് എലിസബത്ത് രജ്ഞിയുടെ രണ്ടാമത്തെ മകനായ ആൻഡ്രൂവിനെതിരെ കോടതി വിധിയുണ്ടായത്. പതിനേഴാം വയസിലാണ് തനിക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായതെന്നായിരുന്നു വെർജീനയുടെ വെളിപ്പെടുത്തൽ. അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രിഎപ്‌സൈറ്റന്റെ നിർദേശത്തെ തുടർന്ന് രാജകുമാരനായി തന്നെ എത്തിച്ച് നൽകിയിരുന്നുവെന്നും ഇവർ പറഞ്ഞിരുന്നു.

വിർജീനിയ നൽകിയ കേസിനെതിരെ ആൻഡ്രൂ നൽകിയ ഹർജി കോടതി തള്ളിയതോടെയാണ് വിചാരണ നേരിടേണ്ട സാഹചര്യം ഉണ്ടായത്. വിർജീനിയയ്ക്ക് കേസുമായി മുന്നോട്ട് പോകാനുള്ള അനുമതിയും കോടതി നൽകിയിട്ടുണ്ട്.

വാഷിംഗ്ടൺ: കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി ഗവേഷകർ. ഗർഭിണികൾ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തലുകളാണ് ഗവേഷകർ നടത്തിയത്. ഗർഭിണികൾ വാക്സിൻ സ്വീകരിക്കുന്നത് കൊണ്ട് പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും ഗവേഷകർ നടത്തിയിട്ടുണ്ട്.

കോവിഡ് വാക്‌സിൻ സ്വീകരിച്ച അമ്മമാരിൽ നിന്ന് മുലപ്പാൽ വഴി കുഞ്ഞുങ്ങൾക്കും ആന്റിബോഡികൾ ലഭിക്കുമെന്നും അതിനാൽ കുഞ്ഞുങ്ങൾക്ക് വൈറസിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നുമാണ് പുതിയ ഒരു പഠനങ്ങൾ വ്യക്തമാക്കുന്നത്. മസാച്ചുസെറ്റ്‌സ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ. വാക്‌സിൻ എടുത്ത അമ്മമാരുടെ മുലപ്പാലിലും ഇവർ മുലയൂട്ടുന്ന കുഞ്ഞുങ്ങളുടെ മലത്തിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകർ അറിയിച്ചു. ഒന്നര മാസം മുതൽ 23 മാസം വരെയുള്ള കുഞ്ഞുങ്ങളിലാണ് ഇത്തരത്തിൽ ആന്റിബോഡി സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞത്. ഒബ്‌സ്‌ടെട്രിക്‌സ് ആൻഡ് ഗൈനക്കോളജി ജേണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

അമേരിക്കയിലുള്ള മുലയൂട്ടുന്ന 30 അമ്മമാരിലും അവരുടെ കുഞ്ഞുങ്ങളിലുമാണ് വിദഗ്ധർ ഗവേഷണം നടത്തിയത്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസത്തിനിടെയാണ് ഇവർക്ക് കോവിഡ് വാക്‌സിൻ നൽകിയത്. എംആർഎൻഎ വാക്‌സിനാണ് ഗർഭിണികളിൽ കുത്തിവെച്ചത്. വാക്‌സിൻ എടുക്കുന്നതിന് മുൻപും ആദ്യ ഡോസ് എടുത്ത ശേഷം രണ്ടു മുതൽ മൂന്ന് ആഴ്ച്ചകൾക്ക് ശേഷവും രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്നാഴ്ച്ച കഴിഞ്ഞുമുള്ള മുലപ്പാൽ സാംപിളുകളാണ് ഇവരിൽ നിന്ന് ശേഖരിച്ച് പഠനവിധേയമാക്കിയത്. ആദ്യ ഡോസിന് 19 ദിവസങ്ങൾക്ക് ശേഷവും രണ്ടാമത്തെ ഡോസിന് 21 ദിവസങ്ങൾക്ക് ശേഷവും ഇവരുടെ രക്ത സാംപിളുകൾ ശേഖരിച്ച് പഠന വിധേയമാക്കിയിരുന്നു. അമ്മമാർ രണ്ടാമത്തെ ഡോസ് എടുത്ത് 21 ദിവസങ്ങൾക്ക് ശേഷമാണ് കുഞ്ഞുങ്ങളുടെ മലത്തിന്റെ സാംപിൾ ശേഖരിച്ചത്. മുലപ്പാലിലും കുഞ്ഞുങ്ങളുടെ മലത്തിലും വാക്‌സിൻ എടുത്ത ശേഷം IgG, IgA ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്താനായെന്നും പഠനത്തിൽ പറയുന്നു.

ലണ്ടന്‍: കൊവിഡ് മഹാമാരിയുടെ തീവ്രത കുറയുന്നതിന്റെ സൂചനയാണ് ഒമിക്രോണിന്റെ കടന്നുവരവെന്ന് യൂറോപ്യന്‍ ആരോഗ്യ വിദഗ്ദര്‍. ഒമിക്രോണ്‍ വകഭേദം വന്നതോടെ കൊവിഡ്, പാന്‍ഡമിക്ക് എന്നത് എന്‍ഡമിക്ക് ഘട്ടത്തിലേക്ക് കടക്കുന്നതാണ് കാണുന്നതെന്നും ഇനി ഈ വൈറസിനോടൊപ്പം ജീവിക്കാന്‍ ലോകം പഠിക്കുകയാണ് വേണ്ടതെന്നും ആംസ്റ്റര്‍ഡാമിലെ വാക്‌സിന്‍ സ്ട്രാറ്റജി തലവന്‍ മാര്‍ക്കോ കാവലറി പറഞ്ഞു.

ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നത് വെറുതെയാണെന്നും പ്രകൃതിദത്തമായി തന്നെ രോഗപ്രതിരോധശേഷി കൈവരിക്കാന്‍ പലര്‍ക്കും ഇതിനോടകം സാധിച്ചിട്ടുണ്ടെന്നും കാവലറി വ്യക്തമാക്കി. ഇതിന്റെ അവസാനം എന്നാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അധികം താമസിയാതെ ലോകം അവിടെ എത്തിച്ചേരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, യൂറോപ്പില്‍ ഒമിക്രോണിന് നിരന്തരമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കിയാല്‍ രോഗപ്രതിരോധ ശേഷിയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബാള്‍ട്ടിമോര്‍: മനുഷ്യന് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ച് ചരിത്ര നേട്ടവുമായി അമേരിക്കയിലെ മെരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍. 57കാരനായ ഹൃദ്രോഗിയിലാണ് ജനിതകമാറ്റം വരുത്തിയ ഹൃദയം വെച്ചുപിടിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരികയാണ്. എന്നാല്‍, ശസ്ത്രക്രിയ പൂര്‍ണ വിജയമായെന്ന് ഉറപ്പിച്ചുപറയാനുള്ള സമയമായിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ശസ്ത്രക്രിയയുടെ അപകട സാധ്യതയെ കുറിച്ച് ഡോക്ടര്‍മാര്‍ ഇദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നു. മറ്റൊരു മനുഷ്യഹൃദയം ലഭിക്കുന്നതിനായുള്ള പട്ടികയില്‍ പിറകിലായിരുന്ന ഡേവിഡ് എന്ന രോഗി, പന്നിയുടെ ഹൃദയം സ്വീകരിക്കാന്‍ തയ്യാറാവുകയായിരുന്നു. ജനിതക മാറ്റം വരുത്തിയ മൃഗങ്ങളുടെ ഹൃദയം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ശസ്ത്രക്രിയ തെളിയിച്ചതായി മേരിലാന്റിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനമെടുത്തത്. ഇത്തരം കാര്യങ്ങളില്‍ ഗേഷണം നടക്കുന്നുണ്ടെങ്കിലും ഇതുപോലൊരു നേട്ടം ചരിത്രത്തിലാദ്യമാണ്.

മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യരില്‍ വച്ചുപിടിപ്പിക്കാനായി നേരത്തെ നടത്തിയ ശസ്ത്രക്രിയകളില്‍ ഭൂരിപക്ഷവും പൂര്‍ണ പരാജയമായിരുന്നു. വച്ചുപിടിപ്പിച്ച ഉടനെ ഈ അവയവങ്ങള്‍ മനുഷ്യശരീരം തിരസ്‌കരിക്കുന്നതാണ് പരാജയങ്ങള്‍ക്ക് കാരണമായിരുന്നത്.

ബാങ്കോക്ക്: മ്യാന്മര്‍ നേതാവ് ഓങ് സാന്‍ സൂകിയെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിനും അനധികൃതമായി വാക്കിടോക്കികള്‍ ഇറക്കുമതി ചെയ്തതിനും നാലുവര്‍ഷംകൂടി സൈനിക കോടതി ശിക്ഷ വിധിച്ചു.

കഴിഞ്ഞ മാസം വേറെ രണ്ടു കേസുകളിലായി സൂകിക്ക് നാലുവര്‍ഷം തടവ് വിധിച്ചിരുന്നു. എന്നാല്‍, പിന്നീട് ഇത് രണ്ടുവര്‍ഷമാക്കുകയായിരുന്നു. 2021 ഫെബ്രുവരിയില്‍ സൂകി ഭരണം അട്ടിമറിച്ച സൈന്യം ഇവര്‍ക്കെതിരെ നൂറുവര്‍ഷംവരെ തടവ് ലഭിച്ചേക്കാവുന്ന 12 കേസാണ് ചുമത്തിയത്.

ജീവിതകാലം മുഴുവന്‍ ജയിലിലടച്ച് സൂകി രാഷ്ട്രീയത്തില്‍ തിരിച്ചെത്തുന്നത് ഇല്ലാതാക്കാനും, സൈനിക അട്ടിമറിക്ക് നിയമസാധുത നല്‍കാനുമാണ് സൈന്യത്തിന്റെ ശ്രമിമെന്നാണ് സൂകി അനുകൂലികള്‍ വ്യക്തമാക്കുന്നത്.

സൈപ്രസ്: ഒമിക്രോണ്‍ വകഭേദം ലോകമെമ്പാടും ആശങ്ക വിതച്ചിരിക്കെ
മെഡിറ്ററേനിയന്‍ രാജ്യമായ സൈപ്രസില്‍ പുതിയ കൊവിഡ് വകഭേദമായ ഡെല്‍റ്റാക്രോണ്‍ കണ്ടെത്തി. ഡെല്‍റ്റ-ഒമിക്രോണ്‍ വകഭേദങ്ങള്‍ ചേര്‍ന്നതാണ് ഡെല്‍റ്റാക്രോണ്‍. ഇതുവരെ 25 കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 11 പേര്‍ ആശുപത്രിയിലും മറ്റുളളവരെ ക്വാറന്റൈനിലുമാണ്.

‘രാജ്യത്ത് ഇപ്പോള്‍ ഒമിക്രോണ്‍, ഡെല്‍റ്റാ വകഭേദങ്ങളുണ്ട്. പുതിയ വകഭേദം ഇവരണ്ടും ചേര്‍ന്നതും ഇവയുടെ രണ്ടിന്റെയും സ്വഭാവം കാണിക്കുന്നതുമാണ്. ഡെല്‍റ്റാ ജീനുകളില്‍ ഒമിക്രോണിന്റെ സ്വഭാവം പ്രകടിപ്പിക്കുന്നതാണിത്.’-സൈപ്രസ് സര്‍വകലാശാലയിലെ ബയോടെക്നോളജി-മോളികുലാര്‍ വൈറോളജി ലാബിന്റെ തലവനും സര്‍വകലാശാല ബയോളജിക്കല്‍ സയന്‍സ് വിഭാഗം പ്രൊഫസറുമായ ലിയോണ്ടിയോസ് കോസ്ട്രികിസ് പറഞ്ഞു.

പുതിയ വകഭേദത്തിന് രോഗികളിലെ ആപേക്ഷിക ആവൃത്തി വളരെ കൂടുതലാണ്. കൂടുതല്‍ രോഗബാധയ്ക്ക് സാധ്യതയുണ്ടോയെന്നും ഇത് ഏറെനാള്‍ നിലനില്‍ക്കുമോ എന്നെല്ലാം ഗവേഷകര്‍ നിരീക്ഷിച്ചുവരികയാണ്.

ദുബായ്: കശ്മീരിൽ നിക്ഷേപം നടത്താനൊരുങ്ങി ലുലു ഗ്രൂപ്പ്. 200 കോടി രൂപയുടെ ആദ്യഘട്ട നിക്ഷേപത്തോടെ ശ്രീനഗറിൽ ലുലുഗ്രൂപ്പ് ഭക്ഷ്യസംസ്‌കരണ കേന്ദ്രവും ലോജിസ്റ്റിക്‌സ് ഹബ്ബും സ്ഥാപിക്കും. ഇതിനായുള്ള ധാരണാ പത്രത്തിൽ ലുലു ഗ്രൂപ്പ് ഒപ്പുവെച്ചു. ജമ്മു കാശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ധാരണാ പത്രത്തിൽ ഒപ്പുവച്ചത്.

ലുലു ഗ്രൂപ്പിനായി എക്‌സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലിയും ജമ്മു കശ്മീർ സർക്കാരിനുവേണ്ടി വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രഞ്ജൻ പ്രകാശ് താക്കൂറും ധാരണ പത്രത്തിൽ ഒപ്പുവെച്ചു. യുഎഇ മന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സെയ്ദി, ഇന്ത്യയിലെ യുഎഇ അംബാസഡർ ഡോ. അഹമ്മദ് അൽ ബന്ന, ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ.അമൻ പുരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ദുബായ് സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച കശ്മീർ പ്രമോഷൻ വീക്കിന്റെ ഉദ്ഘാടനം മനോജ് സിൻഹ നിർവ്വഹിച്ചു. കശ്മീരിൽ നിന്നുള്ള പഴങ്ങൾ, പച്ചക്കറികൾ, കുങ്കുമപ്പൂവ്, ഡ്രൈഫ്രൂട്ട്‌സ്, ധാന്യങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങിയവയാണ് മേളയുടെ ആകർഷണം. ഒരാഴ്ച്ചത്തേക്കാണ് മേള നടക്കുന്നത്. ജമ്മുകശ്മീരിൽ ആദ്യഘട്ടത്തിൽ 200 കോടി രൂപ നിക്ഷേപിക്കുമെന്നും തുടർ വികസനപ്രവർത്തനങ്ങൾക്കായി 200 കോടി രൂപ നീക്കിവച്ചതായും എം.എ. യൂസഫലി അറിയിച്ചു. ശ്രീനഗറിൽ ലുലു ഹൈപ്പർമാർക്കറ്റും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ യുവാക്കൾക്ക് നിരവധി തൊഴിലവസരമാണ് ഇതിലൂടെ ലഭിക്കുക. കർഷകർക്കും കാർഷികമേഖലയ്ക്കും പദ്ധതികൾ ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാശ്ചാത്യ ലോക സംസ്‌കാരത്തില്‍ കുട്ടികള്‍ക്ക് പകരം വളര്‍ത്തു മൃഗങ്ങളെ ലാളിച്ച് കഴിയുന്നവര്‍ മാനവരാശിയോട് തന്നെ കടുത്ത ദ്രോഹം ചെയ്യുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജനസംഖ്യ കുറഞ്ഞു വരുന്നതിനാല്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നത്തെ കാലത്ത് കുട്ടികളുടെ സ്ഥാനം കൈയടക്കിയിരിക്കുന്നത് വളര്‍ത്തു മൃഗങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. കുട്ടികള്‍ വേണ്ടെന്ന് തീരുമാനിക്കുന്നത് ഒരു തരം സ്വാര്‍ത്ഥ തീരുമാനമാണെന്നും പോപ്പ് പറഞ്ഞു.

പിതൃത്വവും മാതൃത്വവും നിഷേധിക്കുന്നത് മനുഷ്യത്വത്തെ നശിപ്പിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പാശ്ചാത്യ നാടുകളില്‍ ജനസംഖ്യ കുറയുന്നതിനാല്‍ ഓരോ ദമ്പതിമാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉണ്ടാകണമെന്നും പോപ്പ് പറഞ്ഞു. കുട്ടികള്‍ ഇല്ലാത്തവരാമെങ്കില്‍ ദത്തെടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

അതല്ലെങ്കില്‍, ഇതൊരു ഒരു വൃദ്ധ സംസ്‌കാരമായി മാറുമെന്നും അദ്ദേഹം സമൂഹത്തെ ഓര്‍മ്മിപ്പിച്ചു. മാതാപിതാക്കളും മക്കളുമായുള്ള ബന്ധത്തേക്കാള്‍ വളര്‍ത്തു മൃഗങ്ങളുമായുള്ള ബന്ധമാണ് ഏവരും ആഗ്രഹിക്കുന്നതെന്ന് 2014ലും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഒരു കുട്ടിയെ വളര്‍ത്തുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്, എന്നിരുന്നാലും മാതൃത്വവും പിതൃത്വവും നിഷേധിക്കപ്പെടുന്നത് അതിനേക്കാള്‍ വലിയ വെല്ലുവിളി ഭാവിയില്‍ ഉയര്‍ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബ്രസൽസ്: അർബുദത്തിന് കാരണമാകുന്ന കളർ ടാറ്റു മഷികൾ നിരോധിച്ച് യൂറോപ്യൻ യൂണിയൻ. ടാറ്റു മേക്കിംഗിൽ ഉപയോഗിക്കുന്ന നിറമുള്ള മഷികൾക്കും പെർമെനന്റ് മേക്ക് അപ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഏകദേശം 4,000 രാസവസ്തുക്കൾക്കുമാണ് യൂറോപ്യൻ യൂണിയൻ നിരോധനം ഏർപ്പെടുത്തിയത്. അർബുദം, ജനിതകപരിവർത്തം, അലർജി, ത്വക്ക് രോഗങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകുന്ന രാസവസ്തുക്കളാണ് നിരോധിച്ചത്. ദോഷകരമായ ഈ മഷികൾക്ക് പകരം മറ്റ് മഷികൾ ഉപയോഗിക്കാമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു.

ടാറ്റുവിന് നിരോധനം ഏർപ്പെടുത്തുകയല്ല ഇതിനായി ഉപയോഗിക്കുന്ന നിറങ്ങൾ സുരക്ഷിതമാക്കുകയാണ് ചെയ്യാനുദ്ദേശിക്കുന്നതെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കുന്നു. കളർ ടാറ്റുകളർ ടാറ്റൂകളിൽ ഉപയോഗിക്കുന്ന പ്രൊഫഷണൽ മഷികളിൽ ഇരുമ്പ് ഓക്സൈഡുകൾ, ലോഹ ലവണങ്ങൾ അല്ലെങ്കിൽ പ്ലാസ്റ്റിക്കുകൾ എന്നിവയുടെ സംയോജനമുണ്ട്. അലുമിനിയം, ടൈറ്റാനിയം, മെർക്കുറി, ലെഡ്, നിക്കൽ, സിങ്ക്, ചെമ്പ്, ഇരുമ്പ്, ബേരിയം തുടങ്ങിയ ലോഹങ്ങളും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. സെലിനിയം, സൾഫർ, ആർസെനിക്, ലിഥിയം തുടങ്ങിയ രാസവസ്തുക്കളും നിറത്തിനായി ഉപയോഗിക്കുന്നുണ്ട്.

അതേസമയം യൂറോപ്യൻ യൂണിയന്റെ പുതിയ തീരുമാനത്തിനെതിരെ എതിർപ്പ് അറിയിച്ച് ടാറ്റു ആർട്ടിസ്റ്റുകൾ രംഗത്തെത്തിയിട്ടുണ്ട്. പുതിയ തീരുമാനം തങ്ങളുടെ വിപണിയെ ദോഷകരമായി ബാധിക്കുമെന്നും തീരുമാനം ഏകപക്ഷീയമാണെന്നുമാണ് ഇവർ പറയുന്നത്. ടാറ്റു അർബുദത്തിന് കാരണമാകുന്നുവെന്നതിന് ശക്തമായ ശാസ്ത്രീയമായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഇവരുടെ വാദം. എന്നാൽ പൊതുജനാരോഗ്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കുന്നതെന്ന് യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു.